അച്ചാ, ഈ ചേട്ടൻ പറേണത് സത്യാണോ?


6 വയസ്സുകാരിയായ മകളാണ്. അല്ലെങ്കിലും പെണ്ണിന് കൊഞ്ചൽ മാറിയിട്ടില്ല. സർവ്വ പ്രതിരോധങ്ങളും തട്ടിത്തകർത്ത് ഇഹലോകത്തേക്കു് പിറന്നു വീണ ധീരവനിതയാണ്. വാശിക്കാരിയും. കലപിലാ ചോദ്യങ്ങളുമായി പൂച്ചയെേപാലെ മുട്ടിയുരുമ്മി എപ്പോഴും ചുറ്റുവട്ടത്തുണ്ടാവും. 


ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ നൂലാമാലകളിൽ മുഷിഞ്ഞു തുഴഞ്ഞു കൊണ്ടിരുന്ന ഞാൻ അലക്ഷ്യമായി ഒന്നു മൂളി.


ങ്ഹും.


"ങ്ഹേ, സത്യാണോച്ചാ?


പിടി തരാതെ ഒളിച്ചുകളിച്ചുകൊണ്ടിരുന്ന ഒരു ശമ്പളനിർണ്ണയം KSR ചട്ടങ്ങളുമായി ഒത്തു പോകുന്നുണ്ടോ എന്ന് ഗഹനമായി പഠിച്ചു കൊണ്ടിരുന്ന ഞാൻ വീണ്ടും മൂളി. 


" ങ്ഹും."


പിന്നെ ശബ്ദമൊന്നും കേട്ടില്ല. വേറെന്തെങ്കിലും കുരുട്ടു ചോദ്യവുമായി അമ്മക്കു ചുറ്റുമുണ്ടാവും. ഞാൻ എന്റെ മനോവ്യായാമം തുടർന്നു.


കുറേക്കഴിഞ്ഞ് ചായയും കൊണ്ടു പ്രത്യക്ഷപ്പെട്ട ഭാര്യയാണ് പറഞ്ഞത്. 


"ങ്ങളെന്താ അവളോട് പറഞ്ഞത്?


" എന്തേ? അതിവിദഗ്ധമായി ഒപ്പിച്ചു വച്ച ഫിക്സേഷനിലെ കുരുക്കഴിച്ച് തീരാതെ വിഷണ്ണനായിരുന്ന ഞാൻ അലക്ഷ്യമായി ചോദിച്ചു.


"ങ്ങളൊന്ന് തല പൊക്കണുണ്ടോ? കുഞ്ഞി പെണ്ണതാ കട്ടിലിക്കെടന്ന് കരയണ്ട്. "


ആ "വദനാംബുജം വാടുന്ന "തെനിക്ക് സഹിക്കുന്ന കാര്യമല്ല. ശ്ശെട പാടെ, ഇതിനു മാത്രം എന്തുണ്ടായി? റിപ്പോർട്ടും കുന്തവും കൊടച്ചക്രവുമെല്ലാം അവിടെയുപേക്ഷിച്ച് ചായ ഗ്ളാസുമെടുത്ത് ഞാൻ നേരെ മുറിയിലേക്ക് നടന്നു. അവിടെതാ എന്റെ താമര ത്തുമ്പി കമഴ്ന്നു കിടന്നു ഏങ്ങലടിക്കുന്നു!!


"അമ്മൂ"


" മിണ്ടാട്ടമില്ല. കരച്ചിൽ കർക്കിടകത്തിലെ ചാറ്റൽ മഴ പോലെ ശക്തി പ്രാപിക്കുകയാണ്.


" അച്ചന്റെ ചുന്നര്യല്ലേ? എന്തിനാ കരയണേന്നു പറ."


