ചെന്നു കയറുമ്പോൾ വീടിന്റെ മുൻ വശത്തെങ്ങും ആരുമില്ല. സിറ്റൗട്ടിന്റെ പുറം തൂണിൽ ഉറപ്പിച്ച കാളിംഗ് ബെല്ലടിച്ച് കാത്തു നിൽക്കുമ്പോൾ തെക്ക് ഭാഗത്തെ മുറ്റത്തു നിന്നാണു് പ്രതികരണമുണ്ടായത്. ഇരു കൈകളിലും പഴയ എന്തൊക്കെയോ സാധന ങ്ങൾ തൂക്കിപ്പിടിച്ചു കൊണ്ട് സുമതിയമ്മ പ്രത്യക്ഷപ്പെട്ടു പറഞ്ഞു.
നീ തെക്ക്വേറെ വാ.
തെക്കെ മുറ്റത്തു ഒരു ആക്രിക്കട തുടങ്ങിയ പോലുണ്ട്. ഒരു വശം തുരുമ്പെടുത്ത ഗ്യാസ് സ്റ്റൗ, പഴയ ഫ്ളാസ്ക്ക്, കുറേയേറെ പഴയ അലുമിനിയം സ്റ്റീൽ പാത്രങ്ങൾ, പഴയ ഒരു മിക്ലി, വാഷിംഗ് മെഷീന്റെ സൈഡ് പ്ളേറ്റു്, ജാംബവാൻ ഉപയോഗിച്ചതെന്നു കരുതാവുന്ന മർഫി പെട്ടി റേഡിയോ, കഴുത്തൊടിഞ്ഞ ഒരു ടേബിൾ ഫാൻ എന്നു വേണ്ട ഒരു പെട്ടി വണ്ടിയിൽ കയറ്റാവുന്നത്ര സാധനങ്ങൾ മുറ്റത്തും വരാന്തയിലുമായി നിരത്തിയിട്ടിരിക്കുകയാണു്. സുമതിയമ്മയാകട്ടെ വയ്യാത്ത നടു കുനിഞ്ഞ് അതിൽ ചിലതൊക്കെ ചികഞ്ഞെടുത്ത് മാറ്റി വയ്ക്കുന്നു.
'നീയിതൊക്കെ ഒന്നു നോക്കി നന്നാക്കിയെടുക്കാവുന്നതൊന്നു് മാറ്റിയിട്.
സുമതിയമ്മ രാവിലെ എനിക്ക് പണി തരാനുള്ള ഭാവമാണു്. ഈ തുരുമ്പെടുത്തതും പഴകിയതുമായ സാധന സാമഗ്രികൾ ഇരുമ്പു വിലക്ക് ആക്രി പെറുക്കാൻ വരുന്നവർക്ക് കൊടുക്കുകയാവും ഭേദം. ഇതിനുള്ളിലെ മോട്ടറുകൾക്കോ ചെമ്പ് പിത്തള ഭാഗങ്ങൾക്കോ എന്തെങ്കിലും കിട്ടിയാലായി.
''ഇതൊന്നും ആ ക്രിക്കാരുപോലുമെടുക്കൂല്ല ചേച്ചീ.
"എന്നാ നീ നിന്റെ വഴി നോക്കി പോക്കോ"
ആയമ്മ പിണങ്ങിക്കഴിഞ്ഞു. ക്ഷിപ്രകോപിയാണെങ്കിലും ക്ഷിപ്രപ്രസാദിയായ ദേവതയാണു്. ആ മനസ്സിന്റെ നേരും നന്മയും പലകുറി അനുഭവിച്ചറിഞ്ഞയാളാണു് ഞാൻ. ഇതൊന്നുമില്ലെങ്കിലും സുമതിയമ്മയെ പിണക്കുന്നത് എന്റെ സാമ്പത്തികാരോഗ്യത്തിനു നല്ലതല്ല. പിള്ളേർ രണ്ടും വിദേശത്തായതു കൊണ്ട് ഒറ്റക്കു താമസിക്കുന്ന ആയമ്മയുടെ വീട്ടുകാര്യങ്ങളൊക്കെ നടത്തിക്കൊടുക്കുന്ന വകയിൽ അവർ അറിഞ്ഞു തരുന്ന നോട്ടുകൾ കുടിയാണു് എന്റെ ജീവിത വാഹനത്തിന്റെ ഇന്ധനം.
