ജീവിതത്തിൽ ആദ്യം കിട്ടിയ അടി ഓർത്തു വച്ചില്ലെങ്കിലും ആദ്യമായി ലഭിച്ച സമ്മാനം എല്ലാവരുടേയും സ്മൃതിപഥത്തിലുണ്ടാകും. 


എനിക്ക് ആദ്യമായി കിട്ടിയ സമ്മാനം സ്ക്കൂൾ ആനുവേഴ്സറിക്ക് പ്രസംഗത്തിനു് ലഭിച്ച ഒരു പേനയായിരുന്നു. ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ എന്നു തുടങ്ങി വിശിഷ്ടാതിഥികളെ പരാമർശിച്ച് വന്ദിച്ച് വേണം പ്രസംഗം തുടങ്ങാൻ. നാലു ദിവസം അയൽവക്കത്തെ BA ക്കാരൻ ചേട്ടന്റെ കാലു പിടിച്ചും ബീഡി വാങ്ങിക്കൊണ്ടു കൊടുത്തും രമണി ചേച്ചിക്ക് ചേട്ടന്റെ പ്രേമലേഖനം കൊണ്ടു കൊടുത്തും എഴുതി വാങ്ങിയ പ്രസംഗമാണു്. കാണാപാഠം പഠിക്കാൻ രണ്ടു ദിവസം. ഇതെല്ലാം കഴിഞ്ഞും പെരുമ്പറകൊട്ടുന്ന നെഞ്ചുമായി വേദിയിലെത്തിയതും കാൽമുട്ടുകൾ കൂട്ടിയിടിക്കുന്നു, വായ മരുഭൂമിയാകുന്നു. എങ്ങനേയോ കണ്ണടച്ചുപിടിച്ച് തപ്പിയും തടഞ്ഞും പ്രസംഗം പറഞ്ഞു തീർത്ത് താഴെയിറങ്ങി 3 glass വെള്ളം ഒറ്റയിരുപ്പിനു കുടിച്ചു തീർത്തതോർമ്മയുണ്ട്. ഈ സർക്കസ്സുകാട്ടിയതിനാണു് സമ്മാനം.


തുടികൊട്ടുന്ന മനസ്സുമായി ഏറ്റുവാങ്ങിയ പേന കണ്ടു മതിയാകാതെ ഞാൻ പുസ്തകത്തിനിടയിൽ ഭദ്രമായി സൂക്ഷിച്ചു വച്ചു. പക്ഷെ ആ പേന അന്നു് സ്ക്കൂൾ വിടും മുമ്പേ തന്നെ കാണാതായി. നിറകണ്ണുകളോടെയുള്ള എന്റെ പരാതി ലഭിച്ചയുടൻ അന്വേഷണം. ചോദ്യം ചെയ്യൽ, പരിശോധന. ഒരു തുമ്പും കിട്ടാതെ ഹതാശ നായി ഞാൻ വീട്ടിലെത്തി കിട്ടിയ സമ്മാനം ഭദ്രമായി സൂക്ഷിക്കാത്തതിനു് അച്ഛന്റെ ശകാരവും ഏറ്റുവാങ്ങി.  


സ്ക്കൂളിലെ ഷെർലക് ഹോംസ് ആയിരുന്ന ഡ്രിൽ മാഷ് ജോൺ സാറിനായിരുന്നു അന്വേഷണച്ചുമതല. പിറ്റേ ദിവസം ജോൺ സാർ എന്നെ വിളിച്ചു. ഭയഭക്തിയോടെ ഹാജരായ എന്നെ സാർ സ്ക്കൂളിന്റെ വരാന്തയുടെ അങ്ങേ അറ്റത്തേക്ക് കൂട്ടി കൊണ്ടുപോയി. ഒരു പുത്തൻ പേനയെടുത്തു കാണിച്ചു ചോദിച്ചു.


"ഇതാണോ നിന്റെ പേന?


ഞാൻ അത്യാഹ്ളാദത്തോടെ തിരിച്ചറിഞ്ഞ പേന കയ്യിൽ തന്നു് അദ്ദേഹം ആജ്ഞാപിച്ചു.


 " ക്ളാസിൽ പൊക്കോ "


തിരുവായ്ക്കെതിർ വായുണ്ടായിരുന്നില്ലെങ്കിലും തികട്ടി വന്ന നൂറ് സംശയങ്ങൾ കണ്ണിൽ നിറച്ച് ഞാൻ തെല്ലിട അവിടെത്തന്നെ നിന്നു. അതെല്ലാം പക്ഷെ പേന തിരിച്ചുകിട്ടിയ ആഹ്ളാദത്തിരകളിൽ ഒലിച്ചു പോകാനുള്ള തേയുണ്ടായിരുന്നുള്ളൂ. 


