വിശാലമായ ആശുപത്രി ലോഞ്ചാണ്. ഉച്ചകഴിഞ്ഞ സമയമായതുകൊണ്ട് സീറ്റുകൾ ഏറെ ഒഴിവുണ്ട്. എന്റെ നേരെ മുന്നിലെ സോഫയിൽ ഒരമ്മയും കൈക്കുഞ്ഞും. കാഴ്ചയിൽ എന്റെ മകളേക്കാൾ ഇളയതാവാനാണ് വഴി. അതേ സോഫയുടെ ഇങ്ങേയറ്റത്ത് ഒരു ഫ്രീക്കൻ മൊബൈലുമായി സല്ലാപത്തിലാണ്. അവന്റെ മുഖത്ത് മാറിമറിയുന്ന സമ്മിശ്രഭാവങ്ങൾ കണ്ടാലറിയാം അവനേതോ രസകരമായ കളിയിലാണ്. അമ്മയും കുഞ്ഞും അവരുടേത് മാത്രമായ ഒരു ലോകത്ത് അവരുടേതായ ഭാഷയിൽ സല്ലപിക്കുന്നു. കുഞ്ഞു മുഖത്തെ നിഷ്കളങ്ക കൊഞ്ചലുകളും മോണകാട്ടിച്ചിരിയും അമ്മയുടെ വാത്സല്യം കുറുക്കിയെടുത്ത പുന്നാര വാക്കുകളും എന്റെയുള്ളിൽ സുഖകരമായ കുളിർമഞ്ഞായി പെയ്തിറങ്ങുന്നുണ്ട്.


ഞാനാണെങ്കിൽ കയ്യിലുള്ള ആഴ്ചപ്പതിപ്പ് വായിച്ചു കഴിഞ്ഞു. രണ്ടു മണിക്കെത്താമെന്ന് പറഞ്ഞ മകനെ രണ്ടരയായിട്ടും കാണാനില്ല. വൈറ്റിലയിൽ നിന്ന് ഈ ട്രാഫിക്കിൽ വണ്ടിയോടിച്ച് എപ്പോൾ ഈ ലിസി ഹോസ്പിറ്റലിലെത്തുമെന്ന് തീരുമാനിക്കാൻ ദൈവത്തിനു പോലും കഴിയാത്ത രീതിയിലായിട്ടുണ്ട് മഹാനഗരത്തിലെ കുരുക്കുകൾ എന്ന ബോധ്യമുള്ളതുകൊണ്ട് ഞാൻ പോർച്ചിലേക്ക് കണ്ണും നട്ട് കാത്തിരിക്കുകയാണ്. 


ഇതിനിടയിൽ എന്റെ അരികിൽ വേറൊരു കൂട്ടർ വന്നിരിപ്പായി. ഒരു വൃദ്ധനും മദ്ധ്യവയസ്സു പിന്നിടുന്ന മകനുമാണവർ. അച്ഛനെ ശ്രദ്ധാപൂർവ്വം എന്റെ അരികിലിരുത്തി മകൻ നിരനിരയായ കൗണ്ടറുകൾ ലക്ഷ്യമാക്കി നടന്നു. വൃദ്ധനാകട്ടെ, എന്ന നോക്കി ചിരപരിചിത ഭാവത്തിൽ ഒന്ന് ചിരിച്ച് ഒരു തുടക്കമിട്ടു. 


"മോനാണ്. എന്നെ ഡോട്ടറെ കാണിക്കാൻ കൊണ്ടന്നതാ "


ഫ്രീക്കനും യുവതിയും തലയുയർത്തി ഞങ്ങളെയൊന്നു നോക്കി. തികച്ചും ഗ്രാമീണ പശ്ചാത്തലമുള്ള വൃദ്ധർക്ക് നഗരത്തിലെ കപട ഗൗരവ ച്ഛായ കലർന്ന പെരുമാറ്റവും നിസ്സംഗഭാവവും ചിട്ടകളും അന്യമായിരിക്കും. അവർ മനുഷ്യരോടിടപെടുന്നത് സഹജാവ ഭാവത്തോടെ അപരിചിതത്വമെന്ന തടസ്സമോ മുഖം മൂടികളോ ഇല്ലാതെയാണ്. തികച്ചും ഗ്രാമീണനായ എനിക്ക് അതു കൊണ്ട് ആ ചോദ്യത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. 


