ഏഴാം ക്ളാസിലെത്തിയപ്പോൾ ത്തന്നെ 5 അടിക്കുമേൽ ഉയരവും ഈർക്കിലിയിൽ മച്ചിങ്ങ കുത്തിയ ചേലുമുണ്ടായിരുന്ന എനിക്ക് ട്രൗസർ തീരെ ഇണങ്ങുന്നുണ്ടായിരുന്നില്ല. ഒരു ദിവസം ബെല്ലടി കേട്ട് ഓടി വന്നു് ജനൽ വഴി ക്ളാസിലേക്ക് ചാടിയ എന്നെ നോക്കി ഹിന്ദിപ്പാപ്പനെന്നു് ഇരട്ടപ്പേരുണ്ടായിരുന്ന കരുണാകരപിള്ള സാർ സുഗ്രീവാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു.
" നീ നാളെ മുതൽ മുണ്ടുടുത്തു വന്നാൽ മതി"
വീട്ടിലിതവതരിപ്പിച്ചപ്പോൾ അച്ഛൻ ഒരു നിമിഷം എന്നെ ആപാദചൂഡമൊന്നു നോക്കി. ഇവ നിത്രയ്ക്കായോ എന്നു് പറയാതെ പറയുന്ന ഒരു നോട്ടം. പിന്നെ നീട്ടിയൊരു മൂളൽ ഏതായാലും പിറ്റേന്നു രാവിലെ മുണ്ടു കിട്ടി. അച്ഛനുടുത്തു പഴകിയ അവിടവിടെ മഞ്ഞനിറം കലർന്ന മൽമൽ മുണ്ട് !!
ഡബിൾ മുണ്ടുടുത്തവനെ കണ്ടാൽ എഴുനേറ്റു ബഹുമാനിക്കുകയും പാന്റി ട്ടവനെ കണ്ടാൽ ചുറ്റും നാലാൾ കൂടുകയും ചെയ്തിരുന്ന അക്കാലത്ത് മൽമൽ മുണ്ടിനൊരു കുറച്ചിലുമെനിക്കു തോന്നിയില്ല. മേജറായതിന്റെ ഒരഭിമാനം തോന്നുകയും ചെയ്തു.
ഗോക്കളെ മേച്ചും മരം കയറിയും തിമർത്തോടിച്ചാടിക്കളിച്ചും നടക്കാൻ പക്ഷെ മുണ്ടൊരു തടസ്സമായിരുന്നു. ഇടയ്ക്കിടയ്ക്ക് അഴിഞ്ഞു പോകുന്ന മുണ്ട് അരയിലുറപ്പിക്കണം. ഇതൊന്നും പോരാഞ്ഞ് ആദ്യദിവസം മുണ്ടുടുത്തത് നാലാളുകൾ ശ്രദ്ധിക്കാൻ ലേശം വൈകിയെത്തിയ എന്നെ കണ്ടയുടൻ നിറഞ്ഞ ക്ളാസ് മുറിയിൽ വച്ചുണ്ടായ ഹിന്ദി പാപ്പന്റെ കമന്റും.
"വാഴത്തോട്ടത്തിൽ വച്ച കോലം പോലുണ്ടല്ലോടാ "
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേരെയും ബുധനാഴ്ച മറിച്ചും ഉടുക്കുന്നതോടെ യഥാർത്ഥ നിറമെന്തെന്നറിയാതെയാകുന്ന മുണ്ടു കണ്ട് അമ്മയും തന്റെ ഉപമാലങ്കാര പ്രയോഗത്തിൽ കുറച്ചില്ല.
"കണ്ടത്തിൽ പൂട്ടി കയറി വരണ പോലെയുണ്ട്, ഇനീ തെങ്ങ്ന്യാ ഒന്നു് വെളുപ്പിച്ചെടുക്കാന്റെ ഈ ശരമ്മാരേ.
കൂടെയൊരു ശുപാർശയും .
" ന്റെ കുട്ടിക്കൊരു ഡബിള് മുണ്ട് മേടിച്ചൊടക്കണം"
ഇത്തവണ അച്ഛനൊന്നാലോചിച്ച് ഒരു കണ്ടീഷൻ വച്ചു.
" SSLC ക്ക് ഫസ്റ്റ്ക്ളാസു മേടിക്കട്ടെ, ന്നാ നോക്കാം "
ഇന്നത്തെപ്പോലെയല്ല. ഫസ്റ്റ് ക്ളാസ് കിട്ടിയവനെ വായനശാലയിൽ പൊതുയോഗം വിളിച്ചു കൂട്ടി മെമ്പറന്മാരുടേയും പ്രസിഡന്റിന്റേയും സാന്നിദ്ധ്യത്തിൽ അനുമോദിക്കുന്ന കാലമാണത്!!
അതിനുള്ള വിദൂര സാധ്യത വന്യമായ സ്വപ്നങ്ങളിൽ പോലും കാണാത്ത ഞാൻ ആ ആഗ്രഹം തന്നെ ഉപേക്ഷിച്ചുകളഞ്ഞു.
ബുധനാഴ്ചയും ശനിയാഴ്ച്ചയും കാരമിട്ട് തിളപ്പിച്ച വെള്ളത്തിൽ പുഴുങ്ങി, കുളത്തിൽ കൊണ്ടുപോയി അടിച്ചു നനച്ച് കഞ്ഞി പിഴിഞ്ഞ് ഉണക്കി, കനൽ നിറച്ച കവടിക്കിണ്ണം കൊണ്ട് തേച്ച് വീണ്ടും ഒരു വർഷം മൽമൽ മുണ്ടിനു് എന്റെ നാണം മറയ്ക്കാനുള്ള യോഗമുണ്ടായി.
ആ വർഷം ആസ്സാമിലെ ചായത്തോട്ടത്തിൽ ജോലിയുണ്ടായിരുന്ന അമ്മാമൻ അവധിക്കു വന്നു പോയപ്പോൾ അമ്മയുടെ ശുപാർശ പ്രകാരം പഴയ രണ്ടു ഡബിൾ മുണ്ടുകൾ അനന്തരവനു് ദാനം ചെയ്തു. പതിവിലും നേരത്തെ കുളിച്ചു കുറിയിട്ട്
3 പീസ് സ്യൂട്ട് അണിഞ്ഞ പ്രൗഢിയിലായിരുന്നു പിറ്റേന്നു ഞാൻ സ്കൂളിലെത്തിയത്. അമ്മയുടെ അന്ത്യശാസനം ഇടയ്ക്കിടെ അലോസരപ്പെടുത്തിയിരുന്നു എന്നു മാത്രം.
"ഇതിലും കറയാക്കിക്കൊണ്ടന്നാ പിന്നെ കോണോടുത്ത് പോണ്ടേരും ഷ്ക്കോളിൽക്ക്
ന്നോർത്തോ "
ഇതായിരുന്നു അന്ത്യശാസനം.
Comments
Post a Comment