കഥ തുടർച്ച (രണ്ടാം ഭാഗം )
( ആദ്യ ഭാഗത്തിന്റെ ലിങ്ക് ആദ്യ കമന്റിൽ.)
വെൺപട്ടിൽ സ്വർണ്ണ നൂലുകൾ കൊണ്ടുള്ള ചിത്രപ്പണിയിൽ മുഴുകിയ ആകാശമേലാപ്പിനെ മുട്ടിയുരുമ്മുന്ന കടും നീലപ്പ് കലർന്ന പച്ചയുടുത്ത മലനിരകൾ പോക്കുവെയിലേറ്റ് തിളങ്ങുന്നു. ഒഴുകി നീങ്ങുന്ന വെൺ മേഘങ്ങൾ. സുഖകരമായ തണുത്ത കാറ്റും , പ്രശാന്തസുന്ദരമായ പ്രകൃതിയും നൽകുന്ന . ഉണർവ്വ് ചെറുതല്ല. ഇതെല്ലാം സാധ്യമാക്കുന്നത് സീതയുടെ സാന്നിധ്യവും.
തന്റെ ബൈപാസ് സർജറിക്ക് ശേഷമുള്ള ആദ്യ യാത്രയാണ്. ഈ മലയടിവാരത്തിലേ ക്കാവണമതെന്ന നിർദ്ദേശം സീതയുടേതായിരുന്നു. വിവാഹശേഷം ആദ്യയാത്രയും ഇവിടേക്കായിരുന്നല്ലോ. മൂന്നു മാസങ്ങളായുള്ള അലച്ചിലും പരിചരണവും അവളെ നന്നേ തളർത്തിയിട്ടുണ്ട്. മദ്ധ്യവയസ്സിന്റെ സ്വാഭാവിക ആരോഗ്യപ്രശ്നങ്ങൾ അവൾക്കുമുണ്ട്. പരിചാരകനെ പറഞ്ഞ യക്കേണ്ടന്നതും അവളുടെ തീരുമാനമായിരുന്നു.
കൽപ്പടവുകൾ ലേശം ആയാസപ്പെട്ടാണവൾ കയറുന്നത്. എന്നാൽ നോവും പക്ഷികളുടെ ചിറകടി , ഉത്സാഹഭാവം നിലനിർത്താൻ പാടുപെടുന്ന മുഖത്ത് നിഴലിക്കുന്നതറിയാനാവുന്നുണ്ട്.
ഒപ്പമെത്തി ഓരത്തെ വലിയ കരിങ്കല്ലിലിരുന്ന് നര കയറിത്തുടങ്ങിയ മുടിയിഴകൾ മാടിയൊതുക്കി ഇന്ദ്രനീലപ്പുതപ്പണിഞ്ഞ മലനിരകളെ നോക്കി അവൾ പറഞ്ഞു.
"പണ്ട് വന്നപ്പോൾ ഇതിലും ഭംഗീണ്ടാർന്നു "
ശരിയായിരിക്കാം. അന്ന് കരുത്തുള്ള ശരീരവും മന്മഥനാവേശിച്ച മനസ്സും കാട്ടിത്തരുന്ന കാഴ്ചകളെല്ലാം അതി മനോഹരമായിരുന്നിരിക്കണം.
താഴെ കൽപ്പടികൾ തുടങ്ങുന്നിടത്തെ മൺ നിരത്തിലൂടെ തൊട്ടുരുമ്മിയും തമ്മിൽ ചുറ്റിപ്പിടിച്ചും ഒഴുകി വരുന്ന യുവ മിഥുനങ്ങളെ നോക്കി അയാളിരുന്നു. പെൺകുട്ടി കലപിലാ സംസാരിക്കുന്നുണ്ട്. അവനാകട്ടെ അവളുടെ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കി എല്ലാം കേട്ട് തലകുലുക്കുന്നു.
"എന്നാ മുമ്പ് വന്നേ ന്ന് ഓർമ്മേണ്ടോ ?
നേരീയ കിതപ്പ് അവളുടെ ശബ്ദത്തിൽ നിന്നയാൾ ഒപ്പിയെടുത്തു.. ഉയർന്നു താഴുന്ന നെഞ്ചും ശ്വാസഗതിയും തൊട്ടറിഞ്ഞ് അയാൾ കുറ്റബോധത്തിന്റെ വാൽമീകത്തിലൊളിച്ചു.
അയാൾ പറയാൻ വന്ന വാക്കുകളെ തൊണ്ടയിൽ കുരുക്കിയിട്ട് അവൾക്കരിക്കിലിരുന്ന് കരങ്ങൾ കവർന്നു.
" അന്നിത്ര തണുപ്പുണ്ടാർന്നില്ലല്ലേ "
സ്വെറ്ററിന് മേൽ കഴുത്തും സാരിത്തലപ്പുകൊണ്ട് പൊതിഞ്ഞ് അവൾ പറഞ്ഞു.
