മേഘദൂത്


തെങ്ങിന്റെ താഴെ നിന്ന് ചാഞ്ഞും ചെരിഞ്ഞും മുകളിലേക്ക് നോക്കി പാപ്പൂട്ടി വക ഉപദേശം.


ചേട്ടാ, ആകെ നാലെണ്ണമേ മൂത്ത തൊള്ളൂ. അതിലൊരെണ്ണം ഞാങ്കൊണ്ടോവും. ബാക്കി 3. അയിനെന്നാ കിട്ടാനാ. 50 രൂപ എനിക്ക് കൂലി. അത്‌ താഴെ വീഴുമ്പൊ എടുത്താ പോരെ?


പാപ്പൂട്ടി എക്കണോമിക്സ്..


" ഇവിടെ ചമ്മന്തിയരയ്ക്കാനൊരു തേങ്ങയില്ലെടാ ... അതിനോ? രണ്ടു ദിവസമായി ചെവിയിലലയടിക്കുന്ന കോറസ്സും പരിഭവത്താൽ രാകിമിനുക്കിയ മിഴിമുനകളും ഓർത്തു കൊണ്ട് ഞാൻ ചോദിച്ചു.


പാപ്പൂട്ടി അവന്റെ M80 ക്കരികിലേക്ക് പോയി. പൊതിച്ച തേങ്ങ അഞ്ചണ്ണം എടുത്തു കൊണ്ടുവന്നു.


"ഐശ്വര്യമായിട്ട് ഒരു നൂറിങ്ങെട്. എന്നട്ട് ഇതങ്ങ് അടുക്കളേലോട്ട് കൊട്. !!!


ചുരുക്കത്തിൽ ഇന്നവന് തെങ്ങ് കേറാൻ മനസ്സില്ല . കക്ഷിയുടെ വൃത്തിയുള്ള കൈലിയും കളർ ബനിയനും എണ്ണയിൽ മുക്കി ചീകിയൊതുക്കിയ കുരുവിക്കൂട് മുടിയുമൊന്നും തെങ്ങ് കേറാൻ പറ്റിയതല്ല. കയ്യിലുള്ള തേങ്ങ കാശാക്കി മാറ്റി വേറെയെന്തോ പരിപാടി മനസ്സിലുണ്ട്.


" ചേട്ടൻ കാശെട് , എനിക്ക് ഊട്ടീപ്പോകാനൊള്ളതാ ....പാപ്പൂട്ടി തിരക്കുകൂട്ടി. 


അപ്പോ അതാണ്. "ഊട്ടി " യെന്ന് കേട്ടപ്പോൾ വിസ്മൃതിയിലായ ചില ഓർമ്മത്തുണ്ടുകൾ ഒഴുകിയെത്തി. പുഴയരികിൽ മേൽ തട്ടിലെ തെങ്ങിൻതോപ്പിൽ നാല് തെങ്ങുകൾ തമ്മിൽ മുളകൊണ്ട് ബന്ധിച്ച് കവുങ്ങിൻ വാരികൾ പാകിയ താത്കാലിക തട്ട് . ഇത് ശനി, ഞായർ ദിവസങ്ങളിൽ മാത്രം സജീവമാകുന്ന ഒരു അനധികൃത ഷാപ്പായി മാറും. പുഴക്കക്കരെയുള്ള ഗോപിയുടെ വക തെങ്ങുങ്കള്ളും കപ്പയും മീങ്കറിയുമാണ് ആകർഷണം. ഒന്നോ രണ്ടോ കുപ്പി കള്ളും ഇലച്ചീന്തിൽ കറിയുമായി തോപ്പിന്റെ അതിരിൽ ഇരുന്ന് താഴെ കുണുങ്ങിയൊഴുകുന്ന പുഴയിലും പുഴക്കക്കരെ മുകളിലേക്ക് വളർന്ന മലനിരകളിലും കണ്ണുടക്കി ഒറ്റക്കു ധ്യാനത്തിലമർന്നു ചില പതിവുകാരവിടെ ണ്ടാവും. ഊട്ടി എന്ന പേര് മരനീരിന്റെ ഉന്മാദം കവിയാക്കിയ അവരിലൊരു അരക്കവിയുടെ സംഭാവനയാണ്. പതിയെ ആ പേരുറച്ചു പോയി.


ഒരു നിമിഷം. ഞാൻ പൊതിച്ച നാളികേരങ്ങൾ അടുക്കളപ്പടിയിൽ കൊണ്ട് വച്ച് കുപ്പായം മാറിവന്ന് സ്കൂട്ടി സ്റ്റാർട്ടാക്കി.


