നനഞ്ഞ ആകാശത്തിലൂടെ പറന്ന ആ പറവ ഞാനായിരുന്നു സുഹൃത്തേ . അമ്മയെ കാണാൻ പോയതാണ്. ദൂരം കുറേയേറെയുണ്ട്. വെയിൽ കടുക്കും മുമ്പ് നീലവാനത്തിന്റെ അതിരുകൾ കടക്കണം.


 അവിടെയെത്തിയപ്പോൾ അമ്മ കൈയില്ലാത്ത ചുറ്റിക കൊണ്ട് ഉമിയിൽ പൂഴ്ത്തിയിട്ടിരുന്ന ഉണങ്ങിയ ചക്കക്കുരു ചതക്കുകയാണ്. 


"ങ്ങാ നീ വന്നോ. ഞാനേയ് അഞ്ചാറ് ചക്കക്കുരു ചതച്ചെടുക്കാന്ന് വിചാരിച്ചു. "


" മാങ്ങ കിട്ടിയോ മ്മേ ? ചതച്ച ചക്കുക്കുരുവിന്റെ പോള ശ്രദ്ധാപൂർവ്വം അടർത്തിമാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു. പോള തൊണ്ടയിൽ കുരുങ്ങിയാലത്തെ വെപ്രാളം എനിക്കറിയാം.


" മൂന്നാലെണ്ണം കിട്ടി. ആ ചെക്കൻ കൊഴു കൊണ്ട് എറിഞ്ഞു വീഴ്ത്തിയതാ. നിന്റത്രേം പറ്റില്ല. നീയ് ശങ്കരൻ നായര്ടെ എത്ര മാങ്ങ്യാ എറിഞ്ഞു വീഴ്ത്താറ്"


" പുളി പോരാ മ്മേ . ഒരു കഷ്ണം ചെനച്ച മാങ്ങ ചെത്തിയെടുത്ത് ചവച്ചു കൊണ്ട് ഞാൻ പറഞ്ഞു.


" അച്ഛന് ഈ പുളിമതി. " മുരിങ്ങാക്കോല് ഉണ്ടാർന്നെങ്കിൽ നന്നാ യേനെ. "


"ലേശം പരിപ്പിട്ട് വയ്ക്കണം " ഞാൻ പറഞ്ഞു.


" ചേനേടെ അഞ്ചാറ് കണക്ക്ണ്ട്. പിന്നെ രണ്ടു നേത്രക്കായേം. ഒരു മെഴുക്ക് പെരട്ടി കൂടി പൂശാം "


"കടുമാങ്ങേണ്ടോ മ്മേ ? ഞാൻ ചോദിച്ചു. 


"കഴിഞ്ഞാണ്ടത്തെയാണ്. മാങ്ങ കാണില്ല. ന്നാലും വെള്ളോണ്ടാവും "


കടുമാങ്ങയും തൈരും കുട്ടിയുണ്ണുന്ന തോർത്തപ്പോൾ എന്റെ വായിൽ വഞ്ചിയിറക്കാമെന്നായി.


" ഇവടെ വെശ്പ്പും ദാ ഹോന്നൂല്ലെങ്കിലും യ്ക്ക് ഒന്നും കാലാക്കാണ്ട് വയ്യ. "


അമ്മ ചക്കക്കുരുവിന്റെ തൊണ്ടുകളും പൊട്ടും പൊടിയും ദൂരെക്കെറിഞ്ഞ് നന്നാക്കിയ മാങ്ങയും കുരുവും കൊണ്ട് അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ പരിപ്പും മാങ്ങയും വെന്ത ഗന്ധം കാറ്റിന്റെ കൈപിടിച്ചെത്തി.


" ന്നാ ഞാൻ പോട്ടേമ്മേ? കൈ കുത്തി ആയാസപ്പെട്ട് എഴുന്നേറ്റ് ഞാൻ ചോദിച്ചു.


" നെന്റെ മുട്ടുവേദന കൊറവില്ലാല്ലേ? പട്ണിക്ക് പോണ്ട. ഒരുരുള കഴിച്ചിട്ട് പൊക്കോ. " അമ്മ കൂട്ടാന്റെ വെള്ളവും കടുമാങ്ങയും കൂട്ടി ഉരുട്ടി ഒരുരുള എന്റെ വായിലേക്ക് നീട്ടി. വായിൽ കൊള്ളാവുന്നതിലും വലിയ ഉരുള. പണ്ട് സ്ക്കൂൾ വിട്ട് വന്നാൽ കിട്ടാറുള്ള അതേ ഉരുള. അതും കഴിച്ച് കുലുക്കുഴിഞ്ഞ് അമ്മയുടെ മുണ്ടിൻ തുമ്പ് കൊണ്ട് മുഖം തുടച്ച് ഞാനിറങ്ങി. തിരിച്ചു പറക്കുമ്പോൾ 

താഴെ വാഴക്ക് വളമിട്ട് മൂടുന്ന അച്ഛനെ കണ്ടു. 


വരുന്ന വഴിയിൽ ആ ജാലകത്തിനരികെ ങ്ങളെ കണ്ടില്ലല്ലോ...

Comments

Popular posts from this blog

തുടക്കം

സ്ക്കൂൾ തുറപ്പ്.

ബേബിച്ചൻ