ബലി
പള്ളിത്താഴത്ത് മത്തായിച്ചേട്ടന്റെ കടയിൽ മേലേടത്തെ പത്രാസുകാരൻ ചെക്കൻ കസേരയിൽ ഇരുപ്പുണ്ട്. അവനു വേണ്ടിയെടുത്ത സാധനങ്ങളുടെ വിവരങ്ങൾ പണിക്കാരൻ ചെക്കൻ വിളിച്ചു പറയുന്നു.
പൻസാര ഒരു കിലോ
മേശപ്പുറത്ത് പറ്റു ബുക്കിൽ അതിന്റെ വില നിമിഷാർദ്ധത്തിനുള്ളിൽ കണക്കാക്കിക്കുറിച്ച് മത്തായിച്ചേട്ടൻ ഏറ്റു പറയുന്നു.
പന്സാര ഒരു കിലോ,
മല്ലി ഇരുന്നൂറ്റമ്പത്
മത്തായിച്ചേട്ടൻ വില കുറിക്കുന്നു. ഏറ്റുപറയുന്നു.
നീണ്ട ലിസ്റ്റാണ്. മേലേടത്തെ ഉണ്ണിത്താൻ സാർ താലൂക്കാപ്പീസിലെ ഉദ്യോഗസ്ഥനാണ്. പറ്റുകാശ് ഇരുന്നൂറ്റമ്പതിൽ പരം രൂപ ഒരുമിച്ച് മാസാദ്യം കൊടുക്കുകയാണത്രെ. ഇരുന്നൂറ്റമ്പത് രൂപ! അതെത്രയുണ്ടാവുമെന്ന് അവനറിയില്ല. സിനിമാ ടാക്കീസിലെ കാവൽ പണിക്ക് അവൻറച്ഛന് ആഴ്ചയിൽ 70 രൂപയാണ് കിട്ടുക. പത്തിൻ്റെ നോട്ടാണ് അവൻ കണ്ടിട്ടുള്ള ഏറ്റവും വലിയ തുക.
പണിക്കാരൻ ചെക്കന്റെ തലയിലേക്ക് കുട്ട ഏറ്റിക്കൊടുക്കുമ്പോൾ അവൻ നിക്കറൊന്നു കൂടി മുറുക്കിക്കെട്ടി. ഭാരം തലയിലമർന്നപ്പോൾ അവന്റെ കരുത്തുമെല്ലിച്ച ദേഹം ഒന്നു വിറച്ചു. കഴുത്തിലെ ഞരമ്പുകളും ഒട്ടിയ വയറിന് മേലെ വാരിയെല്ലുകളും തെളിഞ്ഞു. മത്തായിച്ചേട്ടൻ പത്രാസുകാരനോട് ലോഗ്യം പറഞ്ഞു.
"പൊറന്നാളിന് മത്തായിച്ചേട്ടൻ വെര്ണ്ട്ന്നു അച്ചനോട് പറയണം ട്ടോ.
തലയാട്ടി ചിരിച്ച് അവൻ തിരക്കിട്ടിറങ്ങി പോയി. പിന്നാലെ ഒന്ന് വേച്ച് കാലുകൾ ഇടറി ചെക്കനും. മത്തായിച്ചേട്ടൻ ലോഗ്യത്തിന് കൊടുത്ത പ്യാരി മിഠായിയുടെ പച്ചപ്പൊതിച്ചിൽ അവൻ ഊരിയെറിഞ്ഞത് തിണ്ടിൽ ഉടുപ്പിടാതെ സഞ്ചിയും കക്ഷത്തു വച്ച എന്റെ മുഖത്തുരസി താഴെ വീണു. പണികഴിഞ്ഞ് കുളിക്കാൻ തോട്ടിലേക്ക് പോകും വഴി
ഒരു പൊത്ത് എണ്ണക്ക് കാത്തുനിന്ന പണിക്കാരി പെണ്ണുങ്ങളുടെ കയ്യിലേക്ക് ഓരോതവി എണ്ണയൊഴിച്ചു കൊടുത്ത് കൊണ്ട് മത്തായിച്ചേട്ടൻ അവനോട് ചോദിച്ചു.
