അനേക കാലം മുമ്പ്. ഇടവപ്പാതി തിമിർത്തു പെയ്തു തോർന്ന ഒരു സന്ധ്യയിൽ അച്ഛന്റെ ഒരു അടുത്ത പരിചയക്കാരനെത്തി. 


"ഇവനു് ഇവിടെ അടുത്തുള്ള കോളേജിൽ പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്നു. ഇവിടെ താമസിച്ച് പഠിക്കാനൊരു സാകര്യം വേണം" തന്റെ പിന്നിൽ ഒളിച്ചെന്നവണ്ണം നിന്നിരുന്ന ഒരു കൗമാരക്കാരനെ മുന്നിലേക്ക് നീക്കി നിർത്തി ആഗതൻ ആവശ്യമുന്നയിച്ചു. രണ്ടാമതു പോയിട്ട് ഒരു തവണ പോലും ആലോചിക്കാൻ മിനക്കെടാതെ അച്ഛൻ പരിപൂർണ്ണ സമ്മതം മൂളി. രണ്ടു മൂന്നു് വയസ്സു മൂത്ത ഒരാളെ കൂട്ടുകാരനും ചേട്ടനുമായി കിട്ടിയ എനിക്ക് ഏറെ സന്തോഷം. അമ്മയുടെ സമ്മതമോ സന്തോഷമോ ആരും അന്വേഷിക്കുന്ന പതിവുമില്ല. ഏതായാലും അമ്മ മുന്നോട്ട് വന്നു് അവന്റെ ചുമലുകളിൽ പിടിച്ച് തന്നോട് ചേർത്തു നിർത്തി ചെവിയിൽ ചോദിച്ചു.


"മോനു വിശക്കുന്നുണ്ടോ?


"മോൻ " നാണത്തോടെ തലയാട്ടി. 

എനിക്കവകാശപ്പെട്ട "മോനെന്ന പദവി " ഇന്നു കണ്ട പയ്യനു് ചാർത്തിക്കൊടുത്തതിൽ തെല്ല് അലോസരം തോന്നിയെങ്കിലും ഞാനതപ്പോൾ ഭാവിച്ചില്ല.


 അങ്ങനെ തുടങ്ങിയ താമസം 5 വർഷം നീണ്ടു. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രി അവസാനവർഷം വരെ.


പയ്യൻ പൊറുതി തുടങ്ങിയപ്പോൾ മുതൽ VIP യായി പരിഗണിക്കപ്പെട്ടു.


 ഉള്ളതിൽ നല്ല കിടക്ക മോഹനനു്. ഞങ്ങൾക്ക് തഴപ്പായ. 


ചൂടുള്ള ചോറു് മോഹനനു്. ഞങ്ങൾക്ക് അറിയതോ പഴഞ്ചോറോ.


മുഴുവൻ പപ്പടം മോഹനനു്. ഞങ്ങൾക്ക് പൊട്ടും പൊടിയും. 


മേശവിളക്ക് മോഹനന്റെ മുന്നിൽ. മങ്ങിയ വെളിച്ചത്തിൽ ഞങ്ങൾ. 


വീട്ടിലുള്ളതിൽ മുന്തിയത് എപ്പോഴും മോഹനനു്. ഞങ്ങളൊക്കെ രണ്ടാം കിടക്കാർ. 


ഒരു വ്യത്യസ്ഥതയുള്ളത് വീട്ടുജോലികളുടെ കാര്യത്തിലാണു്. അതപ്പാടെ ഞങ്ങൾക്ക്.  


ഈ വിവേചനത്തിൽ അലോസരം കാട്ടുകയോ പരാതി പറയുകയോ ചെയ്താൽ അച്ഛനോർമ്മിപ്പിക്കും. " അതിഥി ദേവോ ഭവ "

എനിക്കതത്ര ബോധ്യമായില്ല. വല്ലപ്പോഴും വരുന്നയാളല്ലേ അതിഥി. നാലഞ്ചു വർഷം സ്ഥിരമായി താമസിക്കുന്നയാൾ എങ്ങനെയാണു് അതിഥിയാകുക. തുടങ്ങിയ എന്റെ സംശയങ്ങളൊന്നും പരിഗണിക്കപ്പെട്ടതേയില്ല.


