നമ്പൂതിരി ഫലിതങ്ങൾ എമ്പാടും സമാഹരിച്ച് കുഞ്ഞുണ്ണി മാഷ് എഴുതിയിട്ടുണ്ടെങ്കിലും അതിനുമപ്പുറമാണ് നമ്പൂരാരുടെ സരസചിന്തകൾ.

ദാ...വായിക്കൂ ഒരു സാമ്പിൾ.


അസാധ്യ നർമ്മബോധമാണ് ചില നമ്പൂരാർക്ക് . പാരമ്പര്യായിട്ട് കിട്ടണതാണെന്ന് തന്നെ തോന്നും.


ഇവിടെയടുത്ത് ആഢ്യരിൽ ആഢ്യൻ കൃഷ്ണൻ നമ്പൂരി ണ്ടാർന്നു. ആൾ ചെറിയ തോതിൽ കൃഷ്ണൻ തന്നെ. ഇല്ലത്ത് വേളിയും 5 മക്കളും. ഷാരത്ത് സംബന്ധം. അതിലും നാല് മക്കൾ. ഇദ്ദ്‌യേത്തിന്റെ അനുജൻ വാസേവൻ നമ്പൂരി. പ്രായത്തിൽ എന്നേക്കാൾ മൂത്തതെങ്കിലും എന്റെ ആത്മ സുഹൃത്ത്. പരമരസികൻ. ഏട്ടന്റെ ചുറ്റിക്കളിയെ കുറിച്ചൊക്കെ സരസമായി വർണ്ണിക്കും. 


അമ്പലത്തിൽ വാരസ്സദ്യ നടക്കുന്നു. നമ്പൂരാരുടെ ഊണ് കഴിഞ്ഞു. അവർ മുറുക്കും വെടിവട്ടവുമായി പിരിഞ്ഞു. എല്ലാത്തിനും മേൽനോട്ടം വഹിച്ചും ലഹള കൂട്ടിയും ഏട്ടൻ കാർന്നോരും അനുജനും.


വാസേവൻ നമ്പൂരി ഉത്തരവിട്ടു.


" ഇനി പുറത്തുള്ളോർക്ക് ഇല വയ്ക്ക്യാ."


ഏട്ടൻ പുറത്ത് വഴിയിലേക്ക് നോക്കി നിന്ന് ഇടപെട്ടു.


 "എന്താ ഇത്ര തെരക്ക് ? പിന്ന്യാട്ടെ. "എല്ലാരും വരട്ടെ"


പത്ത് മിനുട്ട് കഴിഞ്ഞു. അനുജൻ വീണ്ടും ബഹളം തുടങ്ങി.


" ഇനി അമാന്തിക്കണ്ട. സുബ്രാ, എല വയ്ക്യാ, വേഗാവ് ട്ടെ"


ഏട്ടൻ വഴിയിലേക്ക് തന്നെ നോക്കി അസ്വസ്ഥനായി വീണ്ടും പറഞ്ഞു.


"ഹായ് , എന്താ ഒരു ശുഷ്കാന്തി വാസേവന് , ഞീം ആളോള് എത്താനുണ്ട്. 

 എല്ലാരും വരട്ടെ. "


ശാപ്പാടിന് കാത്തുനിൽക്കുന്നവരെ ഒന്ന് കണ്ണോടിച്ചപ്പോൾ എനിക്ക് സംഗതി പെട്ടെന്ന് തിരിഞ്ഞു. ഞാൻ വാസേവൻ തിരുമേനിയെ നോക്കി. അങ്ങേർ ഏട്ടന്റെ സാ മട്ട് കണ്ട് ഈറ പിടിച്ച് നിൽക്കുകയാണ്. 


