അന്ത്രയോസ്പാപ്പൻ ഇവിടെ പള്ളിത്താഴത്തും വരാറുണ്ട്. പള്ളിത്താഴമെന്ന് പറഞ്ഞാൽ റോഡിന് വടക്ക് വശത്ത് തങ്കച്ചന്റെ ചായക്കടയും രണ്ടു പലചരക്കു കടകളും ചന്ത കൂടുന്ന ബുധനും ശനിയും മാത്രം തുറക്കുന്ന മലഞ്ചരക്ക് കടയും. തെക്ക് ഭാഗത്ത് റേഷൻ കടയും നമ്പ്യാരുടെ വൈദ്യശാലയും പുരവത്ത് ചേട്ടന്റെ തുണിക്കടയും അതിന് മുന്നിലിരുന്ന് തയ്ക്കുന്ന ഭാസ്കരനും അവനരികിൽ മുറങ്ങൾ മടിയിലേറ്റിയലേറ്റിയ ബീഡി തെറുപ്പുകാരും . ഇത് കൂടാതെ മണിയൻ ചേട്ടന്റെ ബാർബർ ഷോപ്പും ഒരു കുഞ്ഞിപ്പോസ്റ്റോഫീസുമായാൽ പള്ളിത്താഴമായി.
അന്ത്രയോസ് പാപ്പൻ എല്ലാ വെള്ളിയാഴ്‌ച്ചേം ഒമ്പതേമുക്കാലിന്റെ മഡോണ ബസ്സിന് കെഴക്കൂന്ന് വന്നെറങ്ങും. ബസ്സേന്നെറങ്ങി കൈരണ്ടും പിണച്ച് മുകളിലേക്കുയർത്തി നടുവൊന്ന് വളച്ച്, തലേൽ വട്ടക്കെട്ട് കെട്ടിയ തോർത്തൊന്ന് കുടഞ്ഞ് തോളിലിട്ട് ചുറ്റുമൊരു നോട്ടമുണ്ട്. പിന്നെ കുന്നിൽ മുകളിലെ പള്ളിക്കുരിശിലേക്ക് നോക്കി നെഞ്ചത്ത് വലത് കൈ വച്ച് ഒരു നിൽപ്പുണ്ട്. ഇന്നത്തെ ഇരയ്ക്കായുള്ള മൗന പ്രാർത്ഥനയാണത്. പിന്നെ, ഉപായത്തിലൊന്ന് കുരിശ് വരച്ച്, റോഡ് മുറിച്ച് കടന്ന് തങ്കച്ചന്റെ ചായക്കടേട്ട് കേറി ബെഞ്ചേലിരിക്കും. കടുപ്പത്തിലൊരു ചായ , നടുക്കഷ്ണം പുട്ട്, വെള്ളരിക്കേം ചെറുപയറും പച്ചമുളകു കീറിയതും കര്യാപ്പിലയുമിട്ടതിൽ ഒഴക്ക് വെളിച്ചെണ്ണ തൂളിച്ച കറി. ഇത്രയും മുമ്പിലെത്താൻ വിനാഴിക നേരം മതി. പാപ്പൻ പള്ളിത്താഴത്ത് വരാൻ തുടങ്ങിയ കാലത്ത് പ്രൊപ്രൈറ്റർ തങ്കച്ചൻ നിക്കറിലാണ്. മൂന്ന് പതിറ്റാണ്ടിന്റെ ബന്ധമാണ്. പുട്ടും പയറും ചായേം ചടപടാന്നകത്താക്കിക്കഴിഞ്ഞാൽ മേശക്കടിയിൽ നിന്ന് മരസ്റ്റൂൾ വലിച്ചെടുത്ത് നേർച്ചക്കുറ്റീടെ കിഴക്ക് വശത്തിട്ട് പളനി പാപ്പന്റെ കോഴിലേലം ശ്രദ്ധിച്ച് അങ്ങനെയിരിക്കും.