നെനക്കെന്നാ വേണ്ടേ?
പണിക്കാരി പെണ്ണുങ്ങൾ കയ്യിൽ വീഴ്ത്തിയ എണ്ണ തലയിൽ പൊത്തി കലപില പറഞ്ഞ് ഇറങ്ങിപ്പോകാതെ നിൽക്കുകയാണ്.
"നെനക്കു് ചെവി കേട്ടൂടേ? മത്തായിച്ചേട്ടൻ ശബ്ദമുയർത്തി.
"നൂറ് പഞ്ചാരേം, നൂറ് വെൾച്ചണ്ണേം പിന്നെ ഒരു പൊതി ആപ്പിള് ബീഡീം: "
അവൻ പതുക്കെ പറഞ്ഞു.
" കാശൊണ്ടോ?
" ഇല്ല, അച്ചൻ ഒരുമിച്ച് കൊണ്ടത്തരാന്ന് പറ്യാൻ പർഞ്ഞു "
അവന് പോലും കേൾക്കാനാകാതെ അവൻ പറഞ്ഞു.
"ഒവ്വ, ഒവ്വ.. നന്റെച്ചൻ ഒത്തിരി കേറ്റിത്തരും."
വിരലുകൾ അഞ്ചും മടക്കി ആട്ടി ഒരു അശ്ളീലാംഗ്യം കാട്ടി അയാൾ കിറി കോട്ടി.
പെണ്ണുങ്ങൾ കോറസ്സായി ആർത്തു ചിരിച്ചു.
" അച്ചൻ കൊണ്ടത്തന്നില്ലേൽ അമ്മ കൊണ്ടത്തരും, അല്ലേടാ?
പെണ്ണുങ്ങളിലൊരാൾ അവന്റെ തലയിൽ തലോടി മറ്റുള്ളവരെ ഇടം കണ്ണിട്ടു നോക്കി അടക്കിച്ചിരിച്ചു.
"മ്മളെങ്ങും താങ്ങൂലേയ്.. മത്തായിച്ചേട്ടൻ ഇരു കൈകളും മലർത്തി മിഴികൾ ഉയർത്തി മുഖത്ത് ഏതോ ഭാവം വരുത്തി പറഞ്ഞു.
"അത്പ്പോ ഉടുക്കാനും തേക്കാനും കിട്ടീല്ലെങ്കി അത് കിട്ടണ കൊമ്പ് കേറി പിടിക്കണത് ഒരു കുറ്റാണോ ചേട്ടാ? പിന്നെ അര വെശപ്പെങ്കിലും മാറണ്ടേ? അത് വേറൊരു ചക്കച്ചകിണിത്തലച്ചിയുടെ വക !
പെണ്ണുങ്ങൾ വീണ്ടും ചിരിച്ചു മറിഞ്ഞു.
തലയിൽ വച്ച കൈപ്പടം തട്ടിമാറ്റി തിണ്ടിൽ നിന്നും റോഡിലേക്ക് ചാടിയിറങ്ങുമ്പോൾ ഉള്ളിലുയർന്ന ഒരു കരച്ചിൽ അവന്റെ തൊണ്ടയിൽ കുരുങ്ങി നിന്നു.
മൂന്നാലു വയസ്സുവരെ അമ്മേ ടടുത്താണ് അവനുറങ്ങിയത്. ടൗണിലെ സിനിമാ ടാക്കീസിലെ ജോലിയും കഴിഞ്ഞ് പാതിരാത്രിയാണ് അച്ഛൻ വരിക. അച്ഛന്റെ മുറുമുറുക്കലും അമ്മയുടെ പതം പറച്ചിലും കേട്ടാണ് അവനുണരുക.
