സ്ക്കൂൾ തുറപ്പ്.
1960 കളുടെ അന്ത്യപാദത്തിലെ ഒരു സ്ക്കൂൾ തുറപ്പ് കാലം. അക്കാലത്ത് വീട്ടിൽ ഒരു കാലൻ കുടയുണ്ട്. മടക്കി നിലത്ത് കുത്തി നിർത്തിയാൽ ഒത്ത ഒരാളുയരം. മരക്കാലും മരം കൊണ്ടു പിടിക്കു പകരം വളഞ്ഞ അഗ്രവുമുള്ള വള കാലൻ കുട. പിന്നിലെ കാൽ നിലത്ത് കുത്തി ചില്ലറ അഭ്യാസം വേണം കുട നിവർത്താൻ. കുതിര ഞെക്കി കുടമടക്കുമ്പോൾ ചിലപ്പോൾ വിരലിലെ തൊലി ഇടയിൽ ഞെരിയും. നക്ഷത്രങ്ങളെണ്ണി നോക്കാനും പൊന്നീച്ചകളെ കാണാനുമുള്ള അസുലഭ നിമിഷങ്ങളാണത്. മഴക്കാലത്ത് മരക്കാൽ വെള്ളം കുടിച്ച് തടിച്ച് ചിലപ്പോൾ ഒറ്റക്ക് നിവർത്താന്നും പറ്റാതെയാകും.
ഒരു വീട്ടിൽ നിന്ന് മൂന്നു കുട്ടികൾക്ക് ഒറ്റക്കുട. സാമ്പത്തികാസൂത്രണ മികവ് !!
കൂട്ടുകാർ "ദേടാ കാലൻ കൊട വരണേയ് " എന്നാർത്തു വിളിക്കുമ്പോൾ കണ്ണു നിറയും. കുട കറക്കി വെള്ളം തെറിപ്പിച്ച് ഈർഷ്യ തീർത്ത് ഈ പണ്ടാരക്കുട ഒടിഞ്ഞു പോണേയെന്നു മുട്ടിപ്പായി പ്രാർത്ഥിക്കും.
അംഗീകൃത കുട ഡോക്ടർ വേലു "ഇനിയിത് നന്നാക്കാനൊക്കൂലാ ചേട്ടാ " എന്ന് പറഞ്ഞ് ആയുധം താഴെ വച്ചപ്പോൾ കുടയ്ക്കും ഞങ്ങൾക്കും ശാപമോക്ഷമായി.
കാലൻ കുട പിന്നേയും സേവനം തുടർന്നു. ഉണങ്ങാൻ പനമ്പിൽ നിരത്തിയ നെല്ല് കൊത്താൻ ഒളികണ്ണിട്ട് വരുന്ന കാക്കയെ ഓടിക്കാൻ. ഞങ്ങൾക്ക് സാങ്കൽപ്പിക കോടതിയിൽ വക്കീൽ വേഷം കെട്ടാൻ, പിന്നെ പശു പെറ്റപ്പോൾ കുഞ്ഞിക്കിടാവിന് തണുപ്പടിക്കാതെ സപ്രമഞ്ചമൊരുക്കാൻ.
ഏറ്റവുമൊടുവിൽ കിണറ്റിൽ കാൽ വഴുതിവീണ് ഞങ്ങളോട് എന്നന്നേക്കുമായി വിട പറഞ്ഞ അഞ്ചാം ക്ളാസുകാരി ശ്യാമളയെ കാണാൻ പോകാൻ ഉടുപ്പിൽ ബാഡ്ജുകുത്താന്!
വരിവരിയായി കുഞ്ഞാടുകൾ റോഡിലൂടെ മൗനജാഥയായി നടന്ന് ശ്യാമളയുടെ ഓലപ്പുരയുടെ മുന്നിലെത്തി നിന്നു. ഒന്നടങ്ങിയ അലമുറ വീണ്ടുമുയർന്നു.
"നെന്റെ കൂട്ടാര് വന്നേക്കണെടീ, കണ്ണു തൊറക്കെടി, ഹെന്റെ പൊന്നുമോളേ.....
ശ്യാമളയുടെ അമ്മ നിലത്ത് കാൽ നീട്ടിയിരുന്ന് നെഞ്ഞു പൊട്ടി വിളിച്ചു, അവളുടെ അച്ഛൻ മുറ്റത്ത് മണ്ണിൽ ചടഞ്ഞിരുന്ന് അവളുടെ അനിയൻകുട്ടിയെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ച് വരുന്നവർക്ക് നേരെ മറുകൈ നീട്ടി വിതുമ്പി.
