ബേബിച്ചൻ

 "അപ്പൊ, വരണ ഞായറിന് വയ്യീട്ടഞ്ചിന് കോൽഞ്ചേരി സ്റ്റാന്റീ കണാടാ " എന്നും പറഞ്ഞു M80 ഇരമ്പിച്ചു പോയ ബേബിച്ചനെ കാണാൻ വെള്ളിയാഴ്ച തന്നെ ഞാൻ പോയിരുന്നു.  കിടന്നുറങ്ങുന്നത് പോലെയെന്നൊക്കെ ആരോ പറയുന്നുണ്ടായിരുന്നു.  ഏതായാലും ബൈബിൾ വചനങ്ങളും കുന്തുരുക്കപ്പുകയും തേങ്ങലുകളും കെട്ടു പിണഞ്ഞ ഹാളിലേക്ക് ഞാൻ കയറിയില്ല. മോളിപ്പെണ്ണ് നെഞ്ചത്ത് വീണ്ട് കിടന്ന് " ഇച്ചായാ... ന്ന് ചങ്കുപൊട്ടി വിളിച്ചിട്ടും അവൻ കണ്ണു തുറന്ന് നോക്കിയില്ല. പിന്നല്ലേ എന്നെ നോക്കുന്നു !


ആളുകൾ ചെറുസംഘങ്ങളായി നിന്ന് സംസാരിക്കുന്നുണ്ട്. തീരെച്ചെറിയ രണ്ടോ മൂന്നോ കുട്ടികൾ നിരത്തിയ കസേരകൾക്കു ചുറ്റും ഓടിക്കളിക്കുന്നു.  ഒരു മൗഢ്യം എന്നെ വന്ന് പൊതിഞ്ഞിരിക്കുന്നു.  ചുറ്റുമുയരുന്ന ശബ്ദവീചികൾ ഏറെയകലെ നിന്നെന്നവണ്ണം കാതിൽ വന്ന് വീഴുന്നുണ്ട്. ഞാനാ മുറ്റം വിട്ട് ചരട് പൊട്ടിയ പട്ടം പോലെ അവിടവിടെ അലഞ്ഞു നടന്നു. പതുക്കോളിലെ മോട്ടർ പുരയുടെ മുകളിൽ, വായനശാലത്തിണ്ണയിൽ , തങ്കച്ചന്റെ ചായക്കടയിൽ, സൊസൈറ്റിയുടെ വളക്കടയിൽ അങ്ങനെ അവനെ കാണാറുള്ളിടത്താക്കെ. പള്ളിയിലേക്ക് തിരക്കിട്ടു നടക്കുന്നവരിൽ ചിലർ വരുന്നില്ലേന്ന് ചോദിക്കുന്നുണ്ടായിരുന്നു.നടന്ന് നടന്ന് പള്ളിയുടെ പിൻമുറ്റത്ത്  കിളിച്ചുണ്ടന്റെ ചോട്ടിലെത്തി നിന്നു.  താഴെ കുഴിമാടങ്ങൾക്ക് മുകളിലുയർന്ന അസംഖ്യ കുരിശുകൾ. ചിലതിൽ മാർബിൾ പതിച്ച കുരിശു കൾ . മറ്റു ചിലവയിൽ വാടിയ പൂക്കൾ, പാതി കത്തിയ മെഴുകുതിരികൾ. ഈ ആത്മവിദ്യാലയത്തിൽ പോലും കാണിക്കുന്ന വലിപ്പച്ചെറുപ്പം കണ്ടു ആ സമയത്തു പോലും എനിക്ക് ചിരി വന്നു. 


യാത്രയാവുന്നവരുടെ തിരക്കു കൊണ്ട് ഇപ്പോൾ പെട്ടി കയറുകെട്ടി ഇറക്കുകയൊന്നും വേണ്ട. രണ്ടു പേർ ഇറങ്ങിനിന്ന് വാങ്ങി വയ്ക്കും.  ഒരു പിടി മണ്ണ് വാരിയിടാനും ഞാനിറങ്ങിച്ചെന്നില്ല. വാക്ക് വ്യത്യാസം ചെയ്തവനോട് എനിക്ക് കെറുവാണ്. 


പണ്ടേ അവനിങ്ങനായിരുന്നു. സെക്കന്റ് ഷോക്ക് പോവാൻ എട്ടരക്ക് കവലയ്ക്കെ കാണാന്ന് പറയും കൊട്ടകേന്ന് ഈശോ മറിയം ഔസേപ്പേന്ന് കോളാമ്പിപ്പാട്ട് ഇരുളും തുളച്ച് വന്നാലും അവനെ കാണൂലാ .... വീട്ടിച്ചെന്നാ  കെണ്ടിങ്കരേന്ന്  "ദാ വന്നെടാ, ഒന്ന് മേല് വെള്ളാഴിക്കട്ടെ " എന്നു  വിളിച്ചു പറയും. കൂടെ ഒലർച്ചയും.


