Posts

Showing posts from November, 2022

കരിയിലകൾ

 പള്ളിയുടെ പാരിഷ് ഹാളിലാണ് വിവാഹത്തിന്റെ സത്കാരം. വരന്റെ അച്ഛൻ സഹപാഠിയാണ്. നാട്ടുകാരനും. ക്ഷണിക്കാൻ വീട്ടിലെത്തിയപ്പോൾ അവൻ പറഞ്ഞിരുന്നു. ഇക്കുറി കുറച്ച് വിപുലമാണ് ക്ഷണം.  "അതിന്റെയൊക്കെ ആവശ്യമുണ്ടോടാ? ആർഭാടമൊക്കെ ഒന്നു ലിമിറ്റ് ചെയ്ത് ആ കാശ് നീയാ പിള്ളേർക്ക് കൊടുക്ക്. " പക്ഷെ അതൊന്നും അവന്റെയടുത്ത് വിലപ്പോയില്ല. പണ്ട് വയ്ക്കോൽ പുരയുടെ ചാണകം മെഴുകിയ വരാന്തയിൽ അവനേറ്റ ചില്ലറ അവഹേളനങ്ങൾക്ക് മറുപടി കൂടിയാണ് ഈ ആർഭാടം. ആത്മസംതൃപ്തിയിലേക്കും മധുര പ്രതികാരത്തിലേക്കുമുള്ള ഇത്തരം വിചിത്ര വഴികൾ എനിക്കത്ര പരിചിതമല്ല. " ഇതെന്റെ ലാസ്റ്റ് പരിപാടിയാടാ . മ്മടെ കൂടെ പഠിച്ചവരെ കുറേ വിളിക്കുന്നുണ്ട്. " "ശരി നടക്കട്ടെ, എന്തെങ്കിലും ആവശ്യമുണ്ടേൽ പറയണം " ഞാൻ നിരർത്ഥകമായ വാഗ്ദാനം ചൊരിഞ്ഞു. കക്ഷി വാക്കുപാലിച്ചിട്ടുണ്ട്. വിശാലമായ പാരിഷ് ഹാളിനും പരിമിതികളുണ്ടെന്ന് ബോധ്യമാകുന്ന തിരക്ക്. പഴയ സതീർത്ഥ്യരെ കണ്ട് കുശലം പറയുന്നതിനിടക്കാണ് കൈ കഴുകി സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് ഒഴിവാക്കാനാവാത്തത്ര സമീപം ബീനയെ കാണുന്നത്.  ബീനയെ ഒരുപാട് കാലം കൂടിയാണ് കാണുന്നത്. മകളുടെ അഞ്ചാം ക്ളാസുകാര...