ഭൂതനാഥ വിലാസം കാപ്പി ക്ളബ്.
"അപ്നപ്പൂപ്പന്മാരായിട്ട് തൊടങ്ങിയ ഓട്ടലാ"
ഭൂതനാഥ വിലാസം ഹോട്ടലിൽ വരുന്ന പരിചയക്കാരോട് ഇട്ടിയച്ചൻ പറയും.
മിഥുനത്തിലെ മോഹൻലാലിന്റെ "ദാക്ഷായണീ ബിസ്ക്കറ്റ്സ്" പോലെയാണ് ഹോട്ടലിന്റെ പേരെന്ന് കുടുംബക്കാർ വരെ പരിഹസിക്കാറുണ്ട്. നായര് നശിച്ചാൽ ചായക്കട എന്ന് നേതാവ് പരിഹസിച്ചു പറഞ്ഞ പോലല്ല. പറമ്പും വയലും കൊയ്ത്തുമൊക്കെയുണ്ടായിരുന്ന പുഷ്ക്കല കാലത്തെ സംരംഭമാണ്. ധാരാളം ഉഴുന്നും നല്ലരിയുമൊക്കെ അരച്ച് ആരോഗ്യമുള്ള ദോശ, പൂപോലത്തെ ഇഡലി , തേങ്ങയും കൊല്ലമുളകും വെണ്ണ പോലെയരച്ച് വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിട്ട കട്ടിയുള്ള ചട്ടിണി. വെള്ളം തൊടീക്കാതെ ഉഴുന്ന് ഊതിയാൽ പറക്കുന്ന പാകത്തിലരച്ച് വെളിച്ചണ്ണയിൽ വറുത്ത് കോരിയ വട, പഴം പൊരി, ബോണ്ട. ഇവക്കൊക്കെ നാട്ടിൽ നല്ല ഡിമാന്റാണ്. ഇട്ടിയച്ചൻ ലോഭമില്ലാതെ വിളമ്പിക്കൊടുക്കും. പരിചയക്കാരുടെ തോളിൽ കയ്യിട്ടും പ്രമാണിമാരുടെ മുന്നിൽ വിനയത്തിൽ പൊതിഞ്ഞ നിറചിരിയോടേയും ഒരു ചോദ്യമുണ്ട്.
ഇവിടെയെന്നാ വേണ്ടേ?
വന്നിരിക്കുന്നവരുടെ അന്തർ സംഘർഷങ്ങളെ ഒപ്പിയെടുക്കുന്ന ജാലവിദ്യയാണത്. കൂട്ടുകാരനെന്നോ കുടുംബക്കാരനെന്നോ തോന്നിപ്പോകും.
മായമില്ല . കള്ളത്തരം ലവലേശമില്ല. ചെലര് മൂക്കു മുട്ടെക്കേറ്റി കടം പറഞ്ഞും പറയാതേയും മുങ്ങും. വെശന്നിട്ടല്ലേന്ന് ഇട്ടിയച്ചൻ. സപ്ലൈക്കാര് പിള്ളാര് പുറത്തുള്ള ചില്ലറക്കടമൊക്കെ ദോശയായും ഉഴുന്നുവടയായും ചട്ടിണിയായും വെളമ്പി തീർക്കും. പകുതി കാശേ കൗണ്ടറിലേക്ക് വിളിച്ചു പറയൂ. ഇരുട്ടിയാൽ ബാക്കി വന്നാലതിനും അവകാശികളുണ്ട്. മൂന്നോ നാലോ തെരുവു സന്തതികൾ, ഒരു ഭ്രാന്തിത്തള്ള. ഇവരെ കൂടാതെ ഇട്ടിയച്ചന്റെ സ്വന്തം " പിള്ളാര് ". കടയടക്കണ നേരം നോക്കി കുടമണിയൊച്ചയുമായി ഹാജരാകുന്ന അമ്പലക്കാളകളാണവർ. കൂട്ടത്തിൽ ഒരു " ചെറുക്കനു"മുണ്ട്. കുറുകിയ കൊമ്പുകളും ഒതുങ്ങിയ സിക്സ് പാക്കു ദേഹവുമായൊരു കുള്ളൻ. ഇട്ടിയച്ചനവനോടാണ് കൂടുതൽ സ്നേഹം. മാറ്റി വച്ച പഴത്തൊലിയും കഞ്ഞി വെള്ളവുമൊക്കെ ആ കുഞ്ഞനാണ് നൽകുക. ഇളയവൻ കളിയാക്കും.
