അമ്മ പറയാറുണ്ട്. വിശപ്പറിയാൻ, പെറ്റ പെണ്ണിന്റെ അവശതയറിയാൻ, ബിയ്യേ ക്കാരനാവേണ്ടന്ന്.


പണ്ട് , പണ്ടെന്ന് വച്ചാൽ ഒരു മുപ്പത്തഞ്ചു വർഷമായിക്കാണും. അമ്മ എന്നെ ഒറ്റക്കാക്കിപ്പോയിട്ട് തന്നെ വർഷം 22 കഴിഞ്ഞു. ഒരവധി ദിവസം. കള്ള കർക്കിടക മായിട്ടും അന്ന് വെയിൽ ഉഗ്രപ്രതാപിയായി വാഴുന്നു. മുറ്റത്തിനപ്പുറം മുളമ്പടി "ഗേറ്റിനു " പിന്നിൽ നിന്നൊരു ശബ്ദം .


"അമ്മാ....


ഒരു ദേശത്തിന്റെ കഥയിലെ കള്ളുഷാപ്പ് പിക്കറ്റു ചെയ്യുന്ന കുഞ്ഞാപ്പുവിനെ ഷാപ്പിനു മുന്നിൽ വിട്ട് മനസ്സില്ലാമനസ്സോടെ ഞാൻ തലയുയർത്തി നോക്കിയപ്പോൾ ഒരു സ്ത്രീയാണ്. മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ . മുഷിഞ്ഞു മുഷിഞ്ഞ വേഷം, അവശ മുഖം., ഒക്കത്തൊരു വയ്ക്കാറായ കുഞ്ഞ്. അവന്റെ മുഖവും വല്ലാതെ വാടിയിരിക്കുന്നു. ഞാനെഴുന്നേറ്റ് ചെല്ലും മുമ്പേ സാക്ഷാൽ അമ്മമഹാറാണി മുറ്റത്ത് പ്രത്യക്ഷപ്പെട്ടു. 


"ആരാ ...


അമ്മയെ കണ്ടതും, അവർ മുറ്റത്ത് കയറി വന്നു. ഉച്ചവെയിലിന്റെ ശൗര്യത്തെ ചെറുക്കാനാവും അമ്മ നെറ്റിയിൽ കൈപ്പടം വിലങ്ങനെ വച്ച് അവരെ സൂക്ഷിച്ച് നോക്കുന്നു. പിന്നെ ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല. അമ്മ തിണ്ടിമ്മേൽ കയറിനിന്ന് ആയാസപ്പെട്ട് പാളേങ്കൊടൻ വാഴയുടെ ചാഞ്ഞു നിന്ന കൈ എത്തിപ്പിടിച്ച് കീറ്റില കീറിയെടുക്കുന്നത് കണ്ടു. പിന്നെ, ചോറ് വന്നു, മോരൊഴിച്ച കൂട്ടാനും , മാങ്ങാക്കറിയും ചുട്ടപ്പടവും വന്നു. കൈ കഴുകാൻ പോലും മിനക്കെടാതെ അവർ ഇറയത്തിരുന്നു ശാപ്പിടാൻ തുടങ്ങി. ഒരു കുഞ്ഞുരുള വിരലുകൾ കൊണ്ട് ഞെക്കി പിള്ളയുടെ ചോരിവായിലേക്ക്. തുടർന്ന് രണ്ടുരുള തള്ളയുടെ വായിലേക്ക്. പക്ഷെ ആ കുഞ്ഞിനത് കഴിക്കാറായിട്ടില്ലെന്നെന്റെ മനസ്സു പറഞ്ഞു. പകുതിയും അവൻ തുപ്പുകയാണ്. ആ സ്ത്രീയാകട്ടെ വല്ലാത്തൊരു പരവേശത്തോടെ, ആർത്തിയോടെ വാരി വാരി ഉണ്ണുകയാണ്. അത് കണ്ട് കൃതകൃത്യയായി നിൽക്കുന്ന അമ്മ . ഭക്ഷണം കഴിഞ്ഞ് ഇലയെടുത്ത് കളഞ്ഞ് കൈ കഴുകി വന്ന് അവർ അമ്മയെ നോക്കി ചിരിച്ചു. .ഒരു നിറകൺചിരി.


