ഈയിടെയായി അതിരാവിലെ തന്നെ നിദ്രയുടെ പുതപ്പ് നീങ്ങി ബോധ മണ്ഡലത്തിലേക്കുണരും. അബോധ മനസ്സിൽ കണ്ട കിനാവുകൾ ഇഴ ചേർക്കാനൊരു വിഫലശ്രമമാണ് ഇനിയുള്ള കുറച്ചു നിമിഷങ്ങൾ. ഇന്നും ഉണർന്നയുടൻ പതിവൊന്നും മുടക്കിയില്ല. കിനാവുകൾ ഓർത്തെടുത്തു തുന്നിച്ചേർക്കാനുള്ള ശ്രമങ്ങളൊക്കെ പതിവുപോലെ പരാജയപ്പെട്ടു. ഇരു കൈകളും നിവർത്തി ലക്ഷ്മി സരസ്വതി പാർവ്വതിമാരെയും ഗണപതിയെ സ്മരിച്ചു. ജാലകവിരികൾ വകഞ്ഞു മാറ്റിയപ്പോൾ പുറത്തെ ശീതക്കാറ്റിനൊപ്പം മഴയുടെ ആരവങ്ങളും അകത്തേക്കിരച്ചു കയറി.
" ഇന്ന് കർക്കിടകം ഒന്ന്. നീരാട്ട് അമ്പലക്കുളത്തിലാണ്. ഹീറ്റർ ഓണാക്കേണ്ട"
ഭാര്യ അവിശ്വസനീയമായ തെന്തോ കേട്ട പോലെ എന്നെ പകച്ചു നോക്കുന്നു.
" പുറത്തേക്ക് നോക്കീട്ടാണോ പറേണത് ?
"മഴ പെയ്യുന്നതല്ലേ? കർക്കടത്തിൽ പിന്നെ മഴ പെയ്യൂല്ലേ? എന്റെ എതിർ ചോദ്യം.
" പ്രായം പതിനാറല്ല! സ്വരത്തിലെ ഒരു താക്കീതിന്റെ കനം ഞാൻ തിരിച്ചറിഞ്ഞു.
" അറിയാം. കർക്കിടത്തിലെ അശ്വതി നാളിൽ 62 തികയും." നിസ്സംഗനായി ഞാൻ.
"ഇവിടെ ചെലോർക്ക് ഒരു വിജാരംണ്ട്. ഭാര്യമാര് പറഞ്ഞാ കേക്കരുത്. കേക്കരുതന്നെല്ലാ പറ്റ്വങ്കി പറഞ്ഞേനെതിരു ചിയ്യേം വേണം."
അങ്ങനെയങ്ങനെ പുറത്തേ മഴ അകത്തും ചാറാൻ തുടങ്ങിയത് അവഗണിച്ച് " ചെലോര് " സോപ്പു പെട്ടിയും തോർത്തുമായി മഴയിലേക്കിറങ്ങി.
"കുളീം തേവാരോം കഴിഞ്ഞ് വൈന്നേരാവുമ്പഴത്തേക്കും അവിടേമിവിടേം വേദന്യാ, അയ്യോ, പാവോ ന്നും പറഞ്ഞു വന്നാൽ തിരിഞ്ഞു നോക്കൂല്ലാ ഞാൻ പറഞ്ഞേക്കാം "
ശീതക്കാറ്റിന്റെ കൈ പിടിച്ചെത്തിയ അന്ത്യശാസനത്തിന്റെ ഭീഷണിയണിഞ്ഞ ശകാരശീലുകളെ ബധിര കർണ്ണങ്ങളാൽ നേരിട്ട് കുളം ലക്ഷ്യമാക്കി നടന്നു. ഹല്ല പിന്നെ.
വിശാലമായ അമ്പലക്കുളം വിജനമാണ്. അസംഖ്യം നീർച്ചാലുകളായി ഒഴുകിയെത്തിയ ജലം കുളം നിറഞ്ഞു കവിഞ്ഞ് താഴെ പാടത്തേക്ക് ഒഴുകുകയാണ്. ആദ്യ കൽപ്പടവിൽ കാൽ വച്ചതേ പെരുവിരൽ മുതൽ ഒരു കുളിരല ശിരസ്സു വരെ പാഞ്ഞെത്തി. പരൽ മീനുകൾ കണങ്കാലുകളിൽ മുട്ടിയുരുമ്മി കുശലം ചോദിക്കുന്നു. 5 വയസ്സു മുതൽ നീന്തിത്തുടിച്ചു മദിച്ചു കളിച്ച ജലാശയമാണിത്. മാസങ്ങളും വർഷങ്ങളും സമയരഥമേറി പിന്നോക്കം പാഞ്ഞപ്പോൾ പണ്ടത്തെ പതിനെട്ടുകാരനെ കണ്ണീർ സമാനമായ ജലസമൃദ്ധി ഏറ്റുവാങ്ങി. അക്കരെ വരെ ആയാസപ്പെട്ട് നീന്തി കല്ലിൽ പിടിച്ചു നിൽക്കുമ്പോ നല്ല കിതപ്പുണ്ട്. പ്രായം പതിനെട്ടല്ലെന്ന് ബോധ്യമാകുന്നു. മത്സരിച്ചു നീന്താൻ ഒരു പുളവനെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു പോയി.