" അച്ചന്റെ തേവര്ടെ പുതിയ വണ്ടിയാ! 2008 മോഡൽ !!
കടയടച്ച് നേരെ മുന്നോട്ട് നടന്ന് അമ്പല നടയെത്തിയാൽ രണ്ടു കൈയ്യും ശിരസ്സിനുമേലുയർത്തി തൊഴും.
" പക്തവത്സലാ, പഹവാനേ, കാത്തു രഷ്ഷിക്കണേ!
അത്താഴ പൂജ കഴിഞ്ഞ് നടയടച്ചിണ്ടാവും. തന്റെ വാഹനങ്ങളുടെ ഇന്ധന ദാതാവായിട്ടും ഭഗവാൻ ഈ ഭക്തനെ മനസ്സറിഞ്ഞ് കടാക്ഷിക്കാറില്ല. ഇട്ടിയച്ചനതിൽ പരിഭവമൊന്നുമില്ല. എല്ലാം അങ്ങേര് ടെ ലീലാവിലാസങ്ങൾ! സാധാരണക്കാർക്കത് മനസ്സിലാവില്ലെന്ന് ആൽത്തറ സ്വാമി പറഞ്ഞിട്ടുണ്ട്. ജാനുവമ്മ ഇടക്കിടെ പറയും.
" ഒന്ന് നോക്കിക്കാർന്നു
"എന്തിന്? ഇതൊക്കെ പരൂഷ്ഷിക്കണതല്ലേ?
ഇങ്ങനെ ആറേഴ് മാസമാവുമ്പോഴേക്കും വണ്ടി തള്ളിയാലും നീങ്ങാതെയാവും.
ഇട്ടിയച്ചൻ മനസ്സില്ലാ മനസ്സോടെ തത്കാലം നിരപ്പലകയിടും.
വല്ല ചിട്ടി വിളിച്ചോ, മരം വെട്ടി വിറ്റോ പിന്നേയും തൊടങ്ങും. സപ്ളൈ പിള്ളാരും പണിക്കാരും പിന്നേം വരും. ഇട്ടിയച്ചന് ഹോട്ടൽ നടത്തുകയെന്നത് ഒരു നിയോഗമാണ്. മറ്റൊരു പണിയും വശമില്ല. ഹോട്ടലിന്റെ ചൂരടിക്കാതെ ജീവിതം തന്നെ അസാധ്യമാണ്.
വീണ്ടും ഊതിയാൽ പറക്കുന്ന പരുവത്തിൽ ഉഴുന്നരച്ച് ഇഡ്ഡലി, ദോശ, വട തേങ്ങാ ചട്ടിണി.
അതേ പറ്റുകാര്. അതേ പണിക്കാർ , ഒടുവിൽ അതേ നിരപ്പലകകളും ആമത്താഴും താക്കോലും !!
ഈ പ്രതിസന്ധികൾക്കൊക്കെയിടയിലും ജാനുവും പിള്ളേരും ഓടിട്ട രണ്ടുമുറി അടുക്കള വീട്ടിൽ കഴിഞ്ഞു കൂടി. പിള്ളേർ പഠിച്ചു , വളർന്നു മൂപ്പെത്തിത്തുടങ്ങി.
