ഫാദേഴ്സ് ഡേയാണ്. അയൽപക്കത്തൊക്കെ തേങ്ങയുടക്കുന്നു. ഞാനൊരു ചിരട്ടയെങ്കിലുമുടക്കണ്ടേ. വിശിഷ്യാ അച്ഛനും മുത്തച്ഛനുമൊക്കെയായ ഞാൻ. അതു കൊണ്ട് രണ്ടു മൂന്നു കൊല്ലം പഴക്കമുള്ള കാളൻ വിളമ്പുകയാണ്. ഫ്രീസറിലായിരുന്നു വച്ചതെന്നു കൊണ്ട് കേടുവന്നിട്ടുണ്ടാവില്ല. പണ്ടു വായിച്ചവർ മാപ്പാക്കണം.


പണ്ടു പണ്ടാണ്.


 രാവിലെയാണറിഞ്ഞത്. PSC എൽ ഡി ക്ലാർക്കിന്റെ 'റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എറണാകുളം നോർത്തിലുള്ള PSC ഓഫീസിൽ പോയാൽ വിവരമറിയാം. ഒരുമിച്ച് ടെസ്റ്റെഴുതിയവരിൽ പോയി വന്ന പലരുടേയും സീറോ വോൾട്ട് മുഖം കണ്ടപ്പോൾ ഇക്കുറി ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, അവിടെ വരെപോയി നിരാശ വിലയ്ക്ക് വാങ്ങേണ്ടതില്ല എന്നു് തീരുമാനിച്ചു. കാരണം അവരൊക്കെ എന്നേക്കാൾ കേമൻമാർ. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവർ. പൊതു വിജ്ഞാനത്തിലും ഇംഗ്ലീഷ് ഗ്രാമറിലും അപ് ടുഡേറ്റ്. ഹൈക്ലാസ്. ഞാനോ പതിനെട്ടാം ടെസ്റ്റെഴുതി വന്നാൽ മുറ്റത്ത് തെങ്ങിൻ തൈ വയ്ക്കണം എന്നു പരിഹസിക്കുന്ന വീട്ടുകാരുൾപ്പടെയുള്ള " അഭ്യൂദയകാംക്ഷികളുടെ " കളിപ്പിള്ള.


അതിലൊരു പുലിയുടെ അച്ഛൻ പുലി പോയി ലിസ്റ്റ് നോക്കി ആമോദത്തിലാറാടി തിരിച്ച് രണ്ടു മൈലകലെയുള്ള അവനവന്റെ കുടുംബത്തിലെത്തും മുൻപ് എന്റെ വീട്ടിലെത്തി ആഹ്ളാദം പങ്കുവച്ചു. മകൻ ലിസ്റ്റിൽ 155 റാങ്കുകാരൻ. ഉടൻ ജോലിയാകുകയായി.  


നീയെഴുതിയില്ലേ? തിരിഞ്ഞെന്നോടാണു് ടിയാന്റെ ചോദ്യം. എഴുതിയിട്ടുണ്ടെന്നു് അറിയാതെയല്ല. തോൽക്കുമെന്നേതാണ്ടുറപ്പുള്ളവന്റെ ഹൃദയമിടിപ്പേറ്റുകയാണു് ഉദ്ദേശം. അച്ഛന്റെ മുന്നിലായതുകൊണ്ടും എരിതീയിൽ എണ്ണയൊഴിക്കലാണു് ലക്ഷ്യം എന്നറിയുന്നതു കൊണ്ടും മൗനം വിദ്വാനുഭൂഷണം.


"ജയിയ്ക്കാൻ പാകത്തിനു് വല്ലതു മെഴുതിയിട്ടുണ്ടെങ്കിലല്ലേ നോക്കണ്ട കാര്യമുള്ളൂ." അച്ഛന് ചുറ്റും ടിയാൻ തളിച്ചു കൊടുത്ത ഇന്ധനം പയ്യെ തീ പിടിച്ചു തുടങ്ങി. 

