തിരുവനന്തപുരത്തു നിന്നു് ഉച്ചച്ചൂടിൽ ചെന്നൈ മെയിലിൽ കയറിയപ്പോൾ ഇനിയങ്ങോട്ടുള്ള നാലഞ്ചു മണിക്കൂർ കഴിച്ചുകൂട്ടുന്ന കാര്യമോർത്ത് ഒരു തരം മടുപ്പ് തോന്നിയിരുന്നു. പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതിൽ ഉൽ സുകനായ സംസാരപ്രിയനായ എനിക്കു പലപ്പോഴും, അറിയാതെയെങ്ങാൻ ഒരു പുഞ്ചിരിയെങ്ങാൻ വിടർന്നു പോയാലോ എന്ന ആശങ്കയിൽ ഗൗരവം മുറ്റി വലിച്ചു മുറുക്കിയ മുഖവും നിസ്സംഗമായ നോട്ടവുമായി പരിചയപ്പെടാൻ തന്നെ ഏറെ വിമുഖതയുള്ള സഹയാത്രികരെയാണു് കൂട്ട് കിട്ടുക. ഇവരൊക്കെ 24x7 ഈ ഡിഫോൾട്ട് മോഡിലാണെങ്കിൽ അവരുടെ വീട്ടുകാരുടെ സ്ഥിതി യെന്തായിരിക്കുമെന്നൊക്കെ അവരുടെ മുന്നിലിരുന്ന് ഞാൻ ആലോചിച്ചു പോയിട്ടുണ്ട്. ഒരാൾ മുഖത്തു നോക്കുമ്പോൾ ഒന്നു ചിരിച്ചാൽ, ഔപചാരികമായെങ്കിലും രണ്ടു വാക്കു സംസാരിച്ചാൽ അവരെയാരും രാശിക്കായ കളിക്കാൻ പിടിച്ചു കൊണ്ടുപോകില്ലെന്നു് ഇക്കൂട്ടരെ ആരാണു് പറഞ്ഞു മനസ്സിലാക്കുക?


 എനിക്കെതിർവശത്ത് ഒരു കൊച്ചു കുടുംബമാണു്. അച്ഛനും അമ്മയും പത്തിൽ താഴെ പ്രായമുള്ള രണ്ടു പെൺകുട്ടികളും. അവർ വിശേഷങ്ങൾ പറഞ്ഞും ഇടയ്ക്കിടെ കുട്ടികളെ ശ്രദ്ധിച്ചും താലോലിച്ചും അവരുടേതായ സ്വകാര്യ ലോകത്താണു്. തൊട്ടടുത്ത് കണ്ണട വച്ച ഒരു ചെറുപ്പക്കാരൻ. അതിനപ്പുറം മൊബൈലിൽ ബദ്ധശ്രദ്ധനായ ഒരു ഫ്രീക്കൻ. അവൻ ചുറ്റുപാടുകളിൽ നിന്നൊക്കെയകന്നു് ഏതോ അന്യഗ്രഹത്തിൽ വിരാജിക്കുകയാണു്. അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ കണ്ണടയും വലിഞ്ഞു മുറുകിയ കാളിമയാർന്ന മുഖവും തലയുയർത്തി ഭിത്തിയിൽ ചായ്ച് മുകളിൽ കറങ്ങുന്ന ഫാനിൽ ഉടക്കിയ നോട്ടവും അപരിചിതത്വത്തിന്റെ ആഴം കൂട്ടിയിരുന്നു. 


"വെർതേങ്ങനെ ആളോളുടെ മുഖത്ത് നോക്കി വെറുതെ പുഞ്ചിരിക്കുക, വിശേഷം ചോദിക്കുക, ദൊന്നും അവർക്കിഷ്ടപ്പെടണുണ്ടാവില്യാട്ടോ. ചെലരൊക്കെ തെറ്റിദ്ധരിക്കാനും മതി." ഭാര്യ എന്നെ ഇടയ്ക്ക് ഗൗരവപൂർവ്വം ഓർമ്മപ്പെടുത്തും