വലിയ സാഹസത്തിനൊന്നും നിൽക്കാതെ നീന്തി
ഇക്കരെയെത്തി വീണ്ടും മുങ്ങി നിവർന്ന് തോർത്തുമ്പോൾ ഏതു ഹൈസ്പീഡ് ഷവറിനും നൽകാനാവാത്ത കുളിര്, സുഖം. സംതൃപ്തി. ഇനി ദേവ ദർശനമാകാം.
അറുപത്തിരണ്ട് വർഷങ്ങളായി നിത്യേനയെന്നോണം ദർശനമേകുന്ന ഭഗവാനാണ്. സാക്ഷാൽ നീലകണ്ഠൻ. ശാന്തവും സൗമ്യവും ദീപ്തവുമായ ഭാവം. സേവിപ്പോർക്കാനന്ദമൂർത്തി. കൂട്ടിന് മക്കളായ വിഘ്നേശ്വരനും ഭഗവതിയും അയ്യപ്പനും. നടക്കൽ കൈകൂപ്പി തൊഴുതു ധ്യാനിച്ചു നിൽക്കെ ചുറ്റുമുള്ള ലോകവും ശബ്ദഘോഷങ്ങളുമെല്ലാം അകന്നകന്നു പോയി 62 വർഷത്തെ പരിചയക്കാരായ ഭക്തനും ഭഗവാനും മാത്രമായി.
" ആഹാ, ഇന്ന് ലേശം വിസ്തരിച്ചാണല്ലോ? ഭഗവാൻ കുശലം പറഞ്ഞു.
" കർക്കടം ഒന്നാന്തിയല്ലേന്ന് കരുതി "
"ത്തിരി സാഹസമായോ? ശരീരം അത്രക്കങ്ങു പോരാന്നറിയാലോ "
മൂപ്പർ സന്ദേഹിച്ചു.
" അത് പക്ഷെ അവിടേയ്ക്ക് ഓർമ്മയില്ലല്ലോ " ലേശം പരിഭവിച്ചു ഞാൻ തുടർന്നു. ഈയുള്ളവനെയിട്ട് വലയ്ക്കുകയല്ലേ?
തിരുമുഖത്ത് നാനാർത്ഥങ്ങളുള്ള മന്ദഹാസമാണ്. ഞാൻ സാവധാനം തിരിച്ചെത്തി. മന:ശുദ്ധിയുണ്ടാകണേ എന്നല്ലാതെ പ്രത്യേക ആവശ്യങ്ങളുന്നയിക്കാറില്ല. അന്തര്യാമിയായ അവിടന്ന് എല്ലാം ആവശ്യത്തിന് കണ്ടറിഞ്ഞ് തന്നിട്ടുണ്ട്. ആവശ്യത്തിനു മാത്രം.
എങ്കിലും ഈയിടെയായി ഒരാവശ്യം ഞാൻ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റൊന്നുമല്ല.
അനായാസ മരണം.
ഒളിച്ചും പാത്തും മാർജ്ജാര പാദങ്ങളോടെയെത്തുന്ന രംഗബോധമില്ലാത്ത കോമാളിയെ " ങ്ഹാ വന്നോ " എന്നു നിസ്സംഗതയോടെ സ്വാഗതം ചെയ്യണം. ലേശമിരുന്ന് വിയർപ്പാറ്റിയാൽ "എന്നാലിനി പോകാം" എന്നു പറഞ്ഞെഴുന്നേൽക്കണം. ലഗ്ഗേജുകളുടെ ഭാരവുമില്ല. അനവസരത്തിൽ വന്ന് ഇടിത്തീ വർഷിക്കുമ്പോൾ ഒരവധിക്കു വേണ്ടി ഏവനും കെഞ്ചാതെ കെഞ്ചുമെന്ന യമധർമ്മന്റെ ഗർവ്വൊന്നു കുറയ്ക്കണം.
