സഹപാഠിയായ സുഹൃത്ത് 10 സെന്റ് സ്ഥലം വാങ്ങി. അറിഞ്ഞ വിലയിത്തിരി കൂടുതലാണല്ലോ എന്ന് തോന്നിയെങ്കിലും അതൊന്നും ഭാവിക്കാതെ ടൗണിൽ വച്ച് കണ്ടപ്പോൾ ഞാൻ കുശലം പറഞ്ഞു.
" സ്ഥലമൊക്കെയായല്ലോ. വീടുപണി തുടങ്ങുകയാണോ ?
കുറച്ചു നാൾ കൂടി കണ്ടതാണ്. പ്രാരബ്ധമൊഴിയാത്തയാൾ. അച്ഛനുമമ്മയും ഇയാളുടേയും അനുജന്റേയും കുടുംബവുമായി ചെറുതല്ലാത്ത കുടുംബം. ചോദിച്ചതബദ്ധമായോ എന്നൊരു ശങ്കയുണർന്നതും ഞാൻ മറ്റൊരു വിഷയത്തിലേക്ക് കടക്കും മുമ്പ് അയാൾ പറഞ്ഞു.
" താൻ വാ , നമുക്ക് കുറച്ചിരിക്കാം "
ബാറിലെ അരണ്ട വെളിച്ചത്തിലിരുന്ന് അയാൾ തുടർന്നു. "വിലയിത്തിരി കൂടുതലായി. പക്ഷെ അത് കൈവിടാൻ പറ്റില്ലായിരുന്നു. "
"അയാൾ സെന്റിന് 3 ലക്ഷം പറഞ്ഞു. ഞാൻ രണ്ടേകാലും. ഒടുവിൽ 2.90 തന്നെ കൊടുക്കേണ്ടിവന്നു. മർമ്മമറിഞ്ഞ് വില പേശുന്നതിൽ അയാൾ എന്നേക്കാൾ മിടുക്കനായിരുന്നു. "
വേറെ സ്ഥലം നോക്കാമായിരുന്നല്ലോ. ഇപ്പോ പൊതുവേ ഡിമ്മല്ലേ ? ഞാൻ ചോദിച്ചു.
ഓരോ ബിയർ കഴിഞ്ഞിരുന്നു. ഇരു കൈകളും ചെന്നികളിലൂന്നി മേശമേൽ കൈമുട്ട മർത്തി മിഴികളുയർത്താതെ അയാൾ പറഞ്ഞു തുടങ്ങി.
" സാവകാശം വേണ്ടേ ? താവാട്ടിലാണല്ലോ താമസം. കുറേ നാളായി ഭാര്യ നിർബ്ബന്ധം തുടങ്ങിയിട്ട്. സ്ഥലം വാങ്ങണം. വീടുവയ്ക്കണം. വീട്ടിലെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെയുണ്ട് ഈ നിർബ്ബന്ധത്തിന് പിന്നിലെന്നറിയാം. നാളെ നാളെ നീളെ നീളെയായപ്പോൾ ബെഡ്റൂമിൽ വരെ സ്വൈര്യമില്ലാതെയായി. മിണ്ടാട്ടം തന്നെ കുറഞ്ഞു. കഴിവുകെട്ടവൻ, തന്റേടമില്ലാത്തവൻ എന്നൊക്കെയായി വിശേഷണങ്ങൾ. താഴെ ഷീറ്റ് വിരിച്ചായി കിടപ്പു പോലും ! പല സ്ഥലവും കയ്യിലൊതുങ്ങുന്നില്ലെന്ന് കണ്ടപ്പോൾ വിട്ടുകളഞ്ഞു. അപ്പോഴൊക്കെ ശാപവാക്കുകൾ, ജീവനൊടുക്കുമെന്ന ഭീഷണികൾ. ഇതു നോക്കാൻ വന്നപ്പോൾ തന്നെ ഭാര്യ കട്ടായം പറഞ്ഞു. ഇതു കൂടി വിട്ടുകളഞ്ഞാൽ പിന്നെ അവളെ നോക്കേണ്ടന്ന്. അവളുടെ ആശങ്കകളിലും കാര്യമുണ്ട്. അവളുടെ അച്ഛൻ മകളുടെ സാമ്പത്തിക സുരക്ഷക്കായി നൽകിയതിൽ പാതിയും അനിയൻ അറിയാത്ത ബിസിനസ്സിലിറക്കി ഗോപി തൊട്ടു. ഇപ്പോൾ ബിസിനസ്സുമില്ല കാശുമില്ല. തിരിച്ചു കിട്ടിയാലായി എന്നു കരുതി ആ പണം കൊടുത്തത് അവനൊരു കര പിടിക്കട്ടെ എന്ന് കരുതിയാണ്. ചെക്കനേയും പറഞ്ഞിട്ടു കാര്യമില്ല. പാവത്തിനെ പങ്കുകാരൻ ചതിച്ചതായിരുന്നു "
ഇത് അരമനരഹസ്യമായിരുന്നില്ല. ബ്രോക്കറും കേട്ടു കാണും. സ്ഥലവിലയുയർന്നാൽ കമ്മീഷൻ കൂടും. ജീവിക്കാനാണല്ലോ അവനും ഈ പണി. മരത്തിൽ നിന്ന് വീണ പക്ഷിക്കുഞ്ഞിന്റെ കാലൊടിഞ്ഞിട്ടുണ്ടോ എന്ന് കൊത്തിപ്പറിക്കാനെത്തുന്ന കാക്കകൾ നോക്കേണ്ടതില്ല. ഫലം കണക്കുകൂട്ടലുകളുടെ താളം തെറ്റിച്ച ഏഴര ലക്ഷത്തിന്റെ അധിക മുതൽ മുടക്ക് ! ലോൺ അനിവാര്യവും . എന്റെ നോട്ടക്കുറവിന്റെ പരിണിത ഫലം.