"വാടാ പാപ്പൂട്ടീ, കേറ്"


ഞാൻ മനസ്സിൽ കണ്ടത് മരത്തിൽ കണ്ട പാപ്പൂട്ടി ഇതിനകം M - 80 ഗേറ്റിനുള്ളിലേക്ക് കയറ്റി വച്ച് പിന്നിൽ കയറാൻ റെഡിയായിരുന്നു. ചാറ്റൽ മഴയുടെ നനവോടിയ നിരത്തിലൂടെ നീങ്ങിയ സ്കൂട്ടിയിലിരുന്ന് വഴിയരികിൽ ചന്ദ്രന്റെ വീടു കണ്ടു. അവന്റെ മകൾ ഇറയത്തിരുന്ന് പഠിക്കുന്നു. വീടിന്റെ കോണിൽ ഞാത്തിയിട്ട തത്തക്കൂട് മെല്ലെയാടുന്നുണ്ട്. മുറ്റത്ത് കൊത്തിപ്പെറുക്കുന്നതിനിടയിൽ തലയുയർത്തി നോക്കുന്ന കോഴികൾ.


ചെമ്മൺ നിരത്തിലൂടെ ചെറിയൊരു കയറ്റം കയറി ഊട്ടിയിലെത്തി. കാശു വാങ്ങി പോക്കറ്റിലിട്ട് പാപ്പൂട്ടി അവന്റെ കൂട്ടരോടൊപ്പമെത്താൻ തിരക്കിട്ട് നടന്നു. ഇവിടെ വന്നിട്ട് നാലഞ്ചു വർഷമെങ്കിലുമായിട്ടുണ്ടാവും. വണ്ടിയൊതുക്കി ഷെഡ്ഡിനരികിലെത്തിയതും ഗോപി പരിചയം പുതുക്കി.


"സാറിനെ കണ്ടിട്ട് കുറേയായല്ലോ " ഇവിടിരിക്കുന്നോ അതോ എറമ്പിലേക്ക് പോന്നോ ?


അവന്റെ കയ്യിൽ നിന്നൊരു കുപ്പിയും ഗ്ളാസും , ഇലച്ചീന്തിൽ ആവിപറക്കുന്ന ചെണ്ട മുറിയൻകപ്പയും കറിയും വാങ്ങി രണ്ടു തവണയായി അതിരി റമ്പിലെ തെങ്ങിൽ ചുവട്ടിൽ കൊണ്ടു വച്ച് വെട്ടിയിട്ടിരുന്ന ഓലമടൽ വലിച്ചിട്ട് ഞാനതിലിരുന്നു. ചങ്ങമ്പുഴയുടെ ഭാഷയിൽ

"വെള്ളം ചേർക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിൻ

വെള്ളഗ്ലാസ്സിൽ പകർന്ന് " ഒരു കവിൾ കുടിച്ചു നോക്കി. മധുരത്തോടൊപ്പം നേരീയ ഒരു ചവർപ്പ് തോന്നിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അത് കാത്തുനിന്നതു പോലെ ഗോപി പറഞ്ഞു.


"സാറ് നോക്കണ്ട, ഇന്ന് അതിരാവിലെ കൊച്ചപ്പൻ അളന്നതാ"


കൊച്ചപ്പനിപ്പോഴും ചെത്തുന്നുണ്ടോ എന്നെ തിക്കതിശയമായി. അന്ന് തന്നെ കൊഞ്ചു പോലെ വളഞ്ഞ കൊച്ചപ്പന് അറുപതിൽ കുറയില്ല. എന്തുമാവട്ടെ, എല്ലാ കുറവും നികത്താൻ വിരൽ വച്ചാലുടയുന്ന കപ്പയും, കുടൽവരെ പുകയുന്ന എരിവുള്ള ഈ മീങ്കറിയും മതി ! അസാധ്യ കോമ്പിനേഷൻ. ഒരു കുപ്പി അടിയെത്തിയപ്പോഴേക്കും 

മദിപ്പിക്കുന്ന സുഗന്ധവാഹിയായ ഇളം കാറ്റൊഴുകിയെത്തി. ആകെയൊരു കുളിർമ്മ. മനസ്സിന് അപ്പൂപ്പൻ താടിയുടെ ലാഘവം. താഴെ പുഴയും അക്കരെ അടിക്കാടുകളും ഒരു മിഴിവാർന്ന ചിത്രമായി തൊട്ടു മുന്നിലേക്ക് നീങ്ങിയെത്തിയതു പോലെ. 


നാലഞ്ചുകൊല്ലമെങ്കിലുമായിട്ടുണ്ടാവണം. ചന്ദ്രനുമായി ഇതേ പുഴയിറമ്പിലിരുന്ന് നീലാകാശത്തിന്റെ മേലാപ്പിനടിയിൽ നീലയോ പച്ചയോ എന്ന് തിട്ടമില്ലാത്ത മലനിരകളിൽ കണ്ണുടക്കി ധ്യാനിക്കുമ്പോഴാണ് അവന്റെ ചോദ്യമുയർന്നത്


"എടാ, ആ ഒഴുകി നടക്കുന്ന മേഘങ്ങൾക്കാണോ തൊട്ടു താഴെയുള്ള മലനിരകൾക്കാണോ നീലപ്പ് കൂടുതൽ ?