അവിടെയിരുന്നു തന്നെ അവൾ കുഞ്ഞിന് മുല കൊടുത്തു. ചുണ്ടിൽ പാൽപ്പതയുമായി അവൻ ഇഞ്ചി മുളപോലുള്ള പാൽപ്പല്ലുകൾ തെളിഞ്ഞ തൊണ്ണൂ കാട്ടിച്ചിരിക്കുന്നു. ഇത്ര മനോഹരമായ പുഞ്ചിരി ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.


 ആ സ്ത്രീ അമ്മയെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ ഏതോ ഭാഷയിൽ. ഒരക്ഷരം പോലും തിരിയുന്നില്ലെന്ന് ഇരുവർക്കും തിരിഞ്ഞപ്പോൾ ആംഗ്യ ഭാഷയിലായി ആശയവിനിമയം. പിന്നീട് അകത്ത് കയറിപ്പോയ അമ്മ വന്നത് കുറച്ച് പഴയ തുണികളുമായാണ്. അവയ്ക്കിടയിൽ പഴയതാണെങ്കിലും എനിക്കിഷ്ടപ്പെട്ട ഷർട്ട് കണ്ട് ഞാനൊന്നെഴുന്നേറ്റതാണ്. പക്ഷേ, ആ ഇന്ദിരാ ഗാന്ധിയുടെയടുത്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാവുന്നതു കൊണ്ട് തിരിച്ച് കസേരയിലിരുന്ന് ഞാൻ ജനാല വഴി നിരീക്ഷണം തുടർന്നു. ഒടുവിൽ ഒരു കടലാസ് പൊതിയിൽ രണ്ടുമൂന്ന് ഉണ്ണിയപ്പവും, ചുവപ്പു പിടിച്ച രണ്ടു മൂന്ന് ഞാലിപ്പൂവനും കൂടി അകത്തു നിന്നെത്തി. എല്ലാം ഭാണ്ഡത്തിലാക്കി അമ്മയെ നോക്കി വീണ്ടും ചിരിച്ച് എന്തൊക്കെയോ പറഞ്ഞ് അവർ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പടി കടന്ന് പോകുന്നു. മുന്നോട്ട് നടക്കുന്ന അമ്മയുടെ ഒക്കത്തിരുന്ന് പിന്നിലേക്ക് നോക്കുന്ന കുഞ്ഞനു നേരെ ഞാൻ കൈ വീശിക്കാണിച്ചു. അതാ വീണ്ടുമാ മനോഹരമായ ഇഞ്ചിമുള ച്ചിരി. ചെമ്മൺ നിരത്തിലെ ഇല്ലിത്തുറുവിനപ്പുറം അവർ മറയുന്നത്‌ വരെ അമ്മ നോക്കി നിൽക്കുന്നുണ്ടായിരുന്നു. 


തീർത്തും വ്യത്യസ്ഥ ദിക്കുകളിൽ ജന്മമെടുത്ത് വ്യത്യസ്ത സംസ്ക്കാരവും നിയോഗവുമായി വളർന്ന രണ്ടു ജീവിതങ്ങളെ ഇവിടെ ഈ ഇത്തിരി സമയം പരസ്പരം ബന്ധിച്ച മാനവികതയുടെ , സ്നേഹ പാശത്തെ കുറിച്ച് ചിന്തിച്ച് കുറച്ചേറെ നേരം ഞാനിരുന്നു പോയി. അതിരാണിപ്പാടത്തെ ശ്രീധരനും കുഞ്ഞാപ്പുവും ലേശം വിശ്രമിക്കട്ടെ. 


അടയാളത്തിനായി വായിച്ച പേജിന്റെ മൂല മടക്കി പുസ്തകമടച്ച് വച്ച് ഞാനമ്മയുടെ ചാരത്ത് ചെന്നിരുന്നു. മൂപ്പത്യാരുടെ മുഖത്തത്ര വോൾട്ടേജ് പോരാ. ഒരാലോചനാ ഭാവം. എന്റെ സാമീപ്യമറിഞ്ഞ് ചുമലിൽ കൈവച്ച് അമ്മയുടെ ചോദ്യമെത്തി.


നീയതിനെ കണ്ടോ?


പിന്നെ, കാണാതെ ?