ബലം പിടിച്ചു കമഴ്ന്നു കിടന്ന അവളെ പൊക്കിയെടുത്ത് വെറ്റേറാൻ അങ്കതലത്തിലിരുത്തി മുടിയിഴകൾ മാടിയൊതുക്കി. കൈകളിൽ നനവു പടരുന്നു. മുഖം പിടിച്ചുയർത്തിയപ്പോൾ കൈതവം കാണാ കണ്ണുകൾ കണ്ണുനീർ തടാകമായിരിക്കുന്നു, എന്റെ ഉള്ളിൽ എന്തോ ഒന്ന് കൊളുത്തി വലിച്ചു. കണ്ണീർ തുടച്ച് മൂർദ്ധാവിൽ ചുംബിച്ച് നെഞ്ചോട് ചേർത്തിരുത്തി ഞാൻ ചോദ്യമാവർത്തിച്ചു.


" അച്ചന്റെ പൊന്നുങ്കൊടം ന്തിനാ കരേണതെന്നു പറ"


" ചേട്ടൻ പറയാണ്.... മുഖമുയർത്തി തെരുതെരെ ഉയർന്നു വരുന്ന തേങ്ങലുകളാൽ പറഞ്ഞു വന്നത് മുഴുവനാക്കാൻ കഴിയാതെ അവൾ എന്നെ സങ്കടപ്പെട്ട് നോക്കുകയാണ്.


"ഏട്ടനെന്താ പറഞ്ഞേ? അവനെയിന്നു ഞാൻ....


"ഏട്ടൻ പറയാണ്, ന്നെ അച്ചന് അങ്ങാടീന്ന് പൂരത്തിന്റന്ന് തവിട് കൊടത്ത് വാങ്ങീതാന്ന്. ന്നട്ട്, പാവം തോന്നീട്ട്, അച്ചൻ ബടെ കൊണ്ടന്ന് വളത്തീതാന്ന്. !!


അപ്പൊ അതാണ് കാര്യം. ഉള്ളിൽ കൊളുത്തി വേദനിപ്പിക്കുന്ന ഈ അസ്തിത്വ പ്രശ്നമാണ് എന്നോട് വന്നു ചോദിച്ചുറപ്പിച്ചപ്പോൾ ഞാൻ മൂളി ശരിവച്ചത്!! ആ കുഞ്ഞ് മനസ്സ് നീറാൻ ഇനി വേറെന്തു വേണം?


അഗാധതയിൽ നിന്നുയർന്നു വന്ന ചിരിയെ തൊണ്ടയിൽ കുരുക്കിയിട്ട് ഞാൻ അവളോട് പറഞ്ഞു.


"ഏട്ടൻ അമ്മൂനെ കളിപ്പിക്കാൻ പറേണതല്ലേ? അമ്മു അച്ചന്റെ പുന്നാര മോളല്ലേ? 


" ന്നട്ട് നിക്ക് ഒരു ഭംഗീല്യാന്നു പറഞ്ഞു ലോ"


"ആരു പറഞ്ഞു? അമ്മൂന് അച്ഛന്റെ ച്ഛായാണ് കിട്ടീത്. നല്ല സുന്ദരിക്കുട്ട്യാണല്ലോ? 


" ആഹാ, അച്ചൻ സുന്ദരനാണന്നാരാ പറഞ്ഞേ? 


ഈ ചോദ്യം അലമാരയിലെ അണ്ഡകടാഹത്തിൽ എന്തോ തിരയുന്ന ഭാര്യയുടെ വകയാണ്. അനുബന്ധമായി വന്ന അമർത്തിയ ചിരി ഞാൻ കേട്ടില്ലെന്നു വച്ചു.


" ന്റെ മൂക്ക് ചപ്പിയ മൂക്കാന്നും നെറോല്യാന്നും പറഞ്ഞു. "


" അപ്പോ, ഒറപ്പായും അച്ഛന്റെ ച്ഛായ തന്ന്യാ "


വീണ്ടും അണ്ഡകടാഹത്തിൽ നിന്നാണ് അശരീരി. കൂട്ടിന് ചില്ലു ഗ്ളാസുടഞ്ഞ ചിരിയും. തോമാ ഈ കേസ് അവധിക്കു വയ്ക്കുകയാണ്.. 