അത്തവണ വട്ടമെത്താറായ ചിട്ടിയില്ല. മൂപ്പെത്തിയ മരവുമില്ലെന്നായപ്പോൾ ഇരുപ്പൂ കടുപ്പു നിലം വിൽക്കാൻ ഇട്ടിയച്ചൻ തീരുമാനിച്ചു. ഇടക്കാരൻ കുഞ്ഞപ്പന്റെ മുന്നിൽ വച്ചു തന്നെ മൂത്തവൻ പറഞ്ഞു.
" നടപ്പില്ലാ അച്ചാ. ഇനിയും കരക്കാരെ തീറ്റിക്കാൻ നെലം വിക്കാനൊക്കൂലാ."
"അച്ചൻ ഓട്ടലു നടത്തീതുമതി"
രണ്ടാമൻ തീർത്തു പറഞ്ഞു.
ഇട്ടിയച്ചൻ ഉള്ളാലെയൊന്നു ഞെട്ടി. പിന്നെ കുറേ നേരം അവ്യക്തമായി കാണുന്ന മലനിരകൾ അതിരിടുന്ന ആകാശച്ചരുവിലേക്ക് നോക്കിയിരുന്നു. ജാനു ഇടയിൽപ്പെട്ടുഴറി നെഞ്ഞുരുകി അച്ചാലും മുച്ചാലും നടന്നു. പിള്ളേരോട് മാറി മാറി കെഞ്ചിനോക്കി.
" ഇത്തവണേം കൊടെ പോട്ട് മക്കളേ, അച്ചന്റൊരാഗ്രഹമല്ലേ?
"അമ്മ മിണ്ടാതിരുന്നോണം. ഇങ്ങളൊറ്റയാളാ അച്ചനെ ഈ പരുവത്തിലാക്കീത് "
മൂത്തവന്റെ അന്ത്യശാസനമെത്തി.
ജാനുവമ്മ ആദ്യമായി കാണുന്ന പോലെ മകനെ നോക്കി. "നിങ്ങൾ " എന്ന്! തന്റെ ചൂണ്ടുവിരൽ പിടിച്ച് പിച്ച വച്ച് നടന്ന ഇത്തിരിക്കുഞ്ഞൻ കടിഞ്ഞൂൽ കിടാവല്ല. ഹോട്ടലിൽ ചെന്ന് ക്യാഷ് മേശക്കു പിന്നിൽ അഭിമാനത്തോടെയിരുന്നിരുന്ന കൗമാരക്കാരനുമല്ല. തണ്ടും തടിയുമായി ഇട്ടിയച്ചനെ പറിച്ചു വച്ച പോലെ മുതിർന്നൊരാണൊരുത്തനാണ്. അന്നാദ്യമായി കാതങ്ങളകലെ നിന്ന് മകനെ അവർ ഭയാശങ്കകളോടെ നോക്കി നിന്നു. എന്തോ പറയാനാഞ്ഞ അവരെ ഒരു മൗഢ്യം പൊതിഞ്ഞു, വാക്കുകളെ തടവിലാക്കി.
ശരിയാണ്. അങ്ങോർക്ക് പിടിപ്പു ലേശം കുറവാണ്. ആരുടേയും സങ്കടം കണ്ടു നിൽക്കാൻ വയ്യ. താനറിഞ്ഞും അറിയാതെയും ഏറെ ദാനം ചെയ്തിട്ടുണ്ട്. ഹോട്ടൽ നടത്തിപ്പ് പരിപാവനമായ കർമ്മമാണെന്നാണ് ഇട്ടിയച്ചൻ പറയുക. അന്നമാണ് നൽകുന്നത്. അവിടെ പറ്റു പുസ്തകങ്ങളുടെ കാർക്കശ്യം വേണ്ട. പറ്റു തന്നില്ലെന്ന കാരണം കൊണ്ട് ആർക്കും ഭക്ഷണം നിഷേധിച്ചിട്ടില്ല. പര പര വെളുക്കുമ്പോൾ കുളിയും കഴിഞ്ഞ് ഭസ്മക്കുറിയുമായി പടിയിറങ്ങുന്ന ആൾ ഇരുട്ടിയേ വരൂ. തന്നോട് കയർത്തൊരു വാക്ക് പറഞ്ഞിട്ടില്ല. ഒരു മുട്ടും വിഷമവും അറിയിച്ചില്ല. കുട്ടികളുടെ ഒരു കാര്യവും മുടക്കിയിട്ടില്ല. എവിടെ നിന്നോ അതിനൊക്കെ പണം വന്നു ചേർന്നു. സാധുവിനെ ചിലരൊക്കെ പറ്റിച്ചിട്ടുമുണ്ടാകും. വെപ്പുകാരന് മകളുടെ മാംഗല്യത്തിന് നാലു മാസത്തെ ശമ്പളം ഒരുമിച്ച് കൊടുക്കാൻ തന്റെ രണ്ടു വളയാണ് കൈമറിഞ്ഞു പോയത്. കല്യാണം കഴിഞ്ഞ് അയാൾ മറ്റൊരു ഹോട്ടലിൽ പണിക്കു പോയപ്പോൾ പലരും പരിഹസിച്ചു. അപ്പോഴും ഇട്ടിയച്ചൻ പറഞ്ഞു.