"എന്താ ചേട്ടന് അസുഖം? ഞാൻ ചോദിച്ചു. ഇത്തരം ചോദ്യങ്ങൾ പഴമനസ്സുകളെ അലോസരപ്പെടുത്തുകയല്ല സന്തോഷിപ്പിക്കുകയാണ് ചെയ്യുകയെന്നെനിക്ക് അനുഭവം കൊണ്ടറിയാം.


"നെഞ്ഞിലൊരു വെലക്കം. ഇതിപ്പോ രണ്ടു മൂന്നു തവണയായി. വല്യ സൂക്കേടായിരിക്ക്യോ? വൃദ്ധൻ നെഞ്ചിൽ ചൂണ്ടുവിരൽ കൊണ്ട് അടയാളപ്പെടുത്തി പറഞ്ഞു. ആ സ്വരത്തിൽ ഉത്കണ്ഠയുടെ ഒരു വലിച്ചിലുണ്ട്.


"ഏയ് അതൊന്നുമില്ലെന്നേ, ഇതൊക്കെ വല്ല വായു വെലങ്ങുന്നതായിരിക്കും " ഞാൻ നിസ്സാരമായി പറഞ്ഞ് ആ ചുളിവേറ്റിയ കരങ്ങൾ കവർന്നു. ഇനി വരാൻ പോകുന്ന ചെക്കപ്പിൽ അത് ഹൃദയസംബന്ധമായ അസുഖമാണെന്ന് തെളിഞ്ഞാൽ കൂടി, ആ സമയം വരെ ആ പഴമനസ്സ് ശാന്തമായിരിക്കട്ടെ എന്നു ഞാൻ കരുതി.


അമ്മയുടെ കൈക്കൂടിന്റെ സുരക്ഷിതത്വത്തിൽ കുഞ്ഞു സ്വപ്നങ്ങളുമായി ഉറക്കമായിരുന്ന കുഞ്ഞ് ഇതിനിടയിൽ ഉണർന്നു കരയാൻ തുടങ്ങി. തന്നാലാവുന്ന വിധമൊക്കെ കരച്ചിലടക്കാൻ അമ്മക്കുട്ടി ശ്രമിക്കുന്നുണ്ട്. പക്ഷെ അവൻ (അതോ അവളോ) കണ്ണുകളിറുക്കി വാവിട്ടു കരയുകയാണ്. ശബ്ദം കേട്ട് ഫ്രീക്കൻ യുദ്ധക്കളത്തിൽ നിന്ന് പിൻവാങ്ങി അവരെയൊന്നു നോക്കി വീണ്ടും മൊബൈൽ സ്ക്രീനിലേക്ക് മടങ്ങി. കുഞ്ഞിന്റെ കരച്ചിൽ അനുസ്യൂതമായി തുടരുകയാണ്. കുഞ്ഞിളം ചുണ്ടുകൾ വരണ്ടിരിക്കുന്നു. 3 പേരക്കുട്ടികളുടെ വളർച്ച നിത്യവും കണ്ടു കൊണ്ടിരിക്കുന്ന എനിക്ക് അത് അമ്മിഞ്ഞ കിട്ടാനുള്ള കരച്ചിലാണെന്ന് മനസ്സിലായി. ഒരമ്മയോടതു പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. തൊട്ടപ്പുറത്തെ സെറ്റിയിലിരിക്കുന്ന മദ്ധ്യവയസ്സു പിന്നിട്ട സ്ത്രീയെങ്കിലും അതു പറയുമെന്ന് ഞാനാശിച്ചു. അവരാകട്ടെ, കരച്ചിലിൽ അസഹ്യത ആവോളം പുറത്തു കാട്ടി എഴുന്നേറ്റ് പോകുകയാണ് ചെയ്തത്. യുവതിയാണെങ്കിൽ ആശങ്ക നിറഞ്ഞ മിഴികൾ ചുറ്റും ചടുലമായി പായിച്ച് രാരിരോ പാടി കുഞ്ഞിനെ ശാന്തനാക്കാൻ പെടാപ്പാടുപെടുന്നു. പെട്ടെന്ന് എന്റെയരികിൽ നിന്ന് ശാസനാ സ്വരമുയർന്നു.


