ഒരാശുപത്രി കട്ടിലിൽ കിടന്നായിരുന്നു സ്മാരകശിലകളുടെ പുനർവായന. പുലർമഞ്ഞിനിടയിലൂടെ കാറ്റിന്റെ കൈ പിടിച്ച് ഒഴുകിവന്ന എറമുള്ളാന്റെ പകുതി കാറ്റും പകുതി ശബ്ദവും കലർന്ന വാങ്കുവിളി കേട്ട പാടെ പുസ്തകം മാറിൽ കമഴ്ത്തി വച്ച് മീസാൻ കല്ലിനരികെ മയക്കത്തിനും ഉണർവ്വിനുമിടക്ക് തുഴയുമ്പോഴാണ് ഡോക്ടർ തന്ത്രിയും പരികർമ്മികളും ഒച്ച ബഹളവുമായി വന്നത്. 


"ഹലോ നാരായണൻ, എങ്ങിനെയുണ്ട്? വന്നപാടെ അപ്പോത്തിക്കിരി ചോദിച്ചു.


 മേദസ്സുമുറ്റിയ ശരീരവും കുറച്ചൊന്നിരുന്ന തണ്ണിമത്തൻ കുടവയറും ഉരുണ്ട് തൂങ്ങിയ കവിളുകളും തടിച്ച കൺതടങ്ങളുമാണ് ആദ്യമെന്റെ ശ്രദ്ധയിൽ പെട്ടത്. പക്ഷെ കണ്ണുകൾ, അവ കാരുണ്യക്കടലാണ്. കുഞ്ഞബ്ദുള്ളയുടെ ശേഷക്കാരനാണോയെന്ന് സംശയമാവും.


"കൈയ്യിന് നല്ല വേദനയുണ്ട്. " ഞാൻ പറഞ്ഞു.


അതു ശ്രദ്ധിക്കാതെ അദ്ദേഹം തല തിരിച്ച് ഒരു പരികർമ്മിയോട് പറയുന്നു. 


"Type 2 diabetic, Frozen Shoulders " 


 പെൺകുട്ടികളേപ്പോലെ നെഞ്ചിലടക്കിപ്പിടിച്ച നോട്ട് പാഡ് നേരെ പിടിച്ച് പയ്യൻ തലയാട്ടി, എന്നെയൊന്ന് ഇടങ്കണ്ണിട്ട് നോക്കി അതിലെന്തോക്കെയോ കുറിച്ചു. അല്ലെങ്കിലും അവനൊരു സ്ത്രൈണഭാവമുണ്ടെന്ന് ഞാൻ കണ്ടു പിടിച്ചു.


"കൈയ്യിന് വേദനയുണ്ട്. " ഞാൻ Dr. നേരത്തെ ചോദിച്ച ചോദ്യത്തിന് വീണ്ടും മറുപടി പറഞ്ഞു. ആരു കേൾക്കാൻ!

അതവഗണിച്ച് അങ്ങോർ ഉടലാകെ പ്രയാസപ്പെട്ട് തിരിച്ച് മറ്റൊരു ശിഷ്യനോട് എന്തോ ചോദിച്ചു.


176 - 286. അയാൾ ചാർട്ടിൽ കണ്ണോടിച്ച് മറുപടി പറഞ്ഞു.

