ട്രഷറിയിൽ പെൻഷൻ തുക വാങ്ങാൻ വന്നതാണു്. വരാന്തയിലും തിണ്ണയിലും പഞ്ചായത്ത് പറഞ്ഞിരിക്കുന്ന വയോവൃദ്ധർ മുതൽ പ്രായം കൊണ്ട് മാത്രം വൃദ്ധരായവർ വരെയുള്ളവരുടെ തിരക്കുണ്ട്. ഏകദേശം 10 പേരുള്ള വരിയിൽ പതിനൊന്നാമനായി നിന്നു അലസമായി മുന്നിലേക്ക് കണ്ണോടിച്ചപ്പോൾ തൊട്ടു മുന്നിൽ നിൽക്കുന്ന തൂവെള്ള ഷർട്ടിട്ട വയോവൃദ്ധൻ നിൽക്കാൻ ലേശം വിഷമിക്കുന്നുണ്ടെന്നു തോന്നി. ഒന്നുകൂടി മുന്നിലേക്കാഞ്ഞ് മുഖം ശ്രദ്ധിച്ചപ്പോഴാണു് അമ്പരപ്പോടെ ഞാൻ ആളെ മനസ്സിലാക്കിയതു്. ഒമ്പതിലും പത്തിലും ഹിന്ദി പഠിപ്പിച്ചിരുന്ന മാരാർ സാർ എന്ന സ്നേഹനിധിയായിരുന്ന അദ്ധ്യാപകൻ.
അദ്ദേഹത്തിന്റെ മെലിഞ്ഞ കൈകളിൽ പിടിച്ച് അവിടെയൊരു കസേരയിലിരുത്തുമ്പോൾ തീക്ഷ്ണതയണയാത്ത മിഴികളുയർത്തി എന്നെ ആപാദചൂഡം നോക്കി. ഒരു മിനുട്ട് നെറ്റിയിൽ ആലോചനയുടെ ചുളിവുകളുയർന്നു. അടുത്ത നിമിഷം മിഴികൾ തിളങ്ങുന്നു. നിഷ്കളങ്കനായ ബാലനെപ്പോലെ എന്റെ നേരെ വിരൽ ചൂണ്ടി ഒരു ചോദ്യം.
"നാരായണൻ R. " അല്ലേടാ?
നൂറുകണക്കിനു് ശിഷ്യരുടെ ഇടയിൽ നിന്നു് ഇനിഷ്യൽ സഹിതം പേരോർത്തു വയ്ക്കാൻ കഴിയുന്ന, ദശാബ്ദങ്ങൾക്കു പോലും മങ്ങലേൽപ്പിക്കാൻ കഴിയാത്ത മഹാസിദ്ധിയെ മനസ്സാനമിച്ച് ഞാൻ പറഞ്ഞു.
"പ്രസന്റ് സർ''
അദ്ദേഹമൊന്നു ചിരിച്ചു. തുടർന്നു് ചോദ്യമായി .
പഴയ തർക്കുത്തരത്തിനു് കുറവൊന്നുമില്ല അല്ലേ?
ഞാൻ വിനീതനായി ചിരിച്ചതേയുള്ളൂ.
"നീയെന്താ ഇവിടെ.?
" പെൻഷൻ വാങ്ങാൻ വന്നതാണു സാർ"
ഇപ്പോൾ ചുളികൾ വീണ മുഖത്ത് അസാരം അമ്പരപ്പും അത്ഭുതവും.
"നീ പെൻഷനായോ"?
കാലഗണനയിൽ എവിടെയോ പിശകു സംഭവിച്ച ചോലെ ജനാലയിലൂടെ കാണാവുന്ന ഇത്തിരി ആകാശത്തേക്ക് നോക്കി സന്ദേഹം വിട്ടുമാറാതെ അദ്ദേഹം തുടർന്നു.
"എന്റെ പിള്ളേരൊക്കെ പെൻഷൻ വാങ്ങിത്തുടങ്ങി. കാലം പാഞ്ഞു പോകയാണല്ലേ."
സർവ്വീസിൽ നിന്നു് പെൻഷനായി മക്കളും പേരക്കുട്ടിയുമായി കാരണവർ ചമഞ്ഞു നടക്കുന്ന ഞാൻ പെട്ടെന്നു് നിക്കറും ഷർട്ടുമിട്ടു് 9 B യിലെ രണ്ടാം നിരയിലെ ബെഞ്ചിൽ മൂന്നാമനായി.
തൂവെള്ള ഷർട്ടും മുണ്ടും ധരിച്ച് സുസ്മേരവദനനായി വിരസമായ കബീർ കാ ദോഹയും അദ്ധ്യായങ്ങളും കഥ പറഞ്ഞും കവിത ചൊല്ലിയും സരസമായി പഠിപ്പിച്ചിരുന്ന, കുട്ടികളെ സ്നേഹത്തിന്റെ കൈക്കൂട്ടിൽ എപ്പോഴും സംരക്ഷിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മാരാർ സാർ.
ഞാൻ പെൻഷനാവുക മാത്രമല്ല 3 പൈതങ്ങളുടെ മുത്തശ്ശനുമാണെന്ന് പറഞ്ഞ പ്പോൾ അദ്ദേഹം എന്റെ കരം കവർന്നു വിശാലമായി ചിരിച്ചു.
തുടർന്നു് മിഴികളടച്ച് പ്രാർത്ഥനാനിരതനായി അനുഗ്രഹിച്ചു.
" നന്നായി വരട്ടെ"
അനുഗ്രഹാശിസ്സുകളുടെ ആ അമൃതവാണി എന്റെ കണ്ണുകളീറനാക്കി.
പെൻഷൻ മണിയോർഡറാക്കുകയോ ബാങ്കു വഴിയാക്കുകയോ ചെയ്യാത്തതിന്റെ കാരണവും അദ്ദേഹം പറഞ്ഞു.
" മാസത്തിലൊരിക്കൽ പഴയ ആളുകളിൽ കുറേപ്പേരെയൊക്കെ കാണാം "
താഴെ, കാത്തുകിടന്ന ഓട്ടോറിക്ഷയിലേക്ക് ബദ്ധപ്പെട്ടു കയറുമ്പോൾ അദ്ദേഹം പറഞ്ഞു.
"അടുത്ത മാസം കാണാ ട്ടോ."
ആ കുണ്ടിലാണ്ട മിഴികളിൽ നോക്കി തള്ളിക്കയറി വന്ന വികാരം നിയന്ത്രിച്ച് എനിക്ക് തലയാട്ടാനേ കഴിഞ്ഞുള്ളു.
അല്ലെങ്കിലും ഈ " പിള്ളേർ" ഇങ്ങനെയാണു്. പെട്ടെന്നു് വികാരം കൊള്ളും. കണ്ണു നിറയും.
Comments
Post a Comment