കഥ
നഗരം ഏറെക്കുറെ വിജനമാണു്. പ്രധാന റോഡുകളിലൂടെ ട്രക്കുകളിലും ജീപ്പിലും റോന്തുചുറ്റുന്ന പട്ടാളക്കാർ. കത്തിയമർന്ന ചേരികളിൽ നിന്നു് പിടഞ്ഞോടിയ കുറേ മനുഷ്യജീവികൾ കടത്തിണ്ണകളിലും അടഞ്ഞു കിടന്ന വീടുകളുടെ മുന്നിലും പര്യമ്പുറത്തും ചേക്കേറിയിരിക്കുന്നു. ഒരു കലാപത്തിന്റെ ശേഷിപ്പുകളായി അവിടവിടെ പാതി കത്തിയതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ. കുത്തിത്തുറന്ന കടകൾ. കണ്ണുകളടച്ച് നിദ്രപൂ കിയ വ്യാപാര സ്ഥാപനങ്ങൾ. വിച്ഛേദിക്കപ്പെട്ട വൈദ്യുതി അവിടവിടെതിരിച്ചെത്തി കണ്ണു ചിമ്മി തുറക്കുന്നു '
സുഖ്ദേവ് സുഷുപ്തിയിലായിരുന്നു. അച്ഛന്റെ റിക്ഷാക്കൈ പിടിച്ച് തഴമ്പുള്ള തണുത്ത വിരലുകൾ അവന്റെ നെറുകയിലും നെറ്റിയിലും തഴുകിക്കൊണ്ടിരുന്നു. മുഷിഞ്ഞ ധോത്തിയിലും വരകളുള്ള ചുളിഞ്ഞ വിയർപ്പിലൊട്ടിയ കുപ്പായത്തിലുമല്ലാതെ അവന് അച്ഛനെ കണ്ട ഓർമ്മയില്ല. ക്ഷയം പിടിച്ച് രക്തം ഛർദിച്ച് മരിച്ചതിനു ശേഷം പക്ഷെ കിനാവുകളിൽ എപ്പോഴും അവന്റെ അച്ഛൻ വെള്ള പൈജാമയും കുർത്തയും ധരിച്ചാണു് വരിക. അച്ഛൻ അവനെ ദേഹത്ത് ചാരിയിരുത്തി റൊട്ടിയും ദാലിൽ മുക്കിയ ചോറും വായിൽ വച്ചു കൊടുത്ത് ഊട്ടി. മതിയെന്നു പറഞ്ഞിട്ടും സബ്ജിയിൽ മുക്കിയ റൊട്ടി മുഖത്തോടടുപ്പിച്ച് അച്ഛൻ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.
"മോനേ ഇതു കൂടി "
"ഒന്നു കൂടി."
അതിനു ശേഷം അച്ഛനുമവനും ടൗണിലെ പുതിയ കൊട്ടകയിൽ സിനിമ കണ്ടു. അലറുന്ന കടൽക്കരയിൽ അച്ഛനെ ഒട്ടിയിരുന്നു് കടല കൊറിച്ചു.
ഞെട്ടിയുണർന്നതും ഇളംവെയിലിന്റെ കിരണങ്ങളേറ്റ് കണ്ണു മഞ്ഞളിച്ചു. വീണ്ടും ഇറുക്കിയടച്ച കണ്ണുകളിലെ ഇരുട്ടിലും ചുറ്റിത്തിരിഞ്ഞുയരുന്ന മഞ്ഞഗോളങ്ങൾ. തലയിലൊരു പെരുപ്പും വേദനയും കൂടി ചേർന്ന അസ്വസ്ഥത. തെല്ലുനേരം അങ്ങനെ കിടന്നു അയാളുടെ മുന്നിൽ തലേ രാത്രിയിലെ ഭീദിതമായ ഓർമ്മകൾ ചുരുൾ നിവർന്നു. ഇരുഭാഗത്തു നിന്നും കത്തു പിടിച്ച നിര നിരയായ ചേരികളിൽ നിന്നുയർന്ന നിലവിളികൾ. പുകച്ച മാളത്തിൽ നിന്നു് രക്ഷപെട്ടോടുന്ന എലികളെന്നോണം പായുന്ന മനുഷ്യരിൽ അയാളുമുണ്ടായിരുന്നു. വാളുകളുടെ സീൽക്കാരങ്ങളേയും അട്ടഹാസങ്ങളേയും നിലവിളികളേയും ബഹു ദൂരം പിന്നിലാക്കി ഓടിത്തളർന്നു് കിതച്ച് വന്നു വീണതിവിടെയായിരിക്കും. സന്ധ്യക്കു കഴിച്ച റാക്കും ഓട്ടത്തിന്റെ ക്ഷീണവും അയാളെ ബോധക്ഷയത്തോളം പോന്ന തളർച്ചയിലേക്കെത്തിച്ചിരുന്നു.