"ഞാനൊന്നു മറിയണില്ലാന്ന് നീ വിചാരിക്കണ്ട "
" ങ്ങക്ക് നട്ടപ്രാന്താ, കള്ളൂടിച്ച് വെളിവില്ലാണ്ട് ഓരോന്ന് പറഞ്ഞുണ്ടാക്ക്വാ "
ഇടക്കിടക്ക് ഇത് പതിവുള്ളതായതു കൊണ്ട് അവൻ ഉറക്കത്തിലേക്ക് വീണ്ടും വഴുതി വീഴും. അന്നൊരു ദിവസം പതിവില്ലാത്ത ബഹളം കേട്ടുണരുമ്പോൾ അരികിലാരുമില്ല. അടുക്കളയിലും കോലായിലും അമ്മയെ തിരഞ്ഞ് മുൻവശത്തെത്തിയപ്പോൾ അയൽക്കാർ പലരുമുണ്ട്. അച്ഛൻ കുനിഞ്ഞ് ഇരുകൈകളാലും ശിരസ്സു താങ്ങി ഇറയത്തിരിക്കുന്നു. അവനെ കണ്ട പാടെ കൈപിടിച്ച് വലിച്ചടുപ്പിച്ച് മടിയിലിരുത്തി അച്ഛൻ പറഞ്ഞു.
"മോനിനി അമ്മയില്ലാട്ടോ "
അതവന് മനസ്സിലാകാൻ ദിവസങ്ങളെടുത്തു. സരോജിനിയമ്മായിയാണ് പറഞ്ഞത്.
"മോനിനി അമ്മെ അന്വേഷിക്കണ്ടാട്ടോ, അമ്മ നമ്മളെയൊക്കെ വിട്ട് ടൗണിലേക്ക് പോയി.
മനസ്സിൽ കൂടു കൂട്ടി തിക്കിത്തിരക്കിയ നൂറ് നൂറ് സംശയങ്ങളിൽ ചിലതിനൊക്കെ ഉത്തരം പലയിടത്തു നിന്ന് കിട്ടി. അമ്മയിനി ടൗണിലാണ് താമസിക്കുക. അവിടെ വലിയ വീടുണ്ട്. അച്ഛനേക്കാൾ നല്ല ആളുണ്ട്. പക്ഷെ അപ്പൂനെ കൊണ്ടോവാണ്ട് അമ്മ പോയതെന്തെന്ന് അവന് മനസ്സിലായില്ല. ഇവിടെയാവുമ്പോൾ അമ്മ മുണ്ടു മാറ്റി ഇളം പച്ചസാരിയുടുത്ത് മുളമ്പടി കടക്കുമ്പോഴൊക്കെ അവനെ കൂടെ കൂട്ടാറുണ്ടല്ലോ. ചോദിച്ചിട്ട് അച്ഛൻ അവനെ ഒന്നുകൂടി ഇറുക്കി കെട്ടിപ്പിടിക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല. അമ്മായിയാകട്ടെ, "ഞാനിതിനോടെന്താ പറയ്യാൻ്റെ ഈശരാ" എന്നും പറഞ്ഞ് " ഒരുമ്പട്ടോളെ " പ്രാകി നടന്നു പോയതേയുള്ളും മറ്റു ചില ഉത്തരം കിട്ടാത്ത സംശയങ്ങളോടൊപ്പം ഈ സന്ദേഹങ്ങളും അവൻ തന്നെ മനസ്സിൽ മണ്ണിട്ട് കുഴിച്ചുമൂടി.
