"എനിക്ക് വേണ്ട സാറെ ഈ ജോലി. അനിയ നെടുത്തോട്ടെ."
വാടിയ ആമ്പൽ പൂ പോലുള്ള മുഖമുയർത്തി നിറമിഴികളോടെ പെൺകുട്ടി പറയുകയാണ്.
"നല്ലവണ്ണം ആലോചിച്ചാണോ നിങ്ങള്‍ ഈ പറയുന്നത്?
അടുത്തിരിക്കുന്ന അമ്മയോടായിരുന്നു എന്റെ ചോദ്യം.
“ അതുമതി സാറെ, ആളുകൾ സമ്മതിക്കൂല്ലാ. സമാധാനമല്ലേ വലുത്?
കൂടുതല്‍ ചോദ്യം ഒഴിവാക്കാനെന്നോണം ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കിയാണ് ഉത്തരം.
................................
വീട്ടില്‍ നിന്ന് ഒട്ടു ദൂരെയുള്ള ഗ്രാമത്തിലെ ആഫീസില്‍ മാറ്റമായി ചെല്ലുമ്പോള്‍ ആശങ്ക തീരെയില്ലായിരുന്നു. കാരണം അവിടെ പ്രിയ സുഹൃത്ത് ഗോപിചേട്ടനുണ്ടെന്നറിയാം. സദാ പ്രസന്നവദനനായ, നല്ല നർമ്മബോധമുള്ള, എല്ലാവര്ക്കും ഉപകാരിയായ മദ്ധ്യവയസ്കന്‍. തറവാട്ടു വീതമായി ലഭിച്ച ഭൂമിയില്‍ കുറച്ചു വിറ്റ് ആഫീസിനടുത്തു തന്നെ ചെറിയൊരു വീടു വച്ചു. ചേട്ടന്റെ ശമ്പളവും അത്യാവശ്യം പുരയിട വരുമാനവുമായി വലിയ അല്ലലില്ലാതെ ജീവിച്ചു വരുന്ന, ഭാര്യയും മകനും മകളുമടങ്ങിയ ചെറിയ സന്തുഷ്ട കുടുംബം. ചേട്ടതോടൊപ്പം കയറി ചെന്നപ്പോഴെല്ലാം ഒരു കുടുംബാംഗത്തെ പോലെ എന്നെ സ്വീകരിച്ച, ഇനിയും അന്യം നിന്നിട്ടില്ലാത്ത നിഷ്ക്കളങ്കതയും സ്നേഹവും മാത്രം കൈമുതലാക്കിയ അമ്മയും കുട്ടികളും.
കന്നിമാസത്തിലെ പൂജയെടുപ്പു ദിവസം. ഗോപിച്ചേട്ടന്റെ അയൽവാസിയായ, ആഫീസിലെ സഹപ്രവർത്തകന്റെ ഫോൺ സന്ദേശം വരുന്നു. "ചേട്ടനെ ആസ്പത്രിയിലാക്കി. സാർ പെട്ടെന്നു വരണം."
ഓടിയെത്തിയത് ഞങ്ങൾ അടുത്ത രണ്ടു മൂന്നു സുഹൃത്തുക്കൾ. കാഷ്വാൽറ്റിയുടെ മുന്നിൽ അസ്തപ്രജ്ഞരായി ഭാര്യയും യൗവ്വനത്തിലേക്ക് കാലൂന്നിയ മകളും കൗമാരം കടന്ന മകനും.
ഡോക്ടർ പറയുന്നു.
"ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷെ.....
അതെ, രംഗബോധമില്ലാത്ത ആ കോമാളി ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്നു ഇടിത്തീ വർഷിച്ചു കഴിഞ്ഞു. ഓട്ടോ റിക്ഷയില്‍ നിന്നിറങ്ങി ആസ്പത്രിയിലേക്ക് നടന്നു കയറുമ്പോൾ "ഹേയ്, എനിക്കൊന്നുമില്ലെന്നേ, ഇവിടെയിരുന്നോ, ഞാനിപ്പോ വരാം" എന്നു പറഞ്ഞു അകത്തേക്ക് കയറിയ ചേട്ടന്‍ അര മണിക്കൂറിനുള്ളില്‍ ഒരു സ്ട്രെച്ചറില്‍ നിശ്ചലനായി തിരികെയെത്തി. മനസ്സിലേ ക്കരിച്ചിറങ്ങിയ ഇരുളിനോട് പൊരുത്തപ്പെടാനാകാതെ ഒന്ന് ആശ്വസിപ്പിക്കാനാകാതെ, ഞങ്ങള്‍ പ്രതിമകളായി നിന്നു.
