വഴിത്തിരിവ് (കഥ )


"ശ്ശോ, ഈ നശിച്ച മഴ "


പണ്ടെങ്ങോ ചാണകം മെഴുകിയ തറയിൽ പടർന്ന് കയറുന്ന നനവ്. വിരിച്ചിട്ട തഴപ്പായ ഉറങ്ങുന്ന കുട്ടിയോടൊപ്പം നനവ് പടരാത്തിടത്തേക്ക് വലിച്ച് നീക്കി മുഷിഞ്ഞ കൈലി കൊണ്ടവനെ പുതപ്പിച്ച് അയാൾ ജനലിലൂടെ നിരത്തിനപ്പുറം വിശാലമായ പാടത്തേക്ക് നോക്കിയിരുന്നു. ഈറൻ കാറ്റിന്റെ തണവിനോടൊപ്പം ആളുകൾ കൊണ്ടുവന്ന് തള്ളുന്ന മാലിന്യത്തിന്റെ ദുർഗ്ഗന്ധവുമൊഴുകിയെത്തുന്നുണ്ട്. രാത്രിയിലെ തിരിമുറിയാത്ത ചൊരിച്ചിലിനു ശേഷം ഒന്ന് തോർന്നെങ്കിലും ആകാശത്തിന്റെ അടിവയർ കാളിമ പടർന്ന് ഇരുണ്ടിരിക്കുകയാണ്. ചെക്കൻ ഉറക്കം മുറിഞ്ഞ ഈർഷ്യയിൽ എന്തോ പുലമ്പി കൈലി കൊണ്ട് മൂടിപുതച്ച് ചുരുണ്ട് കിടന്നു. അവനെയങ്ങനെ നോക്കിയിരുന്നപ്പോൾ വല്ലാത്തൊരു വിങ്ങൽ അയാളെ വന്നു പൊതിഞ്ഞു. രണ്ടാഴ്ച പിന്നിലേക്ക് പടവുകളിറങ്ങുമ്പോൾ ഭീദിതമായ കാഴ്ചകളിൽ നിന്ന് രക്ഷപ്പെടാനെന്നോണം അയാൾ കണ്ണുകളിറുക്കിയടച്ചു.


        * * * * * * * * * * * *


രാത്രി മുഴുവൻ കലികൊണ്ടെന്നോണം മഴ തിമർത്തു ചെയ്യുകയായിരുന്നു. മലയടിവാരത്തെ ഓടിട്ട വീടിന്റെ ഉമ്മറത്തിരുന്ന് മടിയിലിരിക്കുന്ന മകന് കഥ പറഞ്ഞു കൊടുക്കുകയായിരുന്നു അയാൾ. വീടിനു പിന്നിൽ കുറച്ചകലെയായി ചെരിഞ്ഞുയർന്ന് നിൽക്കുന്ന ചെമ്പൻമലയാകെ നനഞ്ഞ് നിൽക്കുന്നു. മലയിൽ നിന്ന് പല ചാലുകളായി ഒഴുകിയിറങ്ങി വലിയൊരു തോടായി മാറിയ നീർച്ചാലിൽ തുണിയലക്കുന്ന പെണ്ണുങ്ങൾ. ഒരാഴ്ചയായി തിരിമുറിയാതെ ചെയ്ത മഴക്ക് ഇന്ന് ചെറിയൊരു വിശ്രമം ലഭിച്ച മട്ടുണ്ട്. രണ്ടു മൈൽ അകലെയുള്ള ചെറു ടൗണിൽ പോയി അത്യാവശ്യ സാധനങ്ങളും വിലാസിനിക്കുള്ള മരുന്നും വാങ്ങണം. മകനുള്ള യൂണിഫോം തുന്നി വച്ചത് വാങ്ങണം. അയാൾ എഴുന്നേറ്റ് അയയിൽ നിന്ന് ഷർട്ടെടുത്തിട്ട് വിളിച്ചു പറഞ്ഞു.