ഭൈരവാദി മൂർത്തികൾക്ക് കോഴിബലി കൊടുത്തു ബാധയൊഴിപ്പിക്കൽ മുതൽ എട്ടുമുള്ള് തറച്ച് ഒടി ദോഷം മാറ്റുകയും ആൾമറിവിന് മുഷ്ടി കർമ്മം നടത്തുകയും വരെ നിസ്സാരമായി ചെയ്യുന്ന പാപ്പനെ ഞങ്ങൾ കുട്ടികൾക്ക് പേടിയായിരുന്നു. ഒമ്പതരേടെ മഡോണയിലോ , പത്തേകാലിന്റെ ആന വണ്ടിയിലോ ആരെയെങ്കിലുമൊക്കെ പാപ്പന്റെ മൂർത്തികൾ കൊണ്ട് വരും. അന്നു നറുക്ക് വീണത് കോതോങ്കലം മാതിരപ്പള്ളിക്കാരി ഒരല് പോലെ ഒരു ഏലിപ്പെണ്ണിനും , തോനെ എണ്ണ പെരട്ടി എലിവാല് പോലെ മുടി പിന്നിയിട്ട ഒരു പെങ്കൊച്ചിനുമാണ്.
മറ്റാരും കണ്ടില്ലേലും വണ്ട്യേന്നെറങ്ങി ലേശം കെതച്ച് വട്ടം നോക്കണ ഏലിപ്പെണ്ണിന്റെ ഇടിച്ചക്കകൾക്കിടയിലെ ചങ്കിനകത്ത് പെരളി കൊള്ളണ പിശാചിനെ പാപ്പന് കാണാം. പാപ്പനെ കണ്ട് ഞെരിപിരി കൊള്ളണ പിശാചിന്റെ അമറൽ പാപ്പനേ കേൾക്കാനും പറ്റൂ. കയ്യാട്ടി വിളിച്ചതേയുള്ളൂ. ആട്ടിൻ കുഞ്ഞിനെയെന്ന പോലെ ഏലിപ്പെണ്ണിനെ പിശാച് പാപ്പന്റെ മുന്നിലേക്ക് തെളിച്ച് കൊണ്ടുവന്നു. അവളെ ആകെയൊന്ന് നോക്കി , പരിചയമൊട്ടും ഭാവിക്കാതെ പള്ളിമുകളിലെ കുരിശിൽ ദൃഷ്ടിയുറപ്പിച്ച് പാപ്പൻ പറഞ്ഞു.
" കൂടിയ എനമാണല്ലോ "
ഏലിപ്പെണ്ണ് പാപ്പനെയൊന്ന് നോക്കി. അവളുടെ കണ്ണൊന്ന് മിന്നിത്തെളിഞ്ഞു. ഇനി സഹിക്കാൻ മേലല്ലോയെന്ന് അവൾ പറയാതെ പറഞ്ഞത് പാപ്പനേ കേൾക്കാൻ കഴിഞ്ഞൊള്ളൂ.
"ബാ വഴിയൊണ്ടാക്കാം "
പാപ്പൻ മുന്നിലും ഏലിപ്പെണ്ണും പെങ്കൊച്ചും പിന്നിലുമായി തങ്കച്ചന്റെ ചായിപ്പിലോട്ട് കേറി . അവരോട് ബെഞ്ചേലിരുന്നോളാൻ പറഞ്ഞ്, മുഷിഞ്ഞകുഷ്യനിട്ട മരക്കസേരേലിരുന്ന് പാപ്പൻ നീട്ടിയൊന്ന് വിളിച്ചു.
"എടാ ചീക്കൂ, യെവനിതെവടെ പോയി?
വിളിക്ക് കാത്തു നിന്ന ചീക്കു ഓടിയെത്തിയത് കണ്ട് പാപ്പന്റെ കൽപ്പന പോയി.
"അര ചാരായോം, കോഴീം മേടിച്ചോണ്ട് വാ , കാശ് കടേന്ന് തരും "
അനന്തരം ഏലിക്കുട്ടിയുടെ കണ്ണിൽ കണ്ണുനട്ട് പാപ്പൻ വിസ്തരിച്ചു തുടങ്ങി.
"എന്റെ കണ്ണിലോട്ട് നോക്കിയിരുന്നോണം !.
പാപ്പന്റെ ചുകന്ന വട്ടക്കണ്ണുകളിൽ ദൃഷ്ടിയുറപ്പിച്ച ഏലിക്കുട്ടി ചെറുതായൊന്ന് വിറ കൊണ്ടു. അവളുടെ ഉള്ളിന്ന് ഒരാന്തലുയർന്ന് തൊണ്ടയിൽ കുരുങ്ങി. അവളുടെ കണ്ണുകൾ കനം തൂങ്ങിയടഞ്ഞപ്പോൾ അബോധത്തിലെന്നപോലെ കൂടെക്കൂടിയ ബാധയുടെ വിക്രിയകൾ ഓരോന്നായി പറഞ്ഞു തുടങ്ങി.