വരാന്തയിൽ അങ്ങേയറ്റത്ത് നിരത്തിയിട്ട കസേരകളിൽ ഉള്ളിലെരിയുന്ന കനലുമായി ഒരമ്മയും മക്കളും ഇരിപ്പുണ്ട്. ആശങ്കയും ആകാംക്ഷയും വേവലാതിയും നിറഞ്ഞ മൂന്ന് ജോഡി കണ്ണുകൾ ഇപ്പോൾ എന്നെ ഉറ്റുനോക്കുകയാണു്. എന്താണ് ഞാനവരോട് പറയേണ്ടത്? അതിസമ്പന്നമായ മലയാള ഭാഷയിലെ പദാവലികളൊന്നു പോലും പിടി തരാതെ വഴുതി മാറി നില്ക്കെ ആ സ്നേത്തുരുത്തിനു മുന്നിൽ നിസ്സഹായനായി ഞാൻ നിന്നു. ഇരു പാർശ്വങ്ങളിലും കുട്ടികളെ ചേർത്തണച്ചൊരുവിതുമ്പൽ മാത്രമായിരുന്നു എന്റെ മറുപടി. ഒരു ഭാഷയുടേയും സഹായമില്ലാതെ ആ പരമസത്യം അവരിലേക്ക് അഗ്നിയായി പടരാൻ ആ തേങ്ങൽ തന്നെ ധാരാളമായിരുന്നു.
അന്തരിച്ച ജീവനക്കാരന്റെ സേവനാനുകൂല്യങ്ങളെല്ലാം സർക്കാരില്‍ നിന്ന് വളരെ വേഗം ലഭിച്ചു. ഇനി ആശ്രിത നിയമനക്കാര്യമാണു്. എന്റെ അഭിപ്രായം തേടിയപ്പോള്‍ . തെല്ലോന്നാലോചിച്ചു ഞാന്‍ പറഞ്ഞു.
ജോലി പ്രായപൂർത്തിയായ മകൾക്ക് അഛന്റെ സമ്മാനമായി നല്കുക. അമ്മയ്ക്കും മകനും വീടും കുറച്ചെങ്കിലും ആദായമുള്ള ഭൂമിയുമുണ്ട്. . ചേട്ടന്റെ സേവനാനുകൂല്യമായി ലഭിച്ച തരക്കേടില്ലാത്ത തുകയും പോരെങ്കില്‍ കുടുംബ പെൻഷനുമുണ്ട്. വിവാഹാലോചന നടക്കുമ്പോഴും ജോലിയുള്ള കുട്ടി എന്നതൊരാകർഷണ ഘടകം തന്നെയാണു്. ചുരുക്കത്തിൽ അച്ഛൻ സ്വപ്നം കണ്ട നല്ലൊരു ജീവിതമാകും ഇപ്പോഴെടുക്കുന്ന തീരുമാനം കൊണ്ട് അവൾക്ക് ലഭിക്കുക. സന്തോഷത്തോടെയാണ് അവര്‍ അനുജന്റെ സമ്മതപത്രമടക്കം എല്ലാ കടലാസ്സുകളിലും ഒപ്പിട്ടു എന്നെ ഏല്പ്പി്ച്ചത്. പിന്നെയേന്താണിപ്പോളിങ്ങനെ?
കാര്യങ്ങളുടെ കിടപ്പ് പിന്നീടാണറിഞ്ഞത്. എവിടെയുമുള്ളപോലെ ചില അഭ്യൂദയകാംക്ഷികളെത്തി. ജോലി മകൾക്ക് എന്നറിഞ്ഞപ്പോള്‍ നൂറ്റാണ്ടിലെ മണ്ടത്തരം കേട്ടപോലെയായിരുന്നുവത്രെ പ്രതികരണം. സമീപ ഭാവിയിൽത്തന്നെ വിവാഹിതയായി "അന്യ '' കുടുംബത്തിലേക്ക് പറിച്ചുനടുന്ന പെണ്ണിന് ജോലി കിട്ടിയിട്ട് ഈ കുടുംബത്തിനെന്തു പ്രയോജനം? അവള്‍ കല്യാണം കഴിഞ്ഞു പോയി ശമ്പളവും വാങ്ങി സുഖമായി കഴിയും. ഒരാൺകുട്ടിയുടെ ഭാവിയാണെന്നോർക്കണം. ഗോപിചേട്ടന്റെ മരണം കൊണ്ട് ലഭിച്ച ജോലി "അന്യാധീന "പ്പെട്ടു പോകില്ലേ? ഉപദേശം ക്രമേണ നിർദ്ദേശങ്ങളുടെ രൂപം കൈവരിച്ച് അവസാനം കുറ്റപ്പെടുത്തലുകളായി. പെണ്കുട്ടി അനുജന്റെെ ന്യായമായ അവകാശം തട്ടിയെടുക്കുകയാണോ എന്ന ചോദ്യം അവളോടു തന്നെ ചില രാജഭക്തർ ഉയർത്തിയപ്പോഴാണ് അമ്മയും മക്കളും കൂടി ഉറച്ചൊരു തീരുമാനവുമായി എന്റെ മുന്പിലെത്തിയത്.
ചുവരിലെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്നു് ഗോപി ചേട്ടൻ അപ്പോഴും എന്നെ നോക്കി പതിവുള്ള പുഞ്ചിരി പൊഴിച്ചു. ഞാന്‍ ഹതാശനായി കസേരയില്‍ പുറകോട്ടു ചാഞ്ഞിരുന്നു. പിന്നെ, സാവധാനം മേലാപ്പീസിലെക്കുള്ള കത്ത് എഴുതാന്‍ തുടങ്ങി.
സ്ത്രീ ശാക്തീകരണത്തിന്റെ പെരുമഴക്കാലമാണല്ലോ ഇത്.
( Repost)
Comments
Post a Comment