കൗസല്യാ സുപ്രജാ രാമ " കേട്ട് മിഴിയിമകൾ വലിച്ചു തുറന്ന് തത്രപ്പെട്ടെഴുന്നേറ്റ് മുടി വാരിക്കെട്ടി തലയിണയാൽ ഉണ്ണിക്കുട്ടന് തടവച്ച് പറ്റിച്ച ടൈംപീസിലേക്ക് ഈർഷ്യയോടൊരു നോട്ടമുണ്ട്.
കുളത്തിൽ മുങ്ങിക്കയറി , ഈറനിടാൻ മടിച്ച് നനഞ്ഞ പുളിയിലക്കരയൻ കൊണ്ട് ഉപായത്തിൽ പുതച്ച്, തിരുമ്പിയ തുണികൾ ചുമലിലിട്ട് , അലകളൊതുങ്ങിയ ജലപ്പരപ്പിലെ ഉലയുന്ന പ്രതിബിംബത്തിലേക്ക് ഒരു നിമിഷം നീണ്ട ഒരു കണ്ണേറുണ്ട്.
ഇല്ലിപ്പടി കടന്ന് തുണി തോരയിട്ട് അര നാഴിക കണക്കാക്കിയിട്ട ഇരുപ്പുഴുക്ക് അരിയുടെ വേവ് കൂടിയോ എന്ന ആധിയോടെ ചുവരിലെ വട്ടക്കണ്ണാടിയിലേക്ക് ഒരു പാളി നോട്ടമുണ്ട്.
തീ കുറച്ച് കൈക്കല കൂട്ടിവാങ്ങിയ ചോറ് കലം അടപലക കൊണ്ടടച്ച് ചെരിച്ച് തടുത്ത് വച്ച് ഈറൻ മാറി ഉണങ്ങിയ തോർത്തിൽ മുടി പൊതിഞ്ഞ് ചുറ്റിത്തിരുകി വീണ്ടും ചുമരിലുറപ്പിച്ച കണ്ണാടിയിലൊരു മുഖം കാട്ടലുണ്ട്.
കുട്ടിക്കുറയുടെ മൂട്ടിൽ പലവണ കൊട്ടി ഉള്ളം കയ്യിൽ മടിയോടെ വീണ തരികളൊന്ന് വാസനിച്ച് " ഇരു കൈകളിലുമാക്കി ഒരു തേച്ചെത്തിക്കലുണ്ട്.
ചായയായില്ലേ ? എന്ന ഈർഷ്യ കലർന്ന ചോദ്യം കേട്ട് വട്ടപ്പൊട്ടിനെ ചൂണ്ടുവിരലാൽ ധൃതിയിലൊന്ന് മെനയാക്കി "യ്ക്ക് രണ്ടു കയ്യുള്ളൂ" ന്ന് കേൾക്കാതെ മൊഴിഞ്ഞ് മിഴികളിളക്കി, ചുണ്ട് കൂർപ്പിച്ച് പരിഭവത്തിൽ ഉമ്മറത്തേക്കൊരു ഒരു കണ്ണേറുണ്ട്.
ഇപ്പൊ പെറ്റ പൈക്കിടാവിനെ പോലെ കാലുകൾ തെന്നിയകന്ന് കണ്ണു തിരുമ്മി വന്ന ഉണ്ണിക്കണ്ണനെ വാരിയെടുത്തൊരുമ്മയുണ്ട്.
അകിട് കഴുകി ഇറ്റ് വെണ്ണ മുലഞെട്ടിലുഴിഞ്ഞ് "പീട്യേ കൊടക്കാനുള്ളത് തരണേ എന്ന് പയ്യിനോടൊരു യാചനയുണ്ട് .
അകിടിൽ നിന്ന് പറിച്ചു മാറ്റിയ കിടാവിന്റെ പാൽപ്പത വറ്റാത്ത ചുണ്ടിൽ നോക്കി സാന്ത്വനത്തിന്റെ തലോടലുണ്ട്.
ഇല്ലിപ്പടി കടന്ന് മറയുന്നയാളെ നോക്കി കുപ്പായമിന്നലെ തേച്ചു വയ്ക്കാർ ന്നു എന്നൊരാത്മഗതമുണ്ട്.
പശുവിന് കാടി കലക്കി " ചെമ്പ് മറിച്ചാൽ നിനക്ക് വെച്ചിട്ടുണ്ട് "എന്ന് മിഴിമുനയാലൊരു താക്കീതുണ്ട്.