ഞാനയാളെത്തന്നെ നോക്കിയിരുന്നു. മുഖത്തും കഴുത്തിലും പ്രായത്തെ ജയിച്ച ചുളിവുകൾ. നെറ്റിയിൽ നിന്ന് ആക്രമിച്ച് മുന്നേറുന്ന കഷണ്ടിയും അകാല നരപടർന്ന മുടിയിഴകളും. മുഖം ചെരിച്ച് നിറഞ്ഞ മിഴികൾ തുടക്കുകയാണ്. എന്തെല്ലാം സ്വപ്നങ്ങളുമായാവും ഒരു ബിരുദവുമായി ഇയാൾ യൗവ്വനത്തിലേക്ക് പാദമൂന്നിയത് . വിവാഹ ശേഷ രാവുകളിൽ എത്ര യെത്ര മോഹന സ്വപ്നങ്ങളാവും ഇരുവരും നെയ്തു കൂട്ടിയത് !
പാടത്തു നിന്ന് വഴിയിലേക്ക് കയറാൻ ഒതുക്കു കല്ലുകളുണ്ടാവും. ദശാബ്ദങ്ങളായി ആയിരക്കണക്കിന് ആളുകൾ ചവിട്ടിക്കയറിയ കല്ലുകൾ. ഒരു ഹതഭാഗ്യൻ കാൽവയ്ക്കുമ്പോഴാവും അത് അടർന്ന് പോന്ന് അയാൾ കണ്ടത്തിൽ വീഴുന്നത്. വയലിൽ വീണതിന്റെ ചെളിയും പരിക്കും ജാള്യതയും സഹിക്കാം. പക്ഷെ അയാൾ ശ്രദ്ധയില്ലാത്തവനും പിടിപ്പില്ലാത്തവനുമായി മാറാൻ ആ ഒരു കല്ല് മതിയാവും.
ഇവിടെ , കയ്യിലിരുന്ന കാശ് കടം വാങ്ങി പുളിശേരി വച്ച അനിയനേയോ അവസ്ഥ മുതലെടുത്ത് അന്യായവില ഒപ്പിച്ചു കൊടുത്ത ബ്രോക്കറേയോ സ്വൈര്യം കൊടുക്കാതെ കുഴിയിലേക്ക് തള്ളിയിട്ട ഭാര്യയേയോ അയാൾ കുറ്റം പറയുന്നില്ല. അവരുടെ ന്യായങ്ങളെല്ലാം അയാൾ തന്നെ തേടിപ്പിടിക്കുന്നു. എല്ലാറ്റിനും ഒരേയൊരു കാരണം.
" എന്നെക്കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ ?
എല്ലാവരും ചുറ്റും നിന്ന് പറഞ്ഞ് പറഞ്ഞ് അയാൾ തന്നെ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ കഴിവുകെട്ടവനാണ്. കാര്യശേഷിയില്ലാത്തവനാണ്.
ഇങ്ങിനെയും ചിലരുണ്ട്. സ്വന്തം പരിമിതികളറിഞ്ഞു കൊണ്ട് തന്നെ ആഞ്ഞടിക്കുന്ന തിരമാലകൾക്ക് നടുവിൽ കാണാക്കരയിലേക്ക് തോണി തുഴഞ്ഞു കൊണ്ടേയിരിക്കുന്നവർ .