അയാൾ പണിപ്പെട്ടു കണ്ണു തുറന്നു എഴുന്നേറ്റിരുന്നു് ചുറ്റും നോക്കി. ഒരു വലിയ തുണിക്കടയുടെ ടൈൽ വിരിച്ച വരാന്തയായിരുന്നു അത്. തെല്ലകലെ കൂനി ക്കൂടിയിരിക്കുന്ന ഒരു വൃദ്ധയും രണ്ടു കുട്ടികളും.
സുഖ്ദേവ് അവരെ നോക്കി യൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. വൃദ്ധ അതത്ര ഗൗനിക്കാതെ ഒന്നുകൂടി മൂലയിലേക്കൊതുങ്ങി കുട്ടികളെ കീറിമുഷിഞ്ഞ രജായി കൊണ്ട് പൊതിഞ്ഞ് മെലിഞ്ഞുണങ്ങിയ കൈത്തണ്ടയാൽ ചേർത്തു പിടിച്ച് ദൂരെ വഴിയിലേക്കു് നോക്കിയിരുന്നു. ആരേയും സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ കുഞ്ഞുങ്ങളെ പോലും നഗരജീവിതം പഠിപ്പിച്ചു കഴിഞ്ഞുവെന്നു് തെല്ല സ്വസ്ഥതയോടെ സുഖ്ദേവോർത്തു.
തെല്ലകലെ നീന്നും
ഉച്ചത്തിൽ ചീത്ത വിളിച്ച് തിരിഞ്ഞു നോക്കി നോക്കി ഓടി വന്ന യുവതി വൃദ്ധയുടെ മടിയിൽ വീണു കിതച്ചു. അവളുടെ കയ്യിൽ ഒരു പാക്കറ്റ് ബ്രഡ്ഡും ഒരു കുപ്പിയിൽ വെള്ളവുമുണ്ടായിരുന്നു. വിഹ്വലമായ മിഴികളാൽ തിരിഞ്ഞു നോക്കിയ അവളുടെ പിന്നിൽ വേട്ടനായയെ പോലെ ഓടി വന്ന തടിയൻ സുഖ്ദേവിനെ കണ്ടിട്ടാകണം ഒന്നു നിന്നു് വേഗം തിരിഞ്ഞു നടന്നു.
വൃദ്ധ ബ്രെഡ്ഡുകളെടുത്ത് കുഞ്ഞിക്കൈകളിലേക്കു വച്ചു കൊടുക്കുന്നു. ആർത്തിയോടെ അവരത് ചവച്ചരച്ചു തിന്നുന്നത് നോക്കിയിരുന്നപ്പോൾ സുഖ്ദേവിനും വിശപ്പിന്റെ ജ്വാലയേറ്റുതുടങ്ങി. ഇന്നലെ ഉച്ചക്ക് കഴിച്ച രണ്ടു റൊട്ടിക്കും ഒരു മുട്ടക്കറിക്കും നൽകാവുന്ന ഊർജ്ജത്തിനൊരു പരിധിയൊക്കെയുണ്ടല്ലോ എന്നപ്പോളാണയാളോർത്തത്.