അമ്മ പക്ഷെ ആദാർശനിക ലൈനിലായിരുന്നില്ല. " പാവം കുട്ടി. അത് അമ്മേടടുത്ത്ന്ന് മാറിനിക്കല്ലേ. നമ്മള് വേണ്ടേ " അതിനു് " ഒരു വെഷമം തോന്നാണ്ട് നോക്കാൻ. ഇപ്പോ നല്ലോണം വളരണ പ്രായോം.! 


ആ മാതൃഭാവം തുളുമ്പിയ വാക്കുകൾക്കും അമ്മയുടെ ആർദ്രമായ നോട്ടത്തിനും മുന്നിൽ ഞാനും നിരായുധനായിപ്പോകും.


അങ്ങനെ ഒരുമിച്ച് പഠിച്ച്, കളിച്ച്, ഉണ്ട്, ഉറങ്ങി, പിണങ്ങി, ഇണങ്ങി ഒഴുകിപ്പോയ 5 വർഷങ്ങൾ. ഉള്ള സൗകര്യങ്ങളിൽ ഒതുങ്ങി, സാധു പ്രകൃതവും പെരുമാറ്റവുമായി അയാൾ ഏവരുടേയും സ്നേഹത്തിനു് പാത്രമായി അയാളും ഞങ്ങളോടൊപ്പം വളർന്നു. വാഴനാരു പോലെ മെലിഞ്ഞുണങ്ങിയിരുന്ന പയ്യൻ ഡിഗ്രി അവസാനവർഷമായപ്പോഴേക്കും തണ്ടും തടിയും വച്ച് മീശയുമൊക്കെയായി നല്ല ഒത്ത ചെറുപ്പക്കാരനായി.


അങ്ങനെ ആ ദിവസവും വന്നണഞ്ഞു. അവസാന വർഷ പരീക്ഷയും കഴിഞ്ഞ് മോഹനൻ പോകാനിറങ്ങിയപ്പോൾ അമ്മ ചേർത്തു പിടിച്ചു. മിഴിനീരു തുടച്ച് ഗദ്ഗദ കണ്ഠയായി.


" നന്നായി വരും. മിടുക്കനാകണം. ജോലിയൊക്യായിട്ട് ഇതിലെ വരണം." 


നിറഞ്ഞ കണ്ണുകൾ തുടച്ച് ഞങ്ങളോടും യാത്ര ചോദിച്ച് അയാൾ മുളമ്പടി കടന്നു് റോഡിലിറങ്ങും വരെ അമ്മ നോക്കി നിന്നു. പിന്നെ ചാരിതാർത്ഥ്യം പൂണ്ട ഒരു ദീർഘനിശ്വാസത്തോടെ തിരിച്ചു കയറി. വീട്ടിലെ ഒരംഗം പെട്ടെന്നു് സ്ഥലം വിടുമ്പോഴെന്ന പോലെ ഒരു ശൂന്യത കുറേയേറെ നാൾ ഞങ്ങളെ പൊതിഞ്ഞു നിന്നു.


നിഗൂഢമായൊരാനന്ദം എന്നെ പൊതിഞ്ഞു നിന്നത് ഞാനാരുമായും പങ്കുവച്ചില്ല. ഒരു കൗമാര പ്രായത്തിന്റെ നിഷ്ക്കളങ്കത കലർന്ന ആനന്ദം.


ഇന്നു മുതൽ എനിക്ക് സ്വന്തമായി ഒരു കട്ടിലും കിടക്കയും മേശയും മേശവിളക്കുമൊക്കെ കിട്ടാൻ പോകുന്നു!