'"ഞാൻ നോക്കിയാരുന്നു. മുകളിലോട്ടാ നോക്കീത്. 155 ൽ സുഗുണന്റെ പേരു കണ്ടു. പിന്നെ നോക്കിയില്ല."

"അതിലും മോളില് കാണാൻ വഴിയില്ലല്ലോ" തനതു പുച്ഛഭാവത്തെ വരുത്തിയ ചിരിയുടെ കടലാസിൽ പൊതിഞ്ഞ് പുലി മുരുകൻ അവിടെയാകെ വിതറിയിട്ടു.


ബിരുദാനന്തര ബിരുദക്കാരനും സ്വന്തമായി പൊതു വിജ്ഞാന ഭണ്ഡാരവുമൊക്കെയുള്ള സ്വന്തം മകനേ കടത്തിവെട്ടാൻ ഈയുള്ളവനു കഴിയില്ലല്ലോ എന്നാണു് വ്യംഗ്യം. 


"ഏതിനും യോഗം വേണം. അതെങ്ങനെ, മൃഷ്ടാന്നഭോജനം, ആസനത്തിൽ വെയിലടിക്കുന്നതു വരെ പള്ളിക്കുറുപ്പ്. വെഞ്ചാമരം വീശാനാള്. ഇതൊക്കെയുണ്ടെങ്കിൽ പിന്നെന്തിനാ ജോലി.? ഇതിൽ വെൺചാമരവും മൃഷ്ടാന്നഭോജനവുമൊക്കെ എന്റെ പിന്നിൽ നിൽക്കുന്ന അമ്മയെ ലക്ഷ്യമാക്കിയുള്ള ചാട്ടുളികളാണു്.


അച്ഛൻ എന്നും അങ്ങനെയായിരുന്നു. അദ്ധ്യാപകനും നാട്ടിൽ പൊതുസമ്മതനും ഏവർക്കും സ്വീകാര്യനുമായിരുന്നെങ്കിലും മക്കളുമായി കാതങ്ങളകലം പാലിക്കുന്ന ഗൗരവ സ്വഭാവിയായ ഗൃഹനാഥനായിരുന്നു അച്ഛൻ. മക്കളെ വഴിയിൽ വച്ചു കണ്ടാലും ഒന്നു ചിരിച്ചാൽ തന്റെ സ്നേഹ ദൗർബ്ബല്യങ്ങൾ പുറത്താകെയറിഞ്ഞ് ഗൗരവത്തിന്റെ മുഖമൂടിയഴിഞ്ഞു പോകുമെന്നു് ഭയക്കുന്ന പ്രകൃതം. പ്രകൃതി സഹജമായി ഉരുണ്ടുകൂടുന്ന സ്നേഹത്തിരകളെപ്പോലും ശാസിച്ച് ആഴങ്ങളിലൊതുക്കിയ എന്നാൽ പുറമേ പ്രക്ഷുബ്ധമായ സാഗരം. വയസ്സായി ശരീരം ദുർബ്ബലമായതോടെ കാറ്റും കോളും അടങ്ങിയെങ്കിലും ആഴങ്ങളിലെ സ്നേഹധാരയെ കവിഞ്ഞൊഴുകാതെ അവിടെത്തന്നെ അണകെട്ടി തടുത്തു നിർത്തിയിരുന്നു അച്ഛൻ. 


 മകനു് ഒരു ജീവിതമാർഗ്ഗമാകുന്നില്ലല്ലോ എന്ന പുകയുന്ന ആശങ്കയും നിരാശയുമാണു് ഇക്കുറി ഏറെ പ്രതീക്ഷിച്ച അച്ഛന്റെ തളർന്ന ശബ്ദത്തിലുള്ള കുറ്റപ്പെടുത്തലുകളുടെ പിന്നിലെ യഥാർത്ഥ കാരണം. ഇക്കാര്യം വ്യക്തമായി അറിയുന്ന ഞാൻ കണ്ണീരാൽ അക്ഷരങ്ങൾ അവ്യക്തമായെങ്കിലും വൃഥാ വായിക്കാൻ ശ്രമിച്ച് പത്രത്തിൽ മുഖം പൂഴ്ത്തിയിരിക്കുകയാണു്


പ്രതീക്ഷിച്ചത്ര പൊലിച്ചില്ലെങ്കിലും മകന്റെ വിജയോന്മാദത്തിന്റെ അതിമധുരത്തിൽ പരാജിതന്റെ കണ്ണീരുപ്പിന്റെ അധികരുചി നുണഞ്ഞ് പുലിയും യാത്രയായി. 