ജീവജാലങ്ങളിൽ മനുഷ്യർക്കു മാത്രം ലഭ്യമായ സിദ്ധിയാണു് ചിരിയും സംസാരശേഷിയും. ആരോഗ്യകരമായ ആശയ വിനിമയത്തിനും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനും നേട്ടങ്ങളെ അഭിനന്ദിക്കുവാനും സന്തോഷങ്ങളിൽ പങ്കു ചേരുവാനും ഊഷ്മളമായ ബന്ധങ്ങൾ വളർത്തിയെടുക്കുവാനും അന്യായങ്ങളെ എതിർക്കുവാനുമൊക്കെയാണു് മറ്റൊരു ജീവിക്കും സമ്മാനിക്കപ്പെടാത്ത ഈ സിദ്ധികൾ ഉപയോഗിക്കേണ്ടത്. ഇതെല്ലാം വ്യക്തിഗതമായ കാര്യസാദ്ധ്യത മുന്നിൽക്കണ്ടാണെന്നു് തെറ്റിദ്ധരിക്കുന്നവരുടെ മനസ്സിലാണു് കാപട്യം. ഇങ്ങനെയൊക്കെ ഞാൻ വിശദീകരിക്കാറുമുണ്ട്. പലകുറി കേട്ടിട്ടുള്ള ഭാര്യയുടെ ഈ താക്കീതിന്റെ സ്വരത്തിലുള്ള ഉപദേശം വിൻഡോ സ്ക്രീനിൽ ഓടിയെത്തിയെങ്കിലും Ignore ബട്ടണിൽ ക്ളിക്കു ചെയ്ത് ഞാനയാളോട് ചോദിക്കുക തന്നെ ചെയ്തു.


"എവിടേയ്ക്കാ?


ധ്യാനത്തിൽ നിന്നുണർന്നു് ചുറ്റും നോക്കി അയാൾ മറുപടി പറഞ്ഞു.


" തൃശൂര് " 


ആ മറുപടിയിലെ തൃശൂർ ടോൺ കേട്ടപ്പോൾത്തന്നെ അയാൾ തൃശൂര് കാരനാണെന്നു ഞാനുറപ്പിച്ചു.


" ഞാൻ എറണാകുളം വരെയുള്ളൂ. എന്റെ പേര് നാരായണൻ " 


ഞാനൊരു സംഭാഷണത്തിനു തുടക്കമിട്ടു. പക്ഷെ അയാൾ വീണ്ടും തലയുയർത്തി വച്ച് ഫാനിൽ നോട്ടമുറപ്പിച്ചതോടെ ഇനി അയാളുടെ സ്വകാര്യതയിലേക്ക് നു ഴഞ്ഞു കയറേണ്ടതില്ല എന്നു തീരുമാനിച്ച് ഞാൻ കൈവശമുണ്ടായിരുന്ന "ആടുജീവിതം" തുറന്നു് നജീബിന്റെ നരക സമാനമായ ജീവിത വിവരണത്തിലേക്ക് കൂപ്പുകുത്തി.


കായംകുളത്തു പോലും കാര്യമായ "പിടിച്ചിടലോ '' മെല്ലെപ്പോക്കോ കൂടാതെ വണ്ടി കോട്ടയം സ്റ്റേഷനിലെത്തി. ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്നു മനസ്സിൽ വിചാരിച്ച നിമിഷം ആടു കരയുന്ന സ്വരത്തിൽ "ച്യായേ " എന്ന നിലവിളിയുമായി ഫ്ളാ സ്ക്കും സന്നാഹങ്ങളുമായി ആളെത്തി. എന്റെ കണ്ണടക്കാരൻ സുഹൃത്തും ധ്യാനത്തിൽ നിന്നുണർന്നു് എന്നോടൊപ്പം ചായ വാങ്ങിക്കുടിച്ചു. പണം കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതും ഞെട്ടലോടെ ഒരു കാര്യം ഞാനോർത്തു. എന്റെ കയ്യിൽ നൂറു രൂപ നോട്ട് മാത്രമേയുള്ളൂ. ചില്ലറയില്ല. ചായക്കാരന് 10 രൂപക്ക് വേണ്ടി 100 ന്റെ നോട്ടു നീട്ടിയ എന്നെ അയാൾ അനിഷ്ടത്തോടെ നോക്കുന്നു. ഞാൻ നിസ്സഹായനായി നിൽക്കുമ്പോൾ ഒരു ഇരുപത് രൂപാ നോട്ട് അയാളുടെ നേരെ നീട്ടി രണ്ട് എന്നു് മുദ്ര കാട്ടി എന്റെ കണ്ണടക്കാരൻ സുഹൃത്ത് എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. 