പിന്നെ അയാളെ പറ്റിയുള്ള അറിവുകളെല്ലാം കേട്ടറിവുകളായിരുന്നു. അയാളുടെ വീടിനടുത്ത് സ്ക്കൂൾ ജോലി ചെയ്തിരുന്ന ഗോപി മാഷ് അവിടെ കേട്ട് ഇവിടെയെത്തിക്കുന്ന വിവരങ്ങൾ. അയാൾക്ക് ഡൽഹിയിൽ കേന്ദ്ര സർക്കാരിൽ ജോലിയായി ഡൽഹിയിലാണത്രെ. വിവാഹം കഴിഞ്ഞുവെന്നും ഇടയ്ക്ക് നാട്ടിൽ വന്നു പോയെന്നുമൊക്കെയുള്ള വിവരങ്ങൾ ഗോപി മാഷ് വഴി എത്തിക്കൊണ്ടിരുന്നു. മാഷ് അടുത്തുൺ പറ്റിയതോടെ ആ വഴിയും അടഞ്ഞു.


 ഒരു കത്തയച്ചില്ല. ഒന്നു വന്നില്ല. അച്ഛൻ മരിച്ചപ്പോൾ അയാളെ അറിയിക്കാൻ മേൽവിലാസമുണ്ടായിരുന്നില്ല. ഫലമിച്ഛിക്കാതെയുള്ള കർമ്മം ചെയ്യൽ സ്വായത്തമാക്കിയ അച്ഛനു് അയാളുടെ ഒരു വരി കത്തോ, ഒരു സന്ദർശനമോ കാണാത്തതിൽ ഒരു നിരാശയുമുണ്ടായിരുന്നില്ല. 


അമ്മയ്ക്ക് പക്ഷെ ആ തലത്തിലേക്ക് എത്താനായില്ല. അഞ്ചു വർഷം വെച്ചുവിളമ്പി, തുണിയലക്കിക്കൊടുത്ത്, അടുത്തിരുന്നൂട്ടിയ എന്റെ അമ്മ ഇടയ്ക്കിടെ വ്യസനിച്ച് പറയും.


 " ന്നാലും, ആ കുട്ടി ക്കെന്താ പറ്റീത്? 


"നന്ദികെട്ടവനാമ്മേ' " എന്നു ഞാൻ രോഷം കൊണ്ടപ്പോൾ അമ്മ പറഞ്ഞു. 


"ന്തെങ്കിലും തടസ്സോണ്ടാവും. ഓനൊരു സ്വപ്നക്കാരനാ" 


സ്വപ്നക്കാരൻ നാട്ടിൽ വരവും വീട്ടുകാരെ കാണലും തന്നെ ഇല്ലാതായെന്നും കേന്ദ്രത്തിൽ വലിയ ഉദ്യോഗസ്ഥനാണെന്നു മൊക്കെ പറഞ്ഞപ്പോൾ അമ്മ പറയുന്നു. 


" നന്നായി. ഒരു വഴിയായീ ലോ, ന്നാലും ഒന്നു കാണാൻ തോന്ന്വാ."


പിന്നീട് മരണാസന്നയായ നാളുകളിൽ എന്റെ കൂടെ വന്ന ഒരു സുഹൃത്തിനെ കണ്ട് അമ്മ ചോദിക്കുക കൂടിയുണ്ടായി


" മോഹനനല്ലേ? 


അല്ലെന്നു് ഞാൻ പറഞ്ഞില്ല. വെറുതെയെന്തിനു് അവശേഷിക്കുന്ന കുറച്ചു നാൾ ആ മനസ്സിലൊരു വേദനയുളവാക്കണം. ശപിച്ചില്ലെങ്കിലും ആ മനസ്സിലെ ഒരു നിമിഷത്തെ നൈരാശ്യം പോലും അയാളെ പ്രതികൂലമായി ബാധിക്കരുതെന്നു തോന്നാൻ തക്ക ഒരു മമതാ ബന്ധം പിഴുതെറിയാതെ എന്നിൽ അവശേഷിച്ചിരുന്നു താനും. പിന്നീട് ഫോൺ സൗകര്യങ്ങളൊക്കെ സാർവ്വത്രികമായപ്പോൾ വേണമെങ്കിൽ എനിക്കയാളെ തിരഞ്ഞുപിടിക്കാമായിരുന്നു. പക്ഷെ എന്നിലവശേഷിച്ച ദുരഭിമാനം എന്നെ അതിനനുവദിച്ചില്ല.