ഇതൊക്കെയാണെങ്കിലും സഹപാഠികൾക്കിടയിലും സ്ക്കൂൾ അന്തരീക്ഷത്തിലും ഇതു സംബന്ധിച്ച നിരവധി ചോദ്യങ്ങളും സംശയങ്ങളും കാർ മേഖമായി ചെയ്യാനാകാതെ കനത്തു നിന്നു. ഇതറിഞ്ഞിട്ടാകണം

അതിനു പിറ്റേന്നു് രാവിലെ ആദ്യ പിരിയഡിൽ മലയാളം സാറിനു പകരം ജോൺ സാർ ക്ലാസിലെത്തി നാടകീയമായ ഒരു പ്രഖ്യാപനം നടത്തി. 


"ഈ ക്ലാസിലെ നാരായണന്റെ പേന കാണാതായി. മറ്റൊരാളുടെ കയ്യിൽ നിന്നും ഞാനതു വാങ്ങി നാരായണനെ ഏൽപ്പിച്ചിട്ടുണ്ട്. ആ കുട്ടി താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞു. അതിൽ വളരെയേറെ പശ്ചാത്തപിക്കുന്നുണ്ട്. പശ്ചാത്താപമാണു് പ്രായശ്ചിത്തം. അതു കൊണ്ട് ആ കുട്ടിയുടെ പേരു ഞാൻ വെളിപ്പെടുത്തുന്നില്ല. ഈ അദ്ധ്യായം ഇവിടെ അവസാനിച്ചു "


ഇത്രയും പറഞ്ഞവസാനിപ്പിച്ച് സാർ ക്ലാസിൽ നിന്നു പോയി. 


ജോൺസാറിന്റെ അന്നത്തെ പ്രവൃത്തി ദശാബ്ദങ്ങൾക്കു ശേഷവും ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്നിലുയർത്തുന്നുണ്ട്‌.


ചെയ്ത തെറ്റേറ്റുപറഞ്ഞ് പശ്ചാത്തപിച്ച വിദ്യാർത്ഥിയെ മറ്റുള്ളവരുടെ പരിഹാസത്തിനും നിന്ദയ്ക്കും അപമാനത്തിനും വിട്ടു കൊടുക്കാതെ സാർ തന്നോട് ചേർത്തു നിർത്തിയത് ഉയർന്നു ചിന്തിച്ച ഒരദ്ധ്യാപകന്റെ ഉദാത്തമായ പ്രവൃത്തി തന്നെ. പരസ്യമായി അപമാനിക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്നതിനേക്കാൾ താനനുഭവിച്ച ആത്മനിന്ദയും മനോവേദനയും അവനു് ഇനിയൊരിക്കൽ തെറ്റാവർത്തിക്കാതിരിക്കാൻ പ്രചോദനം നൽകിയിട്ടുമുണ്ടാകണം.


എന്നാൽ


യഥാർത്ഥ കുറ്റവാളിയെ ഇരുട്ടിൽ നിറുത്തിയപ്പോൾ കുറ്റം ആരോപിക്കപ്പെട്ടിട്ടും നിരപരാധിത്വം തെളിയിക്കാനാകാതെ പോയ അര ഡസനോളം കുട്ടികൾ അനുഭവിച്ച മനോവേദനക്ക് എന്താണു് പരിഹാരം?


ഞാനീ ചോദ്യം സ്വയം ചോദിക്കാനിടയായതിന് മറ്റൊരു കാരണമുണ്ട്. സഹപാഠികളുടെ സംശയത്തിന്റെ മുനകൾക്ക് ഏറ്റവും കൂടുതൽ ശരവ്യനായ ഒരു പാവം കൂട്ടുകാരൻ എന്നോട് രഹസ്യമായി പറഞ്ഞു. 


"എടാ ഞാനല്ല നിന്റെ പേനയെടുത്തത്. പക്ഷെ എല്ലാരും എന്നെ സംശയി ക്യാ "


അവന്റെ മിഴികൾ നിറഞ്ഞിരുന്നു. ശബ്ദം ഇടറിയിരുന്നു. പക്ഷെ ഞാൻ വ്യക്തമായോർക്കുന്നു.


ആ ശിരസ്സ് കുനിഞ്ഞിരുന്നില്ല. 


ഒരു തേങ്ങലോടെ അവൻ തുടർന്നു. "സാറ് ആ കള്ളന്റെ പേര് പറഞ്ഞാ മത്യാർന്നൂ.


46 വർഷങ്ങൾക്കു ശേഷവും ആ കണ്ണുനീർ തടാകമായ മിഴികളും ഉത്ക്കടമായ വേദന നിഴലിച്ച വാടിയ വദനാംബുജവുമായി അവൻ നടന്നകന്നത് ഇന്നും തെളിമയോടെ എന്റെ കൺമുന്നിലുണ്ട്.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