ആശുപത്രിയിലെ ജനറൽ വാർഡിൽ ഒരടുത്ത ബന്ധുവിന്റെ ബൈസ്സ്റ്റാൻഡറായി കട്ടിലിനരികിലൊരു സ്റ്റൂളിൽ ഞാൻ. ഇത്തരം നിയോഗങ്ങൾ ഇടക്കിടക്ക് എന്നെ ത്തേടി വരാറുള്ളതാണ്. സമയം രാത്രി 10 കഴിഞ്ഞു. അടുത്ത കട്ടിലിലൊരു വയോധികനാണ്. അങ്ങേർ ഉലയൂതും പോലെ ശ്വാസമെടുത്ത് ഒരു രോദനത്തിന്റെ അകമ്പടിയോടെ അനുസ്യൂതമായി ചുമക്കുന്നു. സമീപത്ത് ആരേയും കാണാനുമില്ല. ഇതധികം കണ്ടു നിൽക്കാനാവുന്നതല്ല.ഞാൻ അരികിലെത്തി. ആരേയോ പ്രതീക്ഷിച്ചെന്നവണ്ണം ചുറ്റുപാടും പരതുന്ന നനവൂറുന്ന പീളകെട്ടിയ കുണ്ടിലാണ്ട മിഴികൾ. 


"ഭക്ഷണം കഴിച്ചോ? എനിക്ക് ചോദിക്കാതിരിക്കാനായില്ല.


വൃദ്ധൻ ഇല്ലെന്നു് ആംഗ്യം കാണിച്ചു. വീണ്ടും അഗാധതയിൽ നിന്നു പുറപ്പെട്ടു ഉച്ചസ്ഥായിയിലെത്തി ശരീരമാസകലം ഉലച്ചുയർത്തുന്ന ചുമ. ഉയർന്നു താഴുന്ന നെഞ്ചിൻ കൂട് ഞാൻ മെല്ലെ തടവി കൊടുത്തു. അവിടെ വന്ന സിസ്റ്റർ പറഞ്ഞു 


"ബൈ സ്റ്റാൻഡർ മകൻ കഞ്ഞി കൊണ്ടു വരാം എന്നു പറഞ്ഞു പോയതാണു്, നേരം കൊറേയായി" 


ഏതായാലും ഞാൻ കുറച്ചു കഞ്ഞി വാങ്ങി കൊണ്ടുവന്നു് ഗ്ളാസിലാക്കി ചെറുചൂടോടെ വായിലൊഴിച്ചു കൊടുത്തു. ചുമയുടെ ഇടവേളകളിൽ നന്നേ ബുദ്ധിമുട്ടിയാണെങ്കിലും കുറേശ്ശെയായി വൃദ്ധൻ രണ്ടു ഗ്ലാസ്സോളം കഞ്ഞി കുടിച്ചു തീർത്തു. 

പരിക്ഷീണമായ മുഖം. തീർത്തും വൃത്തിഹീനമായ , ചെറുതായി ദുർഗ്ഗന്ധം വമിച്ചു തുടങ്ങിയ വസ്ത്രങ്ങൾ, എല്ലുകളുന്തി നിൽക്കുന്ന നെഞ്ചും ചുമലുകളും. വളർന്നിറങ്ങിയ നരച്ച താടിരോമങ്ങൾ. കുണ്ടിലാണ്ട കരകവിയുമെന്ന് തോന്നിപ്പിക്കുന്ന മിഴികളിൽ ഒരു തിളക്കം മിന്നിമറയുന്നു. എന്തോ പറയാൻ ശ്രമിച്ച് പരാജയപ്പെടുന്ന വിറയാർന്ന ചുണ്ടുകൾ. 