പിന്നീടങ്ങോട്ട് അമ്മയെന്നൊരു വാക്കു പോലും സംസാരത്തിനിടയിൽ കടന്നു വരാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. ബന്ധുക്കളുടേയും നാട്ടുകാരിൽ ചിലരുടേയും പരിഹാസത്തിൽ പൊതിഞ്ഞ അന്വേഷണങ്ങളെ ഇരുവരും വെറുപ്പിന്റെ കടലാസുകളിൽ പൊതിഞ്ഞ് മാറ്റിവച്ചു. രാത്രിയിലെ ജോലി വിട്ട് അച്ഛൻ പെയിന്റ് പണിക്കുപോയിത്തുടങ്ങി. അതിരാവിലെയെഴുന്നേറ്റ് മുറ്റമടിച്ച് ചോറു വച്ചു, മീങ്കറിവച്ചു, ചിലപ്പോഴൊക്കെ പൂട്ടും പയറുമുണ്ടാക്കി, അവന്റെ തുണിയലക്കി, പാത്രം തേച്ച് വച്ച് പണിക്കു പോയി. അവൻ സ്ക്കൂൾ വിട്ടുവന്ന് പഠിച്ച് മൂട്ട വിളക്കിന്റെ തിരി താഴ്‌ത്തി അച്ഛന്റെ കാലടി ശബ്ദത്തിന് കാതോർത്തു കിടന്നു. അച്ഛൻ വന്ന് കുളിച്ച് ബാക്കിയുള്ള കഞ്ഞിയെടുത്ത് മോന്തി ബീഡി വലിച്ച് അവനെ നെഞ്ചോട് ചേർത്ത് കിടന്ന് മുടിയിഴകളിൽ തഴുകിയുറക്കി.
ദിവസങ്ങളും മാസങ്ങളും ഒഴുകിപ്പോകവേ അവൻ അറിയുകയായിരുന്നു. ഒരു കൂട്ടുപോലുമില്ലാതെ അഞ്ചു വയസ്സു മുതൽ ഒരു കുട്ടിയെ ചൗതിച്ച്, പല്ലുതേപ്പിച്ച്, കുളിപ്പിച്ച്, ഊട്ടി, വസ്ത്രം ധരിപ്പിച്ച്, പൊതിച്ചോറ് കെട്ടി, സ്ക്കൂളിൽ കൊണ്ടാക്കി അത്താഴം തന്ന്, മൂർദ്ധാവിലുമ്മ വച്ച് ഉറക്കി വളർത്തിയ ആ സഹനത്തിന്റെ മറുപേരാണ് അച്ഛൻ.
മറുവാക്കു പറയാതെ ആ മനുഷ്യനേറ്റുവാങ്ങിയ ശിക്ഷയെന്തെന്ന് മുതിരുന്തോറും കൂടുതലറിഞ്ഞു, പെരുമഴ ഓടിൻപുറത്ത് പെരുമ്പറ യടിക്കുമ്പോൾ, ശീതക്കാറ്റ് ജനൽ പാളികളെ കൊട്ടിത്തുറന്ന് വീശിയടിക്കുമ്പോൾ ഒരു പുരുഷശരീരം കൊതിക്കുന്നതെന്തെന്ന്, പനിക്കിടക്കയിൽ വിയർത്തു നനഞ്ഞ വിരിപ്പിൽ ഒരു മനുഷ്യനാഗ്രഹിക്കുന്ന സാന്ത്വന സ്പർശനമെന്തെന്ന്, ദാമ്പത്യത്തിന്റെ മധുരമെന്തെന്ന്, കണ്ടും കേട്ടും അറിഞ്ഞിടത്തോളം അമ്മയെന്ന സ്ത്രീരൂപത്തെ കരിവാരിപ്പൂശി മനസ്സിന്റെ ഇരുണ്ട മൂലയ്ക്കൽ ചാരി വച്ചു.
അടുത്തിടെ അമ്മായിയാണ് പറഞ്ഞത് അവർ ഒരു വശം തളർന്ന് കിടപ്പിലാണ്. ദൂതുമായി ചിലരെത്തി. അവർക്ക് മകനെ കാണണം. അന്ത്യാഭിലാഷമാണെന്നു പറഞ്ഞപ്പോഴും അവൻ നിസ്സംഗതയോടെ പറഞ്ഞു.
"വരാൻ സൗകര്യമില്ലെന്നു പറഞ്ഞേക്കൂ."