അവനെന്നെയല്ലേ പറ്റിച്ചു പോയത്? അപ്പോ അവനല്ലേ മോശക്കാരൻ?
അവനാണിക്കാലത്തെ സമർത്ഥനെന്ന് ഇട്ടിയച്ചനറിയില്ല. മക്കൾക്ക് വേറെയെന്തൊക്കെയോ ഉദ്ദേശങ്ങളുണ്ട്. മൂത്തവന് മൊബൈൽ കട തുടങ്ങണം. ഹോട്ടലിരിക്കുന്ന കടമുറി തന്റെ പേരിലാണ്. അമ്മായിയപ്പൻ അവസാന കാലത്ത് തന്നേൽപ്പിച്ചു പോയ മുതൽ. ആധാരമെടുത്തു തരുമ്പോൾ മകന്റെ ഓരോ തുടിപ്പുമറിയുന്ന അച്ഛൻ പറഞ്ഞു.
"ജാനൂ, ഇത് നിന്റെ പേരിലേക്കാ റയിസ്രാക്കിയേ. അവന്റെ പേരിലാണേൽ കൈവിട്ടു പോം. അവനത്ര ശുദ്ധനാ .
ജാനുവമ്മ നെടുവീർപ്പിട്ടു. ഭർത്താവിനെ നോക്കി. അകലെ മഴക്കാറ് കേറിയ ആകാശത്ത് കണ്ണും നട്ട് കസേരയിൽ അതേയിരുപ്പാണ്. പാവം! ഇന്നലെ വരെ വിരൽ പിടിച്ചു കൊണ്ടുനടന്ന മക്കളിൽ നിന്ന് ഇത്ര പ്രതീക്ഷിച്ചു കാണില്ല. ഒരു കണക്കിൽ അവൻ പറയുന്നതിലും കാര്യമുണ്ട്. എഞ്ചിനീയറിംഗ് കഴിഞ്ഞ് രണ്ടു വർഷമാകുന്നു. ഒരു നല്ല ജോലിയായില്ല. ബിസിനസ്സാണ് മോഹം. ഒരു നിലയിലെത്തണമെന്ന് അവനുമുണ്ടാകും ആഗ്രഹം. മുതൽ മുടക്കാൻ അച്ഛൻ വിചാരിച്ചാൽ പാങ്ങില്ല. ടൗണിലെ ഈ മുറിയാണ് നോട്ടം. പക്ഷെ കരയിൽ പിടിച്ചിട്ട മീൻ പോലെ ഇങ്ങേരീ വീട്ടിൽ പിടയുന്നതു കാണാൻ വയ്യ. ആ മനസ്സുനോവിച്ച് താനൊന്നും ചെയ്യില്ല. പുത്രവാത്സല്യത്തിന്റെ ഉറവ ഈ വടവൃക്ഷം കട പുഴുകാനുള്ള ചതുപ്പാകരുത്. അവർ മകനെ നോക്കി. മുഖത്ത് കാർക്കശ്യത്തിന്റെ കാളിമയുണ്ട്. അച്ഛനെ തോൽപ്പിച്ച് ഇവനങ്ങനെ ജയിക്കേണ്ട.