ഒടുവിൽ വൃദ്ധ സഹജാവബോധത്തോടെ അയാൾക്കു നേരെ വച്ചുനീട്ടിയ ഒരു ബ്രെഡിനു നേരെ നീളുന്ന കുഞ്ഞിക്കണ്ണുകൾ കണ്ട് അത് നിരസിച്ചയാൾ പുറത്തേക്കിറങ്ങി നടന്നു.
അതൊരു മൂന്നു നിലയുള്ള അധികം പഴക്കം തോന്നാത്ത കെട്ടിടമായിരുന്നു. താഴെ കടമുറികളും മുകളിലെ രണ്ടു നിലകളിൽ താമസ സൗകര്യമുള്ള ഫ്ളാറ്റുകളും. പോലീസിന്റെ ദൃഷ്ടിയിൽ പെടാതെ ശ്രദ്ധിച്ച് അയാൾ ഒന്നാം നിലയിലെ ഇടതു വശത്തെ ഫ്ളാറ്റിനു മുന്നിലേക്കിഴഞ്ഞു കയറി വരാന്തയിലിരുന്നു ദീർഘമായി നിശ്വസിച്ചു.
ഫ്ളാറ്റുകളിലെ താമസക്കാരെല്ലാം കിട്ടിയ വാഹനങ്ങളിൽ സ്ഥലം വിട്ടിട്ടുണ്ടാകും. കഴിഞ്ഞ 3 ദിവസമായി ഈ നഗരത്തിലെ ജനങ്ങൾ നെട്ടോട്ടത്തിലായിരുന്നല്ലോ. പോകാനിടമില്ലാത്ത ചേരിക്കാരും യാചകരും അശരണരും ബാക്കിയായ നഗരത്തിൽ പട്ടാളവും പോലീസും റോന്തുചുറ്റാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ലഹളക്കാർ കവർച്ച തുടങ്ങിക്കഴിഞ്ഞിരുന്നു.
പെട്ടെന്നാണു് ഫ്ളാറ്റിന്റെ തുറന്നു കിടന്ന ജനാലയിലൂടെ പുറത്തേക്ക് നീണ്ടു കിടന്ന ഒരു കൈ സുഖ്ദേവിന്റെ ദുഷ്ടിയിൽ പെട്ടത്. വെളുത്തു മെലിഞ്ഞ് ദുർബ്ബലമായ ഒരു കൈ. ഒന്നു പകച്ചെങ്കിലും അവൻ വരാന്തയിലൂടെ മുട്ടുകുത്തി ജനലിനരികിലെത്തി മുട്ടിലുയർന്നു് മുറിക്കുള്ളിലേക്ക് നോക്കി. മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തിൽ ജനലിനോട് ചേർത്തിട്ടിരുന്ന കട്ടിലിൽ കിടന്നിരുന്നത് ഒരു വൃദ്ധനായിരുന്നു. മെലിഞ്ഞ ശരീരവും നീണ്ടു വളർന്ന താടിയും. കുഴിയിലാണ്ട ആർദ്രമായ മിഴികളിൽ പീള കെട്ടിക്കിടന്നു. ആളനക്കമറിഞ്ഞ വൃദ്ധൻ സുഖ്ദേവിനെ നോക്കി ക്ഷീണിതമായ ഇടം കൈ കൊണ്ട് മാടി വിളിച്ചു. ഒന്നു മടിച്ചെങ്കിലും അരികിലെത്തിയപ്പോൾ ഇടറിയ ദുർബലമായസ്വരം അവനു കേൾക്കാനായി.
"വെള്ളം "
വരണ്ട ചുണ്ടുകളും മുഖത്തെ പരവേശവും കണ്ടിലാണ്ട കണ്ണുകളിലെ
ദൈന്യവും സുഖ്ദേവിനെ തട്ടിയുണർത്തി കർമ്മനിരതനാക്കി. താഴെയിറങ്ങി ഒരൊഴിഞ്ഞ പ്ളാസ്റ്റിക്ക് കുപ്പിയെടുത്ത് കാർഷെഡിലെ ഒരു ബക്കറ്റിലിരുന്ന വെള്ളം നിറച്ച് അവൻ ജനലഴികളിലൂടെ വൃദ്ധന്റെ നീട്ടിയ ഇടംകയ്യിൽ വച്ചു കൊടുത്തു. പാതിയും തൂവി പോയെങ്കിലും ബാക്കി വെള്ളം വിറയാർന്ന ഒറ്റ ക്കൈ കൊണ്ട് വരണ്ടചുണ്ടോടടുപ്പിച്ച് ഇറക്കുമ്പോൾ തൊണ്ട മുഴകൾ ഉയർന്നു താഴുന്നത് സുഖ്ദേവ് നോക്കി നിന്നു.