എനിക്ക് അച്ഛനെ ഓർമ്മ വന്നു. ഇതേ ആശുപത്രിയിൽ, ഭക്ഷണം സുലഭമായിട്ടും കഴിക്കാനാകാതെ ട്യൂബിലൂടെ ദ്രവ ഭക്ഷണം മാത്രമായി ഒരാഴ്ചയോളം കിടന്നു് മരണത്തിനു കീഴടങ്ങിയ എന്റെ അച്ഛൻ. ഇദ്ദേഹവും ഒരു കാലത്ത് പടർന്നു പന്തലിച്ച ബലിഷ്ഠമായ ശിഖരങ്ങളുള്ള വൻമരമായിരുന്നിരിക്കാം. കൂടുംബവും കുട്ടികളുമായി അല്ലലില്ലാത്ത ഒരു വസന്തകാലം സ്മൃതിയിലലയടിക്കുന്നുണ്ടാവാം. ജീവിതായോധനത്തിന്റെ ബദ്ധപ്പാടുകളും കാലത്തിന്റെ കാർക്കശ്യവുമൊത്തു ചേർന്നപ്പോൾ ശിഖരങ്ങളുണങ്ങി ഇലകൾ കൊഴിഞ്ഞ് ദ്രവിച്ചു തുടങ്ങിയ തായ്ത്തടിയാവും സഹതാപാർഹമായ രീതിയിലിവിടെ വീണ്ടുകിടക്കുന്നത്. ആ ചിന്ത പടരാനനുവദിക്കാതെ ഒരു തലയിണ ചോദിച്ചു വാങ്ങി തല ഉയർത്തി വച്ച് 

ഞാൻ ആ നെഞ്ച് തടവിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ശ്വാസഗതി സാധാരണ നിലയിലാവുന്നതും നിദ്രയുടെ പുതപ്പ് സാവധാനം കണ്ണുകളെ മൂടിവരുന്നതും കണ്ട് ഞാൻ അൽപ്പമകലെ എന്റെ പുൽപ്പായിലേക്ക് മടങ്ങി.


ഒരു ബഹളവും തറയിൽ ഷൂസുകൾ തെരുതെരെ പതിക്കുന്ന ശബ്ദവും കേട്ട് ഞാനുണർന്നപ്പോൾ വൃദ്ധനു ചുറ്റും നഴ്സുമാർ, ഡ്യൂട്ടി ഡോക്ടർ. നിദ്രാ ഭംഗത്തിന്റെ മൗഢ്യം കുടഞ്ഞെറിഞ്ഞ് ഞാനെഴുന്നേറ്റപ്പോഴേക്കും വൃദ്ധനെ അവർ ട്രോളിയിൽ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. പോകുന്ന പോക്കിൽ ഇതിനോടകം പരിചിതയായ സിസ്റ്റർ പറഞ്ഞു.


 "സംഗതി സീരിയസ്സാ."


പിന്നീടെനിക്കുറങ്ങാനായില്ല. ആ വൃദ്ധന്റെ കണ്ണീരണിഞ്ഞ പരവശമായ മുഖം ഒരു കരടായി മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു പാതിയിരുട്ടിൽ വിവിധ മനുഷ്യാവസ്ഥകളെ കുറിച്ചുള്ള ചിന്തയിലാണ്ട് അസ്വസ്ഥനായി ചാരുബെഞ്ചിൽ ചാരി ഞാനിരുന്നു. 


പെട്ടെന്നാണു് ഒരാൾ വന്നു അവിടെയൊക്കെ ചുറ്റും നോക്കി ഒരു ചോദ്യം. 


"ഇവിടെക്കിടന്ന എന്റെ അച്ചനെവിടെ?


" അസുഖം കൂടി ഡോക്ടർ കൊണ്ടു പോയിരിക്കുകയാണു്. " ഞാൻ അൽപ്പം നീരസ ത്തോടെ തന്നെ പറഞ്ഞു '


"ആരോട് ചോദിച്ചിട്ട്? 


ഉച്ചത്തിൽ അധികാര ഭാവത്തിലാണു് ചോദ്യം. ഞാനയാളെ സൂക്ഷിച്ചു നോക്കി. മദ്യത്തിന്റെ രൂക്ഷ ഗന്ധം കുമുകുമാ വരുന്നുണ്ട്. കാലുകൾ നിലത്തുറയ്ക്കുന്നില്ല ശരീരത്തിനു് മൊത്തമൊരാട്ടം. പിന്നെ അയാൾ, ആശുപത്രിക്കാരുടെ നിരുത്തരവാദിത്വത്തെ കുറിച്ചും അയാൾക്ക് പരിചയമുള്ള വലിയ പേരെടുത്ത ഡാക്ടർമാരെ കുറിച്ചുമുള്ള പ്രഭാഷണമാരംഭിച്ചു.


ഇതിനിടയിൽ ഡോക്ടർ വന്നു. ഡ്യൂട്ടി റൂമിലേക്ക് ഇയാൾ വിളിക്കപ്പെട്ടു. പിന്നെ അവിടെ പൊടിപൂരമായിരുന്നു. കുറച്ചകലെയിരിക്കുന്ന എനിക്ക് കേൾക്കാൻ കഴിഞ്ഞത് ഇത്രമാത്രം.


