എനിക്കൊരാഗ്രഹമുണ്ട്. ഒരിക്കലും നടക്കാത്ത ആഗ്രഹം. അദൃശ്യനായി ചെന്ന് നന്ദിനിടീച്ചറുടെ ക്ളാസിലിരിക്കണം. 


അത് സാധിക്കുമെങ്കിൽ ഞാനാദ്യം പോകുക എന്നെ അഞ്ചിലും ആറിലും കണക്ക് പഠിപ്പിച്ച തൊട്ടയൽവാസിയായിരുന്ന നന്ദിനി സാറിന്റെ ക്ളാസിലേക്കാണ്. ടീച്ചറമ്മാർക്ക് വൈകീട്ട് ചായയും പരിപ്പുവടയോ സുഖിയനോ വാങ്ങിക്കൊണ്ട് വരുന്നത് എന്റെ സഹ മടിയനായ ജോണിയാണ്. അതിലൊരു പരിപ്പുവടയാണ് അവന് പ്രതിഫലം. അയൽവാസിപ്പയ്യനോടുള്ള സ്നേഹ വാത്സല്യം കൊണ്ട് നന്ദിനി സാർ ഒരു തുണ്ട് പരിപ്പുവട എന്നെ വിളിച്ചു തരും. ആ തുണ്ടിൽ നിന്ന് ഒരു ചെറിയ കഷ്ണം അടർത്തി ഞാൻ സെലീനക്ക് കൊടുക്കും. പത്തു വയസ്സുകാരന്റെ ഭാവി വധുവാണ് സെലീന !!. അവൾ നന്നായി പഠിക്കും. അതുകൊണ്ട് ഞാനും ബുദ്ധിമുട്ടി പഠിക്കും. എങ്ങാൻ തോറ്റുപോയാൽ താഴെ ക്ളാസിൽ പഠിക്കുന്ന എനിക്ക് മുകളിലെ ക്ളാസിൽ പഠിക്കുന്ന സെലീനയെ അവളുടെ വീട്ടുകാർ കെട്ടിച്ച് തരൂല്ലാ. അത്രയൊക്കെ ഭാവിയെ കുറിച്ച് ചിന്തിക്കാനുള്ള ബോധമെനിക്ക് പത്ത് വയസ്സിലും ഉണ്ടായിരുന്നു !!!


പിന്നേയും വലിയൊരു പ്രശ്നം അവശേഷിക്കുന്നുണ്ട്. അവൾ കൃസ്ത്യാനിയാണ്. ആ ഗൗരവമേറിയ പ്രശ്നത്തിനുള്ള പോംവഴി അവൾ തന്നെ രഹസ്യമായി എന്നോട് പറഞ്ഞു തന്നിട്ടുണ്ട്.


"മ്മക്ക് ഒളിച്ചോടി വയനാട്ടിലുള്ള അമ്മ വീടിനടുത്ത് പോയി താമസിക്കാം. " അവളുടെ അമ്മാച്ചമ്മാർ കമ്യൂണിസ്റ്റുകാരാണത്രെ. കമ്യൂണിസ്റ്റുകാർക്ക് ജാതിയും മതവുമില്ല പോലും . 


അത് നല്ലൊരൈഡിയയാണെന്ന് ഞാനും സമ്മതിച്ചു. പക്ഷെ ഒരു കരാർ. ഒരുമിച്ച് താമസിക്കുമ്പോൾ വീട്ടിൽ ഇറച്ചിയും മീനും വയ്ക്കാൻ പറ്റൂലാ !!


അതൊക്കെ പോകട്ടെ, ടീച്ചർ 16 x 16 വരെയുള്ള ഗുണനപ്പട്ടിക കാണാതെ ചൊല്ലാൻ പഠിപ്പിച്ചിരുന്നു. പക്ഷെ എനിക്കിപ്പോൾ 12 വരെയുള്ള പട്ടികയേ ഓർമ്മയുള്ളൂ. കാരണം ബാക്കി പഠിപ്പിച്ചപ്പോൾ എനിക്ക് മഞ്ഞപ്പിത്തം കാരണം ക്ളാസിൽ പോകാൻ പറ്റിയില്ല. അസുഖം മാറി ക്ളാസിൽ ചെന്നയന്ന് ടീച്ചർ എന്റ നോട്ട്ബുക്കിൽ 13 മുതൽ 16 വരെയുള്ള പട്ടിക എഴുതിത്തന്നതാണ്. പക്ഷെ മടിയനായ ഞാൻ സെലീന ഇടക്കിടെ പറഞ്ഞിട്ടു പോലും അത് ഉരുവിട്ട് പഠിച്ചില്ല. 


അതിന്റെ കുറവ് ഞാൻ കഴിഞ്ഞയാഴ്ച അറിഞ്ഞു. വാഴക്കിടാൻ 15 കിലോ വളം വാങ്ങിയിട്ട് ആ കള്ളൻ പറഞ്ഞ കാശ് കൊടുത്തു. വീട്ടിൽ വന്നു കാൽക്കുലേറ്ററിൽ നോക്കിയപ്പോൾ 60 രൂപ കൂടുതൽ കൊടുത്തു !!


 പറ്റിയ പറ്റിൽ ഖിന്നനായി സിറ്റൗട്ടിലെ ഇരുട്ടിൽ കസേരയിൽ ചാഞ്ഞ് മിഴിയൊന്നടഞ്ഞതേയുള്ളൂ.കുട്ടിക്കൂറയുടെയും കാച്ചെണ്ണയുടേയും സുഗന്ധം തെക്കൻ കാറ്റിന്റെ കൈപ്പിടിച്ച് വന്ന് ചുറ്റും പരന്നു.


ഇളം നീല വോയിൽ സാരി ചുറ്റിയ ടീച്ചർ കുനിഞ്ഞു എന്റെ നിക്കർ വലിച്ചു പിടിച്ച് പാണലിന്റെ വടി യോങ്ങുന്നു !


" ഞാനന്നേ പറഞ്ഞതല്ലേ? ഇപ്പോ എന്തായി ? ചുമ്മാ കാശ് കൊണ്ട കളഞ്ഞില്ലേ?


പുറത്ത് നല്ല മഴ . എങ്കിലും ഞാൻ വിയർക്കുകയാണല്ലോ ! ഇന്നുതന്നെ പട്ടിക പഠിച്ചിട്ടു കാര്യം. പതിമൂന്നൊന്ന് പതിമൂന്ന്

പതിമൂന്ന് രണ്ട് ഇരുപത്താറ്

പതിമൂന്ന് മൂന്ന് മുപ്പത്തൊമ്പത്

പതിമൂന്ന് നാല് .........


അങ്ങകലെ ആകാശച്ചെരുവിൽ ഒരു കുഞ്ഞുനക്ഷത്രം കണ്ണു ചിമ്മുന്നു. സ്ക്കൂളിൽ വൈകീട്ട് ചായയോടൊപ്പമുള്ള പരിപ്പുവടയുടെ ഒരു തുണ്ട് എന്റെ നേരെ നീട്ടി നക്ഷത്രം പറഞ്ഞു.


"വേഗം പഠിച്ച് ചൊല്ലി ക്കേൾപ്പിക്ക്. പരിപ്പു വട വേണ്ടേ നിനക്ക് ?


ഞാൻ ചൊല്ലാൻ തുടങ്ങി


പതിമൂന്ന് നാല് അമ്പത്തി രണ്ട്

പതിമൂന്നഞ്ച് അറുപത്തഞ്ച് ...


അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന എല്ലാ ഗുരു നാഥർക്കും സ്നേഹാദരങ്ങൾ.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