വൃദ്ധൻ വാതിലിനു നേരെ കൈകാട്ടി അവ്യക്തമായി പുലമ്പിക്കൊണ്ടിരുന്നു. സുഖ്ദേവ് വാതിൽക്കലെത്തി. ഒന്നാഞ്ഞു തള്ളിയപ്പോൾ അതു പിന്നിലേക്ക് തുറന്നു.
മൂന്നു മുറികളുള്ള ഒരു ഫ്ളാറ്റായിരുന്നു അത്. ഇടത്തരം സമ്പന്നരാണ തിന്റെ ഉടമയെന്നു് സുഖ്ദേവ് ഊഹിച്ചു. കവർച്ചക്കാർ വാതിൽ കുത്തിത്തുറന്നു് വില പിടിപ്പുള്ളതെല്ലാമെടുത്ത് കടന്നുകളഞ്ഞതാകണം. വൃദ്ധന്റ കട്ടിലിനരികിലെത്തിയ അവന് വല്ലാത്ത ദുർഗ്ഗന്ധമനുഭവപ്പെട്ടു. ധരിച്ചിരുന്ന ഡയപ്പറും കവിഞ്ഞ് കിടക്കയിൽ പരന്നൊഴുകിയ മൂത്രത്തിലാകെ നനഞ്ഞു അയാളവനെ ദയനീയമായി നോക്കി. ജനൽക്കമ്പികളിൽ മുറുകെ പിടിച്ച ഇടതു കയ്യിന്റെ ബലത്തിൽ പക്ഷാഘാതത്തിൽ തളർന്ന വലതു ഭാഗം പണിപ്പെട്ടു വലിച്ച് നനവില്ലാത്ത ഭാഗത്തേക്ക് നീങ്ങാൻ പാവം പാടുപെടുന്നുണ്ടായിരുന്നു.
സുഖ്ദേവ് വൃദ്ധനെത്തന്നെ നോക്കി നിന്നു. സ്വാധീനമുള്ള ഇടതുകൈ അവനു നേരെ നീട്ടി അയാൾ അസ്പഷ്ടമായി എന്തോ പുലമ്പുന്നുണ്ട്. പളള കെട്ടിയ കുണ്ടിലാണ്ട മിഴികളിൽ യാചനാഭാവം നിറഞ്ഞുനിന്നു. കാലങ്ങൾക്കപ്പുറത്തു നിന്നു് യോജനകൾ താണ്ടി ഒരു റിക്ഷയുടെ കുടമണിയൊച്ച അവനെ തഴുകി കടന്നു പോയി. ഇളം കാറ്റിലൊഴുകി വന്ന മുഷിഞ്ഞ വരയൻ കുപ്പായത്തിന്റെ വിയർപ്പു മണം അവനെ ചുറ്റിപ്പറ്റി നിന്നു.
