ദാമ്പത്യത്തിന്റെ കള്ളക്കളികളൊന്നും അറിയാത്ത കൗമാരകാലത്തു് കുഞ്ഞൻ നായർ കാർത്തു ദമ്പതികളുടെ ദാമ്പത്യമായിരുന്നു സ്പെസിമനായി മുന്നിൽ ഉണ്ടായിരുന്നതു്. വൈകീട്ട് മുളമ്പടി കടന്നു വരുന്ന കുഞ്ഞൻ നായരെ കാണുന്നമാത്രയിൽ തുടങ്ങുന്ന വാക്പോര് വല്ലപ്പോഴുമൊക്കെ ആയോധനകലകളിലേക്ക് വ്യാപിക്കുന്നതും മുണ്ടും ഷർട്ടും തോർത്തുമൊക്കെ സഞ്ചിയിലാക്കി കുഞ്ഞൻ നായർ നിറസന്ധ്യയിൽ
"നീ കൊണം വരത്തില്ലെടീ മൂധേവീ " എന്നു് വലംകയ്യുയർത്തി ശപിച്ച് ഇറങ്ങിപ്പോകുന്നതും കാണാം. ഇതിനു കാർത്തുവമ്മയുടെ മറുപടി പടി കടക്കുന്നവരെ തെക്കൻ കാറ്റിനൊപ്പം നായരെ പിന്തുടരും. ഒടുവിലൊരു പഴമൊഴിയും .
"ഓന്തോടിയാൽ വേലിപ്പൊത്തു വരെ "
ഈ പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് "ഓന്തിന്റെ "ഒരു തിരിച്ചുവരവുണ്ട്. നാലു ഗ്ളാസ് "അന്തി'യുടെ കൈ പിടിച്ച് ശകാരവർഷവുമായി വരുന്ന നായർക്ക് തന്റെ ശൗര്യം വിട്ട് കീഴടങ്ങാതെ തന്നെ കാർത്തുവമ്മ തിണ്ണ ബലം കാട്ടി പുറത്തേക്കിട്ട പായും തലയിണയുമായി അകത്തു കയറണം. പത്തു മുപ്പതു വർഷം മുൻപ് തരാമെന്നേറ്റ സ്ത്രീധനക്കാശ് നൂറ്റമ്പതു രൂപ തരാതെ പറ്റിച്ചു ഈ ലോകം വിട്ട കാർത്തു വമ്മയുടെ അച്ഛൻ പാച്ചുനായരെ പുലഭ്യം പറഞ്ഞാണു് ഇതിനുള്ള പതികാലം തുടങ്ങുക.
" നിന്റെ തന്തേ പോലെ വാക്കിനു വെലയില്ലാത്ത എച്ചിയല്ലടീ ഈ കുഞ്ഞൻ "
എന്നതു മുതൽ തുടങ്ങുന്ന പാണ്ടിമേളം അഞ്ചാം കാലത്തിലേക്ക് കടന്നു് കാർത്തുവമ്മയും കൂടി കൂട്ടിക്കൊട്ടി അവസാ നിക്കുമ്പോൾ നേരം പത്തു മണി കഴിയും.
പിന്നെ കുറേ നേരം പേമാരി കഴിഞ്ഞ പോലെ നിശബ്ദതയാണു്. കുഞ്ഞൻ നായർ തുടരെ തുടരെ ഐഷാബീഡി വലിച്ച് തിണ്ണയിൽ കൊടും കയ്യും കുത്തി കിടക്കും. കാർത്തുവമ്മ അടുക്കളപ്പണിക്കിടയിലും മരം ചെയ്യുന്ന ചേലിൽ ഏഴരക്കട്ട ശ്രുതിയിൽ പതം പറയും. മൂക്കു ചീറ്റും. സ്വന്തം തലവിധിയെ പഴിക്കും.
ഇതിനിടയിൽ കിണറ്റുകരയിൽ രണ്ടു തൊട്ടി തണുന്ന വെള്ളം തലയിലൊഴിച്ച് ഉപായത്തിലൊന്നു് തോർത്തി ഇറയത്തെ ഭസ്മത്തൊട്ടിയിൽ നിന്നൊരു നുള്ള് ഭസ്മം കൂറിയിട്ട് അമ്പലമിരിക്കുന്ന ഭാഗത്തേക്ക് നോക്കി ഇരുകയ്യുമുയർത്തി കുഞ്ഞൻ നായർ ഉച്ചത്തിലൊരു പ്രാർത്ഥന പാസ്സാക്കും.
