എത്രഞെരുക്കമുള്ള കാലത്തും എന്റെ പിറന്നാൾ ചെറിയ തോതിലെങ്കിലും ആഘോഷിക്കപ്പെട്ടിരുന്നു. മോരൊഴിച്ചുകൂട്ടാനും എരിശേരിയും മെഴുക്കുപുരട്ടിയും പേരിനെങ്കിലുമുണ്ടാകും. ക്ഷേത്രത്തിൽ ഒരു പായസം വഴിപാടുമുണ്ടാകും. അന്നു പ്രവൃത്തി ദിവസമാണെങ്കിൽ ജോലിക്കു പോകും മുമ്പ് ഇതെല്ലാം തൂശനിലയിൽ വിളമ്പിത്തന്നു് ഊണു കഴിപ്പിച്ചിട്ടേ അമ്മ ജലപാനം കഴിക്കൂ. എനിക്കു മുൻപ് ഒരാൾക്കു മാത്രമേ വീട്ടിൽ ഭക്ഷണം വിളമ്പൂ. ഒരു വിളക്ക് വച്ച് സാക്ഷാൽ ഗണപതിക്കു്.
അന്നൊരു തിങ്കളാഴ്ച ദിവസം. പിറന്നാളായതിനാൽ അമ്പലക്കുളത്തിൽ കുളിച്ച് തൊഴുതു വരികയാണു് ഞാൻ. വീടിനു മുന്നിലെത്തിയപ്പോൾ പതിവില്ലാത്ത കാഴ്ചയാണു്. മെലിഞ്ഞുണങ്ങി മുഷിഞ്ഞുനാറിയ ഒറ്റമുണ്ടുടുത്ത വെള്ളം കണ്ടിട്ട
നേകേ ദിവസങ്ങളായെന്നു് ഒറ്റനോട്ടത്തിലറിയാവുന്ന ഒരു മനുഷ്യനതാ ഉമ്മറത്ത് തന്നെയിരുന്നു ആക്രാന്തത്തോടെ ഊണു കഴിക്കുന്നു. അടുത്തു തന്നെ കണ്ടറിഞ്ഞ് ലോഭമില്ലാതെ വിളമ്പിക്കൊടുക്കുന്ന അമ്മ. ഇതെന്തു മറിമായം! ഗണപതിക്കു പോലും വിളമ്പാതെ അയാൾ വാരി യുണ്ണുന്നതു് കൃതകൃത്യയായി നോക്കി നിൽക്കുകയാണമ്മ.
ഊണു കഴിഞ്ഞു ഇലയെടുത്തു കളഞ്ഞു കൈ കഴുകി അമ്മയുടെ മുമ്പിൽ വന്നു ഏതോ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞ് വഴിയിലേക്കിറങ്ങിയ അയാൾ പോയ വഴിയേ കണ്ണിൽ നിന്നു മറയുന്നതു വരെ അമ്മ നോക്കി നിൽക്കുകയാണു്.
അകത്തു വന്നു എനിക്കു് ചോറു വിളമ്പുന്നതിനിടയിൽ ചോദ്യത്തിനു കാത്തു നിൽക്കാതെ തന്നെ അമ്മ പറഞ്ഞു തുടങ്ങി.
" മിറ്റത്തു് കയറി വന്നതു് നീയാണെന്നാ ഞാൻ കരുതീതു്. നോക്കുമ്പോ എന്താ?
അതമ്മയുടെ ഒരു രീതിയാണു്. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കും പോലെയാണു് ഒരു സംഭവം വിവരിക്കുക. എന്താ എന്ന മറുചോദ്യം ഞാൻ ചോദിക്കണം.
എന്താ? ഞാൻ ചോദിച്ചു.
"മുഷിഞ്ഞു മുഷിഞ്ഞൊരു തുണീമുടുത്ത് ഒട്ടിയ വയറും തൊട്ടു കാണിച്ച് ഇപ്പോവിടുന്ന് എറങ്ങിപ്പോയ മനുഷേൻ നിൽക്കണു. ആ നിൽപ്പും മട്ടും ഭാവോം കണ്ടപ്പോ അന്നം കണ്ടട്ട് നാളു കൊറേയായിന്നു് തോന്നി. ആരായാലെന്താ? വെശപ്പ് എല്ലാർക്കും ഒരപോലെല്ലേ? പിന്നെ ഒന്നും നോക്കീല്ലാ. ചോറു വെൾമ്പി കൊടുത്തു. അത്രന്നെ "
അപ്പോ, ഗണപതിക്ക് വെളമ്പിയില്ലേ? എന്റെ ആ ചോദ്യത്തിനു് അവിടെ പ്രസക്തിയൊന്നുമില്ലെങ്കിലും അമ്മയുടെ മറുപടി ഉടനെത്തി.
ആവോ? എങ്ങനെയാ അറിയുക? ചെലപ്പോ ഗണപതി തന്നെയാകും വന്നതു്. !!!
ഞാനമ്മയെ നോക്കി. ആർദ്രമായ മിഴികളിലൂറിയ നനവിൽ ആത്മസംതൃപ്തിയുടേയും സന്തോഷത്തിന്റേയും പ്രകാശം തിളക്കമേറ്റുന്നതു് വ്യക്തമായി ഞാൻ കണ്ടു.
മുക്കാൽ നൂറ്റാണ്ടിന്റെ സുഖദു:ഖ സമ്മിശ്രമായ ജീവിതാനുഭവങ്ങൾ പുറം ലോകം അധികമൊന്നും കാണാത്ത അമ്മക്ക് നൽകിയ തിരിച്ചറിവു എന്നെ തെല്ല് അമ്പരപ്പിക്കുക തന്നെ ചെയ്തു. കൊമ്പും തുമ്പിക്കയ്യും കുടവയറുമായല്ലാതെയും
ഗണപതിമാർ പ്രത്യക്ഷപ്പെടാം. ഒരു പക്ഷെ വിശക്കുന്ന മനുഷ്യക്കോലങ്ങളായി പോലും. അവർക്കാണു് നിവേദ്യത്തിനു് ആദ്യ അവകാശം!!
(ഇത് പോസ്റ്റ് ചെയ്യുന്ന കാലത്ത് സുഹൃത്തുക്കളുടെ എണ്ണം 500 ൽ താഴെ മാത്രം. ഇന്നത് 3000 കവിഞ്ഞു. ഞാൻ തേടി കണ്ടു പിടിച്ചതും എന്നെത്തേടിയെത്തിയതുമായ പുതിയ സുഹൃത്തുക്കൾക്കു വേണ്ടിയാണീ repost )
Comments
Post a Comment