സുഖ്ദേവ് വൃദ്ധ നരികിലെത്തി ഇടംകയ്യാൽ അനായാസം എഴുന്നേൽപ്പിച്ചിരുത്തി. മലിനമായിക്കഴിഞ്ഞിരുന്ന വസ്ത്രമെല്ലാമഴിച്ചു മാറ്റി. ഡയപ്പറും ദുർഗ്ഗന്ധം വമിക്കുന്ന തുണികളുമെല്ലാം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് പുറത്തേ വരാന്തയിലിട്ടു. ബാത്റൂമിൽ ടാപ്പിൽ വെള്ളമുണ്ടായിരുന്നു. ബക്കറ്റിൽ വെള്ളവും ടവ്വലുമായി വന്നു് വൃത്തിയായി ആ ശുഷ്കദേഹം കഴുകിത്തുടച്ച ശേഷം കസേരയിലിരുത്തി. കുത്തിത്തുറന്നു കിടന്ന അലമാരയിൽ നിന്നു് ഷീറ്റെടുത്ത് വിരിച്ചു. കയ്യിൽ കിട്ടിയ വെളുത്ത കുർത്തയും പൈജാമയും ധരിപ്പിക്കുമ്പോൾ വൃദ്ധ നയനങ്ങളിലെ അവിശ്വസനീയതയോടവൻ പുഞ്ചിരിച്ചു. പാതി തളർന്ന നാവിൽ നിന്നുതിർന്ന കൊഞ്ഞപ്പുള്ള വാക്കുകൾ പക്ഷെ അവനു തീരെ മനസ്സിലാവുന്നില്ലായിരുന്നു.
ആളെ കിടക്കയിൽ കിടത്തി സുഖ്ദേവ് വൃത്തിയായി കുളിച്ചു. മുഷിഞ്ഞു നാറിയ പാന്റും ഷർട്ടും കഴുകിയിട്ടു. കയ്യിൽ കിട്ടിയ ലുങ്കിയെടുത്തുടുത്തു.
വൃദ്ധനപ്പോഴേക്കും ഉഷാറായിത്തുടങ്ങിയിരുന്നു. ഉയർന്നു താഴുന്ന നെഞ്ചിനു കീഴെ ഒട്ടിയവയറു കണ്ട് സുഖ്ദേവ് ചോദിച്ചു.
"വിശക്കുന്നുണ്ടോ?
വൃദ്ധൻ ഉവ്വെന്നു തലയാട്ടി.
സുഖ്ദേവിനു് കാര്യങ്ങൾ തിരിഞ്ഞു വരുന്നുണ്ടായിരുന്നു. ലഹള പൊട്ടിപ്പുറപ്പെട്ട ദിവസം വീട്ടുകാർ സ്ഥലം വിട്ടതാകണം. ഒരു വശം തളർന്ന തന്തയെ ഡയപ്പറും ധരിപ്പിച്ച് കിടത്തി ഫ്ളാറ്റു പൂട്ടിയാവും പോയിരിക്കുക.
അടുക്കളയിലെത്തി. ഗ്യാസടുപ്പ് കത്തിച്ച് കിട്ടിയ പാത്രത്തിൽ വെള്ളം വച്ചു. തിളച്ചപ്പോൾ അരിയിട്ടു . വേറൊന്നിൽ പരിപ്പ് കഴുകിയിട്ട് തിളപ്പിച്ചു.
ചൂടു ചോറും ദാലുമായി അവൻ വീണ്ടും കട്ടിലിനരികിലെത്തി. മേൽ തുടച്ചതിന്റെ സുഖത്തിൽ അദ്ദേഹം തല കുമ്പിട്ട് മയങ്ങുകയായിരുന്ന വൃദ്ധനെ വിളിച്ചുണർത്തി തലയിണ ചാരിയതിൽ തലയുയർത്തി വച്ച് ദാലിൽ കുഴച്ച ചോറുരുളകൾ അവൻ വായിൽ കൊടുത്തു കൊണ്ടിരുന്നു. അദ്ദേഹം വിലക്കിയിട്ടും അവൻ പറഞ്ഞു കൊണ്ടിരുന്നു.
"ഇതു കൂടി "
"ഒന്നു കൂടി "
വൃദ്ധന്റെ കുണ്ടിലാണ്ടമിഴികളിലെ നനവ് വെളിച്ചത്തിൽ നക്ഷത്രം പോലെ മിന്നി നിന്നു. സ്വാധീനമുള്ള ഇടതുകൈയിലെ മെലിഞ്ഞ വിരലുകൾ അവന്റെ തലയിലും മുഖത്തും ഒഴുകി നടന്നു. അവനതിൽ മുഗ്ധനായി മിഴിപൂട്ടി ആ നെഞ്ചിൽ മുഖം ചേർത്ത് വച്ചു. അകലെയെവിടെയോ നിന്നു് നീണ്ട ചുമയുടെ ശബ്ദവീചികളോടൊപ്പം വരയൻ കുപ്പായത്തിന്റെ വിയർപ്പുഗന്ധം അവനെ ചൂഴ്ന്നു നിന്നു.
