ഒരു ദശാബ്ദത്തിലേറെ മുമ്പാണു്.
ഏതോ സ്വപ്നം പാതിവഴിക്കു മുറിച്ചു കൊണ്ട് ഫോൺ ബെൽ ഇടവിടാതെ മുഴങ്ങുന്നുണ്ട്. തെല്ല് ഈർഷ്യയോടെ തന്നെ എടുത്ത ലാൻഡ് ഫോൺ റിസീവറിന്റെ അങ്ങേ തലയ്ക്കൽ നിന്നു രാമചന്ദ്രന്റെ പരിഭ്രാന്തമായ സ്വരം.
"മോൾക്ക് ഒരു ഓപ്പറേഷൻ നാളെത്തന്നെ ചെയ്യുന്നു. നീ വേഗം വാ "
രാമചന്ദ്രൻ സഹപ്രവർത്തകനും സുഹൃത്തുമാണു്. അയാളുടെ മകളുടെ കാൽമുട്ടിനു കുറച്ചു നാളായി കഠിനവേദന. നാട്ടിലെ ഡോക്ടരും വൈദ്യനും ചികിത്സിച്ചിട്ടും മാറാതെ സിറ്റിയിലെ പ്രശസ്തമായ ആശുപത്രിയിൽ 4 ദിവസങ്ങൾക്കു മുൻപ് അഡ്മിറ്റായിരുന്നു. ടെസ്റ്റുകൾ തുടരുന്നു വെന്നും രണ്ടു ദിവസത്തിനുള്ളിൽ രോഗ നിർണ്ണയം പൂർത്തിയാകുമെന്നും ഫോണിൽ പറഞ്ഞിരുന്നു. ഇതിപ്പോൾ ഓർക്കാപ്പുറത്ത് ഇതെന്തു പറ്റി?
മുറിയിലേക്കു കടന്നു ചെല്ലുമ്പോൾ മരണവീടുപോലെ ശോകമൂകമാണു് അന്തരീക്ഷം. രാമചന്ദ്രൻ എന്റെ കരം ഗ്രഹിച്ച് പുറത്തേക്ക് കടന്നു. വിതുമ്പലിനിടയിൽ ഇത്രയും പറഞ്ഞൊപ്പിച്ചു.
" അവൾക്ക് വലതു കാൽമുട്ടിൽ ട്യൂമർ ബാധിച്ചിട്ടുണ്ടത്രെ. പെട്ടെന്നു തന്നെ പടരുന്ന ഒരിനമാണു്. മുട്ടിനു മുകളിൽ വച്ച് .... ബാക്കി പറയാനാവാതെ അവനിലെ പിതാവ് വിങ്ങിപ്പൊട്ടി എന്റെ ചുമലിലേക്ക് ചാഞ്ഞു.
ഒരു നിമിഷം ഞാൻ നടുങ്ങി പോയെങ്കിലും സമനില വീണ്ടെടുത്ത് അവനേയും കൊണ്ട് കട്ടിലിനരികിലെത്തി. എത്രയോ തവണ കണ്ടിട്ടുള്ള ആ കുസൃതി നിറഞ്ഞ മുഖത്ത് ഇപ്പോൾ ഭയം കലർന്ന നിർവ്വീകാരതയാണു്. എന്നെ കണ്ടതോടെ അവൾ ചുവരിനഭിമുഖമായി തിരിഞ്ഞു കിടന്നു. ചന്ദ്രൻ പറഞ്ഞ കാര്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിച്ചു കൊണ്ട് ഞാൻ പത്താം നിലയിലെ ആ മുറിയിലെ ജാലകത്തിലൂടെ പുറത്തേക്ക് കണ്ണയച്ചു. രാവ് അധികം ശേഷിക്കുന്നില്ലെങ്കിലും പ്രകാശം പരക്കുന്നതേയുള്ളൂ . നഗരം ഉണർന്നു വരുന്നു. സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്ന ഈ പെൺകുട്ടിയെ ഒരു കാൽ മുറിച്ചുമാറ്റിയ അവസ്ഥയിൽ സങ്കൽപ്പിക്കാൻ പോലുമാകാതെ, നിശ്ശബ്ദമായി ചുറ്റും ഉയരുന്ന തേങ്ങലുകൾ കാണാനാകാതെ വിദൂരതയിലേക്ക് നോക്കി നിന്ന എനിക്ക് പൊടുന്നനെ അങ്ങകലെ സ്വർണ്ണ നിറമാർന്ന ആദിത്യകിരണങ്ങൾ കാണായി .