കാര്യങ്ങൾ നയത്തിൽ അന്വേഷിച്ചപ്പോഴാണു് അറിയുന്നത് ഇളയ പുത്രൻ പ്രകാശനും കുടുംബവും എത്തിയിട്ടുണ്ട്. അവന്റെ ഗൃഹനവീകരണ ഉദ്യമത്തിന്റെ ഭാഗമായാണു് ഈ പഴയ സാധനങ്ങൾ അപ്പാടെ മാറ്റി പകരം പുതു പുത്തൻ സാധനങ്ങൾ വീട്ടിലെത്തിയത്. ഇതിൽ സന്തോഷിക്കുകയല്ലേ ചെയ്യേണ്ടത്? അതിനു പകരം സുമതിയമ്മയതാ കയ്യും അഴുക്കാക്കി വയ്യാത്ത നടുവും കൊണ്ട് എടുത്താൽ പൊങ്ങാത്ത ഓരോന്നു കെട്ടിവലിച്ച് കഷ്ടപ്പെടുന്നു.!!
"ദാ ഇതു കണ്ടോടാ പ്രകാശനുണ്ടായി ആറാം മാസം ഗുരുവായൂര് കൊണ്ടോയി ചോറുകൊടുത്തിട്ട് വരുന്ന: വഴി എടുത്ത ഫോട്ടോയാ. ശരിയാണു്. ഫ്രെയിം ഇളകിയതും ഫോട്ടോയിൽ സുമതിയമ്മയുടെ ഒരു വശം പുഴുവോ പ്രാണിയോ മറ്റോ കാർന്നു തിന്നാൻ തുടങ്ങിയതുമൊഴിച്ചാൽ പഴയ ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോക്ക് വലിയ പരിക്കൊന്നും പറ്റിയിട്ടില്ല. ഭാർഗ്ഗവൻ ചേട്ടനൊപ്പം കുട്ടിയെ മടിയിൽ വച്ച് ഇരിക്കുന്ന സുമതിയമ്മയെ കണ്ടാൽ നല്ല ഐശ്വര്യം. മൂപ്പത്യാർ ഒരു ഗതകാല സുന്ദരി തന്നെ.
"നിനക്കറിയാമോ പത്തു നാല്പത്തഞ്ചു കൊല്ലം മുൻപ് ഇവിടെ ഒരു വീടുവയ്ക്കാനും ഇക്കണ്ട സാധനങ്ങളൊക്കെ ഒപ്പിക്കാനും ഞങ്ങൾ പെട്ട പാട്? നിങ്ങൾക്കൊന്നും സങ്കൽപ്പിക്കാൻ പോലും പറ്റൂലാ. ദേ ഈ മിക്സി ഇൻസ്റ്റാൾ മെന്റിലു മോഹിച്ചു മോഹിച്ചു വാങ്ങീതാ. ചേട്ടൻ മരിക്കണേന്റന്നു പോലും കിടന്ന ഈ ചാരുകസേര എന്റനിയൻ വീട്ടിലിട്ട് പണിയിപ്പിച്ച് ചൊമന്നു് കൊണ്ടു തന്നതാ. ചേട്ടൻ വീട്ടു ചെലവിനു തരുന്ന കാശിൽ നിന്നു് മിച്ചം പിടിച്ച് ചിട്ടി കൂടി വാങ്ങിയതാ ഈ ഗ്രൈൻഡർ. എത്ര ഓവർടൈം ചെയ്താണ് ഇതിന്റെയൊക്കെ കടം ചേട്ടൻ തീർത്തേന്നു് അറിയാമോ?