" ടോർച്ചടിച്ചാ കൊല്ലും ഞാൻ ...


എറേത്തിരുന്ന് അടക്ക പൊളിക്കണ അവന്റെ അപ്പന്റെ കണ്ണിപ്പെടാതെ ഇല്ലിപ്പടിക്കെ കാത്ത് നിക്കും. കണ്ടാലതു മതി അങ്ങേരുടെ നീതിമാനായ ചെറുക്കനെ വഷളാക്കുന്നെന്ന് പറഞ്ഞ് തൊടങ്ങും. അവ നിറങ്ങാൻ നേരം തള്ളേടെ കോറസ്സ് കേൾക്കാം. "കഞ്ഞി കുടിച്ചേച്ച് പോടാ ചെർക്കാ ... 


അവനെ കണ്ണു പൊട്ടെ ചീത്തവിളിച്ചും ഓടിയും നടന്നും വേവലാതി പിടിച്ച് ഓല കൊട്ടകയുടെ പനമ്പ് വാതിൽ തുറന്നു ചെന്നാ കാണാം. നസീറും ഉമ്മറും ഠിഷ്യും ഠിഷ്യും ... ചാരുബെഞ്ചിൽ അടുത്തിരുന്ന കാർന്നോർ ബീഡി ഒന്നാഞ്ഞു വലിച്ചു വിവരം പറയും.


"ഉമ്മറ് ജയബാരതീടെ കൈക്ക് കേറി പിടിച്ചെന്നേ, അവനത് ചെയ്യാൻ കൊള്ളാവോ?


ഒരു കാര്യത്തിനും അവൻ സമയത്തും കാലത്തുമെത്തുകേലാ. PSC ടെസ്റ്റിന് കുറുപ്പും പടിക്ക് പോകാൻ ഏഴേ കാലിന്റെ മഡോണ ബസ്സിന് കേറാൻ പള്ളിത്താഴത്ത് അവനെ കണ്ടില്ല.  വീട്ടിപ്പോയി നോക്കാൻ നേരമില്ലാത്തോണ്ട് ഞാൻ തന്നെ കേറിപ്പോയി. ടെസ്റ്റെളുപ്പായിരുന്നു. പൊത്തകം തൊറന്ന് നോക്കൂല്ലേലും വായനശാലേല് രാത്രിയിരുന്ന് ഒരുമിച്ചിരുന്ന് പടിക്കുമ്പൊ എല്ലാത്തിനും അവനുത്തരം പറയും. പക്ഷെ ചോദ്യപേപ്പറ് കിട്ട്യാ ആധി ചുഴലിയായി വീശിയടിച്ച് ഉത്തരങ്ങളെവിടേക്കോ പറന്നുപോം. എനിക്കിതിന് വിതീല്ലടാ എന്ന് പറയുമ്പോ ഞാനവന്റെ മൊകത്ത് നോക്കാറില്ല.  വൈകീട്ട് കവലേ വച്ച് കണ്ടപ്പോ അവൻ പറയുവാ .


" ഇന്നലെ രാത്രീല് നല്ല മഴയല്ലാർന്നോടാ , കുംഭത്തില് മഴ കിട്ട്യാ പിറ്റേ ദെവസം കപ്പക്കോല് കുത്തണോന്ന് അപ്പന് ഒരേയൊരു നിർപ്പന്തം ! 