രാത്രി, നിശ്ശബ്ദരായി ഉറക്കമില്ലാതെ കിടക്കുമ്പോഴും ഉറങ്ങിയിട്ടില്ലെന്ന് ഇരുവർക്കുമറിയാമായിരുന്നു. ഇരുട്ടിൽ ഇടറിയ വാക്കുകൾ ഒഴുകി വന്നു.
"ന്റെ മോൻ അവിടെ വരെയൊന്നു പോണം."
അവൻ ചിന്തകളിൽ വെന്തു കിടന്നു. ഇരുട്ടിൽ പരുക്കൻ വിരലുകൾ അവന്റെ കവിൾത്തടങ്ങൾ തേടിയെത്തി. നനഞ്ഞ വിരലുകളാൽ അവന്റെ ശിരസ്സിൽ തലോടി.
"മോന് വെഷമാണെങ്കിൽ പോണ്ട. ഒരു പ്രാക്ക് വാങ്ങി വയ്ക്കണ്ടല്ലോന് കരുതീട്ടാ"
അവൻ പഴയ കുട്ടിയായി അച്ഛനോട് ചേർന്ന് കിടന്ന് വിങ്ങിപ്പൊട്ടി. വിറയാർന്ന കൈകൾ അവന് കവചമൊരുക്കി, പരുപരുത്ത വിരലുകളവനെ മുടിയിഴകളിൽ തഴുകിയുറക്കി.
ഇന്നലേയും ആൾ വന്നിരുന്നു. കർമ്മങ്ങൾ ചെയ്യണം. അതിനുള്ള അധികാരി താൻ മാത്രമാണത്രെ.
അധികാരം! അവകാശമല്ല. അവകാശപ്പെടുന്നുമില്ല. ഇഹലോകം വിട്ടു പോയ സ്ത്രീയുമായി തനിക്ക് കർമ്മബന്ധങ്ങളില്ല. തനിയ്ക്കമ്മയില്ല. താൻ അച്ഛന്റെ മാത്രം മകനാണ്.
തനിക്കന്യമായ പരിലാളനകളും അമ്മച്ചൂടും മാത്രമല്ല , നിരപരാധിയായ ഈ മനുഷ്യന് നിഷേധിക്കപ്പെട്ട സാന്ത്വന സ്പർശവും ജീവിതവുമാണ് ഇത:പര്യന്തമുള്ള വെറുപ്പിനും വൈരാഗ്യത്തിനും ഇന്ധനമായി നെഞ്ചകം നീറ്റിയത്.
അച്ഛൻ കണ്ണടച്ചു കിടക്കുകയാണ്. ചിന്തയുടെ ഉൾച്ചൂട് വിയർപ്പിച്ച ശരീരം. നെടുവീർപ്പുകൾ ഉറങ്ങുകയല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. രണ്ടാഴ്ചകളായി ഇരുവർക്കുമിടയിൽ മൗനത്തിന്റെ ചിതൽപ്പുറ്റ് വളർന്നിട്ടുണ്ട്.
"കർമ്മങ്ങൾ ചെയ്യണം, ആത്മാവ് ഗതികിട്ടാതലയരുത്. അത് മോന് ദോഷമാ. എനിക്കില്ലാത്ത വെറുപ്പും നീറ്റലും നിനക്കെന്തിന്?"
അച്ഛനോട് കണ്ണുകളിടയാതെ ശ്രദ്ധിച്ച് തീർത്തു പറഞ്ഞു.
"ന്നെ ക്കൊണ്ട് വയ്യ. അവരുടെ പുല കുളിക്കാനും ബലിയിടാനും ന്നെക്കൊണ്ടാവില്ല "
ദൂതനെ അച്ഛൻ നിസ്സഹായനായി നോക്കിയിട്ടുണ്ടാകും. പറഞ്ഞ വാക്കുകൾ പിന്നിൽ വ്യക്തമായി കേട്ടു .
