എന്റെ കൊച്ചുമകനെ ഈ വരുന്ന വർഷം സ്കൂളില യയ്ക്കണം. അവന്റെ അച്ഛനും അമ്മയ്ക്കുമൊന്നും ചെറിയ പരിഭ്രമം പോലുമില്ല. ഉണർന്നിരിക്കുമ്പോൾ ഒരു നിമിഷം പോലും വെറുതെയിരിക്കാതെ എന്നെ നെട്ടോട്ടമോടിക്കുന്ന കൊച്ചു തെമ്മാടിയുടെ ആദ്യ സ്കൂൾ ദിനമോർത്ത് ആശങ്കപ്പെട്ട് രക്തസമ്മർദ്ദമാപിനി തകരും വിധം പ്രഷർ കൂട്ടുന്നത് ഞാനും.


"അവനു് ജനലിനടുത്ത് സീറ്റുകിട്ടിയാൽ മതിയായിരുന്നു. പുറത്തു നിൽക്കുന്ന അച്ചാച്ചനെ കാണാമല്ലോ". എന്റെ ചിന്ത ലേശം ഉച്ചത്തിലായി.


"വേണ്ടാ, അവന്റെ ക്ലാസിനു തൊട്ടടുത്ത്‌ അച്ചാച്ചൻമാർക്കായി ഒരു വയോജന ക്ലാസു തുടങ്ങാൻ പറഞ്ഞാലോ?" 


 മകൻ നിസ്സാരമായി തൊടുത്ത

ആ പരിഹാസം ഞാൻ കേട്ടില്ലന്നു നടിച്ചു.. "എടാ പച്ചപ്ളാവിലേ നീ ചിരിക്ക്." ഇപ്പറഞ്ഞ പരാക്രമി നിക്കറിൽ ഒന്നും രണ്ടും പോയി "അപ്പൂന് അമ്മേടടുത്ത് പോനം" എന്നു് കൊഞ്ചിക്കരഞ്ഞത് ഭാര്യ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.


 "പത്തു മുപ്പതു വർഷം മുൻപ് നമ്മുടെ മക്കളും ഇതുപോലെ സ്ക്കൂളിലൊക്കെ ചേർന്നായിരുന്നു. ആട്ടെ ഏതു സ്ക്കൂളിലായിരുന്നു എന്നെങ്കിലും ഓർമ്മേണ്ടോ?"


ഭാര്യ തിരനോട്ടം നടത്തിയതാണു്.


 ങ്ഹാ ഹാ, ഇക്കാലമത്രയും കൊരട്ടത്തു വച്ച പരിഭവം ചുറ്റികയാക്കി ബ്രൂട്ടസ്സി ഭാര്യയും പഴുത്തിരിക്കുന്ന ഈ ഇരുമ്പ് അടിച്ചു പരത്തുകയാണു്. കൊള്ളാം. മുജ്ജന്മത്തിലെ ശത്രു ഭാര്യയായും പുത്രനായും ഡബിൾ റോളിലും ജനിക്കുമായിരിക്കും.


ഭിത്തിയിൽ എന്നെത്തന്നെ നോക്കി കപടഗൗരവം പൂണ്ടിരിക്കുന്ന ഫോട്ടോയിലേയ്ക്ക് മിഴി പായിച്ച് ഞാൻ പറഞ്ഞു.


"അന്നു സ്ക്കൂളിന്റെ പടിക്കൽ കാവൽ നിൽക്കാൻ എന്റെ അച്ഛനുണ്ടായിരുന്നു!!! "

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