"എടിയേ, ഞാനൊന്ന് ടൗൺ വരെ പോയേച്ചും വരാം."


ഇളയ രണ്ടര വയസ്സുക്കാരിയെ ഒക്കത്തു വച്ച് വിലാസിനി അകത്തു നിന്നും വന്ന് വരാന്തയിലിരുന്നു , കുഞ്ഞിന് മുല കൊടുക്കാൻ തുടങ്ങി. നൈറ്റി അവിടവിടെ പിഞ്ഞിക്കീറിയിട്ടുണ്ട്. എത്ര ഇല്ലായ്മയിലും പ്രസന്നത വിടാത്ത ആവലാതി തീരെ പറയാത്ത പ്രകൃതമാണ്. ഒരു മുട്ടുമില്ലാതെ കഴിയാവുന്നിടത്തു നിന്ന് തന്റെ പേശീബലത്തിന്റെ മാത്രം ഉറപ്പിൽ വിളിച്ചിറക്കിക്കൊണ്ടുവന്ന പെണ്ണാണ്. 

 മാസക്കുറി കിട്ടിയതിൽ നിന്ന് രണ്ടു നൈറ്റി വാങ്ങണം. ഒരെണ്ണത്തിന്റെ പൈസ റൊക്കം കൊടുക്കാം. അയാൾ മനസ്സിലുറച്ചു. നൈറ്റിയുടെ കീറലിലേക്കും പിന്നെ മുളമ്പടിക്കപ്പുറം ആളുകൾ ഒറ്റക്കും കൂട്ടായും നടന്നു പോകുന്ന വഴിയിലേക്കും നോക്കി അയാൾ വിളിച്ചു പറഞ്ഞു. 


" അകത്ത് പോയി മൊല കൊടുക്ക് പെണ്ണേ!


മുളമ്പടി കവച്ചു കടന്നപ്പോഴേക്കും മൂത്തവൻ ഓടിയെത്തി. കൂടെ അത്യുത്സാഹത്തിൽ അവന്റെ കൈസറും. ഈ പട്ടിയെ അവന് പ്രാണനാണ്. " അച്ചാ, ഞാനൂണ്ട് " എന്ന് പറയുക മാത്രമല്ല അവൻ കയ്യിൽ തൂങ്ങിക്കഴിഞ്ഞു.

ഒന്നാലോചിച്ച് അയാൾ അവനേയും കൂട്ടി. 


 കുടികളിലെ കുരുമുളക് വാങ്ങി ഉണക്കി ടൗണിൽ കൊടുത്താൽ കിട്ടുന്ന ചെറിയ ലാഭവും കൂടിയതാണ് കുടുംബ വണ്ടിയുടെ ഇന്ധനം. മുളക് വീട്ടിലെത്തിച്ചാൽ ഉണക്കലും പാറ്റലുമൊക്കെ അവളുടെ പണിയാണ്.നാല് ചാക്ക് പഴുത്തു തുടങ്ങിയ കുരുമുളക് പനമ്പിൽ കിടക്കുന്നു. അതൊന്ന് ചിക്കണം. ചെക്കനെ ഇവിടെ നിർത്തിപ്പോയാൽ അവളുടെ ജോലിയൊന്നും നടക്കില്ല.


മുളമ്പടി കടന്ന് വഴിയിലെത്തി മൂന്ന് സെന്റിലെ ചെത്തി ത്തേക്കാത്ത വീടിനെ അഭിമാനത്തോടെയൊന്ന് നോക്കി. പൂജ്യത്തിൽ നിന്ന് തുടങ്ങിയ നീന്തലാണ്. ഇതുവരെ നിലയെത്താത്ത കടലായിരുന്നു. അവൾ കൂടി വന്ന് പരസ്പരം താങ്ങായി ആഞ്ഞ് തുഴഞ്ഞപ്പോൾ നില കിട്ടാറായി. ജീവിതം കൂമ്പെടുത്തു തുടങ്ങി. മൺഭിത്തി വെട്ടുകല്ലിനും വൈക്കോൽ ഓടിനും വഴിമാറി. ചാണകം മെഴുകിയ തറക്കു പകരം റെഡ് ഓക്സൈസ് പൂശിയ സിമന്റു തറയായി. അതിനിടയിൽ രണ്ടു പ്രസവങ്ങൾ. കുട്ടികളുടെ ചെലവുകൾ. ഇനിയും ഏറെ പണികൾ ബാക്കിയുണ്ട്. 