പരിപ്പും ചോറും ആവോളം കഴിച്ച് സുഖ്ദേവ് സോഫയിൽ വൃദ്ധനെ നോക്കിക്കിടന്നു. തലേ രാത്രിയിലെ ഓട്ടപ്പാച്ചിലിന്റെ തളർച്ചയും നിറഞ്ഞ വയറും അവന്റെ കണ്ണുകളിൽ ഉറക്കത്തെ ഊഞ്ഞാലിൽ കെട്ടിയാട്ടി.
ഉണർന്നപ്പോൾ സന്ധ്യയായിരുന്നു. കണ്ണു തുറന്നു് അവനെത്തന്നെ നോക്കിക്കിടന്നിരുന്ന വൃദ്ധൻ അവനൊരു ചിരി സമ്മാനിച്ചു. സുഖ്ദേവ് അവന്റെ വസ്ത്രങ്ങളെടുത്തു ധരിച്ച് ജനാലയിലൂടെ നോക്കി. കൂടുതൽ വിളക്കുകൾ തെളിഞ്ഞിട്ടുണ്ട്. കടകളൊക്കെ അടഞ്ഞുതന്നെ കിടക്കുന്നു. കുറവാണെങ്കിലും വാഹനങ്ങളോടിത്തുടങ്ങിയിട്ടുണ്ട്.
ഉറക്കെ സംസാരിച്ചുകൊണ്ട് ആരൊക്കെയോ ഗോവണി കയറി വരുന്ന ശബ്ദം കേട്ട് സുഖ്ദേവ് ഞെട്ടി ഞൊടിയിടയിൽ പുറത്തുചാടി കോണിലെ ചുവർചാരി നിന്നു. അരണ്ട വെളിച്ചത്തിൽ ബാഗും സഞ്ചികളുമായി ഒരാൾ ഗോവണി ഓടിക്കയറിവരുന്നു. പുറകെ ഒരു തടിച്ച സ്ത്രീയും കുട്ടിയും. അതിനിടയിലൂടെ ഓടിക്കയറുന്ന തുടലിലിട്ട ഒരു പന്തുപോലുരുളുന്ന ചെറിയ പട്ടിയും. അയാൾ വല്ലാതെ ആധിപിടിച്ചാണു് മുന്നിൽ ഓടിക്കയറുന്നത്. ഇടയ്ക്ക് കിതപ്പോടെ അയാൾ അസ്വസ്ഥനായി തിരിഞ്ഞു നോക്കുന്നുണ്ട്.
" കിളവനിപ്പോ അവിടെ മുഴുവൻ നാറ്റിയിട്ടുണ്ടാകും"
സ്ത്രീയുടെ ശബ്ദം സുഖ്ദേവിനു കേൾക്കാമായിരുന്നു.
"നീയൊന്നു വേഗം കേറി വരുന്നുണ്ടോ?
അയാൾ തിരിഞ്ഞു നിന്നു് ഒച്ചയെടുത്തു.
സ്ത്രീയെന്തോ പറഞ്ഞത് പട്ടിയുടെ കുരയിൽ മുങ്ങിപ്പോയി. സുഖ്ദേവ് പരമാവധി ഇരുട്ടിലേക്ക് മാറി ഭിത്തിയുടെ പിന്നിലേക്കൊതുങ്ങി നിന്നു.
തുറന്നു കിടന്ന വാതിൽ കണ്ട് അന്ധാളിച്ച് അവർ അകത്തേക്ക് പാഞ്ഞുകയറി യതിന്റെ പിന്നാലെ സുഖ്ദേവ് വേഗം പടികളിറങ്ങി. പിന്നെ സാവധാനം തെരുവിലേക്കിറങ്ങി റോഡ് മുറിച്ചു കിടന്നു് ആ ജനാലയിലേക്ക് നോക്കി.
അതടഞ്ഞു കിടന്നിരുന്നു.
Comments
Post a Comment