അതത്രയങ്ങ് സത്യസന്ധമാണോ? അകതാരിനുള്ളിലൂളിയിട്ട് ചികഞ്ഞപ്പോൾ അതാ ഒളിച്ചിരിക്കുന്ന മൂവർ സംഘം. അച്ചാച്ചന്റെ മേൽ നിഷ്കണ്ടകമായ അവകാശമുള്ള മട്ടിൽ മനസ്സും ശരീരവും കീഴടക്കിയ ആറ് വയസ്സുകാരനും ആ ഹിറ്റ്ലർ മാധവൻകുട്ടിയുടെ അഭാവത്തിൽ മാത്രം നെഞ്ചിൽ പൊൻ തളയിട്ട ചരണയുഗളങ്ങൾ വയ്ക്കാവകാശമുള്ള മൂന്നര വയസ്സ് സർവ്വീസുള്ള എന്റെ നിഴൽ കണ്ടാൽ ഓടിയെത്തുന്ന രണ്ടനിയത്തിമാരും. മകന്റേയും മകളുടേയും സന്താനങ്ങൾ. അനായാസ മൃത്യു ആഗ്രഹിക്കുമ്പോഴും പെറ്റ് കൈകാലുകളുറക്കാത്ത പൈക്കിടാവ് കൺമുന്നിൽ നിന്നു മായുമ്പോൾ തള്ളപ്പശുവെന്ന പോലെ മനസ്സ് വേപഥു പൂണ്ടു പോകുന്നതെന്തേ?
ഈയിടെ ഇക്കാര്യം ചർച്ച ചെയ്തപ്പോഴാണ് സുഹൃത്തായ സ്വാമി ലക്ഷ്മണോപദേശത്തിൽ തുടങ്ങി എന്നെ ആത്മീയ പാതയിലേക്ക് കൈപിടിച്ചു " കയറ്റാനൊരു " ശ്രമം നടത്തിയത്.
"ആയുസ്സു പോകുന്നതേതുമ റിവീല
മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ
വാർദ്ധക്യ മോടു ജരാനര യും പൂണ്ടു.........
" മതി. ഞാൻ കയ്യെടുത്തു വിലക്കി.
" ക്ഷണപ്രഭാ ചഞ്ചലമായ ഭോഗങ്ങൾ ഉപേക്ഷിക്കണമെന്നല്ലേ? സ്വാമി പൂർവ്വാശ്രമത്തിലെ ബന്ധനങ്ങളെല്ലാമുപേക്ഷിച്ചോ?
" എപ്പോഴേ ഉപേക്ഷിച്ചു. വൈമനസ്യം തോന്നാൻ തക്ക ബന്ധങ്ങളുണ്ടായിരുന്നുമില്ല.
എനിക്കിപ്പോൾ ത്യാഗത്തിന്റെ ആനന്ദമാണ്. പരംപൊരുളറിഞ്ഞ നിർമമതയാണ്."
"അവിടെയാണ് സ്വാമീ പ്രശ്നം. ഒരാൾ അനുഭവിക്കാത്ത സുഖവും മധുരവും ത്യജിക്കുന്നതു പോലെ എളുപ്പമല്ല അറിഞ്ഞു കൊണ്ടവയെ ത്യജിക്കുന്നത്. അയഥാർത്ഥമായ നിരവധി മോഹങ്ങളും സങ്കൽപ്പങ്ങളുമായി ജീവിതസമരത്തിനിറങ്ങിപ്പുറപ്പെട്ട അച്ഛനേക്കാൾ പരശ്ശതം ഔന്നത്യമുള്ള, ജീവിതത്തിൽ നിന്നനേകം പാഠങ്ങൾ പഠിച്ച മുത്തച്ഛനാണ് ഞാൻ.
ജീവിതായോധനത്തിന്റെ ബദ്ധപ്പാടുകളിൽ കൈവിട്ടു പോയ മക്കളുടെ ബാല്യകുതൂഹലങ്ങൾ നെഞ്ചേറ്റാൻ ഈശ്വരൻ കനിഞ്ഞു നൽകിയ അസുലഭ നിമിഷങ്ങളാണ് ഞാൻ ആസ്വദിച്ചു ജീവിച്ചു തീർക്കുന്നത്. അങ്ങു പറഞ്ഞ മോക്ഷത്തേക്കാളും പരംപൊരുളറിഞ്ഞ അന്തരാത്മാവിന്റെ അമേയമായ ആനന്ദത്തേക്കാളും പൈദാഹങ്ങളില്ലാത്ത പുണ്യലോകത്തേക്കാളും ഇതാണെനിക്ക് സ്വർഗ്ഗം, പരമാനന്ദം. മോക്ഷം.