ഇന്നലേയും നെഞ്ചിൽ തല ചേർത്തു വച്ച് അവൾ പറഞ്ഞതേയുള്ളൂ.


" രണ്ടാടിനെ മേടിച്ചാൽ ഞാൻ നോക്കിക്കോളാം."


" ഈ മൂന്ന് സെന്റിലാണോ നീ ആട് വളർത്താൻ പോകുന്നേ?


"മേരി ചേച്ചിടെ പ്ളാവുമ്മെന്ന് പ്ളാവില ഒടിച്ചോളാൻ പറഞ്ഞിട്ടുണ്ട് , പിന്നെ, ഒള്ള കഞ്ഞിവെള്ളം പറ്റുമൊക്കെ കൊടുക്കാംന്നേ ...


പാവം! എങ്ങനെയെങ്കിലും തനിക്കൊരു താങ്ങാനാവാനാണ് അവൾ ശ്രമിക്കുന്നത്. അയാളവളെ നെഞ്ചോട് ചേർത്തമർത്തി മൂർദ്ധാവിൽ ഉമ്മ വച്ചു. ആവുന്നത്ര മൃദുലമാക്കിയ പരുക്കൻ വിരലുകൾ മുടിയിഴകളിൽ മേഞ്ഞു നടന്നു. അവൾ തുടർന്നു.


" രണ്ടാടും നാലഞ്ച് കോഴീ മൊണ്ടെങ്കിൽ വീട്ട് ചെലവ് ഞാനെങ്ങനേം നടത്തിക്കോളാം. മ്മക്ക് , ഒരു നല്ല ചിട്ടീം കൊടെ ചേരണം. അത് വിളിച്ച് ചൊവര് തേക്കണം. വെള്ളപൂശണം"


ശരിയാണ് അവൾ ഒരു താങ്ങായി കൂടെയുണ്ടെങ്കിൽ എല്ലാം നടക്കും. നടത്തണം! അയാൾ ചെക്കനെ ചേർത്ത് പിടിച്ച് ധൃതിയിൽ നടന്നു.


പിന്നിൽ ദൂരെ നിന്നൊരു ഹുങ്കാരത്തിന്റെ അലയൊലി കേട്ടയാൾ നടത്തം നിർത്തി ശ്രദ്ധിച്ചു. പ്രകൃതി പെട്ടന്ന് നിശ്ചലമായത് പോലെ. ശക്തിപ്രാപിക്കുന്ന ആരവത്തോടൊപ്പം നായ്ക്കളുടെ കുരകളും ഓലിയിടലും അടുത്തടുത്തു വരുന്നു. നോക്കി നിൽക്കെ പ്രാണരക്ഷാർത്ഥം പാഞ്ഞു വരുന്ന ആളുകൾ . ഉച്ചത്തിലുള്ള നിലവിളികൾ . കുട്ടികളെ വാരിയെടുത്തോടുന്ന സ്ത്രീകൾ. പരക്കം പാച്ചിലിൽ വീണും പിടഞ്ഞെഴുന്നേറ്റ് പ്രാഞ്ചിക്കിതച്ചോടിയും വരുന്ന ജനങ്ങൾക്കാപ്പം കന്നുകാലികളും. ഒരു നിമിഷം അവർക്കു പിന്നിൽ ആർത്തലച്ച് എല്ലാ പ്രതിബന്ധങ്ങളേയും തട്ടിത്തകർത്ത് പാഞ്ഞടുക്കുന്ന വലിയൊരു ജലപ്രവാഹത്തോടൊപ്പം കല്ലുകളും മരങ്ങളും പാറക്കഷ്ണങ്ങളും. ഒരു നിമിഷം മകന്റെ കയ്യും പിടിച്ച് ഇടത്തോട്ട് തിരിഞ്ഞോടുമ്പോൾ കേട്ട ആക്രോശങ്ങൾ, നിലവിളികൾ. 