ഞാൻ നോക്കിയപ്പോൾ ശരിയാണ്. മേലേ ഒഴുകുന്ന മേഘങ്ങൾക്ക് നിറം നീല തന്നെ. ഇളം നീലയാണെന്നേയുള്ളൂ. എന്നാൽ അവയെ . തൊട്ടുരുമ്മുന്ന മലനിരകൾക്ക് ദൂരക്കാഴ്ചയിൽ പച്ചപ്പ് കലർന്ന മനോഹരമായ നീലയും.


ചന്ദ്രൻ മലയാളം വിദ്വാൻ പാസ്സായതാണ്. മരക്കമ്പനിയിലെ ക്യൂബി കണക്കുകളിൽ ശ്വാസം മുട്ടുന്ന അവനിലെ കവിയും സാഹിത്യോപാസകനും എന്റെ സാമീപ്യത്തിൽ ഈ തെങ്ങിൻ തോപ്പിലെ കള്ളിൻ പുറത്ത് മാത്രമാണ് ഉറക്കമുണരുക. മദ്യവും ജീവിതം പ്രതീക്ഷക്കൊപ്പം ഒഴുകാത്തതിന്റെ നിരാശയും മൂലം വിഷാദച്ഛായയായിരുന്നു കുറേയായി അവന്റെ മുഖമുദ്ര. വളരെപ്പതിയെ വിഷാദ രോഗത്തിന്റെ കാണാക്കയങ്ങളിലേക്ക് സ്വയം പടവുകളിറങ്ങിപ്പോയ കൂട്ടുകാരനെ കൈപിടിച്ചുയർത്താൻ ആവത് ശ്രമിച്ചതാണ്. 


"നീ യക്ഷന്റെ കഥ കേട്ടിട്ടുണ്ടോ ? അളകാപുരിയിൽ ഒരു തെറ്റിന് ശിക്ഷയായി നാടുകടത്തപ്പെട്ട യക്ഷൻ? ചന്ദ്രന്റെ ചോദ്യമൊഴുകിയെത്തി.


കേട്ടിട്ടുണ്ട്. തിരുനല്ലൂരിന്റെ മേഘസന്ദേശ വിവർത്തനത്തിന്റെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു. ചില വരികളിപ്പോഴും നാവിലുണ്ട്.


"അവിടെ നീ ചെന്നു കാണുമ്പൊഴോമലാള്‍

ബലിയിലേര്‍പ്പെട്ടിരിക്കുകയായിടാം.,

വിരഹദൂനമാമെന്‍ ഛായ ഭാവനാ-

സ്ഫുരിതമായ്ക്കണ്ടു ചിത്രീകരിക്കയാം.,

'പരിചിലോര്‍ക്കുമോ നീ യജമാനനെ-

യരിമയല്ലി നീ നായകന്നോമനേ?'

കളമൊഴിയുമായ്ക്കൂട്ടില്‍ക്കഴിയുമ-

ക്കിളിയോടീവിധം ചൊല്കയാണെന്നുമാം "


വിരഹിണിയായ പ്രീയതമക്ക് മേഘങ്ങളെ ദൂതരാക്കി സന്ദേശമയയ്ക്കുന്ന ദുഃഖിതനായ യക്ഷൻ. തന്റെ പ്രിയതമയെ ദൂതൻ കണ്ടുമുട്ടിയേക്കാവുന്ന രംഗം അനന്യമായ കവിഭാവനയിൽ ചിറക് വിടർത്തുകയാണ്. 


മേഘസന്ദേശത്തെ തലകുടഞ്ഞെറിഞ്ഞ് ഞാൻ വീണ്ടും മലനിരകളിലേക്ക് കണ്ണയച്ചു. ഇപ്പോൾ താഴെ പുഴയും മുകളിൽ ഗിരിശൃംഗങ്ങളും ഇളവെയിലേറ്റ് തിളങ്ങുകയാണ്. ഒരു കൊമ്പനാനയുടെ രൂപമെടുത്ത കറുത്ത മേഘക്കൂട്ടം യക്ഷന്റെ സന്ദേശം ശ്രദ്ധിച്ചെന്നോണം തുമ്പിയുയർത്തി നിശ്ചലമായി നിൽക്കുന്നു.


"സാറ് പോരുവാണോ ?


ചോദ്യം കേട്ട് സങ്കൽപ്പ ലോകത്ത് നിന്നു ഞാൻ ഞെട്ടറ്റ് വീണു. പാപ്പൂട്ടിയാണ്. അവന് നേരീയ ആട്ടമുണ്ട്.


ഗോപിയുടെ കണക്ക് തീർത്ത് പാപ്പൂട്ടിയേയും കൂട്ടി സ്ക്കൂട്ടിയിൽ തിരികെ വരുമ്പോൾ ചന്ദ്രന്റെ വീടു കണ്ടു. അവന്റെ ഭാര്യ വരാന്തയിൽ നിന്ന് വീടിന്റെ കോണിൽ തൂക്കിയിട്ട കൂട്ടിലെ തത്തയോടെന്തോ കിന്നാരം പറയുന്നു. 


ചന്ദന്റെ സന്ദേശ വാഹകർ എത്തിക്കഴിഞ്ഞു !!!

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