" പിള്ളയ്ക്ക് മൊല കൊടുക്ക് കൊച്ചേ!

വൃദ്ധനായിരുന്നു അത്! അദ്ദേഹം യുവതിക്കു നേരെ ചൂണ്ടിയ കൈകൾ താഴ്ത്തി ആരോടെന്നില്ലാതെ ക്ഷുഭിതനായി തുടർന്നു.


"കൊച്ച് ഇത്രേം കെടന്ന് കാറണ കണ്ടാല് തളളക്കറിയാൻ മേലേ?

ഇത്രയും ചോദിക്കാൻ എനിക്കുണ്ടായ സങ്കോചം അദ്ദേഹത്തിനുണ്ടാവാത്തത് കൈതവമില്ലാത്ത മനശ്ശുദ്ധികൊണ്ടാണ്. എനിക്ക് ആത്മനിന്ദ തോന്നി.


ഇപ്രാവശ്യം സങ്കോചമെല്ലാം വെടിഞ്ഞ് എന്തോ തീരുമാനിച്ചുറച്ചതു പോലെ അവൾ കുഞ്ഞിന് മുലകൊടുക്കാൻ തയ്യാറെടുക്കുന്നതു കണ്ട് ഞാൻ അവൾക്ക് പിന്നിലെ സെറ്റിയിലേക്ക് മാറിയിരുന്നു. ഇത്ര വലിയ ആശുപത്രിയിൽ ഒരു ഫീഡിംഗ് റൂം വേണ്ടതാണ്. കുഞ്ഞിന്റെ കരച്ചിൽ നേർത്തുനേർത്തു വന്നു. അവനിപ്പോൾ അമ്മയുടെ അമൃതം നുണയുകയാവും. ഇടം കൈ കൊണ്ട് അമ്മയുടെ ലോക്കറ്റോ സാരിത്തുമ്പോ തെരുപ്പിടിച്ച് കുഞ്ഞിളം ചോരിവായ് കൊണ്ട് അമ്മിഞ്ഞ വലിച്ചുകുടിക്കുന്ന കുഞ്ഞിന്റെ മുഖമാണ് ഈ ലോകത്തെ അത്യന്തം സുന്ദരമായ കാഴ്ചയെന്നോർത്തപ്പോൾ മനസ്സിന്റെ പിരിമുറുക്കമയഞ്ഞ് ഞാനും മിഴികളടച്ചു. 


ഒരു പരുക്കൻസ്വരം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. ആ ജാനുബാഹുവായ ഒരു രാക്ഷസ രൂപി അത്ര പതുക്കെയല്ലാതെ അവൾക്കു നേരെ വിരൽ ചൂണ്ടി അമറുന്നു.


"ഭ! നാട്ടുകാരെ മുഴോൻ കാണിക്കണം അല്ലേടീ....


ഞെട്ടിത്തരിച്ച്, പിടഞ്ഞെണീറ്റ് പുലിക്ക് മുന്നിലെ മാൻപേട പോലെ ഭയന്നു വിറച്ച് അവൾ വിക്കി വിക്കി പറയാൻ ശ്രമിക്കുന്നുണ്ട്.


"മോൻ ദാഹിച്ചു കരഞ്ഞപ്പോ....


" വണ്ടീക്കേറീട്ട് പൊലിഞ്ഞാപ്പോരാ ല്ലേടീ? ദൂരെ പൊരിവെയിലിൽ കാർ പാർക്കിംഗിൽ കിടന്ന ഒരു വലിയ കാർ ചൂണ്ടി അയാൾ വീണ്ടും അമറി.


ചുറ്റുമൊന്ന് നോക്കി ആ രാക്ഷസൻ തുടർന്നു. " ഇഷ്ടം പോലെ ആൾക്കാരുമൊണ്ടല്ലോ കാഴ്ച കാണാൻ" !


ആരാണീ കാഴ്ചക്കാർ? കൗമാരം കടക്കാത്ത ഫ്രീക്കനും പിന്നെ അവളുടെ മുത്തച്ഛനാകാൻ പ്രായമുള്ള നമ്മുടെ വയോവൃദ്ധനും.!!