കവലയിലെ പീടികത്തിണ്ണയിൽ ഓടിക്കിതച്ചെത്തിയ അയാളോടൊപ്പം പരിചിതരും അല്ലാത്തവരുമായി ഒരു കൂട്ടം ആളുകൾ. എല്ലാവരുടേയും മുഖം മൂടി നിന്ന ഭയവും ആശങ്കയും . പെട്ടെന്ന് ഒരാന്തലോടെ ചാടിയെഴുന്നേറ്റ് മുന്നോട്ട് കുതിച്ച അയാളെ തടഞ്ഞ് ആരോ പറഞ്ഞു.


" ഫോകരുത് , ഉരുള് പൊട്ടീതാ, ഇനീം പൊട്ടും. "


എങ്കിലും അയാൾ പീടികയിൽ നിന്നിറങ്ങി വഴിയിലേക്ക് നോക്കി. എല്ലാം തച്ചുതകർത്ത് ലാവയായൊഴുകിയെത്തിയ കല്ലുകളും മരങ്ങളും വന്ന് മൂടി തിരിച്ചറിയാനാവാത്തവിധം മാറിയ പ്രകൃതി. എവിടേയും ഒരാളുയരത്തിൽചെളിയും കൽക്കെട്ടുകളും. അയാളുടെ വീടിരുന്ന ഭാഗത്ത് നിന്നിരുന്ന തെങ്ങ് മറിയാതെ ഒരടയാളം പോലെ തലയുയർത്തി നിന്നു.


ഗതാഗതം തടസ്സപ്പെട്ട റോഡിനിപ്പുറം വാഹനങ്ങളുടെ നിര. തലങ്ങും വിലങ്ങും മരിച്ചതും ജീവനുള്ളതുമായ ശരീരങ്ങളുമായി പായുന്ന പോലീസ്, ഫയർഫോഴ്സുകാരുടെ ഇടയിലൂടെ ഭ്രാന്തനെപ്പോലെ അയാൾ പാഞ്ഞു നടന്നു. മകനെ പരിചയമുള്ള വീട്ടിലേൽപ്പിച്ച് അയാൾ ടൗണിലേക്ക് പാഞ്ഞു. വിഹ്വലമായ ദൃഷ്ടികളോടെ ആശുപത്രിയിൽ അകത്തും വരാന്തയിലും വെറും നിലത്ത് കിടത്തിയിരുന്ന ഓരോ ശരീരങ്ങളിലും വിലാസിനിയെ തിരഞ്ഞ് ഉഴറി നടന്ന് ഒരു മൂലയിൽ വീഴുമ്പോൾ അയാൾ പാടെ തകർന്നു പോയിരുന്നു. 


പരിചയക്കാരന്റെ ഇറയത്ത് രാത്രി മുഴുവൻ മകനെ മടിയിൽ ചേർത്ത് പിടിച്ച് ഇരുട്ടിൽ വിദൂരതയിലേക്ക് നോക്കി അയാളിരുന്നു. അവ നമ്മയെ കാണണം. കുഞ്ഞാവയെ കാണണം. കൈസറിനെ കാണണം. നാളെയാകട്ടെയെന്ന് പറഞ്ഞ് വീട്ടുകാരി തന്ന കഞ്ഞിയും കൊടുത്ത് ഉറക്കിയതാണ്.


