അങ്ങാടി മരുന്നു' കടയിൽ നിന്നു് ചില സാധനങ്ങൾ വാങ്ങിയിറങ്ങുമ്പോൾ കടക്കാരൻ സത്യൻ അങ്ങുമിങ്ങും നോക്കി രഹസ്യമെന്നോണം ശബ്ദം താഴ്ത്തി പറഞ്ഞു.
നല്ല ജപിച്ച ബ്രഹ്മി നെയ്യുണ്ട്. പഠിക്കുന്ന കുട്ടികൾക്ക് ബഹുവിശേഷമാണു്. ഒരു ചെറിയ കുപ്പി കൊണ്ടു പോകുന്നോ?
പെട്ടെന്നു് നെയ്ക്കുമ്പളങ്ങ പോലുള്ള ഒരു പെൺകുട്ടി ചിരിച്ചു കൊണ്ട് സ്പൂണിൽ നിറഞ്ഞ നെയ് സേവിക്കുന്നതും ബുദ്ധിക്കും ഓർമ്മക്കും സന്തോഷ് ബ്രഹ്മി എന്ന അകമ്പടിപ്പാട്ടുമുള്ള പരസ്യം ഒരു ബ്ളാക്ക് & വൈറ്റിൽ ദൂരദർശനിൽ കണ്ടത് ഓർമ്മയുടെ അഗാധതലങ്ങളിൽ നിന്നു് ഒന്നെത്തി നോക്കി.
"ചുമ്മാതിരി സത്യാ, നിന്റെ കച്ചോട സൂത്രം എന്നോട് വേണോ? ഞാൻ കിറികോട്ടി പരിഹാസരൂപേണ ചോദിച്ചു.
സത്യൻ പെട്ടെന്നു് ഗൗരവം പൂണ്ട് മേലെ നോക്കി പരംപൊരുൾ കണ്ടെത്തിയ ഭാവത്തിൽ അർദ്ധ നിമീലിതാക്ഷനായി കൈകൂപ്പി നിന്നു.
" ഞാൻ വളരെ വേണ്ടപ്പെട്ടവരോടേ ചോദിക്കാറുള്ളൂ. സാറിനു് വേണ്ടെങ്കിൽ വേണ്ടാ "
ആ ഡയലോഗ് അവനുദ്ദേശിച്ചിടത്തു തന്നെ കൊണ്ടു. ഭാര്യ അതേറ്റു പിടിച്ചു.
അവൾക്ക് അതൊരു കുപ്പി വാങ്ങിയേ തീരു.
" കുട്ടികൾക്ക് പഠിക്കാൻ വിശേഷാത്രെ, പോരെങ്കിൽ ജപിച്ചതാണു് "
"ആരു ജപിച്ചു?
" അറിയില്ല, ചിലപ്പോൾ തന്ത്രിയായിരിക്കും "
"തന്ത്രിയല്ല, മന്ത്രിയാണു് നിനക്കു വേറെ പണിയില്ലേന്നു ചോദിച്ചു ഒന്നുകൂടി അവന്റെ പിടിയിൽ നിന്നു കുതറി മുന്നോട്ടു നടന്ന എന്നെ അവൾ തടഞ്ഞു നിർത്തി നിർബ്ബന്ധമായപ്പോൾ ഞാൻ സമ്മതിച്ചു.
"വാങ്ങിക്കോളൂ. ഇനി അതിന്റെ കുറവു വേണ്ടാ "
കുടുംബത്ത് സമാധാനമില്ലെങ്കിൽ പിന്നെ എത്ര ബുദ്ധിയുണ്ടായിട്ടെന്തു കാര്യം? സത്യന്റെ ഉള്ളിലൊളിപ്പിച്ച ചിരി കണ്ടു കൊണ്ടു തന്നെയാണു് ഞാൻ ഈ പൊടിഡപ്പി പോലുള്ള കുപ്പി ക്ക് അരക്കിലോ മിൽമാനെയ്യിന്റെ വില വഴിപാടിട്ടു കൊടുത്തത്.
രണ്ടാഴ്ച കഴിഞ്ഞു. മുറപ്രകാരം നെയ് സേവിച്ച് അവസാനിപ്പിച്ച് കുട്ടികൾ ആകെ ഉഷാറിലാണു്. പക്ഷെ ഇന്നു രാവിലെ മുതൽ മകനു് ആകെ ഒരു പരിഭ്രമം. വീട്ടിനുള്ളിൽ അച്ചാലും മുച്ചാലും നടക്കുന്നു.
" എന്തു പറ്റിയെടാ ഉപ്പില് വീണ പല്ലിയെ പോലെ? ഭാര്യ ചോദിക്കുന്നുണ്ട്.
"ഇന്നു് ഓർമ്മ പരിശോധനയാണമ്മേ" അവൻ ചിണുങ്ങുകയാണു്.
അതിനെന്തു പറ്റി?
ഈ പരീക്ഷേല് ഏറ്റവും കുറച്ചു മാർക്ക് എനിക്കാ എപ്പഴും പതിവു്. ഇന്നെന്നെ കൂട്ടുകാര് കളിയാക്കി കൊല്ലും. പൈതലിന്റെ വദനാംബുജം വാടി കണ്ണുനീർത്തടാകമാകാനുള്ള പുറപ്പാടാണു്.