ഞാനാ പെൺകുട്ടിയെ നോക്കി. ഭയവും ആശങ്കയും അപമാനവും പേറി സജലങ്ങളായ മിഴികൾ പ്രതീക്ഷിച്ചിടത്ത് ഒരു വരണ്ട നിർവ്വികാരഭാവമാണ്. ഇതു പോലെ ഏറെ ദുരനുഭവങ്ങൾ ഏറ്റുവാങ്ങി മരവിച്ച മനസ്സിന്റെ പ്രതിഫലനമാകാം. പക്ഷെ ആ കുഞ്ഞു മുഖം! അപ്രതീക്ഷിതമായി മുലക്കണ്ണുകളിൽ നിന്ന് പറിച്ചെടുത്ത കുഞ്ഞിളം ചുണ്ടു പിളർത്തി, കണ്ണുകൾ ഇറുക്കിയടച്ച് ഉറക്കക്കരയുന്ന ആ കുഞ്ഞു മുഖം എന്റെ ഉൾത്തടത്തിലെവിടെയൊക്കെയോ കൊളുത്തി വലിക്കുന്നുണ്ട്.


അറപ്പും വെറുപ്പും അമർഷവും തിളക്കുന്ന പല ജോഡി കണ്ണുകൾക്ക് ശരവ്യനായിട്ടും ആ കാട്ടാളൻ അവളുടെ കൈ പിടിച്ച് വലിച്ച് പറയുന്നു. " ചെന്ന് വണ്ട്യേ കേറടീ, ഇപ്പ കുടിച്ചില്ലെന്നു വച്ച് അത് ചത്തൊന്നും പോവൂലാ"


ആരേയും നോക്കാതെ അപ്പോഴേക്കും ഘനീഭവിച്ച ദു:ഖമുരുകി കണ്ണീർത്തടാകമായ മിഴികൾ തുടച്ച് ആ പെൺകുട്ടി കാറിനടുത്തേക്ക് അടി വച്ച് നീങ്ങുന്നതു കണ്ട്, അവളൊ തിരിഞ്ഞു നോക്കരുതേ എന്ന് പ്രാർത്ഥിച്ച്, ഞാൻ മിഴികൾ പറിച്ചെടുത്ത് തിരക്കൊഴിഞ്ഞ കൗണ്ടറുകളിലേക്ക് നോക്കി.


" യെവനൊക്കെ മൻഷ്യനാണോ? പൊലയാടി മോൻ!


തൊട്ടടുത്ത് ഉയർന്ന ശബ്ദം എന്നെ ഞെട്ടിച്ചു കളഞ്ഞു. അത് ആ വൃദ്ധന്റേതായിരുന്നു! രാക്ഷസനത് കേട്ടെന്നു വ്യക്തം. കാരണം അയാൾ പെട്ടെന്ന് നിന്ന് തിരിഞ്ഞു വൃദ്ധനെ ദഹിപ്പിക്കും വിധമൊന്ന് നോക്കി. പിന്നീട് ഒരു വീണ്ടുവിചാരത്തിൽ പിന്തിരിഞ്ഞ് തന്റെ വേട്ടമൃഗത്തെ കാറിനടുത്തേക്ക് തെളിക്കാൻ തുടങ്ങി. ഒടുവിൽ കാറിന്റെ വാതിലുകൾ വലിച്ചടച്ച് മുന്നോട്ടെടുത്തതു കണ്ട് ഞാൻ വൃദ്ധനെ നോക്കി. 


പ്രകാശം കുറഞ്ഞ എന്നാൽ ആത്മരോഷത്തിന്റെ കനലുകൾ ചെഞ്ചായം പൂശിയ ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ ശിരസ്സു കുനിച്ചു.


നഗരജീവിതത്തിന്റെ നിർമ്മമത തൊട്ടു തീണ്ടാത്ത ഭയലേശമില്ലാത്ത ധാർമ്മിക രോഷത്തിന്റെ തനി നാടനും സ്വാഭാവികവുമായ ഉജ്ജ്വല പ്രതികരണം എന്നെ അദ്ദേഹത്തിനു മുന്നിൽ കടുകുമണിയോളം ചെറുതാക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