യുവമിഥുനങ്ങൾ അവർക്കരികിലെത്തി. അവനിപ്പോഴവളെ പൊതിഞ്ഞു പിടിച്ചിട്ടില്ല. അപരിചിതരുടെ സാന്നിദ്ധ്യമറിഞ്ഞ് അവളും സങ്കോചത്തോടെ തെല്ലകന്നു നിൽക്കുകയാണ്.
"ഗുഡ് ഈവനിംഗ് ആന്റി "
ചടുല മിഴികൾ കൊണ്ടൊന്നുഴിഞ്ഞ് നവവധു അഭിവാദ്യം ചെയ്തു. അവളാകട്ടെ പെൺകുട്ടിയുടെ കരം കവർന്ന് ഹൃദ്യമായി ചിരിച്ചു. ചിരിക്കുമ്പോഴുള്ള മിഴികളിലെ തിളക്കവും കവിളുകളിലെ അരുണിമയും അൻപതുകളുടെ ആദ്യ പാദത്തിലും മാഞ്ഞിട്ടില്ലെന്നയാൾ കണ്ടെടുത്തു.
കുട്ടികൾ വളവ് തിരിഞ്ഞ് മറയുന്നത് അയാൾ നോക്കി നിന്നു. അവളുടെ മാന്തളിർ പോലുള്ള കരങ്ങൾ വീണ്ടുമവന്റെ അരക്കെട്ടിലൂടെ ചുറ്റിവരിഞ്ഞിരിക്കുന്നു. അവനാകട്ടെ ഉറപ്പിനെന്നോണം അവളെ ഇടം കയ്യാൽ ചേർത്ത് പിടിച്ചിട്ടുണ്ട്.
തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ മുതൽ അവളെടുത്തണിഞ്ഞ മൗനം അവർക്കിടയിലൊരു നിശ്ചല തടാകമായി മാറിയിരുന്നു. അയാൾ പറഞ്ഞു.
"ഇരുപത്തിരണ്ട് വർഷങ്ങൾ സീതേ"
എന്തെന്ന് തിരിയാതെ പുരികക്കൊടികൾ ഇന്ദ്രധനുസ്സുകളാക്കി അവളയാളെ നോക്കി.
" സീത ചോദിച്ചില്ലേ? മുമ്പ് നമ്മൾ അവിടെ പോയതെന്നാണെന്ന് ? അയാൾ ചോദിച്ചു.
" ഇരുപത്തിരണ്ട് വർഷം !! അവൾ ഉരുവിട്ടു കൊണ്ടിരുന്നു. ഇരുപത്തിരണ്ട് വർഷം !
അയാൾക്ക് കടുത്ത ആത്മനിന്ദ തോന്നി. ഈ വാക്കുകൾക്ക് മുന്നിൽ നിഷ് പ്രഭമാകുന്ന അരനൂറ്റാണ്ടിലധികം കാലത്തെ തന്റെ ജീവിതം. കാൽച്ചുവട്ടിലെ ഇരുട്ടകറ്റാനാവാതെ ചുറ്റും പ്രകാശം പരത്തി ഉരുകിത്തീർന്ന മെഴുകു തിരി. വേണ്ടത് വേണ്ടപ്പോൾ പറയാനും ചെയ്യാനുമാകാതെ മൗഢ്യം പൂണ്ട് എന്തിനെന്നറിയാതെ ആഹൂതി ചെയ്യപ്പെട്ട രണ്ടു ജീവിതങ്ങൾ. തന്റെ നിഷ്ക്രിയത്വം മൂലം അവളേറ്റുവാങ്ങിയ 20 വർഷം നീണ്ട ഒറ്റപ്പെടൽ. അയാളവളെ സാകൂതം നോക്കിയിരുന്നു.
പ്രിയപ്പെട്ടവളേ നമ്മളെങ്ങിനെയാണ് പുണർന്നൊന്നായിരുന്നത് ?
ആരുമൊരു ആലിംഗനം കൊതിക്കുന്ന നിന്റെ പേലവ കരവലയത്തിലമർന്ന് ?
ഇടം കയ്യിലമർന്ന മേനി നേഞ്ചോട് ചേർത്ത് മുടിയിഴകൾ മാടിയൊതുക്കി കാതിൽ തേൻമഴ പെയ്യിച്ച് ?
മടിയിലേക്ക് ശിരസ്സ് ചായ്ച്ച് നിന്റെ ഇടംകൈ നെഞ്ചോട് ചേർത്ത് ?
മുഖത്തോട് മുഖം ചേർത്ത് മുലപ്പാൽ ഗന്ധമുള്ള നിന്റെ നിശ്വാസമേറ്റ്?
എങ്ങനെയായിരുന്ന് നമ്മളവസാനം ആലിംഗനബദ്ധരായത്?
അയാളുടെ ശിരസ്സ് കുറ്റബോധം കലർന്ന ചിന്താഭാരത്താൽ കുനിഞ്ഞിരുന്നു.