സംഭവം ഇതാണു്. ഒരു മേശപ്പുറത്ത് 25 സാധനങ്ങൾ നിരത്തി വച്ചിട്ടുണ്ടാകും. ഒരു മിനുട്ട് നേരം അതു നോക്കാനനുവദിച്ച് അടുത്ത മുറിയിൽ പോയി സാധനങ്ങളുടെ ലിസ്റ്റ് എഴുതണം. ഇതിന്റെ മാർക്കിന്റെ ഏറ്റക്കുറച്ചിലന്നു സരിച്ചാണത്രെ ഓർമ്മ ശക്തിയുടെ റാങ്കിംഗ്.
"അതൊക്കെ കിട്ടും. എങ്ങനെയാ കിട്ടാതിരിക്യാ? മത്ത കുത്തിയാ കുമ്പളം മുള ക്യോ?
അവസാന വാചകം അവൾ തൊടുത്തുവിട്ടത് കണ്ണാടിയിൽ നോക്കി ഷേവുചെയ്യുന്ന എന്റെ നേരെ എറുകണ്ണിട്ടു നോക്കിയാണെന്നു് ഞാൻ മുന്നിലുള്ള കണ്ണാടിയിലും പിന്നെ മനക്കണ്ണാടിയിലും കാണുന്നുണ്ട്. അതിനു കാരണവുമുണ്ട്.
എന്നെ സംബന്ധിച്ച് മറവി വിട്ടുപിരിയാത്ത കൂടെപിറപ്പ് തന്നെ. കണ്ണട, വാച്ച്, കുട, ചോറു പാത്രം പേന,അത്യാവശ്യ കടലാസുകൾ, ചിലപ്പോൾ ഇതെല്ലാം വച്ച ബാഗ് എന്നിവയൊക്കെ മറന്നു തിരിച്ചു വന്നെടുക്കുന്നത് ദിനചര്യ പോലൊന്നായിട്ടുണ്ട്. ഒരിക്കൽ ഷർട്ടിടാൻ മറന്നു ബനിയൻ ധാരിയായി റോഡ് വരെയെത്തിയെന്നു വരെ അപഖ്യാതി പരന്നിട്ടുണ്ട്. എന്തെകിലും ആവശ്യങ്ങൾ പറയാൻ വിട്ടു പോയാലും പതിവ് തിരിച്ചുവരവുള്ളതുകൊണ്ട് പരിഭ്രമിക്കേണ്ടതില്ല എന്നു് ഭാര്യ ഒന്നു് ആക്കി പറയാറുമുണ്ട്.
കഴിഞ്ഞയാഴ്ച തന്നെ KSRTC കണ്ടക്ടറുടെ മുന്നിൽ പത്തു പൈസയെടുക്കാനില്ലാതെ ഏത്തമിടാൻ നിന്ന എന്നെ രക്ഷപ്പെടുത്തിയത് ഭാര്യയുടെ സഹപ്രവർത്തകയുടെ ഭർത്താവാണു്. ആ പൊളപ്പൻ ന്യൂസ് ഞാനെത്തും മുമ്പുതന്നെ സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തുകയുമുണ്ടായി.
ഇതൊക്കെ ഓർമ്മയുള്ളതുകൊണ്ട് ഭാര്യയുടെ ഏറു കണ്ണിട്ടനോട്ടം നേരിടാതെ ഞാൻ ദീർഘനേരം മുഖം കഴുകിയും തുടച്ചും അവിടന്നു് കഴിച്ചിലായി. ബാത്ത് റൂമിൽ കയറാൻ നോക്കുമ്പോൾ അവനതാ കിരിയാത്ത് കഷായം കുടിച്ച മുഖഭാവത്തോടെ സ്ക്കൂളിൽ പോകാനിറങ്ങുന്നു. സാന്ത്വ നോക്തികളുമായി അമ്മ പിന്നാലെയുണ്ട്.
"ഓൾ ദ ബെസ്റ്റ് അപ്പൂ " ഞാൻ വിളിച്ചു പറഞ്ഞു.
അവൻ തിരിഞ്ഞ് ദയനീയമായി എന്നെയൊന്നു നോക്കി. V for Victory ചിഹ്നം കാണിച്ച് ഉയർന്നു വന്ന ചിരിയടക്കി ഞാനവനെ യാത്രയാക്കി.
ഭാര്യയുടെ ചില്ലു ഗ്ളാസ് വീണുടഞ്ഞ പോലുള്ള ചിരി കേട്ടുകൊണ്ടാണു് ഞാൻ വാതിൽ തുറന്നു പുറത്തുവന്നത്. ഗേറ്റ് കടന്നു് സൈക്കിളിൽ സ്ക്കൂളിലേക്കു പോയ മകനുണ്ട് വിഷണ്ണനായി ഹാളിൽ പരുങ്ങി നിൽക്കുന്നു. ചിരിയടക്കാൻ ബദ്ധപ്പെട്ട് അവന്റെയമ്മ. എന്താണെന്ന ആംഗ്യ ചോദ്യത്തിനു് ഭാര്യ അവനെ ചൂണ്ടി കുതിച്ചു വരുന്ന ചിരിക്കിടയിൽ പറയുന്നു.
"ഇവനേയ് പേനയെടുക്കാൻ മറന്നൂന്നു്.!!
ഓർമ്മ പരിശോധനക്ക് പോയ ആളാണു്!!!
അത് ചിരിയുടെ അണക്കെട്ട് തുറന്നു വിട്ട വാർത്തയായി. അതു സാവധാനം നിറകണ്ണുകളുമായി നിന്ന അവനിലേക്കും പടർന്ന് കൂട്ടച്ചിരിയായപ്പോൾ അവനെ ആശ്ളേഷിച്ചു കരവലയത്തിലൊതുക്കി ഞാൻ പറഞ്ഞു.
" മുളച്ചത് മത്തൻ തന്നെ "
(Re post)
Comments
Post a Comment