അകത്തെ ഇരുട്ടിലും പുറത്ത് വരാന്തയിലും കൂട്ടംകൂടി കരഞ്ഞ പെണ്ണുങ്ങൾക്കിടയിൽ ചാണകം മെഴുകിയ വെറും നിലത്ത് ഒരു നീലപെറ്റിക്കോട്ടണിഞ്ഞ് ശ്യാമള കിടന്നു. ചിതറിയ മുടിയിഴകൾക്ക് നടുവിൽ മിഴികൾ പൂട്ടി വിളറിയ ചന്ദ്രക്കല പോലെ അവളുടെ അചേതനമുഖം.
നാരായണൻ സാർ ഗദ്ഗദ കണ്ഠനായി പറഞ്ഞു തുടങ്ങി.
"നമ്മുടെ ശ്യാമള നമ്മളെയെല്ലാം എന്നന്നേക്കുമായി വിട്ടു പിരിഞ്ഞു... സാറിന് പൂർത്തിയാക്കാൻ കഴിയും മുമ്പേ ഉച്ചത്തിൽ അലമുറ വീണ്ടുമുയർന്നു.
"ഹെന്റെ പൊന്നുമോളേ......
..................................
" ആഹാ, നാരായണേട്ടൻ നേർത്തെയെത്തിയല്ലോ. വരൂ ഓഫീസിലിരിക്കാം."
ഹെഡ്മിസ്ട്രസ് ടീച്ചറുടെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത്. 7B ക്ളാസിലെ പിൻബെഞ്ചിൽ ചിന്തയിലാണ്ടിരുന്ന ഞാൻ ടീച്ചറുടെ പിന്നാലെ നടന്നു. 7A, 6B, 6A, 5B, 5A ചോക്കുകൊണ്ടെഴുതിയ പല വാതിലുകൾ കടന്ന് ഓഫീസ്.
ഒരു സമുദായ സംഘടനയുടെ സ്ക്കൂൾ കിറ്റുകൾ സ്ക്കൂളിലെത്തിക്കാനാണ് ഞാൻ വന്നത്. കിറ്റുകൾ എണ്ണിയേൽപ്പിച്ച് പോകാനൊരുങ്ങിയപ്പോൾ ടീച്ചർ നിർബ്ബന്ധമായി പറഞ്ഞു.
"അയ്യോ, അങ്ങനെ പോകല്ലേ, പ്രവേശനോത്സവ പരിപാടിയുണ്ട്. അവിടെ വച്ച് കിറ്റു നാരായണേട്ടൻ തന്നെ കൊടുക്കണം."
"അതൊന്നും വേണ്ട ടീച്ചറെ, ആ കുട്ടികളെ സ്റ്റേജിൽ വിളിച്ച് നിർദ്ധനർ, നിർദ്ധനർ എന്ന് വിളിച്ചു കൂവണ്ട. ഇതു ദാനമല്ല. അവരുടെ അവകാശമാണ്. കിറ്റുകൾ അവരുടെ കൈകളിലെത്തിയാൽ മതി"
" ശരി, അതു വേണ്ടെന്നു വയ്ക്കാം. പക്ഷെ മീറ്റിംഗ് വേണം. ഘോഷയാത്ര വേണം. മെംബറും PTA പ്രസിഡന്റുമോക്കെ ഇപ്പോഴെത്തും. കുട്ടികൾക്ക് നിങ്ങളുടെയെല്ലാം അനുഗ്രഹം വേണം"
അനുഗ്രഹം! അതും എന്റെ ! എനിക്ക് ഉള്ളാലെ ചിരി വന്നു. ഇപ്പോൾ കടന്നു വന്ന ക്ളാസുകളിൽ നിന്നെല്ലാം പല കാരണങ്ങളാൽ ഇറക്കിവിട്ട്, പുറത്ത് നിൽക്കുന്നത് ശീലമാക്കിയിരുന്ന എന്റെ അനുഗ്രഹം! ജോറായി! അന്നമ്മ ടീച്ചരും നന്ദിനി ടീച്ചറും നാരായണ സാറും പൗലോസ് സാറുമൊക്കെ ഇതു കേട്ടാൽ പരലോകത്തിരുന്ന് ചിരിച്ചു വശം കെടും!
ഒരു നീല ആക്ടീവ ഗേറ്റ് കടന്ന് വന്ന് വരാന്തക്കരികിൽ നിന്നു. PTA പ്രസിഡന്റ് വന്നു. ടീച്ചർ പരിചയപ്പെടുത്തി, പേര് സുരേന്ദ്രൻ.
"എനിക്ക് ചേട്ടനെ അറിയാം" അവൻ പറഞ്ഞു.