കാളരാത്രിക്ക് ശേഷം നേരം പുലർന്നയുടൻ മകനേയും കയ്യിൽ പിടിച്ച് അയാൾ വീടിരുന്നയിടത്തേക്ക് നടന്നു. റോഡും തോടും വയലുമെല്ലാം ഒന്നായി ചെളിയും പാറകല്ലുകളും കൊണ്ട് മൂടിയിട്ടുണ്ട്. അപ്പോഴും വീഴാതെ നിന്ന തെങ്ങ് ലക്ഷ്യമാക്കി പ്രാഞ്ചി നടന്നു. JCB യും മറ്റ് യന്ത്രങ്ങളുമായി മണ്ണ് നീക്കി തെരച്ചിൽ തുടരുകയാണ്. കണ്ടെടുക്കുന്ന ഓരോ ശരീരത്തിനരികിലേക്കും അയാൾ പാഞ്ഞടുത്തു. ഒരു നെടുവീർപ്പോടെ പിൻ വാങ്ങി. വീടിരുന്ന പ്രദേശമാകെ നാലാൾ പൊക്കമെങ്കിലും മണ്ണും കല്ലും വന്ന് നിറഞ്ഞു കാണണം. ആയാസപ്പെട്ട് തപ്പിയും തടഞ്ഞും പിടിച്ചുകയറി ആ മണ്ണിൽ തെങ്ങിൽ പിടിച്ചു നിന്ന് അയാൾ കിതച്ചു. മണ്ണിൽ ചെവിയോർത്ത് വച്ച് ഒരു ശബ്ദത്തിനായി അയാൾ കാതോർത്തു. ഈ കൽകൂമ്പാരത്തിനടിയിലാണ് , അയാളുടെ ചെത്തി ത്തേക്കാത്ത വീട്. വീടിനുള്ളിൽ അവൾ, ഓമനക്കുഞ്ഞ്. ഒന്നു നിലവിളിക്കാൻ പോലുമാകാതെ, അനങ്ങാൻ കഴിയാതെ , മണ്ണിനടിയിൽ മറഞ്ഞ അയാളുടെ നെഞ്ചിൻപാതി. നെഞ്ചിലൂടെ ഈർച്ചവാൾ പായുന്ന വേദനയോടെ മകനേ നെഞ്ചോട് ചേർത്ത് പിടിച്ച് ആ മണ്ണിൽ ചടഞ്ഞിരുത്ത് അയാൾ ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു. 


     * * * * * * * * * * * * * * *


ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് പഞ്ചായത്തിൽ നിന്ന് തത്കാലം ഏർപ്പെടാക്കിത്തന്നതാണീ വീട് . മുന്നിൽ ചെമ്പരത്തികൾ അതിരിട്ട തിണ്ടിനപ്പുറം പൊട്ടിപ്പൊളിഞ്ഞ ടാർ റോഡാണ്. പണ്ടത്തെ ലക്ഷം വീട് കോളനിയിലാണതവസാനിക്കുന്നത്. ഓർമ്മകൾ സമ്മാനിച്ച നടുക്കം വിട്ടുമാറാതെ കാൽമുട്ടുകളിൽ മുഖമമർത്തി മകനെ ചേർത്ത് പിടിച്ച് വിഹ്വലമായ ദൃഷ്ടികളോടെ അയാളിരുന്നു.

മിഴിപൂട്ടിയാൽ പാഞ്ഞടുത്തു വരുന്ന കല്ലും മണ്ണും നിറഞ്ഞ ജലപ്രവാഹം. ഒരു ചെറുകാറ്റിനെപ്പോലും അയാൾ ഭയപ്പെട്ടു തുടങ്ങി. ദൂരെ നിന്നുള്ള മഴയുടെ ആരവം പോലും വേഗതയേറ്റുന്ന നെഞ്ഞിടിപ്പുകൾ.


പൊട്ടിപ്പൊളിഞ്ഞ ടാർ വഴിയിൽ നിന്നൊരു ശബ്ദം കേട്ടാണ് അയാൾ തലയുയർത്തി നോക്കിയത്. തൂവെള്ള വസ്ത്രമണിഞ്ഞ തടിച്ച ഒരു സ്ത്രീ പിന്നിലേക്ക് നോക്കി ആരേയോ വിളിക്കുകയാണ്.