നോട്ടു നിരോധനത്തിന്റെ പരിണിത ഫലങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കിയ സമയമാണു്. കൈവശമുള്ള ഓരോ നോട്ടും അവധാനതയോടെ ചെലവാക്കുന്ന കാലം. പത്തു രൂപയെങ്കിൽ പത്തു രൂപ തീർത്തും അപരിചിതനായ എനിക്കു വേണ്ടി നിസ്സംശയം ചെലവാക്കിയ കണ്ണടക്കാരൻ സുഹൃത്തിനോട് ഞാൻ നന്ദി പറഞ്ഞു.


"താങ്ക്സ് " പക്ഷെ ഇതു തിരിച്ചു തരാൻ നിവൃത്തിയില്ലല്ലോ "


ഇത്തവണ മൂടിക്കെട്ടിയ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. 

"ഓ, അതു സാരമില്ല " 


ഒരു സുദീർഘമായ സംഭാഷണത്തിനു് വഴിമരുന്നിടാൻ ഇതു ധാരാളമായിരുന്നു. നോട്ടു നിരോധനം മുതൽ രാഷ്ട്രീയത്തിന്റേയും പുരോഗമന പ്രസ്ഥാനങ്ങളുടേയുംയും മറ്റു സമകാലീന വിഷയങ്ങളുടേയും പാളങ്ങളിലൂടെ ഞങ്ങളുടെ വർത്തമാനവും വണ്ടിയോടൊപ്പം സഞ്ചരിച്ചു കൊണ്ടിരുന്നു. തുറന്നു സംസാരിക്കുന്ന പ്രകൃതവും തട്ടും തടവുമില്ലാത്ത ആശയസംപുഷ്ടമായ വാചകങ്ങളും എന്നെ ഹഠാദാകർഷിക്കുകയും ചെയ്തു.

അപരിചിതത്വത്തിന്റെ മഞ്ഞുരുകിയൊലിച്ചു വർത്തമാനം വ്യക്തിവിശേഷങ്ങളിലേക്ക് കടന്നപ്പോൾ അയാൾ ഉൾവലിഞ്ഞ് സ്ഥായിയായ വിഷാദം മുഖത്തേക്കോടിയെത്തുന്നത് മനസ്സിലാക്കി ഞാൻ "ആടുജീവിത"ത്തിലേക്ക് മടങ്ങി.


തീവണ്ടിയുടെ വേഗത കുറഞ്ഞ് കുറഞ്ഞ് പാളങ്ങളിലുരഞ്ഞ് നിൽക്കാനുള്ള ഭാവമാണു് എനിക്കിറങ്ങേണ്ട എറണാകുളത്തെത്താൻ മുപ്പതോ നാല്പതോ മിനുട്ടുകൾ മാത്രം. പെട്ടെന്നയാൾ സംസാരിച്ചു തുടങ്ങി. കോച്ചിൽ മുകളിൽ കറങ്ങുന്ന ഫാനിൽ ദൃഷ്ടിയൂന്നി അയാൾ പിന്നീട് പറഞ്ഞതെല്ലാം തീമഴയായ് ഞാനേറ്റുവാങ്ങി. 


സർക്കാർ ജീവനക്കാരനാണു് അവിവാഹിതൻ. ഇടത്തരം കുടുംബത്തിലെ അച്ഛനമ്മമാരുടെ ഏകാവലംബമായ ഓമന പുത്രൻ. കുറേ കാലമായി പുറംവേദന, ഇടക്കിടക്ക് പനി. വീട്ടുകാരറിയാതെ ഡോക്ടരെ കണ്ടു. ലക്ഷണങ്ങൾ വച്ചും രക്ത പരിശോധനാ ഫലം വച്ചും തൃശൂരിലെ ഡോക്ടർ RCC യിലേക്ക് റഫർ ചെയ്തു. ഔദ്യോഗികാവശ്യം എന്നു് വീട്ടുകാരെ ബോധ്യപ്പെടുത്തി തിരുവനന്തപുരത്തെത്തി RCC യിലെ ടെസ്റ്റുകൾ നൽകിയ ഫലം ഞെട്ടിക്കുന്നതായിരുന്നു. ര ക്താർബ്ബുദം.