ആ മോഹം സഫലമാകാതെ അമ്മയും മരിച്ചു. 


ഒടുവിൽ അയാളുടെ പഴയ വീടിനടുത്തൊരു വീട്ടിലെ വിവാഹത്തിരക്കിനിടയിൽ ഞങ്ങൾ കണ്ടു. ആരോ പറഞ്ഞ് ചൂണ്ടിക്കാണിച്ച് അയാൾ അടുത്തു വന്നു. 40 വർഷത്തിനുശേഷമാണെങ്കിലും ആ ചാരക്കണ്ണുകളും ഉയർന്ന മൂക്കും ഞാൻ തിരിച്ചറിഞ്ഞു.


 എനിക്ക് തിരിച്ചറിയാനാവാത്ത വിധം മാറ്റമുണ്ടെന്നു് അയാൾ പറഞ്ഞു. ഡൽഹിയിൽ നിന്നു് വന്നു നാട്ടിൽ 20 കിലോമീറ്ററകലെ വീടും സ്ഥലവും വാങ്ങി താമസമാക്കിയെന്നു പറഞ്ഞു. 40 ലക്ഷത്തോളമായത്രെ. ഭാര്യയേയും മകനേയും പരിചയപ്പെടുത്തി. ദോഷം പറയരുതല്ലോ, "ഞാൻ പണ്ട് ഒരു വീട്ടിൽ നിന്നു പഠിച്ചിട്ടുണ്ടെന്നു പറഞ്ഞിട്ടില്ലേ? അതിവരുടെ വീട്ടിലായിരുന്നെന്നു് ഭാര്യയോട് പറയുകയും ചെയ്തു. അച്ഛന്റെ മരണം ഒരു മാസത്തിലേറെ കഴിഞ്ഞാണറിഞ്ഞതെന്നും വളരെ തിരക്കുള്ള സമയമായതുകൊണ്ട് വരാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. നിസ്സംഗനായി എല്ലാം കേട്ടു നിൽക്കുന്നതിനിടയിൽ അയാൾ ചോദിക്കുന്നു.

 "അമ്മയ്ക്കിപ്പോഴെങ്ങിനെയുണ്ട് ? നടക്കാനൊക്കെ പറ്റുമോ?


" അറിയില്ല മോഹനേട്ടാ"


അതെന്താണ്? അമ്മ നിന്റെ കൂടെയല്ലേ? എവിടെയാണ് ഇപ്പോ? 


"എന്റെ കൂടെയല്ല."


" എന്നാലും ഇടയ്ക്കു പോയി കാണണം അമ്മയ്ക്കെന്തു തോന്നും? മൂപ്പരുടെ ചുമതലാബോധം കണ്ട് ഞാൻ ഏകലോചനം നടിച്ചു.


" പോകുന്നുണ്ട്. ഇവിടെ കുറേ ജോലി കൂടി ബാക്കിയുണ്ട്. അതൊന്നു തീരട്ടെ."


ആൾ അൽപ്പനേരം ചിന്താകുലനായി. ആകെയൊരു പൊരുത്തക്കേട് മണത്തു കാണണം. നോട്ടത്തിൽ സംശയത്തിന്റെ ലാഞ്ഛനയുണ്ട്.


" എന്നാലും സ്ഥലത്തിനൊരു പേരില്ലേ? മറ്റന്നാൾ മോൾ വരും വരെ ഞാൻ ഫ്രീയാണു്. ഒന്നു പോയി കാണണം. നമുക്കൊരുമിച്ചു പോകാം.


എന്റെ എല്ലാ നിയന്ത്രണവും തെറ്റുമെന്നു തോന്നിയപ്പോൾ ഞാൻ മിഴികളടച്ചു അമ്മയെ ധ്യാനിച്ചു നിന്നു. പിന്നീട് ഒന്നും പറയാനാകാതെ നിറമിഴികൾ അയാൾ കാണാതിരിക്കാൻ മൊബൈൽ എടുത്ത് ഒരു മിനുട്ടെന്നു് കയ്യാംഗ്യം കാണിച്ച് തിരിഞ്ഞു നടന്നു.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