ഓലമേഞ്ഞ വീടിനു മുന്നിൽ വെറും നിലത്ത് അച്ഛന്റെ കൈക്കൂട്ടിൽ നിറകണ്ണൂകളോടെ പകച്ചിരുന്ന ബാലൻ മുതിർന്ന പുരുഷനായി എന്റെ മുന്നിൽ നിവർന്നു നിന്ന് നിറഞ്ഞ് ചിരിച്ചു. അവനെ കരവലയത്തിലൊതുക്കി ഞാൻ പറഞ്ഞു.
"എനിക്കറിയാം." ശ്യാമളയുടെ അനിയൻ. അവനും കുഞ്ഞേച്ചിയെ പ്പറ്റി പറഞ്ഞു. അന്നത്തെ രണ്ടാം ക്ളാസുകാരന്റെ മിഴികൾ നിറഞ്ഞ് തൂവുമെന്ന് തോന്നി.
ആശംസയർപ്പിക്കാനായി എഴുന്നേറ്റപ്പോൾ ആകാംക്ഷയും കുസ്രുതിയും സന്തോഷവും തുടിക്കുന്ന കുറേ നിഷ്കളങ്ക കുഞ്ഞു മുഖങ്ങൾക്ക് മുന്നിൽ നിർന്നിമേഷനായി. പിന്നെ മൈക്കവിടെ വച്ച് സാവധാനം അവരുടെ ഇടയിലേക്കിറങ്ങി.
"എന്റെ കൊച്ചു മക്കൾ ! പൊന്നോമനകൾ !
ചിലരെ കയ്യിലെടുത്തു. ലേശം മുതിർന്നവരെ ചേർത്തു നിർത്തി.
അര നൂറ്റാണ്ട് മുമ്പ് ഇതേ സ്ക്കൂളിലെ ഞങ്ങളുടെ സ്ക്കൂൾ ദിനങ്ങളെ കുറിച്ച് സാവധാനം പറഞ്ഞു തുടങ്ങി.
സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവനെ തന്നോട് ചേർത്തു നിർത്തുമ്പോഴാണ് നമ്മൾ വലിയവരാവുന്നതെന്നു പറഞ്ഞു.
നന്നായി കളിച്ചു വളരണമെന്ന് പറഞ്ഞു.
ഞങ്ങളൊക്കെ പഠിച്ച ഞങ്ങളുടെ മക്കൾ പഠിച്ച ഈ സ്ക്കൂളും പരിസരവും വെടിപ്പായി സൂക്ഷിക്കുന്ന മെന്നു പറഞ്ഞു.
കൂട്ടത്തിലുള്ളവരെ സ്നേഹിക്കണമെന്നും സഹായിക്കണമെന്നും പറഞ്ഞു.
അച്ഛനമ്മമാരെയും ടീച്ചറമ്മാരേയും സ്നേഹിക്കണമെന്നും അനു സരിക്കണമെന്നും ബഹുമാനിക്കണമെന്നു പറഞ്ഞു.
നുണ പറയരുതെന്നു പറഞ്ഞു. പ്രാർത്ഥിക്കണമെന്നു പറഞ്ഞു.
ചിലരെ കയ്യിലെടുത്തു. ലേശം മുതിർന്നവരെ ചേർത്തു നിർത്തി.
ചായയും ബിസ്ക്കറ്റും നല്ല ഞാലിപ്പൂവൻ പഴവും കഴിച്ച് ഇറങ്ങാൻ നേരം ആരവങ്ങളോടെ മഴയെത്തി.
"നാരായണേട്ടൻ പിള്ളേരോട് പഠിക്കുന്ന കാര്യം മാത്രം പറഞ്ഞില്ല " ടീച്ചർ പരാതിപ്പെട്ടു.
"അക്കാദമിക് മികവാണ് വിദ്യാലയത്തിന്റെ മികവ്. "
മറ്റൊരദ്ധ്യാപകൻ കൂട്ടിച്ചേർത്തു. ആ മികവ് സ്കോർ ബോർഡിൽ മാത്രമാണെന്ന് പറയാനൊരുങ്ങി ഞാൻ വേണ്ടെന്നു വച്ചു. അനുഭവസമ്പന്നനായ അദ്ധ്യാപകനോട് തർക്കിക്കാൻ ഞാനായിട്ടില്ല.
പകരം, അതു പറയാൻ നിങ്ങളൊക്കെയില്ലേ ടീച്ചറേ എന്ന് പറഞ്ഞ് ചാറ്റൽ മഴയിലേക്ക് ഞാനിറങ്ങി.
കാലൻ കുടപോലുമില്ലാതെ !!
santhosham
ReplyDeleteAll your stories are very heart touching, only a person with loving heart can only write this type of stories
ReplyDeleteസ്നേഹം
ReplyDeleteനന്ദി.
Delete