അന്നു് ഉച്ചയൂണു കഴിഞ്ഞ് മേശമേൽ കൈ കുത്തി എഴുന്നേൽക്കുന്നതിനിടെ പതിഞ്ഞ ശബ്ദത്തിൽ അച്ഛന്റെ ചോദ്യം കേട്ടു . അമ്മയോടാണു്.


"അവൻ കഴിച്ചോ.?


"അതെങ്ങനെയാ മുമ്പിലിരുന്നു് കഴിക്കാൻ അതിനു് സ്വൈര്യം കൊടുക്വോ? അമ്മ കിട്ടിയ അവസരത്തിൽ നേരത്തെ നെഞ്ചിൽ തറച്ച ചാട്ടുളി തിരിച്ചെറിഞ്ഞു.

"അതെങ്ങനേം ജീവിച്ചോളും. ഏടയ്ക്കിടക്ക് മറ്റുള്ളോരുടെ മുമ്പിവച്ച് അതിനെ ഇങ്ങനെ കുത്താണ്ടിരുന്നാ മതി" 

അമ്മയുടെ വാത്സല്യവും സഹതാപവും സമാസമം ചാലിയ്ക്കുമ്പോഴാണു് '' അതിനെ " "ഇതിനെ " എന്നൊക്കെയുള്ള നനവുള്ള വിശേഷണം എന്നെത്തേടി വരിക..


"ഒരു കാലത്ത് എല്ലാർക്കും മനസ്സിലായിക്കോളും''

കൈ കഴുകി അയയിലെ തോർത്തെടുത്ത് കയ്യും മുഖവും തുടച്ച് അച്ഛൻ ഭരതവാക്യം ചൊല്ലി. 


അമ്മേ, അമൃതേത്തിനു് എഴുന്നള്ളട്ടെ? എന്റെ ചോദ്യം ഉദ്ദേശിച്ച ലക്ഷ്യത്തിൽ തറച്ചോ എന്നു് സന്ദേഹിച്ച് നിൽക്കേ അമ്മയുടെ പരിദേവനം അടുക്കളയിൽ തുടരുന്നതു കേട്ട് വിശപ്പു കെട്ട ഞാനും തിളയ്ക്കുന്ന വെയിലിലേയ്ക്കിറങ്ങി.  


അവധി ദിവസങ്ങളിൽ സന്ധ്യയ്ക്കുള്ള രണ്ടാം കറക്കവും കഴിഞ്ഞു ഇരുട്ടിന്റെ കൈ പിടിച്ച് വീട്ടിലെത്തുമ്പോൾ രാജൻ വീട്ടിലുണ്ട്. സഹപാഠിയാണു്.ചെറുപ്രായത്തിൽ തന്നെ സർക്കാരുദ്യോഗം കിട്ടിയ ഭാഗ്യവാൻ. എന്നും ആശ്വാസവാക്കുകളും പ്രോത്സാഹനവുമായി സ്നേഹത്തുരുത്തിൽ തളയ്ക്കുന്നവൻ. അച്ഛൻ പ്രസന്നവദനനായി ചിരിച്ച് അവനുമായി സംസാരിച്ചിരിക്കുന്നു. അല്ലെങ്കിലും ജോലിക്കാരായ മകന്റെ സുഹൃത്തുക്കളോട് ഉദ്യോഗ സംബന്ധിയായ വിവരങ്ങൾ ഉറക്കെ ചോദിച്ചറിയുക അച്ഛനൊരു ശീലമാണു്. പരിസരത്ത് എന്റെ നിഴലാട്ടം കണ്ടാൽ പ്രത്യേകിച്ചും. 


