രാത്രി വൈകി ബസ്സിൽ നിന്നിറങ്ങുമ്പോൾ തന്നെ മഴ കനത്തിരുന്നു. അകമ്പടിക്ക് ശക്തിയായ കാറ്റും ഇരുട്ടും കൂടിയായപ്പോൾ വീട്ടിലേയ്ക്കുള്ള 300 മീറ്റർ ദൂരം ഇരട്ടിയായപോലെ തോന്നി. ദേഹം മുഴുവൻ നനഞ്ഞൊലിക്കുകയാണു്.റോഡിനരികിലൂടെ മുകളിൽ നിന്നു ശക്തമായിപാഞ്ഞൊഴുകി വരുന്ന വെള്ളത്തിൽ ചവിട്ടി നിന്നു് ഗേറ്റു് തുറക്കാൻ ശ്രമിക്കുമ്പോഴാണു് മഴയുടെ ശീൽക്കാരത്തിനിടയിലും നേർത്ത കരച്ചിൽ കേട്ടതു്. നോക്കുമ്പോഴതാ ഒരു പൂച്ചക്കുഞ്ഞ് കുത്തൊഴുക്കിൽ നിന്നു് കരപറ്റി ഗേറ്റിന്റെ കമ്പിയാൽ അള്ളിപ്പിടിച്ചിരിക്കുകയാണു്.കയ്യിലിരുന്ന ബാഗ് ഇറയത്ത് വച്ച് തിരികെയെത്തി നോക്കുമ്പോൾ ഒരാൾകൂടിയുണ്ട്. അവൻ കമ്പികൾക്കിടയിലൂടെ മറുപുറം കടന്നു പക്ഷെ കൂട്ടുകാരനെ കൈവിടാതെ കരച്ചിലാണു്.
രണ്ടു പൂച്ചക്കുഞ്ഞുങ്ങളേയും കയ്യിലേന്തി വീട്ടിനകം പൂകിയ ഞാൻ അടിയന്തിര രക്ഷാപ്രവർത്തനത്തിൽ മുഴുകി. ഒരു തുണികൊണ്ട് ദേഹം തുടച്ച് കാർഡ് ബോർഡ് പെട്ടിയിലാക്കി തേപ്പു പെട്ടി കൊണ്ട് ചൂടാക്കിയെടുത്ത തുണികൊണ്ട് രണ്ടിനേയും പുതപ്പിച്ചു. 10 മിനുട്ടിൽ ഉഷാറായ കുട്ടൻമാർ പുതപ്പ് തട്ടിയെറിഞ്ഞ് കാർഡ് ബോർഡ് പെട്ടിയ്ക്കുള്ളിൽ കരണം മറിയാൻ തുടങ്ങി.
ഇത്രയുമായപ്പോഴാണു് ശ്രീമതിയേയും മക്കളേയും ശ്രദ്ധിച്ചത്. എന്റെ ഇത്തരം കിറുക്കുകളൊക്കെ ധാരാളം കണ്ടു പരിചയിച്ചിട്ടുള്ള ശ്രീമതി അത്ഭുതഭാവമൊന്നുമില്ലാതെ ചായ തണുത്തു പോകുമെന്നോർമ്മിപ്പിച്ചു. ആ തണുപ്പിൽ ചൂടു ചായയുടെ സുഖം നുകര വെയാണു് പൂച്ചക്കുട്ടന്മാരുടെ ഡിന്നറിന്റെ കാര്യം ഓർമ്മ വന്നത്. അവയിപ്പോൾ പെട്ടിയിൽ നിന്നു പുറത്തുചാടി പരിസരം നിരീക്ഷിക്കുകയാണു്. അത്ര സന്തോഷം പ്രകടിപ്പിക്കാതെയെങ്കിലും ഭാര്യ ഉറയൊഴിക്കാൻ വച്ചിരുന്ന പാൽ ഗ്ലാസിലാക്കിത്തന്നത് ഞാൻ രണ്ടു ചിരട്ടകളിലാക്കി അവയുടെ മുന്നിൽ സെർവ്വ് ചെയ്തു. ഒന്നുരണ്ട് മിനുട്ട് ആശങ്കയോടെ എന്നേയും കണ്ണിൽ പൂത്തിരിയുമായി നിൽക്കുന്ന മകളേയും നോക്കി മെല്ലേ ചിരട്ട യൊന്നു മണത്ത് വേഗം രണ്ടാളും പാൽ നക്കിക്കുടിക്കാൻ തുടങ്ങി.