അതെന്റെ പഞ്ചാരയുടെ കണക്കാണെന്ന് എനിക്കു പരിചയം കൊണ്ട് പെട്ടെന്ന് മനസ്സിലായി. പ്രോഗ്രസ് കാർഡ് അച്ഛനെ കാണിച്ച ശരാശരി വിദ്യാർത്ഥിയെ പോലെ ഞാനൊന്ന് ചൂളി പരുങ്ങി. അദ്ദേഹമെന്റെ നെഞ്ചിൽ കമഴ്ത്തിവച്ച പുസ്തകമെടുത്തു നോക്കി. ചെറിയൊരു പ്രകാശം ആ മുഖത്തിന്റെ നിമ്നോന്നതങ്ങളിൽ കൂടി കയറിയിറങ്ങി അധരങ്ങളിലെത്തി ദീപ്തമായ ഒരു പുഞ്ചിരിയായി വികസിച്ചത് ഞാൻ നോക്കിക്കിടന്നു. പിന്നീട് നെഞ്ചിലും പുറത്തും സ്റ്റെതസ്കോപ്പ് വച്ച് മൂപ്പർ ധ്യാനത്തിലാവുകയും ചെയ്തു. ചീഞ്ഞ വൈക്കോലിന്റെ ഗന്ധം കുറേശ്ശെ വരുന്നുണ്ടോ എന്നെനിക്കു സംശയം തോന്നി. ഇത്ര രാവിലെ കക്ഷി രണ്ടെണ്ണം വീശിയിട്ടുണ്ടാകുമോ? 


"ഏയ്, ഇല്ല. ഞാനെന്റെ മനസ്സിനെ ശാസിച്ചു. ഹലാക്കിലെ ഓരോ സംശയങ്ങൾ!


ഏതായാലും നേരത്തെ ചോദിച്ച ചോദ്യത്തിന് ഇനി മറുപടി പറയുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. അതൊരു വഴിപാടായി ചോദിച്ചെന്നേയുള്ളൂ. ഉത്തരമൊന്നും അങ്ങേർ പ്രതീക്ഷിച്ചിട്ടില്ല.


" ങ്ഹാ, നാരായൺ, ഹൗ ആർ യു? ദാ വീണ്ടും ആ ചോദ്യം!!!


ഞാൻ പരിഭവിച്ചു അട്ടം നോക്കി കിടന്നു.


" ഷുഗർ ലെവൽ ഹൈ ആണല്ലോ? രാവിലെ ഒരു മണിക്കൂർ നടന്നാലോ?


" ഈ ഏങ്ങപ്പിശാചുപോലുള്ള ഞാനോ? ഞാൻ മനസ്സിൽ കരുതി. തുടർന്ന് ആ കുടവയറും ശരീരവും കവിളുകളും ഒന്നുഴിഞ്ഞു നോക്കുകയും ചെയ്തു.


" എന്നെ നോക്കണ്ട. ഇതു വേറെ ഇനമാണ് " അദ്ദേഹം ചിരിച്ചു. 


"കുറുന്തോട്ടിക്ക്...... ഞാൻ അർദ്ധോക്തിയിൽ വിരമിച്ചു. 


അതു തന്നെ. അദേഹം വീണ്ടും ചിരിച്ചു.പിന്നെ എന്റെ അരികിൽ കിടന്ന പുസ്തകമെടുത്ത് താളുകൾ മറിച്ചു.


" ആഹാ, നല്ല വായനയാണല്ലോ, എഴുതുമോ?


"ബാത്റൂം സിംഗറാണ് " ഞാൻ പറഞ്ഞു.


"FB യിലാണല്ലേ എഴുത്ത്?