ഇനി കടവും വിലയുമായി ഒരു വീട് പണിയും. കൽപ്പാന്തകാലത്തോളം അതിന്റെ കടവും പലിശയുമടച്ച് വീട്ടിലെ ഇല്ലായ്മകൾക്കൊക്കെ നിത്യേന പഴിയും ശാപവും കേട്ട് അകവും പുറവും ഉമിയിട്ട് കത്തിച്ചാലെന്നപോലെ പൊള്ളൂമ്പോഴും വായ തുറക്കാതെ, ഒന്ന് തേങ്ങുക പോലും ചെയ്യാതെ അയാൾ ജീവിതം കുടിച്ചു തീർക്കും തീർക്കും.
ബില്ല് കൊടുത്ത് പുറത്തിറങ്ങിയപ്പോൾ ഒരാശ്വാസ വാക്കുപോലും എനിക്ക് പറയാനില്ലായിരുന്നു. പക്ഷെ തിങ്ങിയ നീരാവി സേഫ്റ്റി വാൽവിലൂടെയെങ്കിലും പുറത്ത് വിട്ടതിനാലാകണം അയാൾ ശാന്തനായിരുന്നു.
ഈ സംഭാഷണം നടന്നിട്ട് ഒരു വർഷമെങ്കിലുമായി.
നമ്മുടെ കഥാനായകൻ അതേ ലാവണത്തിൽ തുടരുന്നു. പുരപണി ലിൻഡിൽ വരെ മാത്രമേ ആയിട്ടുള്ളൂ. അയാളുടെ മാനസിക സംഘർഷം കണ്ട് അനിയൻ അവന് ഭാഗ ഉടമ്പടി പ്രകാരം വച്ച വീടും സ്ഥലവും വിൽക്കാമെന്ന് പറഞ്ഞുവത്രെ.
"എന്നിട്ട് അവനും ഭാര്യയും ഒരു കുട്ടിയും അച്ഛനുമമ്മയും തെരുവിലേക്കിറങ്ങുന്നത് ഞാൻ കാണണ്ടേ? അഞ്ചു വയസ്സിന് ഇളപ്പമുള്ള വിരൽ പിടിച്ചു നടത്തിയ കുഞ്ഞാണ് . അവൻ തെരുവിലേക്കിറങ്ങുന്നത് കണ്ടു വേണം ഞാനെന്റെ പുതിയ വീട്ടിലേക്ക് വലതു കാൽ വച്ച് കയറാൻ. ഒരു കരാറുകാരന്റെ സൂപ്പർവൈസർ പണിയുടെ ബലത്തിൽ അവനെങ്ങനെ വാടകയും കൊടുത്ത് കുടുംബമായി ജീവിക്കും? ആ കുട്ടികളുടെ മുഖത്ത് ഞാനെങ്ങനെ നോക്കും ?
അതൊരു ഉത്തരമില്ലാത്ത ചോദ്യമായിരുന്നു. ഇതൊക്കെ ജീവിതത്തിലെ നേർക്കാഴ്ചകളാണ്. സാധാരണ നമ്മൾ മനപ്പൂർവ്വമല്ലെങ്കിലും അവഗണിച്ച് നടന്നു പോകുന്ന കാഴ്ചകൾ. ജീവിത വിജയികളുടെ വീരഗാഥകളാണ് നമ്മുടെ കാതിനിമ്പം പകരുക. പക്ഷെ കരകാണാത്ത പ്രക്ഷുബ്ധമായ കടലിൽ തോണി തുഴഞ്ഞിട്ടുള്ളവർക്കാണ് അയാളെ എളുപ്പം മനസ്സിലാവുക. അതുകൊണ്ടു തന്നെയാണ് ഭാര്യയുടേയും അനിയന്റേയും ബ്രോക്കറുടേയും ഭാഗത്തുള്ള ശരികളും ന്യായങ്ങളും താൻ സ്വയം വെന്റിലേറ്ററിൽ കഴിയുമ്പോഴും അയാൾക്ക് കണ്ടെടുക്കാൻ കഴിയുന്നത്.
ഞാനാ ചുമലുകളിൽ കൈകളമർത്തി. എന്റെ കൺമുന്നിൽ ഈ മനുഷ്യൻ ഒരു മഹാമേരുവായി വളരുകയാണ്. ഒപ്പമെത്താനാവാതെ ഞാനെന്റെ കൈകൾ പിൻവലിച്ചു. ഞാൻ അനുനിമിഷം ചെറുതാവുകയാണ്.
ബെന്യാമിൻ പറഞ്ഞതാണ് ശരി. ഒരാൾ അനുഭവിക്കാത്ത കഠിന ജീവിതായോധന കഥകൾ കേൾക്കുന്നവന് കെട്ടുകഥയായേ തോന്നൂ. അവനോട് ഒരു വിശദീകരണം സാധ്യവുമല്ല. എന്നാൽ ഒരേ കടൽ തുഴഞ്ഞെത്തിയവന് വിശദീകരണത്തിന്റെ ആവശ്യവുമില്ല.
Comments
Post a Comment