ഡോ : "നിങ്ങൾ പറയുന്നത് കേൾക്കു്, പേഷ്യന്റിന് പെട്ടെന്നൊരു റെസ്പിറേറ്ററി ഇഷ്യൂ വന്നു. BP പോയി. ഞങ്ങൾ പരമാവധി ...."


ഇയാൾ: നിങ്ങളൊന്നും പറയണ്ട. എന്നോട് ചോദിക്കാതെ എൻറച്ചനെ എന്തിനു കൊണ്ടു പോയി? ഞാൻ പുള്ളിയെ ലേക്ക് ഷോറിലേക്ക് കൊണ്ടുപോകാനിരുന്നതാ. 


പിന്നല്ലേ, ഇവിടെ രാത്രി പത്തു മണിയായിട്ടും മരിക്കാറായ തന്തയ്ക്ക് കഞ്ഞി വെള്ളം കൊടുക്കാതെ വെള്ളമടിച്ചു നടന്ന ഈ സൽപുത്രനാണു് ലേക് ഷോറിൽ കൊണ്ടു പോകുന്നത്!! ഈ ജീർണ്ണ വസ്ത്രവും ചുറ്റുപാടും കൊണ്ട് കാരണവരേയും കൊണ്ട് ഈ കുടിയൻ ലേക്ക്ഷോറിൽ ചെന്നാൽ അവർ പരവതാനി വിരിച്ച് സ്വീകരിക്കുകയും ചെയ്യും!!


ഒടുവിൽ വാക്കേറ്റം മൂത്ത് "എന്നെ നിനക്കറിയില്ല, ഞാനൊന്നു ഞൊടിച്ചാൽ MLA ഇവിടെ വരും അറിയാമോ? എന്ന ഭീഷണി ക്കൊപ്പം കയ്യേറ്റത്തിനൊരുമ്പെടുമെന്ന് തോന്നിയപ്പോൾ ആരോഗ്യ സ്വാമിയായ ഞാനയാളെ പൂണ്ടടക്കം പിടിച്ച് ബെഞ്ചിലിരുത്തി. അയാൾ വീണ്ടുമെഴുന്നേൽക്കാൻ തത്രപ്പെട്ടു പക്ഷെ കാറ്റിലുലഞ്ഞ വാഴ പോലെ ഒടിഞ്ഞു വീണു.


ഞാനാ ചെറുപ്പക്കാരൻ ഡോക്ടറെ നോക്കി. എന്റെ മകളുടെ പ്രായമേ കാണൂ. ഇത്തരം കുടിയന്മാരടക്കമുള്ള താന്തോന്നികളെ കൈകാര്യം ചെയ്യാനുള്ള മെയ് വഴക്കമോ ദീർഘകാല പരിചയമോ ഇനിയും സ്വായത്തമാകാത്ത ഇളംപ്രായക്കാരൻ. ഈ കുടിയനോടാണു് സാങ്കേതിക മെഡിക്കൽ ടേംസുമായി പയ്യൻ സംസാരിക്കാൻ തുനിഞ്ഞത്. ഇതൊക്കെ എത്രയോ കണ്ട സിസ്റ്റർ മാരൊക്കെ അടുത്ത ജോലികളിൽ മുഴുകിയിട്ടും ഡോക്ടർ യുവാവ് ആകെ വിഷമിച്ച് തല കുമ്പിട്ടിരിക്കുകയാണു്. 


എന്റെ പാദപതനസ്വനം കേട്ട് കുട്ടി ഡോക്ടർ തലയുയർത്തി. അവന്റെ മുഖത്ത് വിളറിയ ചന്ദ്രക്കല പോലെ ഒരു നേർത്ത മന്ദഹാസം വിരിഞ്ഞു. ഒരു സാന്ത്വന സ്പർശമാണ് ആ നിമിഷം ആവശ്യപ്പെടുന്നതെന്ന് പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ വലതു കൈത്തലം അവന്റെ ചുമലിലമർന്നു. ഹൃദയം ഹൃദയത്തോട് മൂകമായി സംവേദിച്ച ആ നിമിഷങ്ങളിൽ അവന്റെ മിഴികളിൽ ഉറ പൊട്ടിയ നനവ് സമപ്രായക്കാരുടെ അച്ഛൻ കൂടിയായ ഞാൻ തിരിച്ചറിഞ്ഞിരുന്നു.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