ചന്ദ്രനെ പുറത്തേക്കുകൂട്ടിക്കൊണ്ടുപോയി ഞാനെന്റെ നിർദ്ദേശം മുന്നോട്ടുവച്ചു. ഇവിടെ നിന്നും 15 കിലോമീറ്ററേയുള്ളു. ലേക് ഷോറിലേക്ക് . അവിടെ ഡോക്ടർ ഗംഗാധരനുണ്ട്. അർബുദമെന്ന വ്യാധിയോട് നിരന്തര യുദ്ധം ചെയ്യുന്ന ദേവതുല്യനായ ഡോക്ടർ. അദ്ദേഹത്തെ കണ്ട് ചോദിച്ചിട്ടുമതി ഓപ്പറേഷൻ.
ചന്ദ്രൻ വിഷമവൃത്തത്തിലായി. അതിവേഗം വ്യാപിക്കുന്നു എന്ന ആശങ്കയിൽ അത്യാവശ്യ വിഭാഗത്തിൽ പെടുത്തി ഇന്നത്തേക്ക് നിശ്ചയിച്ചിരിക്കുന്ന സർജറി വേണ്ടെന്നു പറയുന്നതെങ്ങനെ? അതിന്റെ പ്രത്യാഘാതങ്ങൾ? തിരക്കിട്ട ചർച്ചകൾ. സ്വാഭാവിക ആശങ്കകളുയർത്തി അടുത്ത ബന്ധുക്കൾ.
ലേക് ഷോർ ആശുപത്രിയിൽ അന്നു ജോലി ചെയ്തിരുന്ന ഒരു സുഹൃത്തു മുഖേന Dr. ഗംഗാധരനുമായി ഒരു അപ്പോയിന്റ്മെന്റ് ഇതിനിടെ ഞാൻ നേടിയിരുന്നു. ഉച്ചക്ക് ശേഷം അവസാനത്തെ നമ്പറായി ഞങ്ങൾ അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്കാനിംഗ് റിപ്പോർട്ടുകളുൾപ്പടെയുള്ള എല്ലാ രേഖകളും പരിശോധിച്ച് അദ്ദേഹം മുഖമുയർത്തി. ആരേയും കുറ്റപ്പെടുത്താതെ പിന്നെയദ്ദേഹം മൊഴിഞ്ഞ വാക്കുകൾ പ്രത്യാശയുടെ അമൃതബിന്ദുക്കളായി മാറി. "ഈ കേസിൽ ആമ്പ്യൂട്ടേഷൻ അവസാന വാക്കാണു്. അതിനു മുൻപായി നിങ്ങൾ മദ്രാസ് ക്യാൻസർ സെന്ററിൽ പോകൂ. ഞാനൊരു കത്തു തരാം . നമുക്കൊന്ന് ശ്രമിച്ചു നോക്കാം.
കാരുണ്യ കടലായ മിഴികളുയർത്തി ചന്ദ്രനോട് അദ്ദേഹം ഇത്രയും കൂടി പറഞ്ഞു.
":വിഷമിയ്ക്കണ്ട, എല്ലാം നന്നായി വരും."
പിന്നെയെല്ലാം മിന്നൽ വേഗതയിൽ നടന്നു. മദ്രാസിൽ ഒരു മാസത്തെ ചികിത്സക്കു ശേഷം അവൾ മടങ്ങിയെത്തി. ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അവൾ വാക്കർ ഉപയോഗിച്ച് നടക്കാൻ ശ്രമിക്കുകയാണു്. അന്നു് ഞാൻ കണ്ട വാടിയ ചീരത്തണ്ടല്ല. പ്രകാശവും പ്രത്യാശയും സന്തോഷവും വീണ്ടെടുത്ത മിഴികൾ. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖം. അതിലേറെ സന്തോഷം നൽകിയ വാർത്ത അവളുടെ മുടങ്ങിയ പഠനം പുനരാരംഭിച്ചിരിക്കുന്നു എന്നതായിരുന്നു.
വീണ്ടും മാസങ്ങൾക്കു ശേഷമാണു് ഒരു ദിവസം ചന്ദ്രന്റെ ഫോൺ. നാളെ ഞങ്ങൾ വരുന്നു. നീയവിടെയുണ്ടാവണം'
ഗേറ്റ് തുറന്നു ഒരിയ്ക്കൽ മുറിച്ചു കളയാൻ വിധിക്കപ്പെട്ട കാൽ നിലത്തമർത്തി ചവിട്ടി എന്റെ വീടിന്റെ പടിക്കല്ലുകൾ പരസഹായമില്ലാതെ അവൾ കയറി വന്നു. മുന്നിൽ നിവർന്നു നിന്ന് ചിരിച്ച പെൺകുട്ടിയുടെ ചുമലുകളിൽ കൈവച്ച് ശിരസ്സിൽ തലോടുമ്പോൾ എന്റെ കൺകോണുകളിലെ ഉറവ പൊട്ടിയിരുന്നു. അവളുടേയും.
Comments
Post a Comment