" അമ്മേ, ദേവീ, കാത്തുരെഷ്ഷിക്കണേ"
ഇനിയാണു് കാർത്തു വമ്മ എന്ന കുടുംബിനിയുടെ ഹീലിംഗ് ടച്ചുള്ള വായ്മൊഴികൾ.
"ചോറു വെളമ്പട്ടെ?
അതു കേട്ട് ലേശം തരളിതനാവുമെങ്കിലും കുഞ്ഞൻ നായർ ഗൗരവം വിടുകയില്ല.
"ആർക്കു വേണമെടീ നിന്റെ ഇടികഞ്ഞി?
അങ്ങനെ ചോദിക്കുമെങ്കിലും ഉച്ചക്ക് കഴിച്ച ഉഴക്കരിയുടെ കഞ്ഞിക്ക് ഉയർന്നു പൊങ്ങുന്ന ജഠരാഗ്നിയെ തടുക്കാൻ ഏറെ നേരംകഴിയില്ലെന്നു് നായർക്കറിയാം.
"കണ്ണി മാങ്ങ അച്ചാറൊണ്ടോ? ഒണ്ടേലിച്ചിരെ വെളമ്പിയേര് "
എരുത്തിലിലേക്ക് നോക്കി ആരോടെന്നില്ലാതെ നായർ പറഞ്ഞു വയ്ക്കും. ഉള്ളിലുയർന്ന ചിരിയടക്കി കാർത്തുവമ്മ കഞ്ഞി വിളമ്പും. ആയമ്മയുടെ പരിഭവത്തിന്റെ അവസാന തുള്ളിയുമലിയിക്കുന്ന ചോദ്യം പിന്നാലെയെത്തും.
" നീ കഴിച്ചാർന്നോ?
ഈ സ്നേഹ ലേപനത്തിൽ മുഗ്ദ്ധയായി പുറത്തിട്ട പായും തലയിണയും അകത്തെ കട്ടിലിൽ കാർത്തുവമ്മ വിരിക്കുന്നതോടെ അന്നത്തെ അങ്കം അവസാനിക്കുന്നു.
അന്നു് സ്കൂൾ വിട്ടു വരുമ്പോൾ തന്നെ മുറുകി വരുന്ന അങ്കത്തിന്റെ കേളികൊട്ടുയർന്നിരുന്നു. കുറെയകലെയുള്ള ക്ഷേത്രത്തിലെ കലാപരിപാടിക്കു പോകാൻ അനുവാദം കിട്ടിയതിന്റെ തിമർപ്പ് അയൽപക്കത്തെ മുറ്റത്തെ ലൈവ് പരിപാടി കണ്ടപ്പോൾ കരിന്തിരി കത്തി. മുണ്ടും എടുത്തു കുത്തി കയ്യിൽ പോത്തിനെ തല്ലുന്ന വടി ചുഴറ്റി രൗദ്ര ഭീമനെ അപ്പാടെ ആവാഹിച്ച് അങ്കക്കലിപൂണ്ട് കുഞ്ഞൻ നായർ. ഉച്ചത്തിൽ പ്രാക്കും ചീത്ത വിളിയുമായി ഭദ്രകാളി രൂപം പൂണ്ട് കയ്യിൽ വാരിയെടുത്ത ചരലുമായി കാർത്തുവമ്മ. അതു നോക്കി നിന്നാൽ ഇന്നത്തെ പരിപാടി അച്ഛൻ ക്യാൻസലാക്കി കളയുമോ എന്നു ഭയന്നു് ഞാനകത്തു പോയി. അച്ഛന്റെ അർദ്ധസമ്മതവും അമ്മ കനിഞ്ഞു തന്ന ചില്ലറത്തുട്ടുകളും കൊണ്ടു് കൂട്ടുകാരുമായി പമ്പ കടന്നു.
കൊല്ലം നാടക സമിതിയുടെ അൾത്താരയായിരുന്നു നാടകം. ഒ.മാധവന്റെ കിടയറ്റ പ്രകടനത്തിൽ മുഗ്ദ്ധനായി ആദ്യഭാഗം.
ഇടവേളയിൽ ലൈറ്റുകൾ തെളിഞ്ഞതോടെ ഞങ്ങൾ എഴുന്നേറ്റു. കുറച്ചു മുൻപിലായി നാലഞ്ചു പേർക്കിരിക്കാൻ ഇടമുണ്ട്. മൈക്കിലൂടെ സമിതിക്കാരുടെ ശബ്ദം കേൾക്കാം. അഭിനയിച്ചവരുടേയും പിന്നണി പ്രവർത്തകരുടേയും പേരുവിവരങ്ങളും സംഘാടകർക്കുള്ള നന്ദി പ്രകടനവുമാണു്.