അതുകൊണ്ടാണ് PSC ടെസ്റ്റിന് വരാത്തതെന്ന ജാമ്യം. ഞാനവനെ അവന്റെ വഴിക്ക് വിട്ടു. അങ്ങനെയവൻ രണ്ടേക്കറിൽ കപ്പേം ചേനേം ഇഞ്ചീം മഞ്ഞളും നട്ടു വളർത്തി. അടക്ക ഒണക്കി പൊളിച്ച് ചാക്കിലാക്കി വെല കേറുമ്പം വിറ്റു.  തേങ്ങ മടലോടെ കൊടുക്കാതെ പൊളിച്ച് വെയിലത്ത് വച്ച് ആട്ടിച്ച് വെളിച്ചെണ്ണയാക്കി കൊടുത്തു. ചെരട്ടേം ചകിരീം വേറേം വിറ്റു.  കൊളപ്പുഞ്ചയിൽ അയ്യാറെട്ടും ജയയും ഇട്ടിക്കണ്ടപ്പനും വിതച്ച് കൊയ്തുണക്കിപ്പാറ്റി സൂക്ഷിച്ചു വച്ചു കുത്തിച്ച് അരിയാക്കി വിറ്റു.  മൂപ്പത് സെന്റ് ഭൂസ്വത്തുള്ള ഞാൻ ടെസ്റ്റ് പാസ്സായി തർക്കാരുത്ത്യോകത്തനായി. ഞാൻ ഫെഡറൽ ബാങ്കീന്ന് ലോണെടുത്തും അവൻ അടക്കം ഇഞ്ചീം തേങ്ങേം വിറ്റ കാശ് സൂക്ഷിച്ച് വച്ചും വീട് പണിതു. കയ്യിനോട്ടയുള്ള അവന്റെ ധനകാര്യം മോളിപ്പെണ്ണേറ്റെടുത്തോണ്ടതു നടന്നു. വീട്ടിലോ പുറത്തോ ഇത് തമ്മയിക്കൂലെങ്കിലും ഒന്നര ത്രിഗുണൻ അകത്താവുന്ന ഞങ്ങടെ സ്വകാര്യ നിമിഷങ്ങളിൽ അവനത് തലകുലുക്കി സമ്മതിക്കും. 


" അവളില്ലേൽ ഒന്നും നടക്കൂലടാ ! "


അവന്റെ മോളിപ്പെണ്ണും പറയുവാരുന്നു. "ചേട്ടാ, ഞാൻ വീട്ടിപ്പോവാ , നാളെ അപ്പച്ചന്റെ ഓർമ്മ ദെവസാ, കാലത്ത് ബേബിച്ചായനെ ഒന്ന് പറഞ്ഞ് വിട്ടേക്കണോ ട്ടോ ...


രാവിലെ കുത്തിയെണിപ്പിച്ച് ഓർമ്മിപ്പിച്ചാലും, റബറ് വെട്ടിയിട്ടേച്ച് പാടത്ത് പോയി ചാഴിക്ക് മരുന്നടിച്ച്, തിരിയെ വന്ന് പാലെടുത്ത് ഒറയൊഴിച്ച് ഷീറ്റടിച്ച് പെരുമ്മുഴി തോട്ടിലൊരു കാക്കക്കുളി കുളിച്ച് എമ്മെയ്റ്റീല് മൂപ്പിച്ച് ചെല്ലുമ്പഴേക്കും അവളും വീട്ടുകാരും പള്ളീക്കഴിഞ്ഞ് വീട്ടിൽ ഉച്ചയൂണിനെത്തിക്കാണും.


" ഇല്ലോളം താമയ്ച്ചാലും ചോറുണ്ണാനിങ്ങെത്തിയല്ലോ " എന്ന അളിയന്റെ മൊന വച്ച വർത്താനം കേട്ടെന്ന് ഭാവിക്കാതെ അവനെറങ്ങിപ്പോരും.


 "ഈ മീനച്ചൂടത്ത് വറത്തു നിക്കണ തെങ്ങിനിത്ര വെള്ളം തേവാൻ ചത്തുപോയ അവൾടപ്പൻ വരുവോടാ ? 

ചോദ്യം വൈകീട്ട് ഒന്നര ഓൾഡ് മോങ്കും മോന്തീട്ടെന്നോടാണ് !! മോളിപ്പെണ്ണിനോടാണെങ്കിൽ അവൻ വിവരമറിയും.


ആകാശത്ത് സന്ധ്യ ചെഞ്ചായം പൂശുന്ന പണിത്തിരക്കിലാണ്.  താഴെ ശ്മശാനത്തിനപ്പുറത്തെ വളഞ്ഞുപുളഞ്ഞ റോഡരികിലെ കെട്ടിടങ്ങളും പോയോടം കുരിശും  മരക്കൂട്ടങ്ങൾക്കപ്പുറം അകലെ കാണുന്ന കുന്നുകളും സ്വർണ്ണപ്രഭയാർന്ന് ഒരു ചാരുതയാർന്ന നിശ്ചല ദൃശ്യമായി മാറി. ആ മതിൽക്കെട്ടിലിരുന്ന് പരശ്ശതം തവണ സൂര്യന് കീഴെയുള്ളതെല്ലാം ചർച്ചചെയ്ത്, സങ്കടങ്ങളും നിരാശയും സന്തോഷവും പങ്കിട്ടവനാണ് ഒരു വാക്ക് പറയാതെ ഇവിടെയീ ആറടി മണ്ണിലുറങ്ങാൻ പോയത്.