" അച്ചന്റെ വസ്തു. ഇഷ്ടം പോലെ ചെയ്യും. അത് ചോദിക്കാൻ നീയാര്?
" സ്വന്തം പേരിൽ വാങ്ങിയതൊന്നുമല്ലല്ലോ, അച്ചാച്ചൻ വഴി കിട്ടീതല്ലേ? അതങ്ങനെ തോന്നിയപടി വിൽക്കാനൊന്നും പറ്റൂലാ"
ഓഹോ, ഇവൻ രണ്ടും കൽപ്പിച്ചാണ്. നിയമ വശമൊക്കെ ചോദിച്ചറിഞ്ഞാണ് ഈ ഇടങ്കോലിടൽ.
അവർ ഭർത്താവിനടുത്തേക്ക് ചെന്നു.
" ഇതെത്ര നേരാന്നു വച്ചാ ഈ ഇരുപ്പിരിക്കുന്നെ? വാ, എണീക്ക് "
അവർ ആ ചുമലുകളിൽ പിടിച്ചു ചെറുതായുലച്ചു. വിദൂരതയിലാണ് ദൃഷ്ടികൾ. മകന്റെ വാക്കുകൾ കേട്ടിട്ടാവണം. തല ചെരിച്ച് അവനെയൊന്നു നോക്കി. ആ മിഴികളിൽ അവിശ്വസനീയതയാണ്. ഒരു പാതി മന്ദഹാസം ചുണ്ടുകളുടെ ഒരു കോണിൽ വന്നെത്തി നോക്കി.
" നീയിവന് ചോറു പൊതി കെട്ടീതൊന്നും ബെർത്യായീലാ ജാനൂ"
ഇട്ടിയച്ചന്റെ സ്വരമിടറി. ആകെയൊരു കുഴച്ചിലാണ്, പറയുന്നത് മുഴുവൻ തിരിയുന്നില്ല. ദേഹം ഒരു വശത്തേക്ക് കുഴഞ്ഞു വീഴാൻ പോയപ്പോൾ ജാനുവമ്മ ചേർത്തു പിടിച്ചു.
പിള്ളാര് വണ്ടി വിളിച്ച് ആസ്പത്രീ കൊണ്ടുപോയി. കാർന്നോർക്ക് ഇടതു വശം തളർന്നു പോയിരിക്കുന്നു മുഖവും കോടിയിട്ടുണ്ട്. ഒരു രാവും പകലും ഇട്ടിയച്ചൻ പാതി ബോധത്തിൽ ICU വിൽ കിനാക്കളുടെ രഥമേറി സഞ്ചരിച്ചു. ഓർമ്മകളിൽ മുഴുവൻ തെളച്ചു വരുന്ന എണ്ണ, വട, പഴം പൊരി., പപ്പടം. പൂ പോലത്തെ ഇഡ്ഡലി, ചമ്മന്തി.
ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ ഇട്ടിയച്ചനെ കാണാൻ ചെന്നവരോട് കൊഴഞ്ഞ് കുഴഞ്ഞ് നാക്ക് തിരിയാതെ ചോദിച്ചു.
"ഇവിഴെന്നാ വേണം?
ഴോശ?
ഇഴലി?
വഴ?
ഇട്ടിയച്ചന്റെ ബോധ മണ്ഡലത്തിലിപ്പോൾ ഒരു അരങ്ങേയുള്ളൂ. അത് ഹോട്ടലാണ്. ഭവാൻ തനിക്ക് വിധിച്ച വേഷം അബോധ മനസ്സിലും വിശ്വപ്രിയനായി ആടുകയാണ് ഇട്ടിയച്ചൻ.
Comments
Post a Comment