സമയം ഇഴഞ്ഞും നടന്നും ചിലപ്പോൾ ഓടിയും പോയതൊന്നും നാലുമണിച്ചെടിയറിഞ്ഞ മട്ടില്ല. മീന വെയിൽ ഏറെ ചാഞ്ഞിട്ടും 3 മണിയുടെ ശൗര്യം കാട്ടിയാൽ പാവം നാലു മണിച്ചെടികൾ എന്തു ചെയ്യും ? 


TV യിൽ മോഹൻലാലും ശോഭനയുമഭിനയിച്ച ഒരു പഴയ പടം കണ്ടിരിക്കുകയാണ് ഞാൻ. എന്തൊക്കെ പറഞ്ഞാലും ഈ പഹയന്റെ പ്രണയ ഭാവങ്ങൾ ഹൈറേഞ്ചിലെ നൂൽ മഴയുടെ കുളിര് പകരുന്നവയാണ്. സീനിയർ സിറ്റിസൺ ചമഞ്ഞിരിക്കുന്ന എന്നെപ്പോലും സമയരഥത്തിലേറ്റി എൺപതുകളിലെ ആദ്യ പാദങ്ങളിലെ നിഴൽ വീണ, കൊങ്ങിണിപ്പൂക്കൾ പരിലസിക്കുന്ന കയ്യാലകളുള്ള, ഇളം തണുപ്പു പകരുന്ന ഇടവഴികളിലേക്കും തോട്ടിറമ്പിലേക്കുമൊക്കെ കൈപിടിച്ചു കൊണ്ടുപോകുന്ന, അനന്യമായ മഹാസിദ്ധി. 


രസച്ചരട് നിർദ്ദയം മുറിച്ച് വാതിലിൽ മുട്ടു കേൾക്കുന്നുണ്ട്. ലാലിനേയും ശോഭനയേയും ഉത്സവപ്പറമ്പിൽ പ്രണയിക്കാൻ വിട്ട് വാതിൽ തുറന്നപ്പോൾ സഹധർമ്മിണിയാണ്. കയറി വന്ന പാടെ കയ്യിലെ ഭാരമുള്ള സഞ്ചി മേശപ്പുറത്ത് വച്ച് നേരെ സെറ്റിയിൽ തല പിന്നോക്കം ചായ്ച്ച് കിടപ്പായി. നനയേൽക്കാൻ വൈകിയ തക്കാളി പോലെ മുഖത്തൊരു വാട്ടമുണ്ട്. ഏതായാലും ഞാൻ ഫാനിന്റെ സ്പീഡ് കൂട്ടിയിട്ട് കൊടുത്തു. 


ഈ ഭാരവും ചുമന്ന് ബസ് സ്റ്റോപ്പ് മുതൽ നടക്കേണ്ട കാര്യമൊന്നുമില്ലെന്ന് ഓർമ്മിപ്പിക്കണോ എന്ന് ഒരു നിമിഷം സംശയിച്ച് വേണ്ടെന്നു വച്ചു. പുറത്തേയും ഉള്ളിലേയും മീനച്ചൂട് മറുപടി വാക്കുകളിലാവാഹിച്ചാൽ പണി പാളും. അങ്ങനെയിരിക്കെ അശരീരിയെത്തി.


"ആ ജോർജിനോട് ഒന്ന് വീട്ടിൽ കൊണ്ട് വിടാമോയെന്ന് ചോദിച്ചപ്പോൾ അവന് അത്യാവശ്യമായി വേറെ ഓട്ടമുണ്ടെന്ന്. ഇനി ചേച്ചീന്നും വിളിച്ച് ഇളിച്ചോണ്ട് വരട്ടെ !


സംഗതിയുടെ കിടപ്പ് മനസ്സിലായി. രണ്ടു ഫർലോംഗുള്ള ഈ ഓട്ടം പിടിച്ചാൽ മിനിമം കാശേ കിട്ടൂ. അവന്റെ ടേൺ പോയിക്കിട്ടും. എന്നാൽ ഇത് മനസ്സിലാക്കി 5 രൂപാ കൂടുതൽ കഴുത്തുപോയാലും ഇവൾ കൊടുക്കുകയുമില്ല. അതാവും " ചേച്ചിയെ " "അനിയൻ " കയ്യൊഴിഞ്ഞത്. 