"എടാ ബേബീ , നീ എന്നും വൈകിയല്ലേടാ ഇറങ്ങാറ് ?.  " തൊണ്ടയിൽ കുരുങ്ങിയ ചോദ്യം മുഴുവനാക്കാനാവാതെ ഞാൻ ഉയരങ്ങളിലെ കുരിശിൽ മിഴി നട്ട് നിന്നു..


കൂനകൂട്ടിയ  കുഴിമാടത്തിനരികിൽ നിന്ന് ആളുകൾ പിരിഞ്ഞു തുടങ്ങി. വലതു കയ്യാൽ അമ്മയെ താങ്ങി കുഞ്ഞ് ബേബി പടവുകൾ കയറി വരുന്നുണ്ട്.  പടിഞ്ഞാറൻ മാനത്തെ കാറപ്പാടെ  മിഴികളിലേറ്റിയ മോളിയെ ഞാൻ ഒന്നേ നോക്കിയുള്ളൂ. താഴെ NH ലൂടെ  ഒഴുകുന്ന വാഹനങ്ങളിലേക്ക് മിഴികൾ പറിച്ചു നട്ട് എപ്പോഴുമെന്ന പോലെ ഞാൻ സങ്കടങ്ങൾക്ക് പുറം തിരിഞ്ഞു നിന്നു. എന്റെ പിന്നിൽ തിമർത്തു പെയ്യാനൊരുങ്ങുന്ന കണ്ണീർ മഴയുടെ ആരവം ഞാൻ നെഞ്ചിലറിയുന്നുണ്ട്. 


അമ്മയെ കാറിൽ കയറ്റിവിട്ട് അരികിലെത്തിയ കുഞ്ഞു ബേബി എന്റെ കൈകൾ ചേർത്തുപിടിച്ചു. അവനെ ചുമലുകളിൽ പിടിച്ച് ഞാൻ നെഞ്ചോട്  ചേർത്തു. ഭാഷകൾക്കതീതമായ സാന്ത്വന സ്പർശത്താൽ അനാഗതശ്മശ്രുവിന് ചേരാത്ത ഗൗരവം വാരിയണിഞ്ഞ മുഖം ആർദ്രമാവുന്നു. മിഴികളീറ നാകുന്നു.   പെട്ടെന്ന് സ്വയാർജ്ജിതമായ കർത്തവ്യ ബോധം  തൊട്ടുണർത്തിയെന്നോണം അവൻ പറഞ്ഞു.


" ഇവിടെയെല്ലാം കഴിഞ്ഞു. ചേട്ടനിവിടെ നിക്ക് . കാല് പാടില്ലാത്തതല്ലേ, ഇവിടത്തെ എടവാട് തീർത്തേച്ച് ഞാൻ വീട്ടിക്കൊണ്ട് വിടാം . ഒരു പത്ത് മിനുട്ട്"


തിരിഞ്ഞു നടക്കുന്ന  അവന്റെ പിൻഭാഗം നോക്കി നിന്നു. അതേ കൊട്ടുവടിത്തല, മുള്ളൻ മുടി. കഴുത്ത് ലേശം ചായ്ച്ചുള്ള നടത്തം. എന്റെ ബേബിച്ചന്റെ തൽസ്വരൂപം.


ആളൊഴിഞ്ഞ സെമിത്തേരിയിലേക്ക് ഒന്നു കൂടി നോക്കി ഞാൻ ബേബിച്ചനോട് പറഞ്ഞു. 


" ഇനി നമുക്കവിടെ കാണാടാ.... എന്നും  നിന്നെ ഞാനല്ലേ കാത്ത് നിൽക്കാറ് ? ഇത്തവണ നീ നിക്ക്. "


മരണത്തിനെന്നും രംഗബോധമില്ലാത്ത ആ പഴയ കോമാളി വേഷം തന്നെ.


പത്ത് മിനുട്ടെന്നത് ഇരുപതും കഴിഞ്ഞ് മുപ്പതിലേക്ക് നീളുന്നു. കുഞ്ഞു ബേബിയെ കാണുന്നില്ല. ഞാൻ വെള്ളാരം കല്ലുകൾ വിരിച്ച പള്ളിയുടെ മുന്നിലെത്തി. കുരിശ് വരച്ച് സാവധാനം പടവുകളിറങ്ങുമ്പോൾ

കരിമേഘക്കൂട്ടത്തെ  വകഞ്ഞു മാറ്റിയെത്തിയ വെൺമേഘത്തുണ്ടു പോലെ എന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു.

" ഇവൻ എന്റെ ബേബിച്ചന്റെ മോൻ ! മത്ത കുത്തിയാൽ .....

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.