തിരുവോണത്തലേന്നു് രാവിലെ മുതൽ അയാൾ ഒരു അലോസര ചിന്തയിലായിരുന്നു. വീട്, കുട്ടികൾ, തൊഴിലിടം, വീട്ടുജോലികൾ ഇവയ്ക്കിടയിൽ നട്ടം തിരിയുന്നതിനിടയിൽ മനോ സുഖമേകുന്ന വായനക്കോ സംഗീതത്തിനോ  ഒരിത്തിരി ഇടം ഒഴിച്ചിടാൻ കുടുംബിനിക്ക് കഴിയുന്നില്ല. ചോദിച്ചാൽ പറയും. 


" ഇവിടെ മനുഷേൻ കിടന്നു ചക്രശ്വാസം വലിക്കുമ്പഴാ ഒരു പാട്ടും കൂത്തും. നാളെ ഓണാണെന്ന് വല്ല വിചാരവുമുണ്ടോ? നമുക്ക തൊന്നും പറഞ്ഞിട്ടില്ലേയ്."


ഇത് നല്ല പാതിയോട് നമ്മൾ ചെയ്യുന്ന ഒരന്യായമല്ലേ?  സുഗന്ധവാഹിയായ ഇളം കാറ്റും പ്രകൃതിയുടെ  രമണീയ വിസ്മയങ്ങളും സംഗീതത്തിന്റെ ആനന്ദ നിർവൃതിയും  കലാലോകത്തിന്റെ മാസ്മരികതയും അവർക്കു കൂടി ആസ്വദിക്കാനുള്ള തല്ലേ? ഈ ഭൂമിയിലെ സുന്ദരനിമിഷങ്ങൾ ഒന്നൊന്നായി പങ്കിട്ടാലേ ഇതുവരെ കുടുംബത്തിനു വേണ്ടി എല്ലാം ത്യജിച്ച അവളോട് നീതി പുലർത്താൻ കഴിയൂ.


 എന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്? 


"എല്ലാത്തിനും ഒരു സമയമുണ്ട് വിജയാ " 


മനസ്സിൽ ദാസനും വിജയനും ഒരു ഒരു തീരുമാനത്തിലെത്തി.  


നാളെ തിരുവോണം. നഗരത്തിലെ പാർക്കിൽ ഇന്നു് സംഗീതസന്ധ്യയുണ്ട്. ഏറെ തടസ്സങ്ങൾ ഉയർത്തിയെങ്കിലും നാളെ മുതൽ വീട്ടിലെ ജോലികളും ബദ്ധപ്പാടുകളും സന്തോഷവും എല്ലാമെല്ലാം പങ്കിട്ടെടുക്കുന്ന ഒരു പുതിയ ഭർത്താവായി മാറാമെന്നുള്ള സ്നേഹനിർഭരമായ വാക്ദാനത്തിൽ അവളൊരുങ്ങി വന്നു.


 എ.സി. ഹാളിലെ കുഷൻ സീറ്റിൽ ചേർത്തിരുത്തി. 


"നമ്മുടെ ജീവിതവും ഇന്നു മുതൽ  ഒരു പുതിയ സമത്വസുന്ദരമായ സ്നേഹ സുരഭിലമായ ലോകത്തേക്ക് പ്രവേശിക്കുകയാണു് "


സാവധാനം ഉയരുന്ന തിരശ്ശീല നോക്കി അയാളവളുടെ ചെവിയിൽ മന്ത്രിച്ചു. അരണ്ട വെളിച്ചത്തിൽ വർഷങ്ങൾക്കു മുമ്പ് വിരിഞ്ഞിരുന്ന മന്ദ സ്മേരവും അതേ അരുണിമയും ആ സുന്ദരമുഖത്ത് ചെഞ്ചായം പൂശുന്നതുകണ്ട് ഒരുമ്മ നൽകാനുള്ള അദമ്യാവേശത്തിനു് അയാൾ പണിപ്പെട്ടാണു് അണകെട്ടിയത്.


മാസ്മരിക ശബ്ദവുമായി അനുഗൃഹീത ഗായകൻ വേദിയിൽ പാടുകയാണു്.  ശ്രോതാക്കൾ നനുത്ത തൂവലുകളായി ആസ്വാദനത്തിന്റെ ഉത്തുംഗ തലങ്ങളിലേക്ക് പറന്നുയരുന്നു.


" നിന്റെയേകാന്തമാം ഓർമ്മതൻ വീഥിയിൽ എന്നെയെന്നെങ്കിലും കാണും ....


കൈമുട്ടിൽ ആരോ ചൊറിയുന്നു. തുടർന്ന് ചെവിയിൽ മൃദു മന്ത്രണം.


"നാളെ പുട്ടിനു് കടല വാങ്ങിയിട്ടില്ലാട്ടോ "


ആലാപനത്തിന്റെ അഭൗമ തലത്തിൽ നിന്നു്  പൊടുന്നനെ ഞെട്ടറ്റ് താഴേക്ക് പതിച്ച അയാൾ ഇരച്ചുകയറിയ നിരാശയെ മറികടന്നു്  വീണ്ടും സംഗീതത്തിന്റെ ഉത്തുംഗ തലത്തിലേക്ക് തുഴഞ്ഞു പൊങ്ങി.


"അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.

രാത്രി, പകലിനോടെ.....


വീണ്ടും കൈമുട്ടിൽ കരസ്പർശം

"ഇന്നു വാങ്ങിയാലേ വെള്ളത്തിലിട്ട് വക്കാൻ പറ്റൂ ട്ടോ "


അയാൾ ചാടിയെഴുന്നേറ്റു. കൂടെയെഴുന്നേറ്റ ഭാര്യ നിഷ്ക്കളങ്കമായി ചോദിക്കുന്നു.


" അപ്പോ പാട്ടു കേക്കണില്യേ?


" കേക്കാം. അതിനു മുൻപ് വെള്ളത്തിലിടട്ടെ "


"എന്ത്?


" നിന്നെ "


(Disclaimer

ഈ കുറിപ്പിലെ കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഒരു മനുഷ്യജീവികളുമായി യാതൊരു ബന്ധവുമില്ലാത്തതാകുന്നു)

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