ഈ ഘട്ടത്തിൽ ഒരുത്തമ ഭർത്താവ് ചെയ്യേണ്ടത് ഭാര്യക്ക് ഒരു രസികൻ ചായയുണ്ടാക്കിക്കൊടുക്കുകയാണ്. അടുക്കളയിലേക്ക് നടക്കും വഴി ഞാനാമുഖമൊന്ന് ഒളി കണ്ണിട്ട് നോക്കി. പാവം! 35 വർഷം മുമ്പ് ഈ നിസ്വന്റെ കൈപിടിച്ചിറങ്ങിപ്പോരുമ്പോൾ കയറിക്കിടക്കാൻ ഒരു വീട് പോലുമുണ്ടായിരുന്നില്ല. അതറിഞ്ഞ് തന്നെയാണ് ഈ കൈ മുറുകെ പിടിച്ചതും. അവിടന്നിങ്ങോട്ട് ജീവിതായോധനത്തിന്റെ കടുത്ത വേനലുകളിലെല്ലാം തണലായും നനവായും നിഴൽപോലെ കൂടെ നിന്നയാളാണ്. ഉറുമ്പ് അരിമണി ശേഖരിക്കും പോലെ ഓരോ പൈസയും കൂട്ടിവച്ചു, സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ചും ചെലവ് നിയന്ത്രിച്ചും സാമ്പത്തിക ഭദ്രതയുടെ കരയെത്തും വരെ തളർച്ചയറിയിക്കാതെ കൂടെ തുഴയെറിഞ്ഞവൾ. ആ ത്യാഗവും സഹനവും വളമാക്കി വിളഞ്ഞ കതിർക്കുലയിലെ ഒരു നെന്മണി പോലും പാഴായി പ്പോകുന്നത് അവൾക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല.


"ദാ പാലിപ്പോ തെളച്ച് പോകൂലോ "


 ചിന്തയിലാണ്ട് നിന്ന ഞാൻ ഞെട്ടിയുണർന്നു. ആൾ തൊട്ട് പിന്നിലെത്തിയിരിക്കുന്നു. ഇനിയിപ്പൊ എനിക്കിവിടെ റോളില്ല. ഞാൻ ചാഞ്ഞ വെയിലേക്കിറങ്ങി.


തിരിച്ചെത്തിയപ്പോൾ മൂപ്പത്യാർ ലേശം കലിപ്പിലാണ്. 


"ചായ പകർന്നപ്പഴേക്കും എങ്ങ് ടാ സർക്കീട്ട് പോയത്? അതിപ്പൊ തണുത്തുകാണും " പരിഭവമാണ് മുന്നിൽ.


പിന്നിൽ നിന്ന് ഇടം കയ്യാൽ ചേർത്ത് പിടിച്ച് വലം കയ്യിലെ പൊതി പിന്നിലൊളിപ്പിച്ച് ഞാനാ കാതിൽ മൊഴിഞ്ഞു.


" ടണ്ട ടൈം. ഒരു സർപ്രൈസുണ്ടല്ലോ "


ദീർഘമായി മണം പിടിച്ച ആ മുഖം ആമ്പൽപ്പൂ പോലെ വിടരുന്നതും മാൻമിഴികളിൽ വശ്യമായ ഒരു തിളക്കം മിന്നിമറയുന്നതും ഞാൻ സാകൂതം നോക്കി നിന്നു. മേശക്കിരുപുറവുമിരുന്ന് ചായ കൂടിക്കവെ പാൽപ്പുഞ്ചിരിയാൽ പ്രകാശം പരത്തി അവൾ പറഞ്ഞു.


"വൈന്നേരത്തെ ചായയ്ക്ക് പരിപ്പ് വട പോലെയൊരു കൂട്ട് വേറെയില്ല " 


ഈ കർക്കശക്കാരിയായ സാമ്പത്തികാസൂത്രണ വിദഗ്ദ്ധയെ നിമിഷാർദ്ധം കൊണ്ട് നിഷ്കളങ്കയായ പത്തുവയസ്സുകാരിയാക്കുന്ന ഇന്ദ്രജാലം കാട്ടിയ പരിപ്പുവടയുടെ ഒരു കഷ്ണം ഞാനും വായിലിട്ടു. 


ശരിയാണ് പരിപ്പ് വടക്ക് ചായയ്ക്ക് കൂട്ടാവാനും നാലുമണിപ്പൂക്കൾ വിടർത്താനും കഴിയും.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