"അടയ്ക്യല്ല മടിയിൽ വയ്ക്കാൻ, തിരിച്ചറിവായി, തനിക്കു താൻ പോന്നോനായി, ഞാനെന്താ ചെയ്യാ"
പതിയെ മുന്നോട്ട് നടക്കുമ്പോൾ ആ നിസ്സഹായതയും മനസ്സിലെ വിങ്ങലും തൊട്ടറിയാനാവുന്നുണ്ട്. ആ നെഞ്ചിടിപ്പു പോലും തനിക്ക് സുപരിചിതമാണ്.
നാൽപ്പത്തിരണ്ടു കൽപ്പടവുകൾക്ക് താഴെ പുഴയാണ്. കടവ് വിജനമാണ്. പ്രളയജലമിറങ്ങിയെങ്കിലും കലക്കം ഇപ്പോഴുമുണ്ട്. നെഞ്ചോളം ആഴത്തിലിറങ്ങി നിൽക്കുമ്പോൾ പെട്ടെന്ന് എവിടെ നിന്നോ നെഞ്ചകമാകെ കനം തൂങ്ങിയ കാർമേഘക്കീറുകൾ വന്നു പൊതിഞ്ഞു. ഭാരം തൂങ്ങിയ മനസ്സ് വല്ലാതൊന്നു തേങ്ങി. ഒരു ഗദ്ഗദമുയർന്നു തൊണ്ടയിൽ കുരുങ്ങി നിന്നു.
വെള്ളത്തിലെ പ്രതിബിംബമായി പത്രത്തിലെ ഫോട്ടോയിൽ കണ്ട ദൈന്യതയാർന്ന മിഴികൾ, നനവിറങ്ങിയ വിളർത്തൊട്ടിയ കവിൾത്തടങ്ങൾ.
നിറമിഴികളോടെ മുങ്ങി അടിത്തട്ടിലെ മണൽ ഇരു കൈകളാലും കോരിയെടുത്ത് അലക്കു കല്ലിൽ വച്ച് പിണ്ഡാകൃതിയിൽ ഉരുട്ടുമ്പോൾ ഒരിക്കലും കാണാത്ത ആ ശോഷിച്ച രൂപം മനസ്സിൽ സങ്കൽപ്പിച്ചു.
ദർഭയില്ല, ജല ഗന്ധപുഷ്പങ്ങളിൽ ജലം മാത്രമേയുള്ളൂ. എങ്കിലും സ്വീകരിക്കുക. ഈ കർണ്ണന്റെ തിലോദകം. ആത്മാവ് വൈതരണി കടന്ന് വിഷ്ണു പാദത്തിങ്കൽ ലയിക്കട്ടെ. ഇനിയുമൊരു കർണ്ണനുണ്ടാവാതിരിക്കാൻ അമ്മയ്ക്ക് പുനർ ജന്മമുണ്ടാകാതിരിക്കട്ടെ.
ഇത് ബോധപൂർവ്വം കഠിനശിക്ഷയേറ്റുവാങ്ങിയ ഒരു മനുഷ്യന്റെ ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടിയാണ്. അതിനു വേണ്ടി മാത്രം.
വലം കയ്യാൽ വെള്ളം തട്ടി മണൽ പിണ്ഡം തരികളായി ഒഴുക്കിനൊപ്പം മറഞ്ഞപ്പോൾ മനസ്സു ശൂന്യമായിരുന്നു.
അടിക്കുറിപ്പ്.
Dharmaraj Madapally യുടേയും Rani B Menon ന്റേയും (മെൻഷനാവുന്നില്ല) പോസ്റ്റുകളിൽ ഞാൻ ഇട്ട കമന്റുകൾ സംയോജിപ്പിച്ച് ലേശം കൂട്ടിച്ചേർത്തും ചെത്തി മിനുക്കിയതുമാണീ പോസ്റ്റ് . കമന്റുകൾ പോസ്റ്റിന്റെ തുടർച്ചയാകയാൽ സൂക്ഷ്മപരിശോധനയിൽ ആശയ സാമ്യമുണ്ടായേക്കാം. ഇരുവരോടുമുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊള്ളുന്നു.
Comments
Post a Comment