എന്നെ കണ്ടയുടൻ പതിവു സ്നേഹാശ്ളേഷണത്തിനു മുതിരാതെ നിസ്സംഗതയോടെ അവന്റെ ചോദ്യം വന്നു.


"നീ PSC ഓഫീസിൽ പോയോ."


ഇല്ല.


"എന്തേ പോകാത്തത്?


ഞാൻ അവനെ രൂക്ഷമായൊന്നു് നോക്കി. അച്ഛന്റെ മുന്നിൽ വച്ചാണു് അവന്റെ കിന്നാരം.!! ഒരു കള്ള ഇളിയും .


"നിന്റെ രജിസ്റ്റർ നമ്പറെത്രയാ?


"അറിയില്ല, നോക്കണം. ആട്ടെ, നിനക്ക് പോലീസിലൊന്നുമല്ലല്ലോ പണി? ഞാൻ നീരസം മറച്ചു വച്ചില്ല. എനിക്ക് പെരുവിരൽ മുതൽ വിറഞ്ഞു കയറുന്നുണ്ട്.


"ഈ നമ്പറാണോടാ? അവൻ കൈവെള്ള നിവർത്തിക്കാട്ടി. അതിൽ നീലമഷിയിൽ കുത്തിക്കുറിച്ച ഒരു നമ്പർ E 44373.

ഒരു നിമിഷം കൊണ്ട് വിസ്മൃതിയിലെങ്ങോ മറഞ്ഞുകിടന്ന നമ്പർ സൂപ്പർ സോണിക്ക് വേഗതയിൽ ഓർമ്മയിലെത്തി. കിറുകൃത്യം അതു തന്നെ. ഒരു മൗഢ്യം എന്നെ വന്നുപൊതിയുന്നത് ഞാനറിഞ്ഞു.


"എടാ പൊട്ടാ, നീ റാങ്ക് ലിസ്റ്റിലുണ്ട്. റാങ്ക്നമ്പർ 130.

പെട്ടെന്നു് തലയിൽ ആയിരം അമിട്ടുകൾ പൊട്ടി. കണ്ണഞ്ചിച്ച ആ വർണ്ണ പ്രപഞ്ചത്തിൽ ഞാൻ അപ്പൂപ്പൻ താടി പോലെ തറയിൽ നിന്നുയർന്നു് എവിടേയോ തങ്ങി നിന്നു. തൊട്ടു മുന്നിലെത്തി ഇരു കൈകളും നീട്ടി നിൽക്കുന്ന സ്നേഹ സതീർത്ഥ്യനെ ഗാഢമായ ആലിംഗനത്തിലൊതുക്കി. 


അവന്റെ ചുമലുകൾക്ക് മുകളിലൂടെ ആയിരം സൂര്യനുദിച്ച കണ്ണുകളുമായി ചിരിച്ചു നിൽക്കുന്ന അച്ഛനെ അവ്യക്തമായി എനിക്കു കാണാം. അരികിൽ തന്നെ ചുമലിൽ ചാരി മിഴികൾ നിറഞ്ഞു തൂവുന്ന അമ്മയേയും. 


അന്നു് ഒരുമിച്ചിരുന്നു അത്താഴമുണ്ണുമ്പോൾ ഒളിഞ്ഞു നോക്കിയപ്പോഴെല്ലാം കണ്ടു. ആഹ്ളാദാതിരേകത്താൽ നനഞ്ഞ കണ്ണുകളാൽ എന്നെ ഉറ്റുനോക്കുന്ന അച്ഛനെ. ആ ചുമലുകളിൽ കൈവച്ച് ശുഷ്ക്കമായനെഞ്ചിൽ തല ചായ്ച്ചു നിൽക്കാൻ ഞാനേറെയാഗ്രഹിച്ചു. പക്ഷെ ജന്മം മുതൽ ശീലിച്ച കാതങ്ങളകലം ആ സാഹസത്തിൽ നിന്നെന്നെ പിന്നോട്ടു വലിച്ചു. ആ പാദങ്ങളിൽ മനസ്സാ പ്രണമിക്കാനേ എനിക്കപ്പോൾ കഴിയുമായിരുന്നുള്ളൂ.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