മൂത്രമൊഴിക്കാൻ നിലാവത്ത് കുന്തിച്ചിരുന്ന ഏലിയെ രാവിലെ തൊഴുത്തീന്ന് എടുത്തോണ്ട് വന്നത്,
അന്തിമയങ്ങിയപ്പോൾ ഒരു കറമ്പൻ കണ്ടൻ വന്ന് കുറുക്കനെപ്പോലെ പല്ലിളിച്ച് ഓരിയിട്ടത്,
ഉറക്കത്തിനിടയിൽ ഏങ്ങപ്പിശാചായ വല്യമ്മായ്യെ കട്ടിലേന്ന് വലിച്ച് താഴെയിട്ടത്,
ഏഴുവയസ്സുള്ള പെങ്കൊച്ച് ചത്തുപോയ വല്യമ്മച്ചീടെ ഒച്ചയിൽ വഴക്ക് പറഞ്ഞത് ,
അങ്ങനെ കുറേക്കാലമായി കുടുമ്മത്തിന്റെ മൊത്തം ഉറക്കവും മനസ്സമാതാനവും കെടുത്തിയ സംഭവങ്ങൾ !!
ചീക്കു സാധനങ്ങളുമായി വന്നയുടൻ കോഴിയേയും കൊണ്ട് തങ്കച്ചന്റെ കടേലോട്ട് പോയി. മൊളകും മസാലേമിട്ട് കോഴിയെ ശരിപ്പെടുത്താൻ തങ്കച്ചനോളം പോന്നവൻ ഈ കരയിലില്ല. മൂലക്കുരുവിന്റെ ഉപദ്രവമുള്ള പാപ്പന് കോഴിയത്ര പഥ്യമല്ല. എരിവ് കൂടിയാൽ പിറ്റേന്ന് വിവരമറിയും. ഇതറിയാവുന്ന തങ്കച്ചൻ ചില മരുന്നുകളും കൂട്ടിയാണ് കോഴിയെ വെച്ചു കാലാക്കുക.
ചാരായവും കോഴിക്കറിയും പാതിയെത്തിയപ്പോഴേക്കും പാപ്പൻ പന്തങ്ങളും തിരിയുമെടുത്തു. അത്തിക്കമ്പ് പിളർത്തി ഇടക്ക് വെള്ളാരം കല്ലുകൾ വച്ച് തുണിചുറ്റിക്കെട്ടി എണ്ണയിൽ മുക്കിയ പന്തങ്ങൾ. കൊച്ചുപിച്ചാത്തി കൊണ്ട് തറയിൽ ആദ്യമൊരു ചതുരം. പിന്നെ മഞ്ഞൾപ്പൊടി തൂവി കളങ്ങളാക്കിത്തിരിച്ചു. ഓരോ കളത്തിലും വാഴപ്പിണ്ടിയിൽ കുത്തി നിർത്തിയ പന്തം തെളിയിച്ച് പാപ്പൻ ദൃഷ്ടി മുകളിലേക്കാക്കി ഇരുന്നയിരുപ്പിലൊന്ന് വെറച്ചാടി. പന്തങ്ങൾ തെളിയിക്കുമ്പോൾ തന്നെ പിന്നെ ഉറക്കെ മന്ത്രം ചൊല്ലാൻ തൊടങ്ങി. മുത്തപ്പൻ പാപ്പന്റെ ദേഹത്ത് കൂടി കഴിഞ്ഞു.
പന്തങ്ങൾ കത്തിക്കത്തി താഴേക്ക് വരുമ്പൊ ചൂടിൽ പഴുത്ത് വെള്ളാരങ്കല്ല് പൊട്ടി പൊട്ടാസ് പൊട്ടണ പോലെ ഒച്ച കേക്കാൻ തൊടങ്ങിയപ്പോ പാപ്പൻ പറഞ്ഞു.
കണ്ടോ, കണ്ടോ, പൊട്ടിപ്പൊട്ടി ബാധയെറങ്ങി പൊറത്തു ചാടണത് കണ്ടോ?