സുമതിയമ്മ മുട്ടിൽ കൈ കൊടുത്ത് പാതി നിവർന്നു നിന്നു പറയുകയാണു്.. ആ നിൽപ്പും കിതപ്പും നനയുന്ന കണ്ണുകളും കണ്ടപ്പോൾ എന്റെ ഉള്ളിലും എന്തോ ഒന്നു കൊളുത്തി വലിച്ചു. ആ ഫോട്ടോയിൽ അരുമയോടെ തലോടി ഫ്രെയിമിലുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടാണു് പതം പറച്ചിൽ.
മൗഢ്യം എപ്പോഴും എനിക്കുളളതല്ല. ജീവിതായോധനത്തിന്റെ സമാന അവസ്ഥകൾ പിന്നിടുന്ന എനിക്കിപ്പോൾ ആയമ്മയുടെ നീറ്റൽ മനസ്സിലാകുന്നുണ്ട്. സുമതിയമ്മയും ഭാർഗ്ഗവൻ ചേട്ടനും ജീവിതം തുടങ്ങിയതു വാടക വീട്ടിലായിരുന്നു. മൂപ്പരുടെ ഒറ്റ വാശിയും നിശ്ചയദാർഢ്യവും കൊണ്ടാണു് 7 സെന്റ് സ്ഥലം വാങ്ങി ഒരു വീടുവച്ചത്. പക്ഷെ അപ്പോഴേക്കും ബാധ്യതകൾ കഴുത്തറ്റം വന്നു മൂടിയിരുന്നു. അവിടെ നിന്നു് തുടങ്ങിയ കഷ്ടപ്പാടു നിറഞ്ഞ ജീവിതസമരത്തിനിടയിൽ യോദ്ധാവ് വീണെങ്കിലും സുമതിയമ്മ പതറാതെ തേർ തെളിച്ചാണു ഇന്നു് രണ്ടു മക്കളേയും പഠിപ്പിച്ച് വിദേശത്ത് അയച്ച് വിശ്രമജീവിതത്തിലെത്തി നിൽക്കുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ചക്രശ്വാസം വലിക്കുന്ന കാലത്ത് ജീവിത സായൂജ്യം പോലെ മോഹിച്ചു വാങ്ങിയ ഒരു മിക്സിയുടേയും ഒരു TV യുടേയുമൊക്കെ മൂല്യമളക്കാൻ സമാനമായ ദുർഘട വഴികളിലൂടെ സഞ്ചരിച്ച വർക്കേ കഴിയൂ. പുതിയതൊന്നു കൊണ്ടു വച്ചിട്ടാണെങ്കിലും അവയെല്ലാം നിഷ്ക്കരുണം പുറത്തേക്ക് എറിഞ്ഞു കളയാൻ എന്നും തണലിൽ നടന്ന പ്രകാശനു കഴിയും. പക്ഷെ ഉറുമ്പ് അരിമണി കൂട്ടി വയ്ക്കുന്നതു പോലെ സമ്പാദിച്ച ഈ സാധനങ്ങൾ അവരുടെ നെഞ്ചിൽ നിന്നാണു് നിഷ്ക്കരുണം പറിച്ചെറിയുന്നതെന്നവൻ എന്തുകൊണ്ടോ മനസ്സിലാക്കുന്നില്ല.
ഒപ്പിച്ചു വയ്ക്കാൻ പണിപ്പെടുന്ന ഫോട്ടോ സ്റ്റുഡിയോയിൽ കൊടുത്തു ശരിയാക്കാമെന്നു ഉറപ്പുകൊടുത്തു വാങ്ങി പുറത്തേക്ക് നടക്കുമ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി. ആകൃതി പോയതും തുരുമ്പെടുത്തതും നിറം മങ്ങിയതുമായ നിരവധി വസ്തുക്കൾക്കിടയിൽ നിന്നു് സുമതിയമ്മ ആർദ്രമായി മന്ദഹസിക്കുകയാണു്.
(Re post )
Comments
Post a Comment