അയാളുടെ നരച്ച മുടിയിഴകളിൽ മുഖമമർത്തി കുഞ്ഞിനെയെന്നോണം നെഞ്ചോട് ചേർക്കാനൊരു നിമിഷം കുതിച്ച മനസ്സിനെ ശാസിച്ച് വരുതിയിലാക്കി സീത അയാൾക്കഭിമു ഖമായി കസേരയിലിരുന്നു. ആദ്യമായി ഇവിടെ വന്നപ്പോഴിരുന്ന അതേ കസേരയിൽ.
ദിവസങ്ങളായി വെട്ടിയും തിരുത്തിയും കൂട്ടിചേർത്തും മനസ്സിൽ കുറിച്ച വാക്കുകൾ പതഞ്ഞൊഴുകിയുയരുന്ന വികാരത്തിരകൾ മായ്ച്ചുകളയാനനുവദിക്കാതെ അവൾ പറയാൻ തുടങ്ങി.
"ഞാനിറങ്ങുന്നു വിനോദ്. വിനോദിനൊരു താങ്ങാവശ്യമുള്ള സമയത്ത് വന്നു. അത് കഴിഞ്ഞു. ഇനി എന്റെ ആവശ്യം ഇവിടെയില്ല "
സ്തബ്ധനായി തന്നെ നോക്കുന്ന അയാളുടെ മിഴികളിൽ തറച്ച് നോക്കി അവൾ തുടർന്നു.
"എനിക്കെന്റെ മനസ്സാക്ഷിയോട് ഉത്തരം പറയേണ്ടതുണ്ട് വിനോദ്. ഇരുപത് കൊല്ലം മുമ്പ് ഒരു പിൻ വിളിയാഗ്രഹിച്ച മനസ്സ് കുറേയേറെക്കാലം ഞാൻ സൂക്ഷിച്ചിരുന്നു. അതുണ്ടാവില്ലെന്നുറപ്പായപ്പോൾ ഞാനത് ഏറെ പണിപ്പെട്ടാണെങ്കിലും മായ്ച്ചു കളഞ്ഞു. പിന്നെയെന്തിനിപ്പോഴെന്ന ചോദ്യമെനിക്ക് വായിക്കാനാവുന്നുണ്ട്. അഞ്ചു വർഷം ഞാനനുഭവിച്ച സ്നേഹത്തിന്റെ , സുരക്ഷിതത്വത്തിന്റെ കടപ്പാടെന്ന് കരുതിയാൽ മതി. ഒന്നോർക്കണം. ഞാൻ ദമയന്തിയല്ല, സീതയാണ്. "
വിഹ്വല ദൃഷ്ടികളോടെ എന്തോ പറയാനൊരുങ്ങുന്ന അയാളെ വലംകയ്യുയർത്തി നിശബ്ദനാക്കി അവൾ തുടർന്നു.
"വിനോദ് തന്ന ഓണർഷിപ്പ് ഡോക്യുമെന്റ്സ് ഒന്നും എനിക്കാവശ്യമില്ല. ഇരുപത്തഞ്ച് വർഷം മുമ്പ് വിനോദിനൊപ്പം ഇറങ്ങി വന്ന വീട് എന്നെ കാത്തിരിക്കുന്നുണ്ട്. മരുന്നുകളല്ലാം മേശവലിപ്പിലുണ്ട്. കൃത്യമായി കഴിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. ഇനിയും ആവശ്യം വന്നാൽ വിളിക്കാൻ മടിക്കരുത്"
സീത നിറച്ചു വച്ച ബാഗെടുത്ത് തിരിഞ്ഞൊന്ന് നോക്കാതിരിക്കാൻ ശ്രദ്ധിച്ച് വാതിൽക്കലേക്ക് നടന്നു. പകച്ചു നിൽക്കുന്ന പരിചാരകന്റെ ചുമലിലൊന്ന് തട്ടി, വാതിൽ ചാരി. പടികളിറങ്ങി , തറയോട് പാകിയ വിശാലമായ മുറ്റം പിന്നിട്ട്, ഗേറ്റ് കടന്ന് വിജനമായ നിരത്തിലേക്ക്.
ഫ്ളാറ്റിൽ നിന്ന് തെക്കൻ കാറ്റിന്റെ കൈപിടിച്ച് ഗസലിന്റെ ദുർബ്ബലമായ വീചികൾ അവളെ പിന്തുടർന്നു.
രിസ്തോം കേ സാരേ മൻസർ ...
ചുപ് ചാപ് ദേഖ്ത്താ ഹും.
ഉജ്ഡാ ഹുവാ വൊ സൊ ഖർ
ചുപ് ചാപ് ദേഖ്ത്താ ഹും....
ഹ്രദ്യം ❤❤
ReplyDeleteപരിചാരകനെ പറഞ്ഞു വിട്ടില്ല എന്ന് ഇടക്ക് സൂചിപ്പിച്ചപ്പോഴേ അവസാനം എന്താകുമെന്ന് ഊഹിക്കാൻ പറ്റി എന്ന ഒരു വിഷമം മാത്രം
🙏
ആ സൂചന വേണ്ടായിരുന്നു അല്ലേ ?
Delete