വണ്ടി എറണാകുളത്തിനടുത്തെത്തിയിരുന്നു. അലോസരപ്പെടുത്തുന്ന ശബ്ദത്തോടെ ഇഴഞ്ഞു നീങ്ങുന്ന വണ്ടിയിൽ ഞാൻ അയാളുടെ മുഖത്തു നോക്കാനാകാതെ അസ്തമയ സൂര്യനെ നോക്കി മൗഢ്യം പൂണ്ടിരുന്നു. അങ്ങകലെ നിന്നെന്നോണം വാക്കുകൾ എന്നെ വലയം ചെയ്തു കൊണ്ടിരുന്നു. പ്രക്ഷുബ്ധമായ ആഴക്കടലിനു മുകളിൽ ശാന്തമായ ജലപ്പരപ്പെന്നപോലെ ദുഖത്തിന്റെ കടലാഴങ്ങൾ ഉള്ളിലൊളിപ്പിച്ച് നിർവ്വികാരനായി സംസാരിക്കുന്ന മനുഷ്യൻ. മകന്റെ ഉദ്യോഗ ലബ്ധിയിൽ ആനന്ദതുന്ദിലനായി വിവാഹാലോചനകൾക്ക് തിരക്കു കൂട്ടുന്ന വയസ്സായ അച്ഛനോട്, പടിയ്ക്കൽ മിഴിനട്ട് മകന്റെ കാലൊച്ച കാത്തിരിക്കുന്ന അമ്മയോട് എന്താണു് പറയേണ്ടത്? ആര് ആരെയാണു് ആശ്വസിപ്പിക്കേണ്ടത്?


എറണാകുളത്തിറങ്ങുമ്പോൾ ഞാനാവശ്യപ്പെട്ടിട്ടും ഫോൺ നമ്പർ തരാൻ അയാൾ കൂട്ടാക്കിയില്ല


 "വേണ്ട സാർ, നമ്പർ തന്നാൽ സാറിനി വിളിക്കും. മനസ്സു വിഷമിപ്പിക്കുന്ന വിശേഷങ്ങളേ എനിക്ക് തരാനുണ്ടാകൂ. അതു വേണ്ട"

 

മകന്റെ പ്രായമുള്ള ആ ചെറുപ്പക്കാരന്റെ മുഖത്തു നോക്കാനാകാതെ ചുമലിൽ ഒന്നു തട്ടി പത്തു രൂപാ കടക്കാരനായി വിട പറയുമ്പോൾ ഇന്നു് ക്യാൻസറെന്ന അസുഖം ജീവിതത്തിന്റെ അവസാന വാക്കല്ലെന്നും വളരെയേറെ പേർ രോഗവിമുക്തി തേടുന്നുണ്ടെന്നുമൊക്കെയുള്ള ആശ്വാസ വചനങ്ങൾ ചൊരിയണമെന്നൊക്കെ ഞാനാഗ്രഹിച്ചു. പക്ഷെ പൊതുവേ വാചാലനായ എനിക്കു പിടി തരാതെ വാക്കുകൾ മറഞ്ഞു നിന്നു. തൊണ്ടയിൽ ഉരുണ്ടുകൂടിയ ഗദ്ഗദങ്ങളെ ഭേദിച്ച് അവ പുറത്തു വരുമായിരുന്നില്ല.


ദുഃഖഭാരം കനം തൂങ്ങുന്ന മനസ്സുമായി വീട്ടിലേക്കുള്ള ബസ് യാത്രയിൽ എന്തുകൊണ്ടോ, അയാളുടെ ദുർവിധിയേക്കാൾ എന്നെ മഥിച്ചത് ഇതൊന്നുമറിയാതെ അയാളെ കാത്തിരിക്കുന്ന ഞാനിതുവരെ കാണാത്ത ആ അച്ഛനമ്മമാരുടെ ആർദ്രമായ മിഴികളായിരുന്നു.

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