ഏലിപ്പെണ്ണും കൊച്ചും ചങ്കിൽ കൈ വച്ച് മുത്തപ്പനെ മനസ്സിലോർത്തിരുന്നു. അനന്തരം ഏലിപ്പെണ്ണിന്റെ കണ്ണ് മറിഞ്ഞ് പാപ്പന്റെ കണ്ണിൽ തറച്ചു നിന്നു. അവളുടെ നെഞ്ചിൽ ഒരലിടിക്കണ ഒച്ച കേക്കാൻ തൊടങ്ങിയപ്പോ പാപ്പൻ പറഞ്ഞു.
" നെഞ്ചത്ത് കൈ വച്ച് നോക്ക്യേ, അവനെറങ്ങി വന്ന ശബ്ദം കേക്കാം. "
പിന്നെ, മാറ്റി വച്ച ചാരായോം എലേലെ കോഴിക്കറിയും കളത്തിനകത്തേക്ക് നീക്കി വച്ച് അരൂപിയായ ബാധയോട് ആജ്ഞാപിച്ചു.
" ദേ , ഇതും കുടിച്ച് എറച്ചീം തിന്നേച്ച് പൊക്കോണം, പാപ്പനോട് കളി വേണ്ടാ ... മുത്തപ്പനാണെ സത്യം ഈ ദേഹത്തൂന്ന് ഒഴിഞ്ഞു പൊക്കോണം. !!
അന്നേരം പാപ്പന്റെ മൊകത്തേക്ക് നോക്കാൻ പേടിയാവും. എല്ലാം കഴിഞ്ഞ് "ലക്ഷണ " ഈ കളത്തില് വച്ചേച്ച് ഭണ്ഡാരക്കുറ്റില് നേർച്ചയിട്ട് പൊക്കോ എന്നാണ് പാപ്പൻ പറയാറ്. ബാധയിറങ്ങി ഭാരം നഷ്ടപ്പെട്ട ദേഹങ്ങൾ പാപ്പന്റെ കൈ മുത്തി ദക്ഷിണക്കാശ് പീഠത്തിൽ വച്ച് തങ്കച്ചന്റെ ചോറുമുണ്ട് ഒന്നരേടെ തൊടുപുഴ പാസ്റ്റിലോ പെരുമ്പാവൂർക്കുള്ള മാനു ബസ്സിലോ കയറിപ്പോകും.
കളത്തിൽത്തന്നെ കണ്ണും നട്ടു നിന്ന ചീക്കു കണ്ടത് ഏലിക്കുട്ടീടെ തലയിൽ വലതു കൈവച്ച് നിൽക്കുന്ന പാപ്പനെയാണ്. ഇടത് കൈത്തണ്ട കൊണ്ട് കൊച്ചിന് ചുറ്റും വലയം തീർത്തിരുന്നു. ഏലിക്കുട്ടിയെ ശരിയായി വിറക്കുന്നുണ്ട്. അന്തിച്ചു നിന്ന ചീക്കുവിന്റെ കയ്യിൽ നൂറിന്റെ അഞ്ചാറ് നോട്ട് കൊടുത്ത് പാപ്പൻ പറഞ്ഞു.
" തങ്കച്ചന്റെ പറ്റ് തീർത്തേരെ . ബാക്കി നീ വച്ചോ "
ഒന്നരേടെ തൊടുപുഴ പാസ്റ്റിൽ കേറി സൈഡ് സീറ്റ് പിടിച്ച് പെണ്ണങ്ങളിരിക്കണ ഭാഗത്തേക്ക് തിരിഞ്ഞെത്തി നോക്കി പാപ്പൻ ടിക്കറ്റെടുത്തു.
" വാഴക്കൊളം , രണ്ടു ഫുള്ളും ഒരു ഹാപ്പും.!!
ഈയിടെയായി തങ്കച്ചന്റെ ചായിപ്പിന് പിൻവശം ഉച്ചവരെ സപ്പോർട്ട് കളിക്കാരും വൈകീട്ട് നിപ്പനടിക്കാൻ വരുന്ന പിള്ളേരും പങ്കുവച്ചെടുത്തിരിക്കുകയാണ്. ചീക്കു പിന്നെ വന്ന മന്ത്രവാദികളുടെ കൈക്കാരനായി ഇപ്പോഴുമിവിടെയുണ്ട്. പക്ഷെ അന്ന് തൊടുപുഴ ഫാസ്റ്റിൽ കേറിപോയ ഞങ്ങടെ അന്ത്രയോസ് പാപ്പനെ വെള്ളിയാഴ്ചകളിൽ ഞങ്ങളിന്നും കാത്തിരിക്കുന്നു.
Comments
Post a Comment