ചാണം വാരി കയ്യും മോറും കഴുകി കൈത്തണ്ട വാസനിച്ച് മുഖം ചുളിച്ച് സോപ്പിട്ട് വീണ്ടുമൊരു കഴുകലുണ്ട്.
പരിപ്പും മാങ്ങയും വേവ് നോക്കി തേങ്ങയരച്ച് ഇറ്റ് വെളിച്ചെണ്ണ തൂളി കൈ വെള്ളയിലിറ്റിച്ച് മിഴിയടച്ചൊരു സ്വാദ് നോക്കലുണ്ട്.
മുടി പിന്നി, പൊട്ട് തൊടീച്ച് കുപ്പായമിടീച്ച് നെറ്റിയിലൊരുമ്മ കൊടുത്ത് കുഞ്ഞിക്കയ്യും പിടിച്ച് പടിക്കലേക്കൊരോട്ടമുണ്ട്.
മുറിയിലെത്തി കുഴമ്പ് മണമുള്ള കാലുഴിഞ്ഞ് എഴുന്നേൽപ്പിച്ചിരുത്തി നെഞ്ചിൽ താങ്ങി പ്ളാവില കൊണ്ടൊരു കഞ്ഞി കുടിപ്പിക്കലുണ്ട്.
ചോറും കറിയും കോരിയിട്ട് പാത്യേമ്പുറം ചാരി ഒരു കത്തലടക്കലുണ്ട്.
ഉണ്ണിക്കണ്ണനെയുറക്കി അടയുന്ന കൺപോളകൾ വലിച്ചു തുറന്ന് തത്രപ്പെട്ടൊരോട്ടമുണ്ട്.
പറമ്പിലിറങ്ങി പുല്ല് വെട്ടിക്കെട്ടാക്കി കയ്യെത്തണ ചക്കയൊന്ന് കൊട്ടി നോക്കി മുഖമൊരു ചുളിക്കലുണ്ട്.
കെട്ട് തലയിലേറ്റി കയ്യെത്തിയ കുടപ്പനൊടിച്ച് കെട്ടിൽ തിരുകി മുണ്ടിൽ കറയായോന്നൊരു ചെരിഞ്ഞ് നോട്ടമുണ്ട്.
ബസ്സിറങ്ങിയ കാന്താരിയെ മുടി മാടിയൊതുക്കി കൈ പിടിച്ചോമനിച്ച് ഓട്ടടത്തുണ്ടുകൾ കാട്ടി കണ്ണിറുക്കിയൊരു ചിരിയുണ്ട്.
മേൽക്കഴുകി വന്ന് മുടിയൊന്നൊതുക്കി ചാഞ്ഞും ചെരിഞ്ഞും കണ്ണാടിയിലേക്ക് മിഴിയെറിഞ്ഞ് ഉടവാന്നൂല്ലാന്നൊരു ആത്മഗതമുണ്ട്.
അന്തിത്തിരി വച്ച് മെഴുക്ക് തലയിൽ തുടച്ച് മിഴിപൂട്ടിത്തൊഴുത് പൊതിയുന്ന ഇരുട്ടിൽ നിന്ന് തത്രപ്പെട്ടൊരു പാച്ചിലുണ്ട്.
അവസാന പാത്രവും മോറി കനലണച്ച് പാത്യേമ്പുറം തുടച്ച് കൈകൾ പിന്നിൽ താങ്ങാക്കി ഒരു നടു നീർത്തലുണ്ട്.
ഒടുവിൽ , നിനക്കെന്താ യിവിടെ പണിയെന്ന പാരുഷ്യം കേട്ട് ഇരുട്ടിലേക്ക് പതിയെ തുറക്കുന്ന നീർമിഴിപ്പീലികളുണ്ട്.
വൃശ്ചികത്തിലെ മഞ്ഞു ചെയ്യുന്ന യാമത്തിൽ പിന്നിൽ നിന്ന് പൊതിയുന്ന കൈകളെ നെഞ്ചോട് ചേർക്കുമ്പോൾ തൊണ്ടയിൽ കുരുങ്ങുന്ന ഒരു തേങ്ങലുമുണ്ട്.
😍😍
ReplyDelete😍😍😍
ReplyDelete😍😍😍😍😍😍
ReplyDeleteആഹാ
ReplyDeleteകഥകളെല്ലാം കൊള്ളാം ...അതിനേക്കാളും കഥാകാരൻ കൊള്ളാം
ReplyDeleteനന്ദി.
Delete