ഇടവേള കഴിഞ്ഞു് ലൈറ്റുകൾ അണഞ്ഞു. ചിരപരിചിതമായ ഒരു ശബ്ദം കേട്ട് ചുറ്റും നോക്കിയപ്പോൾ സ്റ്റേജിൽ നിന്നുള്ള അരണ്ട വെളിച്ചത്തിൽ എട്ടാമത്തെ അത്ഭുതം കണ്ട ഞാൻ വായ് പൊളിച്ചു പോയി. ഒരു കാൽ മടക്കി വച്ച് കയ്യിൽ കടലപ്പൊതിയുമായിരിക്കുന്ന കുഞ്ഞൻ നായരുടെ ദേഹത്തൊട്ടി മടിയിലേക്ക് ചാഞ്ഞിരുന്നു ചിരിച്ച് പയ്യാരം പറയുന്ന കാർത്തുവമ്മ!! വാരിയെടുത്ത കടലമണികൾ കയ്യിയിട്ട് ഒന്നു തിരുമ്മി ഊതി മൊരികളഞ്ഞ് ഭാര്യയുടെ കൈവെള്ളയിൽ വച്ചു. കൊടുക്കുന്ന പ്രേമലോലുപനായ കുഞ്ഞൻ നായർ !!!
വൈകുന്നേരം രണാങ്കണത്തിൽ കണ്ട ദാരികനും കാളിയും . ഇപ്പോൾ തൊട്ടുപിന്നിൽ കണ്ട ഒന്നാം ദിവസത്തെ നളദമയന്തിമാർ. ഈ വെരുദ്ധ്യം മനസ്സിലാക്കാൻ കൗമാരത്തിന്റെ യുക്തികളൊന്നും അന്നു് എനിക്ക് പോരാതെയായി.
സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ വിജയഗാഥകളൊന്നും കാർത്തു വമ്മയുടെ കാതിലെത്തിയിരുന്നില്ല. സ്ത്രീ പീഡനത്തിന്റെ അനന്തര ഭവിഷ്യത്തുകളെ ക്കുറിച്ച് കുഞ്ഞൻ നായരെ ആരും ബോധവൽക്കരിച്ചുമില്ല. എന്തായാലും പോരുകോഴികളെ പോലെ പരസ്പരം അങ്കം വെട്ടിയും ഇണപ്രാവുകളെപ്പോലെ കുറുകി ചേർന്നും അവർക്ക് വിധിച്ച വേഷങ്ങൾ മാറി മാറി അഭിനയിച്ച് വർഷങ്ങൾ കഴിഞ്ഞൊരു ദിവസം കുഞ്ഞൻ നായർ ഓർക്കാപ്പുറത്ത് ഈ ലോകത്തെത്തന്നെ അൺ ഫ്രണ്ട് ചെയ്തു് നിശ്ചലനായി.
പട്ടടയിലേക്കെടുക്കും മുമ്പ് ആർത്തു വിളിച്ച് പ്രിയതമന്റെ മുഖത്തുറ്റുനോക്കി കാർത്തുവമ്മ വിട പറഞ്ഞു.
കുഞ്ഞൻ നായരുടെ ദേഹത്തിൽ നിന്നു വേർപെട്ട ദേഹി ഒരു നിമിഷം തിരിഞ്ഞു നിന്നു ചോദിച്ചിട്ടുണ്ടാകും.
" നീ പോര്ണില്ലേ?
വേലക്കും പൂരത്തിനും ഉത്സവങ്ങൾക്കും കല്യാണത്തിനും കൂടാതെ ചാവടിയന്തിരങ്ങൾക്കു പോലും കുഞ്ഞൻ നായർ സദാ കൂടെ കൂട്ടാറുള്ള കാർത്തുവമ്മക്ക് അറിയാമായിരുന്നു ഇത്തവണ ഓന്തോടിയത് വേലിപ്പൊത്തിനുമപ്പുറം മറ്റൊരു ലോകത്തേക്കാണെന്നു്.
അവിടെ മറ്റാരുണ്ട് അങ്ങോർക്ക് കണ്ണി മാങ്ങ അച്ചാറിനൊപ്പം കഞ്ഞി വിളമ്പാൻ!
അതെ, കുഞ്ഞൻ നായരുടെ ചിത കത്തിയമർന്നു തിരിച്ചു വന്ന ബന്ധുക്കൾക്ക് അതിനടുത്തു തന്നെ ഉടൻ മറ്റൊരു ചിതയും ഒരുക്കേണ്ടി വന്നു. തിണ്ണയിൽ ചാരിയിരിക്കുന്ന കാർത്തുവമ്മയുടെ ചേതനയറ്റ ദേഹം.
Comments
Post a Comment