"ഹരിയപ്പ് ടോം. പപ്പിക്ക് മോഷൻ പാസ് ചെയ്യാനുള്ള സമയമായി. "


" അതവിടെങ്ങാൻ പോരെ ?


 പിന്നിൽ മുട്ടോളം ഇറക്കമുള്ള ട്രൗസറും ടീഷർട്ടുമണിഞ്ഞ് തന്റെ ഭാരിച്ച ശരീരം വലിച്ച് വരുന്ന മദ്ധ്യവയസ്ക്കനാണ് മറുപടി പറഞ്ഞത്. കയ്യിലിരുന്ന നിറഞ്ഞ ഷിമ്മിക്കൂട് വെള്ളം നിറഞ്ഞു നിന്ന ചതുപ്പിലേക്കയാൾ എറിഞ്ഞു.


"എന്നിട്ട് വേണം അവിടമൊക്കെ നാറാൻ ! 


അപ്പോഴാണ് അയാളത് കണ്ടത്. ആ സ്ത്രീയുടെ കയ്യിൽ ചുറ്റിപ്പിടച്ച ചുവന്ന നാടയുടെ അറ്റത്ത് വെളുത്ത രോമം തിങ്ങിയ ഒരു പട്ടിക്കുട്ടിയുണ്ട്. പന്തുപോലെ ഉരുണ്ട് നടക്കുന്ന ഒന്ന്. 


" ഇവിടേയും വീടുണ്ട്. " 


തന്റെ ഏച്ചു കെട്ടിയ പോലുള്ള പുരയിലേക്ക് ഒരു നോട്ടമെറിഞ്ഞാണ് അയാളത് പറഞ്ഞത്.


"ഓ, കോളനിയല്ലേ? പിന്നേ ഇന്ന് പപ്പിയെ കുളിപ്പിച്ച് ഡ്രസ് ചെയ്യിച്ച് കൊണ്ടുപോകണം "


എങ്ങോട്ട്?


"പപ്പിയെ വാങ്ങിയ വീടില്ലേ ? ഇന്ന് പപ്പിയുടെ സിബ്ളിംഗ്സിനെയെല്ലാം അവിടെ കൊണ്ടു വരും. ഒരു ഗെറ്റുഗദർ. ഞങ്ങടെ വാട്ട്സാപ്പ് ഗ്രൂപ്പിലെ തീരുമാനമാണ്. "


ചെക്കനെഴുന്നേറ്റ് ചെമ്പരത്തിച്ചെടികൾ അതിരിട്ട മുറ്റത്തെ മൂലയിലേക്കോടുന്നത് അയാൾ കണ്ടു. മൂത്രമൊഴിക്കാനാവും.

അയാളൊരു ബീഡിയെടുത്ത് കത്തിച്ച് പുകവിട്ടു. ചെമ്പരത്തിച്ചെടികൾക്കപ്പുറം റോഡിന്റെ ഇങ്ങേ അതിരിലേക്ക് പട്ടിക്കുട്ടിയെ നീക്കി നിർത്തി അവർ പറയുന്നു.


"പപ്പീ, ഹറിയപ്പ് "


 മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോൾ അതിരിനപ്പുറം പട്ടിയെ കണ്ടിട്ടാവണം അവനെഴുന്നേറ്റു. 


ചെമ്പരത്തിച്ചെടികൾക്കപ്പുറത്തുമിപ്പുറത്തും ഒരു കോൽ അകലത്തിൽ രണ്ട് ജന്മങ്ങൾ ! 


അയാളുടെ തൊണ്ടയിൽ ആഴങ്ങളിൽ നിന്ന് വല്ലാത്തൊരു വിങ്ങലുയർന്ന് വന്ന് തിങ്ങി. ഓടി വന്ന മകനെ കൈക്കൂട്ടിലൊതുക്കി ചേർത്ത് പിടിച്ച് ഒരു തേങ്ങലോടെ അയാൾ വാതിൽ ചാരി.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