"അതേയ് , ഷാരസ്യാര് എത്തീട്ടില്ല. " ഞാൻ മൂപ്പരുടെ ചെവിയിൽ പറഞ്ഞു. കേട്ട വഴി അദ്ദേഹത്തിന്റെ രോഷം ജന്മസിദ്ധമായ നർമ്മബോധത്തിന് വഴി മാറി. ഞൊടിയിടയിലായിരുന്നു ഉറക്കെയുള്ള മറുപടി.


"ഏട്ടാ, "എല്ലാരും " പൊറത്താണ് , എല വയ്ക്ക്യാ. (എല്ലാരും എന്ന വാക്കിന് ഒരു നീട്ടലും ഈണവും )


പൊട്ടിച്ചിതറി കുതിച്ചുയർന്ന ചിരിക്കിടയിലും ഞാൻ വിഷമിച്ചു പോയി. ഇത്ര പരസ്യമായി ഒരു നസ്യം ! അതും കാർന്നോരോട്.!!


എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യം അട്ടഹസിച്ച് ചിരിച്ചത് ഏട്ടൻ തന്നെയായിരുന്നു. ആ ചിരിയുടെ അലയൊലികൾ കാര്യം തിരിഞ്ഞവരിലേക്ക് പടർന്നു. കൂട്ടച്ചിരിയായി. അനുജന്റെ ചിരിയത്രയും കണ്ണുകളിലായിരുന്നുവെന്ന് മാത്രം. ഏട്ടൻ തിരുമേനി ഞാനും അനുജനും നിൽക്കുന്നിടത്തേക്ക് വന്നു. കുടവയറുൾപ്പടെ ദേഹമപ്പാടെ ഇളകി മറിയുന്ന ചിരി അപ്പോഴുമുണ്ട്. വന്ന വഴി അനുജന് നേരെ ചൂണ്ടുവിരലും തള്ളവിരലും തൊടിച്ച് ഒരാംഗ്യവും. ഭേഷ് !!!

തുടർന്ന് എന്നോട്.


"നീയാ തെന്നാലി ല്ലേ ?


ചിരികൾക്കിടയിലേക്കാണ്‌ ഷാരസ്യാരെത്തിയത്. അപ്പോൾ ഒന്നു കൂടി ചിരി അഞ്ചാം കാലത്തിലെത്തി കൂട്ടിക്കൊട്ടി. കാര്യമറിയാതെ ചൂളിനിന്ന ആ മുഖം ഇന്നുമോർക്കുന്നു.


സ്വയം അവഹേളനത്തോളമെത്തിയ കളിയാക്കലിനിരയായിട്ടും സന്ദർഭത്തിനോടൊത്തുയർന്ന് അനുജന്റെ നർമ്മബോധത്തെ അഭിനന്ദിക്കാൻ തോന്നിയ ആ മഹാസിദ്ധിയെ ഞാൻ മനസാ നമിച്ചു.


തന്നെ കൊണ്ടുപോകാൻ വരുന്ന കാലന്റെ വാഹനത്തെ കെട്ടിയിടാൻ പോർച്ചിലെ കാറ് മാറ്റിയിട്ടാൽ പേരക്കുട്ടിയോട് പറഞ്ഞ കൃഷ്ണൻ തിരുമേനി 25 വർഷം മുമ്പ് ബാക്കിയുള്ള ചിരിമരുന്നുമായി നാടുവിട്ടു. പരലോകത്ത് ചിരിയുടെ അമിട്ട് പൊട്ടിക്കാൻ വേറാരാണുള്ളത് ? മരണക്കിടക്കയിൽ പോലും കൈവിടാത്ത നർമ്മബോധം!! എന്നെ സങ്കടക്കടലിലാഴ്ത്തി വാസേവൻ തിരുമേനിയും 5 വർഷം മുമ്പ് പിന്നാലെ ഏട്ടന്റടുത്തേക്ക് യാത്രയായി. ഇത് വായിച്ച് ഏട്ടൻ അനുജനോട് പറയുന്നുണ്ടാവും.


"ഡോ , തന്റെ തെന്നാലി ന്നെ വിടണില്യാട്ടോ...


 

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