"ഏയ്, അച്ചന്റമ്മൂന് നല്ല എള്ളിൻ പൂവ് പോലത്തെ സുന്ദരൻ മൂക്കാണ്. നല്ല കണ്ണാണ്. നല്ല ചുണ്ടാണ്. നല്ല നെറോണ്ട്. അല്ലേലും ഏട്ടനെപ്പോലെ ഈ ചൊമര് വെള്ളയടിച്ച ജാതീരുന്നാ എന്തിനു കൊള്ളാം? അച്ചൻ അമ്മൂന് നല്ല മൂക്കുത്തി വാങ്ങി ഇട്ടു തരാം ട്ടോ "


" സത്യായിട്ടും?


നീർമിഴിപീലികളുയർത്തി നിറകൺചിരിയോടെ അവൾ ചോദിച്ചു. അത്ഭുതവും സന്തോഷവും കൊണ്ട് നക്ഷത്രം പോലെ പ്രകാശിക്കുന്ന മിഴികൾ!


അതങ്ങനെ കഴിഞ്ഞു. ഞാനെന്റെ യുദ്ധരംഗത്തേക്കും അവളവളുടെ ശൈശവ ലീലകളിലേക്കും മടങ്ങി. അത്താഴം കഴിഞ്ഞ് നെഞ്ചിൽ പറ്റിക്കിടന്ന് നീലക്കുറുക്കന്റെ കഥയിലൂടെ തുഴഞ്ഞു നീങ്ങുന്നതിനിടയിൽ മുഖമുയർത്താതെ അവൾ വിളിച്ചു.


"അച്ചാ"


"ന്താമ്മൂ?


" അച്ചൻ മൂക്കുത്തി വാങ്ങാൻ പോവുമ്പോ ഇത്തിരി എള്ളിൻ പൂവ് കൊണ്ടര്വോ?


എന്തിന്?


" ന്റെ മൂക്ക് അതു പോല്യാണോന്ന് നോക്കാനാ!


ഉയർന്നു വന്ന ചിരി ഇത്തവണ ഞാനടക്കിയില്ല. 


കഥാപ്രസംഗക്കാരുടെ വായ്ത്താരി പോലെ വേനലും മഞ്ഞും മഴയുമായി കാലം കുറേ കടന്നു പോയി. അന്നത്തെ ഏഴു വയസ്സുകാരി പഠിച്ചു, വളർന്നു, വിവാഹിതയായി, അമ്മയായി. ആസ്പത്രിയിൽ, ഇഹലോകത്തെ കാപട്യങ്ങളോട് സമരസപ്പെടാതെ മിഴി പൂട്ടിയുറങ്ങുന്ന കുഞ്ഞിളം പൈതലിനെ കണ്ടു. പിന്നീട് മകൾക്കരികിലെത്തി ശിരസ്സിൽ തലോടി ഞാൻ വെറുതെ ചോദിച്ചു.


"നിന്റെ മോൾക്കും എള്ളിൻ പൂവ് മൂക്കാണല്ലോടീ."


ഒരു നിമിഷം പകച്ചെങ്കിലും നീലമിട്ടു തുടച്ച ഓർമ്മച്ചില്ലിലൂടെ സ്മരണകൾ അരിച്ചെത്തിയപ്പോൾ ആ മുഖം വിടർന്നു. അവളെന്റെ കരം കവർന്നു നെഞ്ചോട് ചേർത്തു. ശേഷം പ്രസവാലസ്യം നിഴൽ വീഴ്ത്തിയ മുഖത്ത് വിളറിയ ചന്ദ്രിക പോലെ ആ ചിരി വിരിഞ്ഞു. അന്നത്തെ നിഷ്കളങ്കമായ അതേ നിറകൺചിരി!


ഇന്നിപ്പോൾ പോയതും വന്നതുമായി രണ്ട് പെൺ മക്കളാണ്. ഇരുവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