മനുഷ്യമനസ്സല്ലേ, ഒരു പക്ഷെ, നാളെയൊരിക്കൽ ഞാനാ സനാതനസത്യം തേടിയലഞ്ഞേക്കാം. പക്ഷെ ഇന്നത്തെ മധുരവും നിർവൃതിയുമുപേക്ഷിച്ച് അന്നിന്റെ അനിശ്ചിതത്വത്തിലേക്ക് യാത്ര പുറപ്പെടാൻ ഇന്ന് ഞാനാളല്ല തന്നെ.
അപ്പോൾ മരണഭയമുണ്ട്? സ്വാമി വിടാൻ ഭാവമില്ല.
"ഭയമല്ല സ്വാമീ, അത്യുന്നത നീതിപീoത്തിന്റെ വിധി തീർപ്പിലെ ന്യായാന്യായങ്ങൾ മൂഢനായ എന്റെ അല്പബുദ്ധിക്ക് വഴങ്ങുന്നതായേക്കില്ല. പക്ഷെ ജീവിതയാത്രയുടെ അവസാന ലാപ്പിൽ മാത്രം ജീവിക്കാൻ തുടങ്ങിയ ഞാൻ അലംഘനീയ സത്യമെന്നറിഞ്ഞുതന്നെ അവയെ ബോധപൂർവ്വം നിരാകരിക്കുകയാണ്.
ചിന്തയിൽ മുഴുകി മഴ നനഞ്ഞു തന്നെ വീട്ടിലെത്തി തോർത്തി ഭാര്യയോടൊരു വീമ്പും പറഞ്ഞു.
" കണ്ടോടീ, എന്റെ സ്റ്റാമിന, ഒരു തുമ്മൽ പോലുമില്ല." ഞാൻ ഉള്ള ഉണക്ക ശരീരമൊന്ന് എയർ പിടിച്ച് കാണിക്കുകയും ചെയ്തു.
ഉച്ചക്ക് ഊണു കഴിഞ്ഞ് ഒരു മയക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ മുതൽ ഒരസ്വസ്ഥത. കാൽമുട്ടുകളിൽ മിന്നൽ പിണരുകൾ. കഴുത്തു തിരിക്കുമ്പോൾ ചിറകടിക്കുന്ന നോവും പക്ഷികൾ. തലക്കടി കൊണ്ട പോലെ ഒരു വിങ്ങൽ. വലിയമ്പലത്തിൽ നിന്ന് കൂട്ടുവന്ന പ്രാവ് നെഞ്ചിലിരുന്ന് കുറുകുന്നു.
ചായയും കൊണ്ടെത്തിയ ഭാര്യയറിയാതിരിക്കാൻ പത്രമെടുത്തു നിവർത്തി. മുഖത്തെ നേരീയ വ്യത്യാസം പോലും പിടിച്ചെടുത്ത് അപഗ്രഥിച്ച് ശരിയായ നിഗമനത്തിലെത്തുന്ന ഇൻബിൽറ്റ് സോഫ്റ്റ് വെയറുള്ളവരാണ് ഭാര്യമാരെന്ന് ഞാനോർത്തില്ല.
"എന്താ ഒരു വയ്യായ?
"ഒളിച്ചിട്ടു കാര്യമില്ലെന്നറിയാവുന്ന ഞാൻ പകുതി പറഞ്ഞു. ബാക്കി പകുതി അവളൂഹിച്ചു.
"ഞാനപ്പോഴേ പറഞ്ഞതല്ലേ എന്നു തുടങ്ങിയ പരിദേവനങ്ങൾക്കൊടുവിൽ " ഞാൻ തിരിഞ്ഞു നോക്കൂലാ" എന്ന ഉഗ്രശപഥമൊക്കെ മറന്ന് അതാ തിളച്ച വെള്ളവും മറ്റു സന്നാഹവുമൊക്കെയായി അയാൾ ആവി പിടുത്തം തുടങ്ങി.
കിട്ടിയ അവസരത്തിൽ ഒന്നു പ്രകോപിപ്പിക്കാനായി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
"ശ്ശോ! എന്നാലും എന്റെ ആരോഗ്യമൊക്കെയെവിടെ പോയി.?
"എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട "
ഒരു ആരോക്യച്ചാമി! കണ്ടേച്ചാലും മതി"
കണവനെ ആപാദചൂഡം കൺകൊണ്ടുഴിഞ്ഞ് ചെറുചിരിയോടെ അവൾ തുടർന്നു.
"ഒണക്കകൃഷ്ണൻ"
ഊറി വന്ന ചെറുമന്ദഹാസം വലിയൊരു അട്ടഹാസച്ചിരിയായി മാറാൻ ആ വാക്കുകൾ ധാരാളമായിരുന്നു.
Comments
Post a Comment