അതെയെന്ന് ഞാൻ തലയാട്ടി. പിന്നെ കൂട്ടരെയെല്ലാം പറഞ്ഞയച്ച് അദേഹം അരികിലിരുന്നു. FB തുറന്ന് ഫ്രണ്ട് റിക്വസ്റ്റ് വിട്ടു. ഇരുവരും വായിച്ച പുസ്തകങ്ങളെ കുറിച്ച് ലേശം സൊറ പറഞ്ഞു. SK യാണത്രെ പ്രിയപ്പെട്ട എഴുത്തുകാരൻ. അനന്യമാണ് പാത്രസൃഷ്ടി. ഒരു ദേശത്തിന്റെ കഥയേക്കാൾ ഒരു തെരുവിന്റെ കഥയാണ് പ്രിയം. മുകുന്ദൻ തീരെ പോസിറ്റീവല്ല . മീശ അനാവശ്യമായി വരുത്തി വച്ച വിവാദമാണ്. ആടുജീവിതം ഒരു ട്രെയിൻ യാത്രയിൽ ഒറ്റയിരുപ്പിന് വായിച്ചു. വായിച്ചു. " അവകാശികൾ വാങ്ങി വച്ചിട്ട് 6 മാസമായി. രണ്ടാമത്തെ വോളിയം ഇനിയും തീർന്നിട്ടില്ല. അങ്ങനെയങ്ങനെയതു നീണ്ടു പോയി. ഒരു ഡോക്ടരെന്ന നിലയിലുള്ള ചുമതലകൾക്കും കുടുംബ കാര്യങ്ങൾക്കുമിടയിൽ ഇത്രയെങ്കിലും വായിക്കാൻ കഴിയുന്നുണ്ടല്ലോ എന്ന് ഞാൻ അത്ഭുതം കൂറി. ഒരു പണിയുമില്ലാത്ത ഞാൻ വായിക്കുന്നുണ്ട് എന്ന കാട്ടിക്കൂട്ടലേയുള്ളൂ.


 വാച്ചിൽ നോക്കി "അയ്യോ'' എന്ന് പരിഭ്രമിച്ച് ബദ്ധപ്പെട്ടെഴുന്നേറ്റ് പോകുന്നേരം പറഞ്ഞു. ഷോൾഡറിന് ഇപ്പോ ഒന്നും ചെയ്യുന്നില്ല. ഷുഗർ സ്റ്റേബിളായി രണ്ടു മൂന്ന് മാസം കഴിഞ്ഞിട്ടും കുറഞ്ഞില്ലെങ്കിൽ അപ്പളാലോചിക്കാം.


 ഇനി പറയുകയില്ലെന്ന് ശപഥം ചെയ്തതാണെങ്കിലും വീണ്ടും ഞാൻ പറഞ്ഞു.


"രണ്ടു കയ്യിനും വേദനയുണ്ട്.

അതോ?


" അതു സാരമില്ല. ഫിസിയോ തെറാപ്പി തുടങ്ങാം. പിന്നെ ഗുളികയുമുണ്ടാകും" വാതിൽ കടക്കും മുമ്പേ തിരിഞ്ഞു നിന്നു കാരുണ്യം വഴിയുന്ന മിഴികളുയർത്തി ചോദിച്ചു.


TD രാമകൃഷ്ണന്റെ ഒരു പുസ്തകമുണ്ട്. വേണോ?


" ആണ്ടാൾ ദേവനായകി? ഞാൻ ഉദ്വേഗം പൂണ്ടു.


" അതു തന്നെ, കൊടുത്തയയ്ക്കാം." തടിയാപിള്ള വാതിൽ കടന്നു പോയി.


ഡോക്ടർ വാക്കുപാലിച്ചു. അര മണിക്കൂർ കഴിഞ്ഞു ഒരു ശിപായി TD രാമകൃഷ്ണനെ കക്ഷത്തിലിറുക്കി ശ്വാസം മുട്ടിച്ച് കൊണ്ടുവന്നു. അതെനിക്കിഷ്ടമായില്ലെങ്കിലും വാങ്ങി വച്ചു. പോത്തിനെന്തു ഏത്തവാഴ! പക്ഷെ അയാൾ പോകാതെ നിൽക്കുകയാണ്.


" എന്തേ? 


" ആ പുസ്തകം വാങ്ങി വരാൻ പറഞ്ഞു " അവൻ കൈ ചൂണ്ടി.


എന്റെ സ്മാരകശിലകൾ!! അമ്പട കള്ളാ !!


ഞാൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും വൈദ്യൻ സ്മാരകശിലകളും തിന്നു തീർത്തിട്ടേ ഡിസ്ചാർജുണ്ടാവൂ എന്നെനിക്കുറപ്പായി.


Repost.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