തുടക്കം
ഇത് കഥയല്ല, ജീവിതത്തിന്റെ ഒരേടാണ്. പ്രീഡിഗ്രി തോറ്റ് തൊഴിലില്ലാത്ത തുല്യ ദുഃഖിതരുടെ താവളമായ വായനശാലയുടെ തിണ്ണ നിരങ്ങുന്ന കാലം. കാൽക്കാശ് കയ്യിലില്ലാത്തവൻ നേരിടുന്ന പരിഹാസത്തിനും പുച്ഛത്തിനും അവഹേളനത്തിനും കാല ദേശ ഭേദമില്ല. റിസ്റ്റ് വാച്ചുള്ളവനേയും പാന്റിട്ടവനേയും മൊക്കെ ആദരവോടെ കാണുന്ന കാലമാണ്. അച്ഛന് ഒരു വാച്ചുണ്ട്. പ്രായാധിക്യം കൊണ്ട് ഇടക്കിടക്ക് തളർന്നിരുന്നു പോകുന്ന, വാച്ച് ഡോക്ടർ ജോണിച്ചേട്ടൻ വരെ കണ്ടാലുടൻ വെറ്റിലടക്കവച്ച് നമസ്കരിക്കുന്ന വാച്ച്. എറണാകുളത്ത് വാച്ചിന്റെ ഏത് മാറാരോഗവും ചികിത്സിച്ചു മാറ്റുന്ന സൂപ്പർ സ്പെഷലിസ്റ്റ് ഷേണായിക്ക് ജോണിച്ചേട്ടൻ ഈ കേസ് റഫർ ചെയ്തു. ജോണിച്ചേട്ടൻ സുല്ലിട്ട വാച്ച് ഷോണായി സവിധത്തിലെത്തിച്ചതാണ് ഞാൻ. വാച്ച് കയ്യിലെടുത്ത് തിരിച്ചും മറിച്ചും കുലുക്കിയും നോക്കി ഷേണായി ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇതിവിടെയല്ല. ഈ വരിയിൽ തന്നെ 6 കടക്കപ്പുറം ഒരു ഷേണായുടെ കടയുണ്ട്. അവിടെയാവും ഭേദം. " മുന്നോട്ട് നടന്ന് കട കണ്ടു. . അതും ഷേണായി തന്നെ. പക്ഷെ ഇരുമ്പ് കടയാണ് !!! ആദ്യം ഇരച്ചുകയറിയത് ദേഷ്യമാണെങ്കിലും പഹയൻ ഷേണായിയുടെ നർമ്മബോധമോർത്തപ്പോ അതൊരു പുഞ്ചിരിയായി...