പിന്നെയാണു് ഞങ്ങളെയെല്ലാം കുട്ടികളുടെ ലോകത്തേക്ക് അവർ കൂട്ടിക്കൊണ്ട് പോയതു്. രണ്ടാളും കൂടി വിശാലമായ ഹാൾ മുഴുവൻ കളിക്കളമാക്കി കുതികുന്തം മറിഞ്ഞു് കളി തുടങ്ങി. ജനാല വിരിക്ക് പിന്നിലൂടെയും സെറ്റി ടീപ്പോയികൾക്കു് മുകളിലൂടെയും മേശയ്ക്കടിയിലൂടെയും പാഞ്ഞും ചാടിയും കെട്ടിമറിഞ്ഞു വീണും കണ്ണിനുത്സവം പകർന്നു് അവർ കളി തുടർന്നു കൊണ്ടേയിരുന്നു.
മഴ ശമിച്ച മട്ടാണു്. ഈറൻ കാറ്റിൽ പൊഴിയുന്ന ഇലകളും വെള്ളത്തുള്ളികളും ബാക്കിയായി. പുറത്തു നിന്നു് ഒരു പൂച്ചയുടെ ഇടവിടാതെയുള്ള കരച്ചിൽ കേൾക്കായി . ജനാലയുടെ താഴെ പടിയിൽ ഗ്ലാസിനപ്പുറം ഒരു പൂച്ച അകത്തേക്ക് സാകൂതം നോക്കി ശ്വാസം വിടാതെയെന്നോണം കരച്ചിൽ തുടരുകയാണു്. ഒരു നിമിഷം കുഞ്ഞുങ്ങൾ കളി നിർത്തി ജനൽചില്ലിനപ്പുറം കാണുന്ന അമ്മയെ നോക്കി. നിമിഷാർദ്ധത്തിനുള്ളിൽ ഓടിയെത്തി ഗ്ലാസിൽ മാന്തിയും കരഞ്ഞും പരിഭ്രമിച്ചോടിയും ബഹളമായി. കളങ്കമില്ലാത്ത മാതൃ പുത്ര സംഗമത്തിനു് തടസ്സമായി നിന്ന ജനൽ പാളികൾ ഞാൻ തുറന്നു കൊടുത്തു. കണ്ണടച്ചു തുറക്കും മുൻപേ അമ്മയെ കെട്ടി മറിഞ്ഞു മക്കളും തന്റെ ഓമനകളെ നക്കി തോർത്തി അമ്മയും സ്വയം മറന്നു നിന്നു.
മക്കളിൽ ഒരാളെ കടിച്ചെടുത്തും മറ്റേയാളെ കൂടെ നടത്തിയും അമ്മ പൂച്ച മുറ്റത്തിന്റെ അതിരും കടന്നു് ഇരുളിൽ മറയുന്നതു വരെ ഞങ്ങൾ നോക്കി നിന്നു.
അര മണിക്കൂർ നേരം ഞങ്ങൾക്കു് നിഷ്ക പട ശൈശവ കേളികളിലൂടെ മിഴികൾക്കുത്സവം പകർന്നു തന്ന ആ കുഞ്ഞുങ്ങൾ എവിടെ നിന്നോ വന്നു് എവിടേയ്ക്കോ പോയി മറഞ്ഞു. മിനുട്ടുകളോളം വീട് നിശ്ശബ്ദമായി. തമ്മിൽ തമ്മിൽ നോക്കി എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ ഇതികർത്തവ്യാ മൂഢരായി ഞങ്ങൾ ബാക്കിയായി.
Comments
Post a Comment