തുടർന്ന് വിശദീകരണം. അതങ്ങിനെയാണ്. ഇനിയൊന്നും ചോദിക്കേണ്ട ആവശ്യമില്ല. ചോദ്യവും ഉത്തരവും അമ്മയുടേത് തന്നെയാവും. എനിക്ക് ശ്രോതാവിന്റെ പണിയേയുള്ളൂ.


"അയിന്റെ മൊഖത്ത് നോക്ക്യാലറിയാം അന്നം കണ്ടിട്ട് രണ്ടൂസമെങ്കിലുമായെന്ന് ". 


"മൊല കൊടക്കണതല്ലേ, വെശപ്പ് സഹിക്കൂലാ., "


"കേറിക്കെടക്കാൻ ഒരെടമില്ല "


" ഭർത്താവ് കഴുവേറി ഉപേക്ഷിച്ച് പോയതാ "


"അപ്പീം മൂത്രോ മായിട്ട് എത്ര തുണിയുണ്ടായാലാ, അതും ഈ തിരിമുറിയാത്ത മഴക്കാലത്ത്. (അതാണ് തുണികൾ കൊടുത്തതെന്ന് സാരം )"


അപ്പോഴെനിക്കൊരു സംശയം. ഒരു വയസ്സു പോലുമാകാത്ത ആ കുഞ്ഞിന് ഉണ്ണിയപ്പം തിന്നാറായോ? അതും ഞാൻ വൈകീട്ടത്തെ ചായയ്ക്ക് കൂട്ടാവാൻ കണ്ടു വച്ച എള്ളും ഏലയ്ക്കാപ്പെട്ടിയും ചേർത്ത അമ്മയുടെ സ്പെഷൽ ഉണ്ണിയപ്പം !!


" അയിന് വയറ്റിലിണ്ടെ ടാ !!! എന്തേലും തിന്നാൽ കൊതീണ്ടാവും !!


" കാലമാടൻ ! അവൻ ഗതി പിടിക്കൂലാ."


ഈ " അനുഗ്രഹവചസ്സുകൾ " രണ്ടാമതും "വയറ്റിലാക്കി കൊടുത്ത് " പൊടിയും തട്ടിപ്പോയ ഭർത്താവ് "കഴുവേറിക്കു " ള്ളതാണ്. ഞാൻ ചിരി കടിച്ചമർത്തി.


"ചിരിച്ചോ , ചിരിച്ചോ , അയിന്റെ ദണ്ണം അയിനറിയാം, പോത്തു പോലെ വളർന്നുന്നല്ലാതെ വല്ലതുമറിയാമോ നെനക്ക് ?


ഇത് അമ്മയോടൊപ്പം "ആ ദണ്ണം " ഉൾക്കൊള്ളാൻ കഴിയാതെ ചിരിച്ച എനിക്കുള്ളതാണ്. ഞാനെങ്ങനെയറിയും? ഞാനമ്മേടെ , ശരീരത്തിന്റെ അനുപാതത്തിൽ മനസ്സ് വളരാത്ത പോത്തും കൂട്ടിയല്ലേ ?


ഇതാണമ്മ പറഞ്ഞത് പെണ്ണിന്റെ അവശതയറിയാൻ പെറ്റ വയറിന്റെ പതമറിയാൻ ബിയ്യേക്കാരനാവണ്ട. കൊടും വേനലും വരൾച്ചയും താണ്ടിയെത്തിയ ജീവിത പാഠങ്ങൾ മതി.


 എനിക്കും ബിയ്യേക്കാരനും എമ്മേ ക്കാരനുമാവണ്ട. അമ്മയുടെ പോത്തുങ്കുട്ടിയായാൽ മതി. 


ഞാൻ പതിയെ അമ്മയുടെ മടിയിലേക്ക് ശിരസ്സ് ചായ്ച്ചു . ചുളിവുകളോടിയ ആ കരവലയം എന്നെ വന്നു പൊതിഞ്ഞു. അവിടെ ഞാൻ സുരക്ഷിതനായിരുന്നു.

Comments

  1. 👍👍👍

    ReplyDelete
  2. നോവാണോ, വിങ്ങലാണോ, അതോ സ്നേഹമാണോ...എന്തെന്നറിയാത്തൊരു ഫീൽ ഇത് വായിച്ചപ്പോൾ

    ReplyDelete

Post a Comment

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