രാമൻ മാഷെ ഒരാഴ്ച മുൻപും കണ്ടതാണു്. പക്ഷെ കവലയിൽ വച്ച് കണ്ടപ്പോൾ ഏറെ നാൾ കൂടി കണ്ട പോലെ ഹൃദ്യമായി ചിരിച്ച്, ചുമലിൽ കൈവച്ച് മാഷ് വർത്തമാനം തുടങ്ങി.


"കാലിനൊരു വേദന. രണ്ടു ദിവസമായി. ലേശം കുഴമ്പിട്ടൊന്നു തിരുമ്മി ഒന്നു ചൂടുപിടിച്ചാൽ മാറണതേള്ളൂ." 


 മടക്കിക്കുത്തിയ മുണ്ട് ലേശമുയർത്തി മുട്ടുചിരട്ട വലതുകൈ കൊണ്ടുഴിഞ്ഞ് മാഷ് വേദനയുള്ള ഭാഗം കാണിച്ചു തന്നു.


മാഷിന് വയസ്സ് എൺപത്തഞ്ചെങ്കി ലുമായിട്ടുണ്ടാവണം. ഒരു എൺപത്തഞ്ചുകാരന്റെ സ്വാഭാവികക്ഷീണമല്ലാതെ വ കാര്യമായ ഉടവൊന്നുമില്ലാത്ത ശരീരം.

പണ്ടത്തെ കുത്തരിച്ചോറിന്റെയും വിഷം തീണ്ടാത്ത പച്ചക്കറികളുൾപ്പെട്ട ചിട്ടയായ ഭക്ഷണക്രമത്തിന്റെ ഗുണം. ഇവിടെ അൻപതുകളുടെ അവസാന പകുതിയോടെ തന്നെ നടുവും മുട്ടും സന്ധികളും പണിമുടക്ക് നോട്ടീസ് തന്നു കൊണ്ടിരിക്കുകയാണെന്ന് ആരോട് പറയും?


"എല്ലിന്റെ ഡോക്ടറെ ഒന്നു കാണിയ്ക്കായിരുന്നു. പ്രായമാവുമ്പോ അല്ലം തേയ്മാനമൊക്കെയുണ്ടാകാൻ വഴിയുണ്ട് " 


ഞാനെന്റെ പരിമിതമായ വൈദ്യ വിജ്ഞാനം വിളമ്പി.


മാഷ് എന്നു വെറുതെ വിളിക്കുന്നതല്ല. ഏഴാം ക്ലാസ് വരെ പഠിപ്പിച്ച കർക്കശക്കാരനായ കണക്ക് മാഷാണു്. തന്നോളമെത്തിയാൽ താനെന്നു വിളിക്കണമെന്ന ന്യായത്തിൽ മാഷിപ്പോൾ അൻപതു പിന്നിട്ട് അറുപതിന്റെ ചുറ്റുവട്ടത്തു പരുങ്ങുന്ന ഞങ്ങളെയൊക്കെ പ്രമോഷൻ തന്നു മുതിർന്നവരുടെ ഗണത്തിൽ പെടുത്തിയിട്ടുണ്ട്.


"എനിക്കിപ്പോ വേറൊര സുഖോമില്ല. പക്ഷെ മുരളീം സുഭദ്രേം സമ്മതിക്കില്ല. വാതമാണു്, പിത്തമാണു്. ഓർമ്മക്കുറവ് തുടങ്ങീട്ടുണ്ട് ന്നൊക്കെ പറഞ്ഞ് പുറത്തിറങ്ങാൻ സമ്മതിക്കില്ലന്നേ. ഓർമ്മപ്പിശകാത്രെ. എനിക്കൊരോർമ്മക്കൊറവൂല്ല. മാഷ് അല്പം ചൂടായ പോലെ തോന്നി.


ഇതിനോട് എനിക്കും യോജിപ്പില്ല. വയസ്സായവരെ ശരീര പരിചരണത്തോടൊപ്പം തന്നെ മനസ്സിനും ധൈര്യം നൽകി ഊർജ്ജസ്വലരാക്കേണ്ടതിന്നു പകരം സുഖക്കേടു കാരനാക്കി വീട്ടിൽ തളക്കുന്നതു ശരിയല്ല. മുരളി എന്റെ സുഹൃത്തുമാണ്. അവനോടൊന്നു പറയണം എന്നു ഞാൻ മനസ്സിലുറപ്പിച്ചു. അതിനുള്ള സ്വാതന്ത്ര്യമൊക്കെ എനിക്കാ വീട്ടിലുണ്ട്.


പക്ഷെ മാഷിന്റെ അടുത്ത ചോദ്യം കേട്ട് എനിക്ക് ചിരിക്കണോ കരയണോ എന്നറിയാതെയായി. 


"ആട്ടെ, നീയെന്നാ വന്നതു്? ഇപ്പോ എവിടെയാ താമസം?!!


 ആഴ്ചയിലൊരു തവണയെങ്കിലും കാണുന്ന ഒരു ബസ് സ്റ്റോപ്പിനപ്പുറം താമസിക്കുന്ന എന്നോടാണു് ഓർമ്മക്കുറവേയില്ലാത്ത മാഷിന്റെ ചോദ്യം !!!


.എന്റെ ചുണ്ടുകളിലേക്ക് ഒഴുകിയെത്തിയ മന്ദസ്മിതം ഒരു ശോക ചിന്തയിലേക്ക് വഴിമാറുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